ബാലകൃഷ്ണന്റെ ജീവിതം എക്കാലവും ചതുപ്പിൽ!
September 9, 2017, 12:10 am
പി. അഭിലാഷ്
ആലപ്പുഴ: തുറവൂർ അനന്തൻകരിയിലെ ചതുപ്പിൽ മൂന്നു ദിവസം നരകിച്ച 'മുല്ലയ്ക്കൽ ബാലകൃഷ്ണ'ന് ചതുപ്പിലെ ജീവിതം പുതുമയല്ല. ആലപ്പുഴ മുല്ലയ്ക്കൽ ക്ഷേത്രത്തിൽ ബാലകൃഷ്ണനെ കെട്ടുന്ന സ്ഥലം കണ്ടാൽ അനന്തൻകരിയിലെ ചതുപ്പ് ഒന്നുമല്ല.
ക്ഷേത്രത്തിനു പിന്നിൽ രണ്ടു കരിങ്കൽ തൂണുകളിൽ മാറിമാറിയാണ് സ്ഥിരവാസം. മദപ്പാട് തെളിയുമ്പോൾ തെക്കുഭാഗത്ത് ക്ഷേത്രക്കുളത്തിന്റെ മതിലിനോടു ചേർന്നുള്ള മാവിൻ ചുവട്ടിലാവും ചങ്ങലയിലെ ദയനീയ ബന്ധനം. ഇത്തവണ മദപ്പാടിനെത്തുടർന്ന് നാലു മാസം ഇവിടെയായിരുന്നു. രണ്ടിടത്തെയും അവസ്ഥ വളരെ ദയനീയമാണ്. തെങ്ങോലയും പനയോലയും ഉൾപ്പെടെയുള്ള ഭക്ഷണാവശിഷ്ടങ്ങൾ കുന്നുകൂടി കിടക്കുന്നു. തൊട്ടടുത്തായി മലപോലെ പിണ്ഡവും.
കഴിഞ്ഞ മദപ്പാട് സമയത്ത് നല്ല മഴയുണ്ടായിരുന്നു. ദിവസങ്ങൾ നീണ്ട മഴയിൽ മാലിന്യങ്ങൾ ചീഞ്ഞളിഞ്ഞു. പിണ്ഡവും നിറഞ്ഞതോടെ ദുർഗന്ധം വമിച്ച് തുറവൂരിലെ ചതുപ്പിനേക്കാൾ ദുരിതമയമായി. കഴിഞ്ഞ മേയിലാണ് മദപ്പാടിനെത്തുടർന്ന് മാറ്റിക്കെട്ടിയത്. ആഗസ്റ്റിൽ കെട്ടഴിക്കുന്നതുവരെ ബാലകൃഷ്ണന് ദുരവസ്ഥയായിരുന്നു. ആനപ്രേമികളുടെ പരാതികൾക്കൊന്നും ഫലമുണ്ടായില്ല. ബാലകൃഷ്ണനു താമസിക്കാൻ ക്ഷേത്രത്തിനു തെക്കായി ഒരു ഷെഡ് കെട്ടിയിരുന്നു. പെട്ടെന്ന് ശ്രദ്ധകിട്ടാത്ത സ്ഥലമായതിനാൽ അങ്ങോട്ട് മാറ്റുന്നത് ഭക്തജനങ്ങൾ എതിർത്തു.
ബാലകൃഷ്ണനെപ്പറ്റി ഏവർക്കും നൂറുനാവാണ്. ഇവൻ ഏഴു പേരെ കൊന്നിട്ടുണ്ടെന്നാണ് ഒരു കണക്ക്. ആനപ്രേമികൾ ഇത് ചോദ്യം ചെയ്യുന്നു. ഒരു വൃദ്ധ ഉൾപ്പെടെ മൂന്നു പേരുടെ കൊലപാതകം മാത്രമേ അവർക്ക് അറിയൂ. ആലപ്പുഴ കൊറ്റംകുളങ്ങര ക്ഷേത്രത്തിൽ വച്ചാണ് ഒരു പാപ്പാൻ ചവിട്ടേറ്റ് മരിച്ചത്. എഴുന്നള്ളത്തിനിടെ ബാലകൃഷ്ണന്റെ കാൽച്ചോട്ടിൽ ഇരിക്കുകയായിരുന്നു പാപ്പാൻ. മറ്റൊരു ആന ബഹളമുണ്ടാക്കിയപ്പോൾ പരിഭ്രാന്തനായ ബാലകൃഷ്‌ണൻ അബദ്ധത്തിൽ പാപ്പാനെ ചവിട്ടുകയായിരുന്നെന്ന് ഇവർ പറയുന്നു. 'കൊലപാതക' കണക്കിലെ ബാക്കി നാലുപേർ ആരുടെയോ കള്ളക്കഥയാണെന്നാണ് അവരുടെ വിശ്വാസം.
ദേവസ്വം ബോർഡിന്റെ രണ്ടു പാപ്പാൻമാരും മൂന്ന് സഹായികളുമാണ് ബാലകൃഷ്ണനൊപ്പമുള്ളത്. ഇപ്പോഴത്തെ ഒന്നാം പാപ്പാൻ മധുവിനെ പറ്റി നല്ല മതിപ്പാണ് നാട്ടുകാർക്ക്. പക്ഷേ, വൃത്തിഹീനമായ സ്ഥലത്താണ് ബാലകൃഷ്ണന്റെ വാസമെന്നതിൽ ആരാധകർക്ക് അഭിപ്രായവ്യത്യാസമില്ല.

 തൃശൂരിൽ നിന്ന് ആലപ്പുഴയിലേക്ക്

1977ൽ തൃശൂരിൽ നിന്നു കൊണ്ടുവന്നു മുല്ലയ്ക്കലിൽ നടയ്ക്കിരുത്തിയതാണ് ബാലകൃഷ്ണനെ. തൃശൂർ പൂരത്തിനിടെ ചെറുതായി ഇടഞ്ഞ് തിടമ്പ് താഴെയിട്ടു. പാറമേക്കാവ് വിഭാഗത്തിലെ കിഴക്കേവീട്ടിൽ കുടുംബത്തിലെ അംഗമായിരുന്നു 'കിഴക്കേവീട്ടിൽ ബാലകൃഷ്ണൻ'. തിടമ്പ് താഴെയിട്ടതോടെ ഇവനെ ഒഴിവാക്കാൻ അവർ തീരുമാനിച്ചു. അങ്ങനെയാണ് മുല്ലയ്ക്കൽ ക്ഷേത്രം കോടിയർച്ചനയിലെ വരുമാനവും നടി കെ.ആർ. വിജയയുടെ സഹായവും ചേർത്ത് ബാലകൃഷ്ണനെ വാങ്ങിയത്.


''ആനയുടെ പരിചരണത്തിന് ദേവസ്വം ബോർഡിന്റെ നല്ല പിന്തുണയുണ്ട്. തളയ്ക്കുന്നിടം വൃത്തിഹീനമാണെന്ന അഭിപ്രായമില്ല. പാപ്പാൻമാരൊക്കെ ബാലകൃഷ്ണനെ സ്നേഹിക്കുന്നവരാണ്. പരാതികൾ പരിഹരിക്കും.''

(ശ്രീക്കുട്ടൻ, ഉപദേശകസമിതി ഭാരവാഹി)

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ