എട്ടുകോടിയുടെ അസാധു നോട്ടുമായി അഞ്ചംഗ സംഘം അറസ്റ്റിൽ
August 20, 2017, 1:13 am
കായംകുളം: കാറിൽ കടത്തിയ എട്ടു കോടി രൂപയുടെ അസാധു നോട്ടുകൾ കായംകുളത്ത് പൊലീസ് പിടികൂടി. പാലക്കാട്, കോഴിക്കോട് സ്വദേശികളായ അഞ്ച് പേരെ അറസ്റ്റുചെയ്തു. രണ്ടു കാറുകൾ കസ്റ്റഡിയിലെടുത്തു. സംഭവത്തെപ്പറ്റി കേന്ദ്ര ഏജൻസികൾ അന്വേഷണം തുടങ്ങി.
പാലക്കാട് കരിങ്കരപുളി ദാറുൾ മനാറിൽ മുഹമ്മദ് ഹാരിസ് (53), എരുമയൂർ വടക്കുംപുറത്ത് പ്രകാശ് (52), എരുമയൂർ മുക്കിൽ ഹൗസിൽ അഷറഫ് (30), എരുമയൂർ എരിയഞ്ചിറ ഹൗസിൽ റഫീക്ക് (37), കോഴിക്കോട് കൊടുവള്ളി കരിമങ്കുഴിയിൽ മുഹമ്മദ് നൗഷാദ് (38) എന്നിവരാണ് അറസ്റ്റിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച രാത്രി 12ന് ദേശീയപാതയിൽ കൃഷ്ണപുരത്താണ് ഇവരെ പിടികൂടിയത്.
ആദ്യം പിടികൂടിയ കാറിൽ ഉണ്ടായിരുന്ന രണ്ട് പേർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തൊട്ടുപിന്നാലെ മറ്റൊരു കാറിലെത്തിയ മൂന്നുപേരെ കൂടി വലയിലാക്കുകയായിരുന്നു. എർട്ടിഗോ, വാഗൺ ആർ കാറുകളുടെ ഡിക്കിയിലും സീറ്റിനടിയിലും ഒളിപ്പിച്ച നിലയിലായിരുന്നു നോട്ടുകെട്ടുകൾ. സംഘത്തിന്റെ ഭാഗമായിരുന്ന ഒരു ഇന്നോവ കാർ പൊലീസിനെ കണ്ട് വെട്ടിച്ചു കടന്നു.
7,92,38,000 രൂപയാണ് പിടികൂടിയത്. ഇതിൽ 7,27,38,000 രൂപ ആയിരത്തിന്റെയും 65 ലക്ഷം രൂപ അഞ്ഞൂറിന്റെയും നോട്ടുകളാണ്. ഒന്നര കോടി രൂപ കായംകുളത്തേക്ക് വന്ന വഴി ഇവർ കൈമാറിയതായും സൂചനയുണ്ട്.
നോട്ടിരട്ടിപ്പ് സംഘത്തിൽ പെട്ടവരാണെന്ന് കരുതുന്നു. ഇപ്പോൾ അസാധു നോട്ടുകൾ മാറിക്കൊടുക്കുന്ന ബിസിനസാണ് ഇവർക്കെന്ന് പൊലീസ് പറഞ്ഞു.
കോയമ്പത്തൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിൽനിന്നാണ് നോട്ടുകൾ വാങ്ങുന്നതെന്ന് ജില്ലാ പൊലീസ് മേധാവി എസ്. സുരേന്ദ്രൻ പത്രസമ്മേളനത്തിൽ പറഞ്ഞു. എവിടേക്കാണ് നോട്ടുകൾ കൊണ്ടുപോയതെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. പ്രതികൾ പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നതെന്നാണ് പൊലീസിന്റെ വിശദീകരണം. കേന്ദ്ര കുറ്റാന്വേഷണ ഏജൻസികളും എൻഫോഴ്സ്‌മെന്റും സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു.
അടുത്തിടെ ചേർത്തലയിൽ നിന്ന് അസാധു നോട്ടുകൾ പിടികൂടിയിരുന്നു. ഇതുമായി ഇവർക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. കായംകുളം ഡിവൈ.എസ്.പി അനിൽ ദാസിന്റെ നേതൃത്വത്തിൽ അന്വേഷണത്തിന് നാല് ടീമുകളെ ചുമതലപ്പെടുത്തിയതായി ജില്ലാ പൊലീസ് ചീഫ് പറഞ്ഞു. ഡിവൈ.എസ്.പി അനിൽദാസിന്റെ നിർദ്ദേശപ്രകാരം സി.ഐ കെ. സദൻ, എസ്.ഐ രാജൻ ബാബു, സി.പി.ഒ മാരായ ബിജു, ബിജുരാജ്, ഉണ്ണിക്കൃഷ്ണൻ, രാജേന്ദ്രൻ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.

ഇടപാട് ഇങ്ങനെ
ഒരു കോടി രൂപയുടെ അസാധു നോട്ടുകൾ ശരാശരി ഒരു ലക്ഷം രൂപ നൽകിയാണ് ഇവർ ശേഖരിക്കുന്നത്. ഇത് പത്തുലക്ഷം രൂപ വാങ്ങി അജ്ഞാത സംഘത്തിന് കൈമാറും .
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ