നാലുചക്ര നികുതിക്കള്ളന്മാർ ഇനിയുമുണ്ട് ഒരുപാട്
January 7, 2018, 12:05 am
പി. അഭിലാഷ്
ആലപ്പുഴ: വ്യാജ വിലാസത്തിൽ പോണ്ടിച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്ത് നികുതി വെട്ടിക്കുന്നവരെ പിടികൂടാൻ പിന്നാലെ കൂടിയിരിക്കുന്ന പൊലീസും മോട്ടോർ വാഹന വകുപ്പും നികുതിക്കള്ളന്മാരായ കർണാടക, തമിഴ്നാട് രജിസ്ട്രേഷൻ വാഹനങ്ങളെ കണ്ടില്ലെന്നു നടിക്കുന്നു. ഇവിടങ്ങളിൽ രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾ കേരളത്തിലെത്തിച്ച് ഉപയോഗിക്കുമ്പോൾ നികുതിയിനത്തിൽ ലഭിക്കേണ്ട ലക്ഷങ്ങളാണ് നഷ്ടമാവുന്നത്.
ഈ സംസ്ഥാനങ്ങളിൽ ജോലിയുള്ള, കുടുംബസമേതം താമസിക്കുന്ന മലയാളികൾ അവിടെ രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾ കേരളത്തിലെത്തിച്ച് രജിസ്ട്രേഷൻ മാറ്റാതെ വർഷങ്ങൾ ഉപയോഗിക്കാറുണ്ട്. നഗ്നമായ നിയമ ലംഘനമാണെന്ന് അധികൃതർക്ക് അറിയാമെങ്കിലും വേണ്ടത്ര ഗൗരവം കാട്ടുന്നില്ല. 2016ലെ സംസ്ഥാന ബഡ്ജറ്റിൽ ഈ വിഷയം പരാമർശിച്ചിരുന്നു.
ഇതര സംസ്ഥാന രജിസ്ട്രേഷനുള്ള വാഹനങ്ങൾ താത്കാലികമായി (ഒരു വർഷം വരെ) കേരളത്തിൽ ഉപയോഗിക്കാൻ 2,000 രൂപയോളം നികുതി അടയ്ക്കണം. എന്നാൽ, ഒരു വർഷത്തിനു മുകളിൽ ഉപയോഗിക്കണമെങ്കിൽ രജിസ്ട്രേഷൻ കേരളത്തിലേക്ക് മാറ്റിയിരിക്കണം. 2007 ഏപ്രിൽ ഒന്നിനു ശേഷം ഇതര സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത വാഹനമാണ് അവിടെ നിന്നുള്ള നോ ഒബ്ജക്‌ഷൻ സർട്ടിഫിക്കറ്റ് വാങ്ങി ഇവിടേക്കു മാറ്റുന്നതെങ്കിൽ ആജീവനാന്ത നികുതി (15 വർഷം) അടയ്ക്കണം.
ഉദാഹരണത്തിന്, 2011ൽ കർണാടകയിൽ രജിസ്റ്റർ ചെയ്ത വാഹനം 2018ൽ കേരളത്തിലേക്ക് രജിസ്ട്രേഷൻ മാറ്റുകയാണെങ്കിൽ അവിടത്തെ ഏഴു വർഷം കുറച്ച ശേഷം അടുത്ത എട്ടു വർഷത്തെ നികുതി കേരളത്തിൽ അടയ്ക്കണം. പക്ഷേ, ഭൂരിഭാഗം പേരും ഇതു ചെയ്യുന്നില്ലെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.

 കർണാടകയിൽ നാലുചക്ര നികുതി
(വാഹന വില, നികുതി ക്രമത്തിൽ)
 10 ലക്ഷം- 20 ലക്ഷം: വിലയുടെ 17 ശതമാനം
 20 ലക്ഷത്തിനു മുകളിൽ: വിലയുടെ 18 ശതമാനം
 വൈദ്യുതിയിൽ ഓടുന്നവ: വിലയുടെ 4 ശതമാനം

തമിഴ്നാട്ടിൽ
 10 ലക്ഷത്തിൽ താഴെ: വിലയുടെ 10 ശതമാനം
 10 ലക്ഷത്തിൽ കൂടുതൽ: വിലയുടെ 15 ശതമാനം

കേരളത്തിൽ
 1500 സി.സിയിൽ താഴെ: വിലയുടെ 6 ശതമാനം
 1500 സി.സിക്കു മുകളിൽ: വിലയുടെ 8 ശതമാനം
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ