ജ്യോതിഷ വിധിയിൽ വിശ്വസിച്ച് ആ അമ്മ കാത്തിരിക്കുന്നു, മകന് വേണ്ടി
April 12, 2018, 9:10 am
സുരേഷ് തോട്ടപ്പള്ളി
ആലപ്പുഴ: പതിമ്മൂന്ന് വർഷം മുമ്പ് ആലപ്പുഴയിലെ രാഹുൽ എന്ന കുട്ടിയെ കാണാതായ കേസ് ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും സി.ബി.ഐയും അന്വേഷിച്ചതാണ്. ഒരു തുമ്പും കിട്ടിയില്ല. എല്ലാ വഴികളും അടഞ്ഞപ്പോൾ രാഹുലിന്റെ അമ്മ മിനി ജോത്സ്യന്മാരെ കാണാൻ തുടങ്ങി.

തൃശൂരുകാരനായ ഒരു ജോത്സ്യൻ 22-ാം വയസിൽ രാഹുൽ മടങ്ങി വരുമെന്ന് പ്രവചിച്ചു. അതിന് ഇനി രണ്ട് വർഷം കൂടിയുണ്ട്. കാത്തിരിപ്പിനിടയിൽ മുസ്ളിം, ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട ഭാവി പ്രവചനക്കാരെയും മിനി കണ്ടു. അവരും ഉറപ്പിച്ച് പറയുന്നത് രാഹുൽ തിരിച്ച് വരുമെന്നാണ്. വിശാഖമാണ് രാഹുലിന്റെ നക്ഷത്രം. വ്യാഴത്തിൽ ജനനം. ശനിയുടെ തുടക്കത്തിലാണ് കാണാതായത്. ഇപ്പോൾ ബുധദശ തുടങ്ങി. രണ്ട് വർഷത്തെ അപഹാരം കഴിയുമ്പോൾ വരുമെന്നാണ് ആ അമ്മ പ്രതീക്ഷിക്കുന്നത്. ആശ്രമം വാർഡ് രാഹുൽ നിവാസിൽ അമ്മ മിനിക്കും അച്ഛൻ രാജുവിനും പുറമെ മറ്റൊരാൾ കൂടി രാഹുലിനെ കാത്തിരിക്കുന്നു. രാഹുലിനെ കാണാതായതിനു ശേഷം അവർക്ക് ജനിച്ച മകൾ ശിവാനി.

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രാഹുലിനെ കാണാതാകുമ്പോൾ ഏഴ് വയസായിരുന്നു. 'അവൻ മരിച്ചിട്ടില്ല. എവിടെയോ ജീവിച്ചിരിപ്പുണ്ട്. ദൈവം അവനെ ഞങ്ങളുടെ കൈകളിൽ തിരിച്ചെത്തിക്കും'. ഇടറിയ സ്വരത്തിൽ രാഹുലിന്റെ മാതാവ് മിനി പറഞ്ഞു. 'അണ്ണനെ ആരാണ് പിടിച്ചു കൊണ്ടുപോയത്? അണ്ണൻ വരും' ഫോട്ടോയിൽ മാത്രം രാഹുലിനെ കണ്ടിട്ടുള്ള പത്ത് വയസുകാരിയായ സഹോദരി ശിവാനി പറയുന്നു.

രാഹുൽ തിരുവനന്തപുരത്ത് ഒരു ഗുണ്ടയുടെ വീട്ടിൽ ഉണ്ടെന്ന് സൂചിപ്പിച്ച് ആരോ അയച്ച ഒരു കത്തുമായി കുറെ നാൾ മുമ്പ് രാജു സി.ബി.ഐയെ സമീപിച്ചിരുന്നു. എന്നാൽ അന്വേഷണത്തിൽ അത് ശരിയല്ലെന്നറിഞ്ഞു. രാജു കുവൈറ്റിൽ ജോലിചെയ്യുന്നു. ശിവാനി അഞ്ചാംക്ളാസ് വിദ്യാർത്ഥിനി. ഒരുനാൾ രാഹുൽ കടന്ന് വരുമെന്ന പ്രതീക്ഷയിൽ അവർ കഴിയുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ