കോലം മാറുന്ന കയർ
October 11, 2017, 12:25 am
മഞ്ജു എം. ജോയ്
ചകിരി പിരിച്ച് കയറുണ്ടാക്കി, അത് നെയ്ത് പായയും തടുക്കും നിർമ്മിക്കുന്ന പരമ്പരാഗത ചെറുകിട വ്യവസായത്തിൽ നിന്ന് കയർ ബഹുദൂരം മുന്നോട്ടു പോയിരിക്കുന്നു. കഷ്ടപ്പാടിന്റെ പഴങ്കഥകൾ മാറ്റി, പുതിയകാലത്തിനൊത്ത് കോലം മാറിയിരിക്കയാണ് കയർവ്യവസായ മേഖല. ജീവിതത്തിന്റെ എല്ലാമേഖലകളും സ്പർശിക്കുന്ന നൂറുകണക്കിന് കയർ മൂല്യവർദ്ധിത ഉത്പന്നങ്ങളാണ് വിപണിയുടെ സാദ്ധ്യതകൾ തേടുന്നത്. ബാലരാമപുരത്തെ തറികളിൽ നെയ്തെടുക്കുന്ന ആയുർവേദ കയറുത്പന്നങ്ങൾ ആരോഗ്യമേഖലയിലേക്കുള്ള കയറിന്റെ ചുവടുവയ്പിനുദാഹരണമാണ്. ആസ്തമ, ത്വക്‌രോഗങ്ങൾ, വാതം, ബ്ളഡ് പ്രഷർ, നടുവ് വേദന തുടങ്ങിയ രോഗങ്ങളുടെ ചികിത്സയ്ക്ക് സഹായമാകുന്ന ആയുർവേദ കയർ മെത്തകൾ, കാർപ്പെറ്റുകൾ, കയർ ആയുർവേദ ചെരിപ്പുകൾ, ജനാലവിരികൾ എന്നിവ ബലരാമപുരം ഹാൻഡ്ലൂം വീവേഴ്സ് ഡവലപ്പ്മെന്റ് സൊസൈറ്റിയിൽ നിർമ്മിച്ച് ഇന്ത്യയ്ക്ക് അകത്തും പുറത്തും വിൽക്കുന്നുണ്ട്. ചകിരിപരിച്ച് നേർത്ത കയറുണ്ടാക്കി ആയുർവേദ ഔഷധങ്ങളിൽ പുഴുങ്ങിയെടുത്ത്, തറിയിൽ നെയ്ത് പായയാക്കിയാണ് ചെരുപ്പും മറ്റും ഉണ്ടാക്കുന്നത്. രോഗശമനത്തിന് പുറമെ, ശാരീരികസൗഖ്യവും ഉറപ്പുവരുത്തുന്ന ഉത്പന്നങ്ങളാണിത്. ചകിരി, ആയുർവേദ മരുന്നിൽ വേവിച്ചുണ്ടാക്കുന്ന ആയുർവേദ കയർ കിഴിക്ക് ആവശ്യക്കാരേറെയാണെന്ന് സൊസൈറ്റിയിലെ ആയുർവേദ സാങ്കേതിക വിദഗ്ധൻ സതീഷ്‌കുമാർ പറയുന്നു.


 കയർ കമ്പോസിറ്റുകൾ ഇനി ഗൃഹോപകരണ ശ്രേണിയിലേക്ക്
കയറിന്റെ ഏറ്റവും പുതിയ മൂല്യവർദ്ധിത രൂപമാണ് കയർ കമ്പോസിറ്റുകൾ.
പാത്രങ്ങളും പലകകളും മാത്രമല്ല കട്ടിൽ,മേശ, കസേര, അലമാര തുടങ്ങിയ ഗൃഹോപകരണങ്ങളും ഇതുകൊണ്ട് നിർമ്മിക്കാനാകും. വാണിജ്യാടിസ്ഥാനത്തിൽ ഫർണിച്ചറുകൾ നിർമ്മിക്കാനുള്ള ഒരുക്കത്തിലാണ് 'ദി വെസ്റ്റേൺ ഇന്ത്യ പ്ളൈവുഡ്സ് ലിമിറ്റഡ്'. ഇന്ത്യയിലെ 30,000 കോടിരൂപ വരുന്ന ഫർണിച്ചർ വിപണിയിലേക്കുള്ള കയറിന്റെ ചുവടുവയ്പാണിത്. ഒപ്പം കയറിന്റെ മൂല്യവർദ്ധിത ഉത്പന്നങ്ങൾക്ക് സാദ്ധ്യതയുടെ വലിയ മേഖലയാണ് തുറന്നു കിട്ടുന്നത്. നിലവിൽ കയർകമ്പോസിറ്റുകൾ കൊണ്ട് പാത്രങ്ങൾ, ചെടിച്ചട്ടികൾ, ഓഫീസ്, വീട് എന്നിവ നിർമ്മിക്കാനാവശ്യമായ പലകകൾ തുടങ്ങിയ വാണിജ്യാടിസ്ഥാനത്തിൽ നിർമ്മിക്കുന്നുണ്ട്. 2005 ൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ കയർ കമ്പോസിറ്റ് കൊണ്ടുള്ള ഗൃഹോപകരണങ്ങൾ ഉണ്ടാക്കിയിരുന്നു. നിലവിൽ ബാംഗ്ളൂരിലെ സെന്റർ ഫോർ കയർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് വാണിജ്യാടിസ്ഥാനത്തിൽ ഗൃഹോപകരണങ്ങൾ നിർമ്മിക്കുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഫോംമാറ്റിംഗ്സ് ഇന്ത്യാ ലിമിറ്റഡ് ആലപ്പുഴയിൽ സ്ഥാപിക്കുന്ന കയർ കോമ്പോസിറ്റ് ബോർഡ് ഫാക്ടറിയുടെ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. ഫാക്ടറി തുറന്നുകിട്ടിയാൽ കയറിന് പുതിയ വിപണി സാദ്ധ്യതകൾ കണ്ടെത്താനാകും. ഒപ്പം ധാരാളം തൊഴിൽ അവസരങ്ങളുമുണ്ടാകും.


കയർ കമ്പോസിറ്റുകൾ?
ചകിരിനാരുകളെ റെസിൻ പോലുള്ള പോളിമറുകളുമായി കൂട്ടിച്ചേർത്ത് കയർകമ്പോസിറ്റുകൾ നിർമ്മിക്കാം. അല്ലെങ്കിൽ ചകിരി പിണച്ച് നീഡിൽ പഞ്ച് ചെയ്ത് ഫേബ്രിക് ഉണ്ടാക്കാം. ഇതിന് നിലവാരമുള്ള നീഡിൽ പഞ്ചിംഗ് യന്ത്രങ്ങൾ ലഭ്യമാക്കണം. യൂറോപ്, തായ്‌വാൻ, ചൈന എന്നിവിടങ്ങളിൽ ഈ യന്ത്രം ഉപയോഗിക്കുന്നുണ്ട്. ചൈനയിൽ 7.5 കോടി രൂപ വിലവരുന്ന രണ്ടാംതരം യന്ത്രമുണ്ട്. യൂറോപ്യൻ യന്ത്രമാണ് മികച്ചത്. അതിന് 55കോടി രൂപയാണ് ചെലവ്.

വിപണി സാദ്ധ്യത ഇങ്ങനെ
പ്ളൈവുഡിന് പകരമായി കയർകമ്പോസിറ്റുകൾ ഉപയോഗിക്കാം. വീട്, ഓഫീസ്, കട എന്നിവയിൽ ഷട്ടറുകൾ, ജനാല, ബാത്ത്റൂം വാതിലുകൾ തുടങ്ങിയവയെല്ലാം നിർമ്മിക്കാൻ കയർകമ്പോസിറ്റുകളാണ് അനുയോജ്യം. പ്ളാസ്റ്റിക്, ഫൈബർ, തടി, സ്റ്റീൽ എന്നിവ കൊണ്ടുണ്ടാക്കുന്ന എല്ലാത്തരം ഗൃഹോപകരണങ്ങളും പകരം കയർ കമ്പോസിറ്റുകൊണ്ട് നിർമ്മിക്കാം. മോട്ടോർ വാഹനവ്യവസായം, ജിയോ ടെക്സ്റ്റൈൽ മേഖല, റെയിൽവെ എന്നിവിടങ്ങളിൽ കമ്പോസിറ്റുകൾ ഫലപ്രദമായി ഉപയോഗിക്കാം.

കയർ കമ്പോസിറ്റ് ഗൃഹോപകരണങ്ങളുടെ ഗുണങ്ങൾ

100 ശതമാനം പ്രകൃതിദത്തം, പാരിസ്ഥിതിക സൗഹാർദ്ധപരമായ ഉത്പന്നം.
 നല്ല ഈടും ബലവും ഉള്ളവ. തേക്കിൻ തടിയെക്കാൾ ഇരട്ടിബലമുണ്ടാകും.
ജലം, അഗ്നി, ചൂട് എന്നിവയെ പ്രതിരോധിക്കും.
 ചകിരിയിലടങ്ങിയിരിക്കുന്ന ലിഗ്നിൽ എന്ന പദാർത്ഥം ചിതൽ, ഉറുമ്പ്, പൂപ്പൽ എന്നിവയുടെ ആക്രമണം പ്രതിരോധിക്കും.
മരം, സ്റ്റീൽ എന്നിവ കൊണ്ടുണ്ടാക്കിയ ഫർണിച്ചറുകളെക്കാൾ വിലക്കുറവ്.
ഭാരക്കുറവ്.
നിശ്ചിതകാലയളവിന് ശേഷം പ്രകൃതിയിൽ ലയിച്ചുചേരുന്നതിനാൽ ദോഷകരമായ യാതൊന്നുമില്ല.


മാതൃകയായി കയർവീട് (ചിത്രങ്ങൾ അറ്റാച്ച് ചെയ്തിട്ടുണ്ട്)
ഗൃഹോകരണങ്ങൾ മാത്രമല്ല, വീടു തന്നെ കയർ കമ്പോസിറ്റ് കൊണ്ട് നിർമ്മിക്കാമെന്ന് കയർബോർഡ് തെളിയിച്ചിട്ടുണ്ട്. അടുക്കള, ബെഡ്റൂം, ഡൈനിംഗ് കം ലിവിംഗ് റൂം, കുളിമുറി എന്നിങ്ങനെ 370 സ്ക്വയർഫീറ്റുള്ള വീട് ആലപ്പുഴ നഗരചത്വരത്തിൽ കാറ്റിനെയും മഴയേയും വെയിലിനേയും അതിജീവിച്ച് തലയെടുപ്പോടെ നിൽക്കുന്നുണ്ട്. മേൽക്കൂരയിലെ ഓടും സ്റ്റീൽ ഫ്രെയിമും ഒഴികെ ഭിത്തിയും ഫാൾ സീലിംഗുമെല്ലാം കയർ കമ്പോസിറ്റ് കൊണ്ട് നിർമ്മിച്ചെന്നതാണ് പ്രത്യേകത. കയർബോർഡ് ഗവേഷണ സ്ഥാപനമായ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കയർ ടെക്‌നോളജീസ് ആണ് കയർവീടിന്റെ നിർമ്മാതാക്കൾ. മൂന്നുദിവസം കൊണ്ടുണ്ടാക്കിയ വീടിന്റെ ചെലവ് മൂന്നുലക്ഷം രൂപാമാത്രം.ശബ്ദനിയന്ത്രണത്തിനും കയർ
ശബ്ദമലിനീകരണം നിയന്ത്രിക്കാനുള്ള നിലവിലെ ഉപാധികൾ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്നുവെന്ന കണ്ടെത്തൽ കയറിന് ഗുണകരമായി വന്നിരിക്കയാണ്. നാഷണൽ കയർ രിസർച്ച് ആൻഡ് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റീരിയർ ഡിസൈനർ, എൻ.ഐ.ഐ.എസ്.ടി എന്നിവ സംയുക്തമായി കയർ ഉപയോഗിച്ചുള്ള ശബ്ദനിയന്ത്രണ സംവിധാനം (അക്വയർ) വികസിപ്പിച്ചെടുത്തിട്ടുണ്ട്. കയർ കേരള 2015ൽ ഇത് പ്രദർശിപ്പിച്ചിരുന്നു. ഇതിന്റെ കൂടുതൽ സാദ്ധ്യതകൾ പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞർ.


(നാളെ പ്രതികരണങ്ങൾ)
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ