എട്ടു കോടി അസാധു നോട്ട് , പൊലീസിന് പിഴവ്;പ്രതികൾക്ക് ജാമ്യം
August 22, 2017, 12:05 am
ബിജു പി വിജയൻ
കായംകുളം: എട്ടു കോടി രൂപയുടെ അസാധു നോട്ടുകൾ പിടികൂടിയ കേസ് കൈകാര്യം ചെയ്തതിൽ പൊലീസിന് സംഭവിച്ച പിഴവിനെത്തുടർന്ന് കസ്റ്റഡിയിൽ വേണമെന്നുള്ള അപേക്ഷ തള്ളി പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു. നിരോധിത നോട്ടുകൾ കൈവശം വച്ചെന്ന ദുർബലമായ വകുപ്പാണ് പൊലീസ് ചുമത്തിയത്. ദേശ സുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളിൽ പൊലീസ് കണ്ണടച്ചു. 2017 ലെ സെക്‌ഷൻ അഞ്ച് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇത് പ്രകാരം പ്രതികൾക്ക് ജാമ്യം ലഭിക്കുമെന്ന് മാത്രമല്ല പരമാവധി ശിക്ഷ പിടിച്ചെടുത്ത തുകയുടെ അഞ്ചിരട്ടി പിഴ മാത്രമാണെന്ന് എ.പി.പി സരിതയും പ്രതികളുടെ അഭിഭാഷകൻ പി. ബിജുവും പറഞ്ഞു.
പൊലീസിന്റെ കസ്റ്റഡി അപേക്ഷ തള്ളിയതിനാൽ പ്രതികളുടെ തീവ്രവാദ ബന്ധങ്ങളെക്കുറിച്ചും റിസർവ് ബാങ്ക് ജീവനക്കാരുടെ പങ്കിനെക്കുറിച്ചുമുള്ള അന്വേഷണം അവതാളത്തിലാകും.
ഇതിനിടെ കേസുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ വെള്ളൂർ കാവുംകര പടിഞ്ഞാറേചാലിൽ പി.എം. റഷീദിനെ (57) അറസ്റ്റ് ചെയ്തു. പിടിച്ചെടുത്ത പണത്തിൽ മൂന്നുകോടി രൂപ ഇയാളാണ് നൽകിയതെന്ന് നേരത്തേ അറസ്റ്റിലായവർ മൊഴി നൽകിയിരുന്നു. ഇവരുമായി ബന്ധമുള്ള മാവേലിക്കര കരിപ്പുഴ സ്വദേശി തമിഴ്നാട്ടിലേക്ക് കടന്നതായാണ് വിവരം. ഇയാളെ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിലാണ് പൊലീസ്.
പാലക്കാട് കരിങ്കരപുളി ദാറുൾ മനാറിൽ മുഹമ്മദ് ഹാരിസ്, എരുമയൂർ വടക്കുംപുറത്ത് പ്രകാശ്, എരുമയൂർ മുക്കിൽ ഹൗസിൽ അഷറഫ്, എരുമയൂർ എരിയഞ്ചിറ ഹൗസിൽ റഫീക്ക്, കോഴിക്കോട് കൊടുവള്ളി കരിമങ്കുഴിയിൽ മുഹമ്മദ് നൗഷാദ് എന്നിവർക്കാണ് കോടതി ജാമ്യം നൽകിയത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ