സ്‌പെഷ്യൽ കോടതികളില്ല; പോക്സോ കേസുകളിൽ നീതി വൈകുന്നു
November 11, 2017, 1:34 am
ഷാബിൽ ബഷീർ
മലപ്പുറം: കുട്ടികൾക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങൾ വർദ്ധിക്കുമ്പോഴും സ്പെഷ്യൽ കോടതികളുടെ കുറവ് പോക്സോ കേസുകൾക്ക് തിരിച്ചടിയാകുന്നു. 2012ൽ പോക്സോ (പ്രൊട്ടക്‌ഷൻ ഒഫ് ചിൽഡ്രൻ ഫ്രം സെക്‌ഷ്വൽ ഒഫൻസസ് ആക്ട്) നടപ്പാക്കിയത് മുതൽ ഈവർഷം സെപ്തംബർ വരെ 8,192 കേസുകൾ രജിസ്റ്റർ ചെയ്തതിൽ രണ്ടായിരത്തോളമേ തീർപ്പാക്കാനായുള്ളൂ. 2014, 2015 കാലയളവിലെ കേസുകളാണിപ്പോൾ പരിഗണിക്കുന്നത്. ഈ കാലയളവിൽ 2,985 കേസുകളുണ്ട്. പോക്‌സോ കേസ് രജിസ്റ്റർ ചെയ്താൽ 30 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ച് ഒരുവർഷത്തിനകം വിചാരണ പൂർത്തിയാക്കണമെന്നാണ് ചട്ടം.
പോക്സോ കേസുകൾക്കായി പ്രത്യേക കോടതികൾ സ്ഥാപിക്കണമെങ്കിലും തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോട്ടുമായി മൂന്നെണ്ണമാണുള്ളത്. മറ്റിടങ്ങളിൽ അഡിഷണൽ ഡിസ്‌ട്രിക്ട് കോടതിക്കാണ്ചുമതല. പ്രത്യേക കോടതികളുടെ അഭാവം തുടർനടപടികളുടെ വേഗം കുറയ്ക്കുകയാണ്.

തലസ്ഥാനം മുന്നിൽ
കഴിഞ്ഞ വർഷം 2,122 കേസുകളാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ ഈ വർഷം സെപ്തംബർ വരെ 1,992 കേസുകളുണ്ടായി. മാസം ശരാശരി 200 ഓളം കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. തിരുവനന്തപുരത്താണ് കൂടുതൽ കേസുകൾ.

ജില്ല കേസ് ( ജനുവരി - സെപ്തംബർ)
തിരുവനന്തപുരം സിറ്റി 62
തിരുവനന്തപുരം റൂറൽ 201
കൊല്ലം സിറ്റി 91
കൊല്ലം റൂറൽ 115
പത്തനംതിട്ട 85
ആലപ്പുഴ 86
കോട്ടയം 112
ഇടുക്കി 121
എറണാകുളം സിറ്റി 72
എറണാകുളം റൂറൽ 129
തൃശൂർ സിറ്റി 41
തൃശൂർ റൂറൽ 104
പാലക്കാട് 131
മലപ്പുറം 168
കോഴിക്കോട് സിറ്റി 66
കോഴിക്കോട് റൂറൽ 125
വയനാട് 72
കണ്ണൂർ 115
കാസർകോട് 91
റെയിൽവേ 5
ആകെ - 1,992

ശക്തം ഈ നിയമം
കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ, പ്രേരണ, ലൈംഗികച്ചുവയോടെയുള്ള സ്പർശനം, സംസാരം, അപകീർത്തിപ്പെടുത്തൽ തുടങ്ങിയവ പോക്സോ നിയമത്തിന്റെ കീഴിൽ വരും. മൂന്ന് മുതൽ പത്തുവർഷം വരെ തടവും പിഴയുമാണ് ശിക്ഷ. കുറ്റത്തിന്റെ ഗൗരവമനുസരിച്ച് ശിക്ഷ ഉയരും. ജാമ്യം കിട്ടില്ല.


 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ