എന്തൊരഴകാണീ.... മലേഷ്യൻ സുന്ദരിക്ക്
February 12, 2018, 1:55 am
രേഷ്മ രാജ്
ആലപ്പുഴ: ഇതെന്തു ഫ്രൂട്ടാ? നിറവും രൂപവും കാണുമ്പോൾ ആരും ചോദിച്ചുപോകും. ഇപ്പോൾ കേരളത്തിലെ വഴിയോരങ്ങളിൽ താരമാണിത്. ഡ്രാഗൺ ഫ്യൂട്ട് (Dragon fruit) എന്ന് പേര്. പിത്തായപ്പഴം എന്ന് നാട്ടുനാമം. മലേഷ്യയിൽനിന്നാണ് വരവ്. കഴിഞ്ഞ കുറേ വർഷമായി വേനൽക്കാലത്തോടൊപ്പം ഇതെത്താറുണ്ട്. എന്നാൽ ഇത്തവണ വരവ് കൂടി. അടുത്തിടെ ഇവ ഇന്ത്യയിലും കൃഷി ചെയ്യാൻ തുടങ്ങിയെങ്കിലും കൂടുതൽ എത്തുന്നത് മലേഷ്യയിൽനിന്നുതന്നെ. ഇപ്പോൾ ഒരു കിലോഗ്രാമിന് നൂറ് രൂപയാണ് വില. മുൻവർഷങ്ങളിൽ 300 രൂപവരെ എത്തിയിട്ടുണ്ട്. ഒരു ചെടിയിൽ നിന്ന് എട്ട് മുതൽ 10 വരെ പഴങ്ങൾ ലഭിക്കും. നട്ടുകഴിഞ്ഞാൽ പരിപാലനം വളരെ കുറച്ചുമതി. ജലവും ജൈവവളവും നാമമാത്രം. വിത്തു പാകി മുളപ്പിച്ചോ വള്ളിത്തണ്ടുകൾ നട്ടോ വളർത്തിയെടുക്കാം. ഒരു ഫലത്തിന് 460 ഗ്രാം വരെ തൂക്കം ഉണ്ടാവും.

മൂന്ന് തരം
1. ഹൈഡ്രാസീറസ് അണ്ഡാറ്റസ് -ചുവപ്പ് നിറം,​ ഉൾഭാഗം വെളുത്തത്
2. ഹൈഡ്രാസീറസ് കോസ്റ്റാറിസെനെസിസ്- തൊലിയും ഉൾഭാഗവും ചുവപ്പ്
3. ഹൈഡ്രാസീറസ് മെഗലാന്തസ്- മഞ്ഞ നിറം, ഉൾഭാഗം വെളുപ്പ്

ആള് ജഗജില്ലി
ധാരാളം ആന്റി ഓക്‌സിഡന്റ് അടങ്ങിയിട്ടുള്ള ഈ പഴത്തിന് ഡയബെറ്റിസ്, കൊളസ്‌ട്രോൾ, സന്ധിവേദന, ആസ്‌ത്‌മ തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ട്. സൗന്ദര്യവർദ്ധക വസ്തുക്കളുടെയും ജാം, ജ്യൂസ്, വൈൻ തുടങ്ങിയവയുടെയും നിർമ്മാണത്തിന്‌ ഉപയോഗിക്കുന്നു. ഉള്ളിലുള്ള മാംസളമായ ഭാഗമാണ് കഴിക്കേണ്ടത്. കള്ളിച്ചെടിയുടെ വർഗത്തിൽപ്പെട്ടതാണ്. ചൂടുള്ള കാലാവസ്ഥയിലാണ് വളരുന്നത്. മെക്‌സിക്കോയും മദ്ധ്യദക്ഷിണ അമേരിക്കയുമാണ് ജന്മദേശം. ചൈന, വിയറ്റ്‌നാം, മലേഷ്യ, ഇന്തോനേഷ്യ, ഫിലിപ്പൈൻസ് , ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലും ധാരാളമായി വിളയുന്നു.

crr

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ