പേരുമാറ്റിയില്ല, ഫയർഫോഴ്സ് കളഞ്ഞത് 83 കോടി!
March 18, 2017, 10:59 am
സ്വന്തം ലേഖകൻ
ആലപ്പുഴ: ഡിസാസ്റ്റർ റെസ്പോൺസ് ടീം എന്നൊരു പേരുമാറ്റം വരുത്തിയിരുന്നെങ്കിൽ ഫയർഫോഴ്സിന്റെ അക്കൗണ്ടിലേക്ക് എത്തുമായിരുന്നത് 83 കോടി രൂപ!. പേരു മാറ്റിയില്ല; ഫലമോ, അത്രയും കോടി നഷ്ടമാവുകയും ചെയ്തു. ഫണ്ടിന്റെ അപര്യാപ്തത മൂലം നവീകരണത്തിന് ബുദ്ധിമുട്ടുന്ന ഫയർഫോഴ്സിന് വലിയൊരു ആശ്വാസമാകുമായിരുന്ന കേന്ദ്രഫണ്ടാണ് നിരുത്തരവാദിത്വം മൂലം നഷ്ടമായത്.
കഴിഞ്ഞ സാമ്പത്തിക വർഷമാണ് കേന്ദ്രസർക്കാർ സംസ്ഥാന ആഭ്യന്തര വകുപ്പിന് ഡിസാസ്റ്റർ ഫണ്ടായി 83 കോടി പ്രഖ്യാപിച്ചത്. ഇതിനായി ഫയർ ആന്റ് റെസ്ക്യു സർവീസ് എന്ന പേര് ഡിസാസ്റ്റർ റെസ്പോൺസ് ടീം എന്നാക്കുകയോ, പൊലീസിൽ പ്രത്യേക വിംഗ് രൂപീകരിച്ച് ആ ടീമിന് ഈ പേരു നൽകുകയോ ചെയ്യണമെന്നായിരുന്നു നിബന്ധന. തീപിടിത്തവുമായി ബന്ധപ്പെട്ട് മാത്രം പ്രവർത്തിക്കുന്ന വിഭാഗമല്ല ഫയർഫോഴ്സ് എന്നതിനാലാണ് ദുരന്ത പ്രതിരോധ സേന എന്നുള്ള തരത്തിൽ പേര് മാറ്റണമെന്ന നിർദ്ദേശം കേന്ദ്ര ആഭ്യന്തരമന്ത്രാലയം മുന്നോട്ടുവച്ചത്.
ദുരന്തനിവാരണ, അഗ്നിശമന പ്രവർത്തനങ്ങളിൽ പരിശീലനം സിദ്ധിച്ച ഫയർഫോഴ്സിന് ഫണ്ടിന്റെ കുറവുമൂലം ആധുനികതയിലേയ്ക്ക് നീങ്ങാൻ കഴിയുന്നില്ല. പേരുമാറ്റം എന്ന സാങ്കേതിക കടമ്പ കടന്നിരുന്നെങ്കിൽ കേന്ദ്രഫണ്ട് വിനിയോഗിച്ച് വലിയൊരുമാറ്റം സേനയിൽ വരുത്താൻ കഴിയുമായിരുന്നെന്ന് ഫയർഫോഴ്സിലെ സംഘടനാ ഭാരവാഹികൾ വ്യക്തമാക്കുന്നു.
പൊലീസ് പടിക്കൽ ആധുനികവത്കരണ നടപടികൾ ഊഴം കാത്ത് നിൽക്കുമ്പോൾ പാതാളക്കരണ്ടിയും ചുമന്ന് നാടാകെ ഓടുകയാണ് ഫയർഫോഴ്സുകാർ. പൊലീസിനും തങ്ങൾക്കും യൂണിഫോമിന്റെ നിറമൊന്നാണെങ്കിലും മാറിവരുന്ന സർക്കാരുകൾ അർഹതപ്പെട്ട അംഗീകാരം നൽകുന്നില്ലെന്ന ഫയർഫോഴ്സ് അംഗങ്ങളുടെ പരിഭവത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ദുരന്തസ്ഥലത്തെത്തിയാൽ ഒരുനിമിഷം പോലും പാഴാക്കാതെ ജോലിതുടങ്ങാൻ ബാദ്ധ്യതയുള്ള ഫയർഫോഴ്സിന്റെ അംഗബലവും സാങ്കേതിക വശങ്ങളും പരിഷ്കരിക്കാൻ ആത്മാർത്ഥമായ പരിശ്രമങ്ങൾ സർക്കാരുകളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല.
124 ഫയർഫോഴ്സ് സ്റ്റേഷനുകളാണ് സംസ്ഥാനത്തുള്ളത്. ഒന്നുവീതം സ്റ്റേഷൻ ഓഫീസർ, അസി.സ്റ്റേഷൻ ഓഫീസർ, നാല് ലീഡിംഗ് ഫയർമാൻമാർ, 24 ഫയർമാന്മാർ, ഏഴു ഡ്രൈവർ, ഒരു മെക്കാനിക്ക്, ഒരു ക്ളാർക്ക്, ഒരു പാർട്ട് ടൈം സ്വീപ്പർ എന്നിങ്ങനെയാണ് സ്റ്റാഫ് പാറ്റേൺ. നിലവിൽ തെക്കൻ ജില്ലകളിൽ മാത്രമാണ് പാറ്റേണിനോട് കുറച്ചെങ്കിലും നീതി പുലർത്തുന്നത്. വടക്കോട്ട് പോവുംതോറും ഫയർമാന്മാരുടെ എണ്ണം ചുരുങ്ങിയി. സേനയുടെ ശക്തി കൂട്ടുകയാണെന്ന പ്രഖ്യാപനത്തോടെ പുതിയ ഫയർസ്റ്റേഷനുകൾ ആരംഭിക്കുമ്പോൾ തൊട്ടടുത്തുള്ള സ്റ്റേഷനുകളിലെ ചുമതലക്കാർക്ക് ചങ്കിടിപ്പുകൂടും. പുതിയ സ്റ്റേഷനുകളിൽ പുതുതായി ആളെ നിയമിക്കാതെ സമീപ സ്റ്റേഷനുകളിൽ നിന്ന് പറിച്ചുനടുകയാണ് പതിവ്. വാഹനങ്ങളും ഇപ്രകാരം കൊണ്ടുപോകും. രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരിക്കെ പീരുമേട്, കൊടുങ്ങല്ലൂർ, ഹരിപ്പാട്, വിതുര എന്നിവിടങ്ങളിൽ പുതിയ സ്റ്റേഷനുകൾ ആരംഭിച്ചെങ്കിലും നിയമനങ്ങൾ മറ്റ് സ്റ്റേഷനുകളിൽ നിന്നായിരുന്നു.

ആനുകൂല്യങ്ങളിൽ വ്യത്യാസം

പൊലീസിൽ അടിസ്ഥാന ശമ്പളം 22,200 രൂപയാണ്. ഫയർഫോഴ്സിൽ 20,000 ഉം. പൊലീസിൽ യൂണിഫോം അലവൻസായി മാസം 2600 രൂപ ലഭിക്കുമ്പോൾ 24 മണിക്കൂർ ജോലിസമയമുള്ള ഫയർഫോഴ്സുകാർക്ക് 400 രൂപ മാത്രമാണുള്ളത്. പൊലീസിലെ പരിശീലന കാലയളവ് ഒൻപതു മാസമാണെങ്കിൽ ഫയർഫോഴ്സിലേത് 12 മാസം.

കട്ട് ഓഫിലും കട്ടി

ഫയർഫോഴ്സിലേക്ക് പി.എസ്.സി 2012ൽ നടത്തിയ പരീക്ഷയുടെ കട്ട് ഒഫ് മാർക്ക് (മെയിൻ ലിസ്റ്റിൽ വരാനുള്ള ഏറ്റവും കുറഞ്ഞ മാർക്ക്) 65 ആയിരുന്നു. പക്ഷേ, പൊലീസിലേക്ക് പി.എസ്.സി നടത്തുന്ന പരീക്ഷകളിൽ വെറും 19 മാർക്കുവരെ കട്ട് ഒഫ് ആയി നിശ്ചയിച്ച ചരിത്രമുണ്ട്. അതുകൊണ്ട് പത്താംക്ളാസ് യോഗ്യത മാത്രമുള്ളവർ പൊലീസിൽ കയറിപ്പറ്റിയാൽ വേറെ ജോലി തേടിപ്പോകാനുള്ള സാദ്ധ്യതയില്ല. എന്നാൽ ഫയർഫോഴ്സിന്റെ മെയിൻ ലിസ്റ്റിൽ ഉൾപ്പെടുന്ന ഭൂരിഭാഗം പേരും ഉയർന്ന വിദ്യാഭ്യാസ യോഗ്യത ഉള്ളവരായിരിക്കും. മറ്റേതെങ്കിലും സർക്കാർ ജോലി ലഭിക്കാൻ സാദ്ധ്യതയുള്ള ഇവരുടെ കൊഴിഞ്ഞുപോക്ക് സാദ്ധ്യതയും ഏറെയാണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ