കായൽ സവാരി ഗിരിഗിരി:14 പുതിയ ബോട്ടുകൾ, അഞ്ച് ആംബുലൻസ്
February 9, 2018, 12:02 am
പി. അഭിലാഷ്
ആലപ്പുഴ: സർവീസ് ബോട്ടുകളെ ആശ്രയിക്കുന്ന സാധാരണക്കാർക്ക് ജലഗതാഗത വകുപ്പ് സുഖയാത്ര ഒരുക്കുന്നു. കാലപ്പഴക്കം ചെന്ന തടി ബോട്ടുകളിൽ ഭീതിയോടെ അധികനാൾ യാത്ര ചെയ്യേണ്ട. അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മാണം പുരോഗമിക്കുന്ന 14 യാത്രാ ബോട്ടുകൾ ആറ് മാസത്തിനുള്ളിൽ നീരണിയും. കായലോരക്കാർക്ക് കൈത്താങ്ങായി നാല് ആംബുലൻസ് ബോട്ടുകൾ അവസാന മിനുക്കുപണിയിലുമാണ്. വൈദ്യസഹായം ആവശ്യമുള്ളപ്പോഴും ബോട്ടുകൾ അപകടത്തിൽപ്പെടുമ്പോഴും പ്രയോജനപ്പെടുത്താനാണിത്.
പുതിയ ബോട്ടുകളിൽ ഒമ്പതെണ്ണം ഫൈബർ- അലുമിനിയം സമ്മിശ്രമാണ്. സ്വകാര്യ സ്ഥാപനത്തിന്റേതാണ് നിർമ്മിതി. അരൂരിലെ സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരള ലിമിറ്റഡിൽ (സിൽക്ക്) ആണ് അഞ്ചു സ്റ്റീൽ ബോട്ടുകളുടെ നിർമ്മാണം. ജലഗതാഗത വകുപ്പിന് 20 തടി ബോട്ടുകളും 25 സ്റ്റീൽ ബോട്ടുകളുമാണുള്ളത്. വൈക്കം- തവണക്കടവ് റൂട്ടിലോടുന്ന സോളാർ ബോട്ട് 'ആദിത്യ'യാണ് ന്യൂജെൻ താരം.

ഫൈബർ-അലുമിനിയം ബോട്ടുകൾ
 22 മീറ്റർ നീളം, ഏഴര മീറ്റർ വീതി
 വേഗം കൂടുതലും ശബ്ദം കുറവും
 100 പേർക്കു വരെ കയറാം
 ഒരു ബോട്ടിന് ചെലവ് ഒന്നരക്കോടി

സ്റ്റീൽ ബോട്ടുകൾ
 ഒരു ബോട്ടിന്റെ ചെലവ് 90 ലക്ഷം
 75 പേർക്ക് കയറാം


 വരവ് 10 കോടി
ജലഗതാഗത വകുപ്പിന്റെ പ്രതിവർഷ ശരാശരി വരുമാനം 10 കോടിയാണ്. ഡീസലിന് ആറ് കോടി ചെലവാകും. ആലപ്പുഴയിൽ നിന്ന് കോട്ടയത്തേക്കുള്ള ബോട്ട് നിരക്ക് 18 രൂപ. ഈ സ്ഥാനത്ത് കെ.എസ്.ആർ.ടി.സി ഓർഡിനറിയിൽ 38 രൂപയും ഫാസ്റ്റിൽ 43 രൂപയും നൽകണം. നാലു രൂപയാണ് മിനിമം നിരക്ക്.

 സോളാർ വൻ ലാഭം
ഒരു വർഷം പൂർത്തിയാക്കിയ ആദിത്യ 22 ലക്ഷം രൂപയുടെ ഡീസലാണ് ലാഭിച്ചത്. ഡീസൽ ബോട്ടുകൾക്ക് ദിവസം ഏഴായിരം രൂപയാണ് ചെലവ്. എന്നാൽ ആദിത്യയ്ക്ക് 163 രൂപ മതി. കൂടുതൽ സോളാർ ബോട്ടുകൾ അനുവദിക്കുമെന്ന് ബഡ്ജറ്റിൽ പ്രഖ്യാപിച്ചിരുന്നു. നിർമ്മാണം പൂർത്തിയാവുന്ന ഫൈബർ- അലുമിനിയം ബോട്ടുകൾ സോളാറാക്കി രൂപം മാറ്റാനാവും.

 ആംബുലൻസ് ബോട്ട്
സ്ട്രെച്ചറും ഫസ്റ്റ് എയ്ഡ് കിറ്റുമുള്ള ബോട്ടിൽ 25 പേർക്ക് കയറാം. പ്രത്യേക ഫോൺ നമ്പർ ഇവയ്ക്കുണ്ടാവും. ആലപ്പുഴ, പാണാവള്ളി, മുഹമ്മ, എറണാകുളം, കോട്ടയം എന്നിവിടങ്ങളിലാണ് ആംബുലൻസ് എത്തിക്കുന്നത്.

''ലാഭം നോക്കാതെയാണ് പ്രവർത്തിക്കുന്നത്. ബോട്ടുകൾ മാത്രം ആശ്രയമായ ജനങ്ങൾക്ക് കൂടുതൽ സേവനം നൽകുകയാണ് ലക്ഷ്യം''
(ഷാജി ബി. നായർ, ഡയറക്ടർ, ജലഗതാഗത വകുപ്പ്)
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ