ഐ.ടി യിൽ നിന്ന് മണ്ണിലേക്കിറങ്ങി, വിളഞ്ഞത് നൂറുമേനി ഭാഗ്യം
August 7, 2017, 12:24 pm
പി.ദിലീപ്
ആലപ്പുഴ: ഐ.ടി കമ്പനിയിലെ ജോലി ഉപേക്ഷിച്ച് പുതിയ പരീക്ഷണങ്ങളുമായി മണ്ണിലേക്കിറങ്ങിയ യുവകർഷകന് നൂറ് മേനി വിളവ്. കഞ്ഞിക്കുഴി ചെറുവാരണം ഭാഗ്യവീട്ടിൽ ഭാഗ്യരാജാണ് (26) ജൈവകൃഷിയിൽ പുതിയ പരീക്ഷണങ്ങളിലൂടെ വൻനേട്ടം കൈവരിച്ചത്.
കഞ്ഞിക്കുഴിയിലെ വിവിധ സ്ഥലങ്ങളിൽ പാട്ടത്തിനെടുത്ത 22 ഏക്കറോളം ഭൂമിയിലാണ് പരീക്ഷണാടിസ്ഥാനത്തിൽ 'കൃത്യത' കൃഷിരീതി ആരംഭിച്ചത്.
കൃത്യതയിൽ രണ്ടു തവണ കൃഷിയിറക്കിയാൽ പിന്നീട് ആതടത്തിൽ കൃഷി ചെയ്യാറില്ല. എന്നാൽ ഭാഗ്യരാജ് മൂന്നാം തവണയും പരിക്ഷണാടിസ്ഥാനത്തിൽ കപ്പ നട്ടു. കൂറ്റുവേലിയിലുള്ള വിജയ കയർ സൊസൈറ്റിവക ഒരു ഏക്കറിൽ വിളവെടുപ്പിന് പാകമായിനിൽക്കുന്നത് മൂവായിരം ചുവട് കപ്പ .
കഞ്ഞിക്കുഴിയിലെ കുണ്ടേലാറ്റ് പാടത്ത് ചീരകൃഷി,ചേർത്തല ഇലഞ്ഞിപാടത്ത് എട്ടര ഏക്കറിൽ നെൽകൃഷി, മൂവായിരം ചുവട് വെണ്ടയും മുന്നൂറ് ചുവട് പച്ചമുളകും,
സെന്റ്‌മൈക്കിൾസ് കോളേജ് മൈതാനത്ത് രണ്ടായിരം ചുവട് വെളളരി.ഇങ്ങനെപോകുന്നുഭാഗ്യരാജിന്റെ കൃഷി. പച്ചക്കറി കൃഷി മഴയെ മാത്രം ആശ്രയിച്ചാണ് .

വാരനാടുള്ള ഫാമിൽ നിന്ന് നൽകുന്ന ചാണവും, തമിഴ്‌നാട്ടിൽ നിന്ന് ഇറക്കുന്ന കോഴിവളവും, വേപ്പിൻ പിണ്ണാക്കും, വെച്ചൂർ ഒായിൽ ഫാമിന്റെ നെല്ലുകുത്ത് മില്ലിൽ നിന്ന് ലഭിക്കുന്ന ചാരവും വളമായി ഉപയോഗിക്കുന്നു.
ഗാർഹിക മാലിന്യങ്ങൾ വളമാക്കി പൊതുകുളങ്ങളിൽ മത്സ്യകൃഷിയും ഭാഗ്യരാജ് പരീക്ഷിക്കുന്നുണ്ട്. കഞ്ഞിക്കുഴി തോണ്ടാകുളങ്ങര ,കളവേലി എന്നിവിടങ്ങളിലെ കുളങ്ങളിൽ ഗിഫ്റ്റ്തിലോപ്പി, കാരി, പുല്ലാൻ, കട്‌ല, പൂമിൻ തുടങ്ങിയ മത്സ്യങ്ങൾ വളരുന്നു. സമീപത്തുള്ള വീടുകളിലെ അടുക്കള മാലിന്യങ്ങളാണ് തീറ്റ..
സുഹൃത്തും യുവകർഷക അവാർഡ് ജേതാവുമായ കഞ്ഞിക്കുഴി സ്വാമി നികർത്തിലിൽ സുജിത്തിന്റെ കൃഷിയാണ് ഭാഗ്യരാജിന് പ്രചോദനമായത്.മുടക്കുമുതലിന്റെ ഇരട്ടിയോളം രൂപ ലാഭമായി ലഭിക്കുന്നുണ്ടെന്ന് ഭാഗ്യരാജ് പറഞ്ഞു.
.പിതാവ് ബാലസുന്ദറിന്റെയും അമ്മ പുഷ്പയുടെയും പൂർണ്ണ പിന്തുണയും ലഭിക്കുന്നു
ചേർത്തല സെന്റ് മൈക്കിൽ കോളേജിൽ എം.ബി.എ പഠനത്തിന് ശേഷം പൂനയിൽ ഐ.ടി കമ്പനിയിൽ അക്കൗണ്ട്‌സ് വിഭാഗത്തിൽ കിട്ടിയ ജോലി ഉപേക്ഷിച്ചാണ് ഭാഗ്യരാജ് മണ്ണിലേക്കിറങ്ങിയത്. എസ്.എൻ കോളേജിൽ ബി.കോം പഠനകാലത്ത് കേരള സർവ്വകലാശാല ഷട്ടിൽ ബാന്റ്മിന്റൺ ജേതാവുകൂടിയാണ് ഭാഗ്യരാജ്. വീട്ടിൽ പരിശീലനത്തിനായി ഇൻഡോർ സ്‌റ്റേഡിയം തന്നെ നിർമ്മിച്ചു. ഒഴിവുള്ള സമയങ്ങളിൽ
ഷട്ടിൽ ബാറ്റ്മിന്റൻ പരിശീലനവും നൽകുന്നു. പ്ലസ് വൺ പഠനകാലത്ത് ജ്വാലയായി എന്ന ടെലിവിഷൻ സീരിയലിൽ ബാലതാരമായും ഭാഗ്യരാജ് വേഷമിട്ടിരുന്നു.


കൃത്യതാ കൃഷി രീതി
കൃഷിയിടത്തിൽ വളവും മണ്ണും ചേർത്ത് തടമുണ്ടാക്കി അടിഭാഗത്തുകൂടി ചെറിയ പൈപ്പുകളിട്ട് മൾച്ചിംഗ് ഷീറ്റിട്ട് മൂടുന്നു
ഒരു തവണ തടം തയ്യാറാക്കിയാൽ രണ്ടു തവണവരെ ഇവിടെ കൃഷി ചെയ്യാം.

മൾച്ചിംഗ് ഷീറ്റിട്ട് മൂടുന്നതിനാൽ വളവും മറ്റും ഒഴുകിപ്പോകുകയുമില്ല കൃഷിയിടത്തിൽ മറ്റ് ജീവികളുടെ ശല്യവുമുണ്ടാകില്ല. പുറമേ അമിതമായ ചൂടിൽ നിന്നും മറ്റും മൾച്ചിംഗ് ഷീറ്റ് മണ്ണിന് സംരക്ഷണം നൽകുന്നു.

മഴയെ മാത്രം ആശ്രയിച്ച് പച്ചക്കറി കൃഷി

വളം നിറച്ച് വട്ടത്തിൽ തടം കോരി മൾച്ചിംഗ്
ഷീറ്റിട്ട് മൂടി ദ്വാരങ്ങളിട്ടാണ് ചെടികൾ നടുന്നത്.
തടത്തിലെ ദ്വാരങ്ങളിലൂടെ ഒലിച്ചിറങ്ങുന്ന മഴവെള്ളം മാത്രമാണ് കൃഷിക്ക് പ്രയോജനപ്പെടുത്തുന്നത്.
ഒരു തടത്തിൽ മൂന്നോ,നാലോ തൈകൾ നടും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ