കുറ്റിപ്പുറത്തെ കുഴിബോംബ്; സൈനിക കേന്ദ്രത്തിലെ സ്ഫോടനത്തിൽ നഷ്ടപ്പെട്ടതാവാമെന്ന് നിഗമനം
January 13, 2018, 1:56 am
കുറ്റിപ്പുറം: കുറ്റിപ്പുറം പാലത്തിന് സമീപം കണ്ടെത്തിയ കുഴിബോംബുകളും വെടിയുണ്ടകളും മഹാരാഷ്ട്രയിലെ പുൽഗാവ് സൈനിക കേന്ദ്രത്തിൽ കഴിഞ്ഞ വർഷമുണ്ടായ സ്ഫോടനത്തിൽ നഷ്ടപ്പെട്ടതാവാമെന്ന നിഗമനത്തിൽ രഹസ്യാന്വേഷണ വിഭാഗം. തീപ്പിടുത്തത്തെ തുടർന്നുണ്ടായ സ്ഫോടനത്തിൽ സൈനികൾ കൊല്ലപ്പെടുകയും വലിയ നാശനഷ്ടങ്ങളുമുണ്ടായിരുന്നു. ആയുധങ്ങൾ സൈന്യത്തിന്റേതാണെന്ന് മിലിട്ടറി ഇന്റലിജൻസും സ്ഥിരീകരിച്ചിട്ടുണ്ട്. സൈനികായുധങ്ങൾ കുറ്റിപ്പുറത്ത് എത്തിയത് എങ്ങനെയെന്ന അന്വേഷണമാണ് വിവിധ ഏജൻസികൾ നടത്തുന്നത്. വൈകാതെ മിലിട്ടറി ഇന്റലിജൻസ് സംഘം കുറ്റിപ്പുറത്തെത്തും. മലപ്പുറം ഡി.സി.ആർ.ബി ഡി.വൈ.എസ്.പി ജയ്സൺ കെ. എബ്രഹാമിന്റെ നേതൃത്വത്തിലുളള സംഘം മൂന്ന് ദിവസമായി മുംബൈയിലുണ്ട്.
കുഴിബോംബ് ആദ്യം കണ്ട മഹാരാഷ്ട്ര സ്വദേശിയും വളാഞ്ചേരിയിൽ വാടകയ്ക്ക് താമസിക്കുന്ന വെട്രിവേലുവിനെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. വെട്രിവേലിന്റെ മേൽവിലാസം ശേഖരിച്ച അന്വേഷണ സംഘത്തിലെ ഒരു ടീം മഹാരാഷ്ട്രയിലേക്ക് പുറപ്പെട്ടു. ഇയാൾക്ക് മാവോയിസ്റ്റ് ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. മാവോയിസ്റ്റ് കേസുകളന്വേഷിക്കുന്ന സ്പെഷൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ബാബുരാജിന്റെ നേതൃത്വത്തിലുളള സംഘം കുറ്റിപ്പുറത്തെത്തി പരിശോധനകൾ നടത്തി.
ഇന്നലെ കുറ്റിപ്പുറം പാലം മുതൽ ഭാരതപ്പുഴയോരത്ത് 500 മീറ്ററിൽ ഇരുപതംഗ ബോംബ് സ്ക്വാഡ് അരിച്ചുപൊറുക്കിയെങ്കിലും കാര്യമായിട്ടൊന്നും ലഭിച്ചില്ല. ടാങ്കുകളും മറ്റും ചെളിയിൽ താഴ്ന്നുപോവാതിരിക്കാൻ ഉപയോഗിക്കുന്ന രണ്ട് ഷീറ്റുകളാണ് (പിയേഴ്‌സ്ഡ് സ്റ്റീൽ പ്ലേറ്റ്‌സ്) കണ്ടെടുത്തത്. കഴിഞ്ഞ ദിവസവും ഇവ ലഭിച്ചിരുന്നു. നേരത്തെ സ്‌ഫോടക വസ്തുക്കൾ കണ്ടെടുത്ത സ്ഥലത്തോടു ചേർന്ന് ഭാരതപ്പുഴയിലെ വെള്ളം വറ്റിച്ച് പരിശോധന നടത്താൻ നാലുമണിക്കൂർ ശ്രമിച്ചെങ്കിലും വെളളം വറ്റിക്കാനായില്ല. തുടർന്ന് ജെ.സി.ബി ഉപയോഗിച്ച് മണൽ കോരിയെടുത്താണ് പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ കുറ്റിപ്പുറം പാലത്തിനു സമീപം അ‌ഞ്ച് കുഴിബോംബുകളും 440 വെടിയുണ്ടകൾ പൊലീസ് കണ്ടെടുത്തിരുന്നു. ഇന്നും ഭാരതപ്പുഴയിൽ പരിശോധന തുടരുമെന്ന് പൊലീസ് അറിയിച്ചു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ