മസ്‌തിഷ്‌ക മരണം,നിബന്ധന കർശനമായി; അവയവദാനം കുറഞ്ഞു
January 12, 2018, 12:01 am
ഷാബിൽ ബഷീർ
മലപ്പുറം: മസ്‌തിഷ്‌ക മരണം സ്ഥിരീകരിക്കാൻ സർക്കാർ നിബന്ധനകൾ കർശനമാക്കിയതോടെ സംസ്ഥാനത്ത് അവയവദാനം ഗണ്യമായി കുറഞ്ഞു. കഴിഞ്ഞ വർഷം 17 പേരുടെ 56 അവയവങ്ങളാണ് ലഭിച്ചത്. 2016ൽ 72 പേരുടെ 192 അവയവങ്ങൾ ലഭിച്ചിരുന്നു. സ്വകാര്യ ആശുപത്രികളിൽ മസ്‌തിഷ്‌കമരണം സ്ഥിരീകരിക്കുന്നതിൽ ക്രമക്കേടുണ്ടെന്ന പരാതിയെ തുടർന്നാണ് ഇത്തരം മരണങ്ങൾ സ്ഥിരീകരിക്കാൻ കഴിഞ്ഞ ഫെബ്രുവരിയിൽ സർക്കാർ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയത്. അതോടെ റിപ്പോർട്ട് ചെയ്യുന്ന മസ്‌തിഷ‌ക മരണങ്ങളും അവയിൽ നിന്നുള്ള അവയവ ദാനവും കുറയുകയായിരുന്നു.

മസ്‌തിഷ്‌ക മരണം സ്ഥിരീകരിക്കുമ്പോൾ തത്സമയം വീഡിയോയിൽ പകർത്തുക, വിദഗ്ദ്ധ പാനലിൽ സ‌ർക്കാർ ഡോക്ടറുടെ സാന്നിദ്ധ്യം ഉറപ്പാക്കുക തുടങ്ങിയവയായിരുന്നു പുതിയ നിർദ്ദേശങ്ങൾ.

മരണാനന്തര അവയവദാനം പ്രോത്സാഹിപ്പിക്കാൻ 2012ൽ ആരോഗ്യവകുപ്പ് തുടങ്ങിയ മൃതസഞ്ജീവനിയിൽ (കേരള നെറ്റ്‌വർക്ക് ഫോർ ഓർഗൻ ഷെയറിംഗ്) 1,826 പേരാണ് അവയവങ്ങൾ മാറ്റിവയ്‌ക്കാൻ രജിസ്റ്റർ ചെയ്തിട്ടുളളത്. ഇവരിൽ ബഹുഭൂരിപക്ഷവും വൃക്കരോഗികളാണ്. ഇതിൽ 357പേർ തിരുവന്തപുരം മെഡിക്കൽ കോളേജിലാണ്. മൃതസഞ്ജീവനിയിൽ ഇതുവരെ 268 പേരുടെ 739 അവയവങ്ങളും 380 കോർണിയകളും 92 ഹൃദയവാൽവുകളും ലഭിച്ചിട്ടുണ്ട്.

അവയവം കാത്തിരിക്കുന്നവർ
വൃക്ക .......................................1,443
കരൾ.........................................339
ഹൃദയം.......................................30
ശ്വാസകോശം ...........................1
പാൻക്രിയാസ്..........................5
കൈ മാറ്റിവയ്‌ക്കാൻ ............8
ആകെ................................... 1,826

മൃതസഞ്ജീവനിയിലെ അവയവദാനം

ദാതാവിന്റെ വയസ്, രക്തഗ്രൂപ്പ്, അവയവം ഉപയോഗയോഗ്യമാണോയെന്ന
പരിശോധനാ ഫലം എന്നിവ ശേഖരിക്കും.
 രജിസ്റ്റർ ചെയ്തവരിൽ മുൻഗണനാക്രമത്തിൽ രോഗികളുടെ സാമ്പിളെടുത്ത് അവയവങ്ങളുടെ ചേർച്ച പരിശോധിക്കും.
 ഓരോ അവയവദാനം കഴിയുമ്പോഴും മുൻഗണനാക്രമം പാലിച്ചെന്ന് സാക്ഷ്യപ്പെടുത്തിയ റിപ്പോർട്ട് ആരോഗ്യവകുപ്പ് സെക്രട്ടറി, നാഷണൽ ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്‌പ്ലാന്റ് ഓർഗനൈസേഷൻ ഡയറക്ടർ എന്നിവർക്ക് നൽകും.

'മസ്‌തിഷ്‌ക മരണത്തെ തുടർന്നുളള അവയവദാനം കുറഞ്ഞിട്ടുണ്ട്. പകരം ജീവിച്ചിരിക്കുന്നവരുടെ അവയവദാനം കൂടിയിട്ടുണ്ട് '.

--ഡോ. നോബിൾ ഗ്രേഷ്യസ്
നോഡൽ ഓഫീസർ, മൃതസഞ്ജീവനി
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ