കരകയറുന്ന കയർ: 120 കോടിയുടെ വ്യാപാരക്കരാർ
October 12, 2017, 12:10 am
മഞ്ജു.എം.ജോയ്
മൂന്നാം പുന:സംഘടന
മന്ത്രി ജി. സുധാകരൻ (മുൻ കയർമന്ത്രി)
1967 ൽ ഇ.എം.എസ് സർക്കാരിന്റെ കാലത്ത് കയർമന്ത്രിയായിരുന്ന ടി.വിതോമസാണ് ആദ്യമായി കയർമേഖലയെ പുനസംഘടിപ്പിക്കുന്നത്. കയർമേഖലയിൽ വ്യാപകമായി കോ-ഓപ്പറേറ്റീവ്സ സൊസൈറ്റികൾ അദ്ദേഹം സ്ഥാപിച്ചു. കൃത്യമായ തൊഴിൽദിനങ്ങളും മെച്ചപ്പെട്ട വേതനവും ഉറപ്പാക്കി. കയർമേഖലയിലെ ആധുനികവത്കരണത്തിന്റെ ഭാഗമായി യന്ത്രവത്കരണത്തിന് തുടക്കമിട്ടു. എന്നാൽ തൊഴിൽ നഷ്ടമാകുമെന്ന ഭയത്താൽ തൊഴിലാളികൾ എതിർത്തു. അക്കാലമൊക്കെ പോയി. കയർമേഖല പോരായ്മകളിലേക്ക് കൂപ്പുകുത്തി. 2006ലെത്തിയ വി.എസ്. അച്യുതാനന്ദൻ സർക്കാർ കയർമേഖലയിൽ സമൂലമായ അഴിച്ചു പണി നടത്തി. കേരളകൗമുദി പരമ്പരയിൽ ചൂണ്ടിക്കാട്ടിയത് പോലെ യഥാർത്ഥത്തിൽ കയറിന്റെ രണ്ടാം പുനസംഘടനയായിരുന്നു അത്. അന്ന് കയർവകുപ്പിന്റെ ചുമതലയുള്ള മന്ത്രിയായിരുന്നു ഞാൻ. ചകിരിയെ 'ഗോൾഡൻ യാൺ ഓഫ് ഗോഡ്സ് ഓൺ കൺട്രി' എന്ന പേരിൽ അന്താരാഷ്ട്ര തലത്തിൽ രജിസ്റ്റർ ചെയ്തത് അക്കാലത്താണ്. ചകിരി ഉത്പാദനം വർദ്ധിപ്പിക്കുന്നതിനായി തൊഴിലാളികൾക്ക് സൗജന്യമായി ഡീഫൈബറിംഗ് മെഷീനുകൾ വിതരണം ചെയ്തു. കയർമേഖലയിൽ ആദ്യമായി ഗവേഷണകേന്ദ്രം (National Coir Research Management Institute (NCRMI))സ്ഥാപിച്ചു. കയർപിത്ത് ഉപയോഗിച്ച് ഇഷ്ടിക, കയർ കമ്പോസിറ്റ് ബോർഡുകൾ തുടങ്ങിയ മൂല്യവർദ്ധിത ഉത്പന്നങ്ങളുണ്ടാക്കി. ആലപ്പുഴയിൽ കയർമെഷിനറി ഫാക്ടറി സ്ഥാപിച്ചു. കയർഡിപ്പോകളുടെ ചൂഷണം അവസാനിപ്പിച്ചു. കയർകോർപ്പറേഷൻ മുഖേന സൊസൈറ്റികൾക്ക് പലിശരഹിത ലോൺ നൽകി. ഇതിനായി നൂറുകോടി രൂപ കോർപ്പറേഷന് നൽകി. സൊസൈറ്റികളുടെ ഉത്പന്നങ്ങൾ വിപണിയിലെ ഉയർന്ന വിലയ്ക്ക് നേരിട്ട് വാങ്ങി. പിരിഞ്ഞുപോയ തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ നൽകി. 2010 ൽ അന്താരാഷ്ട്ര കയർ മേളയ്ക്ക് തുടക്കമിട്ടു. നാൽപതോളം രാജ്യങ്ങളിലെ ബയേഴ്സ് ഇവിടെയെത്തി. ധാരാളം വിദേശ ഓർഡറുകൾ വന്നു. കേരള കയറിന്റെ രാജകീയകാലമായിരുന്നു അത്. ടി.വി തോമസിന് ശേഷം കയറിന്റെ പുനരുജ്ജീവനം നടന്നത് 2006-11 കാലത്താണ്. കയർകമ്മീഷൻ റിപ്പോർട്ട് പൂർണമായും നടപ്പിലാക്കി. യഥാർത്ഥത്തിൽ കയറിന്റെ രണ്ടാം പുനസംഘടനയാണത്. നിലവിൽ മന്ത്രി തോമസ് ഐസക് അതിന്റെ തുടർച്ചയാണ് നടപ്പാക്കുന്നത്. അതായത് മൂന്നാം പുനസംഘടന. മുന്നോട്ടുള്ള യാത്രയിൽ എല്ലാ പിന്തുണയും ഐസകിന് ആശംസിക്കുന്നു.


ഒറ്റദിവസം കൊണ്ട് 120കോടി
ടി.എം. തോമസ് ഐസക് (കയർമന്ത്രി)
കേരളത്തിലെ ഏറ്റവും വലിയ പരമ്പരാഗത വ്യവസായമായ കയറിന്റെ പുനർജ്ജനിയാണ് സർക്കാർ ലക്ഷ്യമിടുന്നത്. അത് ജനങ്ങളിലേക്കെത്തിക്കാൻ 'കേരളകൗമുദി' പരമ്പരയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇക്കഴിഞ്ഞ അന്തരാഷ്ട്ര കയർ കേരള മേളയിൽ ഒറ്റദിവസം കൊണ്ട് 120കോടിരൂപയുടെ വ്യാപാരത്തിനുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ചു. കയർവ്യവസായ ചരിത്രത്തിലാദ്യമാണിത്. കയർ ഭൂവസ്ത്രത്തിന്റെ ഉപയോഗകാര്യത്തിൽ ഇന്ത്യയിൽ കേരളം അടയാളപ്പെടുത്തപ്പെടാൻ പോകുകയാണ്. സംസ്ഥാനത്തൊട്ടാകെയുള്ള എഴുന്നൂറോളം ഗ്രാമപഞ്ചായത്തുകൾ കയർ 120കോടിയുടെ കയർ ഭൂവസ്ത്രം ഉപയോഗിക്കാമെന്നേറ്റിട്ടുണ്ട്. ഹരിതകേരളം മിഷന്റെ ഭാഗമായി ഗ്രാമപഞ്ചായത്തുകളുടെ ജലമണ്ണുസംരക്ഷണ പ്രവർത്തനങ്ങളിൽ കയർ ഭൂവസ്ത്രങ്ങൾ ഉപയോഗിക്കുന്നതിനുള്ള കരാറിൽ കയർ വികസന വകുപ്പും എം.ജി.എൻ.ആർ.ഇ.ജിഎസ് മിഷനും ഗ്രാമ പഞ്ചായത്തുകളും ഒപ്പുവച്ചു കഴിഞ്ഞു.
ആർ. നാസർ (കേരള സ്റ്റേറ്റ് കയർ കോപ്പറേഷൻ ചെയർമാൻ)
പരമ്പരയിൽ ചൂണ്ടിക്കാണിച്ചതുപോലെ ആവശ്യത്തിന് അസംസ്കൃത വസ്തുക്കളില്ലാത്തതാണ് കയർവ്യവസായം നേരിടുന്ന പ്രതിസന്ധി. കഴിഞ്ഞ 20 വർഷമായി തൊണ്ടുസംഭരിക്കുമെന്ന് പ്രസംഗിക്കുന്നതല്ലാതെ പ്രായോഗികമായി ഒന്നും നടക്കുന്നില്ല. നിലവിൽ ഒരുകെട്ട് ചകിരിക്ക് 1000 രൂപ കൊടുത്താണ് തമിഴ്നാട്ടിൽ നിന്നും വാങ്ങുന്നത്. ഈ ചകിരി പിരിച്ച് കയറാക്കി നിർമ്മിക്കുന്ന ഉത്പന്നങ്ങൾക്ക് വൻ വിലയാകും. മറ്റ് രാജ്യങ്ങളിൽ നിന്ന് ചകിരി ഇറക്കുമതി ചെയ്യാമെന്ന് വച്ചാൽ ഗുണമേന്മയുണ്ടാവില്ല. എന്നാൽ കേരളം സ്വന്തമായി ചകിരി ഉത്പാദിപ്പിച്ചാൽ ഈ പ്രശ്നങ്ങൾക്ക് പരിഹാരമാകും. ഗുണമേന്മയുള്ള കയറുത്പന്നങ്ങൾ വിലക്കുറവിൽ വിപണിയിലെത്തിക്കാം. അതിനായി നമ്മുടെ നാളികേര ഉത്പാദനം മെച്ചപ്പെടുത്തണം. പഞ്ചായത്ത് തലത്തിലെ തെങ്ങുകയറ്റ സേനയെ (തെങ്ങ് കയറ്റ ടെക്നീഷ്യൻമാർ) ഉപയോഗിച്ച് 40 ദിവസമാകുമ്പോഴേക്കും തേങ്ങയിടണം. അവിടെവച്ച് തന്നെ തേങ്ങ പൊതിച്ച് പച്ചത്തൊണ്ട് സംഭരിക്കണം. ഇത് യന്ത്രങ്ങളുപയോഗിച്ച് ചകിരിയാക്കി മാറ്റി, ഇലക്ട്രോണിക് റാട്ടുകളിൽ പിരിച്ച് കയറാക്കണം. ഇതോടെ ഉത്പാദനവും വരുമാനവും ഗണ്യമായി വർദ്ധിക്കും. കയറിന്റെ രണ്ടാം പുനസംഘടന വൻവിജയമാകും. കയർ വ്യവസായത്തെ ടൂറിസവുമായി ബന്ധിപ്പിക്കാനും പദ്ധതിയുണ്ട്. ആലപ്പുഴ നഗരത്തിലെ അടഞ്ഞുകിടക്കുന്ന വൻകിട കയർ കമ്പനികൾ ഇതിനായി പ്രയോജനപ്പെടുത്തും. ആലപ്പുഴയിൽ കയർവ്യവസായ പൈതൃക മ്യൂസിയം സ്ഥാപിക്കും. പരമ്പരയിൽ ചൂണ്ടിക്കാണിച്ചതുപോലെ കയർമേഖലയിലെ പ്രധാനപ്രശ്നമായ ചകിരിയുടെ ദൗർലഭ്യം പരിഹരിക്കാനായി തൊണ്ടു ശേഖരണം, നാളികേര ഉത്പാദനം എന്നിവ വർദ്ധിപ്പിക്കാനുള്ളനടപടി സ്വീകരിക്കും.


അഡ്വ. കെ.ആർ. ഭഗീരഥൻ (ചെയർമാൻ, ഫോംമാറ്റിംഗ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്)
പുനർജ്ജനിക്കുന്ന കയർ വ്യവസായത്തിന് ദിശാബോധം പകരുന്ന പരമ്പര. കയറിന്റെ പരമ്പരാഗത ഉതപ്ന്നങ്ങൾ കൊണ്ടുമാത്രം വിപണിയിൽ പിടിച്ചുനിൽക്കാനാവില്ല. ആധുനികവത്കരണം, യന്ത്രവത്കരണം, വൈവിധ്യവത്കരണം എന്നിവ നടപ്പാക്കിയാൽ കയർ പുനസംഘടന വൻ വിജയമാകും. ഫോംമാറ്റിംഗ്സ് നിർമ്മിക്കുന്ന കയർകമ്പോസിറ്റ് ബോർഡുകൾ, കയർ ഭൂവസ്ത്രം, ലാറ്റെക്സ് ചെയ്ത് നിർമ്മിക്കുന്ന കയർബാഗുകൾ തുടങ്ങിയ വൈവിധ്യവത്കരണത്തിന്റെ ഭാഗമാണ്. കയറിന്റെ പുനരുജ്ജീവനം സാദ്ധ്യമായാൽ ഈ മേഖലയിൽ നിന്ന് കൊഴിഞ്ഞുപോയ തൊഴിലാളികൾ തിരികെയെത്തും. യന്ത്രവത്കരണം വരുന്നതോടെ പുതുതലമുറയിലെ അഭ്യസ്തവിദ്യരായ നിരവധിപ്പേർക്ക് തൊഴിൽ ലഭിക്കും. കയർമേഖലയ്ക്ക് വൻമാറ്റമുണ്ടാകും.

സി. സുരേഷ് കുമാർ കയർഫെഡ് എം.ഡി
ഹരിതവിപ്ളവം, ധവള വിപ്ളവം മാതൃകയിലൊരു 'കയർ വിപ്ളവ'ത്തിനാണ് മന്ത്രി ടി.എം. തോമസ് ഐസക് തുടക്കമിട്ടിരിക്കുന്നത്. രണ്ടാം കയർ പുനസംഘടനാ പാക്കേജ്, കയർ വ്യവസായമേഖലയിൽ വൻമാറ്റത്തിന് വഴിതെളിക്കുമെന്നാണ് പ്രതീക്ഷ. അന്താരാഷ്ട്ര കയർ കേരള മേളയിൽ നിന്നും ഇക്കാര്യം വ്യക്തമായിട്ടുണ്ട്. ആഭ്യന്തര കയർ വിപണിയുടെ വിപുലീകരണത്തിന് കയർഫെഡ് പ്രത്യേക പ്രാധാന്യം നൽകും. കേരളത്തിലെ ഓരോ വീട്ടിലും കയറുത്പന്നമെത്തിക്കാനാണ് കയർഫെഡിന്റെ ശ്രമം. ഇതിനായി ചെറുകിട വിതരണ ശൃംഖല വിപുലീകരിക്കും. കേരളത്തിനകത്തും പുറത്തുമുള്ള കയർഫെഡ് ഷോറൂമുകൾ നവീകരിക്കും. കൂടുതൽ കടകളിലൂടെ കയറുത്പന്നങ്ങൾ വിറ്റഴിക്കാനുള്ള ഏർപ്പാടുകൾ ചെയ്യും. കയറിന്റെ മൂല്യവർദ്ധിത ഉത്പന്നങ്ങളായ കൊക്കോപിത്ത് കാർഷികമേഖലയിൽ ഉപയോഗിക്കുന്നതിനും വളമാക്കിമാറ്റുന്നതിനുമുള്ള ശ്രമങ്ങൾ ഫലപ്രാപ്തിയിലെത്തിക്കും. കയർഫെഡിന് കീഴിൽ കേരളത്തിലങ്ങോളമിങ്ങോളമുള്ള സൊസൈറ്റികൾ നിന്നും വൻതോതിൽ ഉത്പന്നങ്ങൾ സംഭരിക്കും. ഗുണമേന്മയുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കാൻ സൊസൈറ്റികളെ പ്രേരിപ്പിക്കും. ഇത് കയർ വ്യവസായമേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. കയർ ഭൂവസ്ത്രങ്ങളുടെ പ്രയോജനം അയൽ സംസ്ഥാനങ്ങളിലെത്തിക്കുന്നതിനായി ദേശീയതലത്തിൽ സെമിനാറുകളും മറ്റും സംഘടിപ്പിക്കും.

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ