പ്രവാസി റിട്ടേൺ പദ്ധതിയിലും പിന്നാക്കക്കാ‌ർക്ക് 'കഞ്ഞി കുമ്പിളിൽ
November 29, 2017, 1:09 am
പി. അഭിലാഷ്
 ഒ.ബി.സി വരുമാന പരിധി 1.20 ലക്ഷം; മതന്യൂനപക്ഷങ്ങൾക്ക് 6 ലക്ഷം
ആലപ്പുഴ: മരുഭൂമിയിൽ പാതി ജീവിതം ഹോമിച്ച് മടങ്ങിയെത്തിയവർക്കുള്ള സർക്കാരിന്റെ റിട്ടേൺ പദ്ധതിയിലും പിന്നാക്കക്കാ‌രോട് അനീതി.
പ്രവാസികൾക്ക് സ്വയം തൊഴിലിനും ബിസിനസിനും 20 ലക്ഷം രൂപ വരെ വായ്പ നൽകുന്ന പുതിയ പദ്ധതി ആവിഷ്കരിച്ചത് സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷനാണ്. പദ്ധതി നടപ്പാക്കുന്നത് കേന്ദ്ര ഫണ്ട് വിനിയോഗിച്ചും. കഴിഞ്ഞ പത്തിനാണ് റിട്ടേൺ പദ്ധതി സംബന്ധിച്ച് മാദ്ധ്യമങ്ങളിൽ സർക്കാർ പരസ്യം നൽകിയത്.
വായ്പ ലഭിക്കുന്നതിന് ഒ.ബി.സി വിഭാഗത്തിന്റെ വാർഷിക വരുമാനം 1.20 ലക്ഷം രൂപയിൽ കുറവായിരിക്കണമെന്ന വ്യവസ്ഥയാണ് പിന്നാക്ക വിഭാഗങ്ങൾക്ക് വിനയാവുന്നത്. അതേസമയം, മതന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ടവരുടെ വാർഷിക വരുമാനം 6 ലക്ഷം രൂപ വരെയാകാം. മത ന്യൂനപക്ഷങ്ങൾക്കും മറ്റു പിന്നാക്ക വിഭാഗക്കാർക്കും വായ്പ വിതരണം ചെയ്യുന്നതിലുള്ള കേന്ദ്ര സർക്കാരിന്റെ വ്യത്യസ്ത മാനദണ്ഡങ്ങളാണ് വിവേചനത്തിന് പിന്നിൽ.
ഗ്രാമീണ പ്രവാസിക്ക്
'അതുക്കും താഴെ'
നഗര പ്രദേശങ്ങളിലുള്ള ഒ.ബി.സി പ്രവാസികൾക്കാണ് വായ്പ കിട്ടുന്നതിന് 1.20 രൂപ വാർഷിക വരുമാനം വേണ്ടത്. ഗ്രാമപ്രദേശങ്ങളിലുള്ളവർക്ക് ഇത് 98,000 രൂപയായി ചുരുക്കിയിട്ടുണ്ട്.
ആദ്യ ഘട്ടത്തിൽ മതന്യൂനപക്ഷ വിഭാഗങ്ങൾക്കും ഈ നിബന്ധന ബാധകമാണെന്നും, രണ്ടാം ഘട്ടത്തിലാണ് അവർക്ക് വരുമാന പരിധി 6 ലക്ഷം രൂപയാക്കുന്നതെന്നും ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ, ഒ.ബി.സിക്കാരുടെ വായ്പയ്ക്ക് രണ്ടാം ഘട്ടമുണ്ടോയെന്ന ചോദ്യത്തിന് അവർക്ക് വ്യക്തമായ ഉത്തരമില്ല. നാട്ടിൽ പ്രതിമാസം 8,100-10,000 രൂപ വരുമാനം ലഭിക്കുന്ന പിന്നാക്കക്കാരനായ പ്രവാസിക്ക് പോലും ആകർഷകമായ ഈ വായ്പാ പദ്ധതി അന്യമാവും.


റിട്ടേൺ പദ്ധതി
 18നും 65നും മദ്ധ്യേ പ്രായമുള്ള പ്രവാസികൾക്ക് നാട്ടിൽ സ്വയം തൊഴിലിനോ, ബിസിനസിനോ 20 ലക്ഷം രൂപ വരെ വായ്പ ലഭിക്കും.
 വാർഷിക പലിശ നിരക്ക് 6 മുതൽ 8 ശതമാനം വരെ മാത്രം.
തിരിച്ചടവ് കാലാവധി 5 മുതൽ 7 വർഷം വരെ. നിബന്ധനകൾ കൃത്യമായി പാലിച്ചാൽ പലിശയും മുതലും ഉൾപ്പെടെ 5 വർഷം കൊണ്ട് 20 ലക്ഷം രൂപയുടെ
തിരിച്ചടവ് 18.5 ലക്ഷമായി കുറയും.

മറ്റു നിബന്ധനകൾ

 പദ്ധതി ചെലവിന്റെ 95 ശതമാനം വരെയായി വായ്പ ക്രമീകരിക്കും
 പദ്ധതിയുടെ 15 ശതമാനം തുക നോർക്ക റൂട്ട്സിൽ നിന്ന് മൂലധന സബ്സിഡി
 കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക് പലിശയിനത്തിൽ മൊത്തം തിരിച്ചടവ് തുകയുടെ അഞ്ചു ശതമാനം ഗ്രീൻകാർഡ് പദ്ധതി ആനുകൂല്യം
 നോർക്ക റൂട്ട്സ് പ്രവാസി പുനരധിവാസ പദ്ധതിയിൽ രജിസ്റ്റർ ചെയ്തവരായിരിക്കണം അപേക്ഷകർ
 അപേക്ഷാഫാറത്തിന് നോർക്ക റൂട്ട്സിൽ നിന്നുള്ള ശുപാർശക്കത്ത് വേണം

''കേന്ദ്ര സർക്കാരിന്റെ ന്യൂനപക്ഷ, പിന്നാക്ക ക്ഷേമ ഫണ്ടുകളാണ് റിട്ടേൺ പദ്ധതിക്ക് വിനിയോഗിക്കുന്നത്. കേന്ദ്ര മാനദണ്ഡങ്ങൾ ഇരു വിഭാഗത്തിനും വ്യത്യസ്തമാണ്. ഇതനുസരിച്ച് പദ്ധതി നടപ്പാക്കുക മാത്രമാണ് സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷന്റെ ചുമതല.''
- സംഗീത് ചക്രപാണി,
ചെയർമാൻ, സംസ്ഥാന പിന്നാക്ക
വിഭാഗ വികസന കോർപറേഷൻ

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ