Friday, 22 September 2017 6.24 AM IST
വേങ്ങര: ലീഗിൽ സ്ഥാനാർത്ഥിപ്പട;സ്വതന്ത്രനെത്തേടി സി.പി.എം
September 14, 2017, 12:02 am
മലപ്പുറം: വേങ്ങരയിൽ ആരെ സ്ഥാനാർത്ഥിയാക്കും? ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനം നാളെ പുറത്തിറങ്ങാനിരിക്കെ ആശയക്കുഴപ്പത്തിലാണ് ഇരുമുന്നണികളും. മത്സരിക്കാൻ കച്ചകെട്ടിയ പ്രമുഖരിൽ ആരെ തഴയുമെന്നതാണ് ലീഗിനെ കുരുക്കിലാക്കിയത്. നിലമ്പൂരിലും താനൂരിലും നടന്നതുപോലെ സ്വതന്ത്ര സ്ഥാനാർത്ഥിയെ നിറുത്തിയുള്ള അട്ടിമറി വിജയത്തിന്‌ അനുയോജ്യനായ വ്യക്തിയെ കിട്ടാത്തതാണ് സി.പി.എം നേരിടുന്ന വെല്ലുവിളി.

സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്, മലപ്പുറം ജില്ലാ സെക്രട്ടറി കെ.എൻ.എ ഖാദർ, സംസ്ഥാന സെക്രട്ടറി അഡ‌്വ. യു.എ. ലത്തീഫ്, പ്രവാസി ലീഗ് സംസ്ഥാന പ്രസി‌ഡന്റും വ്യവസായിയുമായ സി.പി. ബാവഹാജി എന്നിവരാണ് ലീഗിന്റെ സ്ഥാനാർത്ഥി പരിഗണനയിലുളളത്. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്, പി.കെ. കുഞ്ഞാലിക്കുട്ടിയുടെ സഹോദരപുത്രനും വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ പി.കെ. അസ്‌ലു, അബ്ദുറഹിമാൻ രണ്ടത്താണി എന്നിവരും സീറ്റിൽ നോട്ടമിട്ടിട്ടുണ്ട്. സ്ഥാനാർത്ഥി നിർണ്ണയം ചർച്ചചെയ്യാൻ 18ന് കോഴിക്കോട് ലീഗ് നേതൃയോഗം ചേരും. 19ന് പാണക്കാട്ട് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും.

മതസംഘടനകളോട് അടുപ്പം പുലർത്തുന്ന, യു.ഡി.എഫ് വോട്ടിൽ വിള്ളലുണ്ടാക്കാനാവുന്ന സ്ഥാനാർത്ഥിയെയാണ് സി.പി.എം തേടുന്നത്. വേങ്ങര നിയോജകമണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിൽ മൂന്നിലും യു.ഡി.എഫ് സഖ്യമില്ല. സ്വതന്ത്ര സ്ഥാനാർത്ഥി ശ്രമം പരാജയപ്പെട്ടാൽ 16ന് സ്വന്തം സ്ഥാനാർത്ഥിയെ സി.പി.എം പ്രഖ്യാപിച്ചേക്കും.

സംസ്ഥാന ജനറൽ സെക്രട്ടറിയെന്ന നിലയിലും രാജ്യസഭാ സീറ്റിലേക്ക് അവസാന നിമിഷം തളളപ്പെട്ടതിന് പരിഹാരമായും കെ.പി.എ. മജീദിനെ മത്സരിപ്പിക്കാനാണ് ലീഗിൽ നേരത്തെയുണ്ടായ ധാരണ. കെ.പി.എ. മജീദ് സ്വയം താത്പര്യപ്പെട്ടു വന്നാൽ മറ്റാരെയും പരിഗണിക്കേണ്ടെന്നും തീരുമാനിച്ചിരുന്നു. എന്നാൽ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ട കെ.എൻ.എ ഖാദറും പ്രവാസി ലീഗ് നേതാവ് ബാവഹാജിയും വേങ്ങരയ്ക്കായി ശക്തമായി രംഗത്തുവന്നതും കോൺഗ്രസിലും മറ്റു പാർട്ടികളിലും യുവാക്കൾ എം.എൽ.എമാരായിരിക്കെ 40 വയസിൽ താഴെയുളള ആരും ലീഗിലില്ലെന്ന വാദവുമായി യൂത്ത് ലീഗും എം.എസ്.എഫും രംഗത്തെത്തിയതും പ്രതിസന്ധിയുണ്ടാക്കി.

യു.പി.എയുടെ തിരിച്ചുവരവ് മങ്ങിയാൽ ദേശീയരാഷ്ട്രീയത്തിൽ നിന്നു പി.കെ. കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിയേക്കും. ഈ സാദ്ധ്യത കൂടി മുന്നിൽ കണ്ടുളള സ്ഥാനാർത്ഥിയെയാണ് പി.കെ. കുഞ്ഞാലിക്കുട്ടിക്ക് താത്പര്യം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ