കട്ടോണ്ടുപോയ കാസിനോയെ ഗിന്നസ് ബുക്ക് കാത്തിരിക്കുന്നു
April 9, 2018, 9:18 am
പി.അഭിലാഷ്
ആലപ്പുഴ: കുഞ്ഞു 'കാസിനോ'യെ കട്ടോണ്ടുപോയത് ആരാണെങ്കിലും പൊലീസുകാർ തിരക്കിയെത്തുംമുമ്പ് ദയവു ചെയ്ത് തിരികെ എത്തിക്കണം. കാത്തിരിക്കുന്നത് സ്വാമി മാത്രമല്ല, ഗിന്നസ് ബുക്കിലേക്കുള്ള പടവുകൾ കൂടിയാണ്!

'പിഗ്മി' ഇനത്തിൽപ്പെട്ട, ഓമനിക്കാൻവേണ്ടി വളർത്തുന്ന ആട്ടിൻകുട്ടിയാണ് കാസിനോ. കാനഡയാണ് ജന്മദേശം. ആലപ്പുഴ ഇരവുകാട് വാർഡ് കറുകയിൽ വീട്ടിൽ സ്വാമി പ്രസാദിന്റെ ഫാമിലെ ഒന്നര വയസുകാരന് സ്വാമിയിട്ട പേരാണ് കാസിനോ. ഇപ്പോൾ വിറ്റാൽ 50,000 രൂപയെങ്കിലും കിട്ടും. കഴിഞ്ഞ ദിവസം രാത്രി മുതൽ ഇവനെ കാണാനില്ല. സൗത്ത് പൊലീസിൽ പരാതി നൽകി വഴിക്കണ്ണുമായി കാത്തിരിക്കുകയാണ് സ്വാമി.

ഗിന്നസ് കഥ: പരമാവധി ഒമ്പത്- പത്തു കിലോയോളം മാത്രമേ പിഗ്മി ആടുകൾ വളരൂ. വിവിധ ബ്രീഡുകളിലുള്ള പിഗ്മി ഇനങ്ങളുണ്ട്. കനേഡിയൻകാരനായ കാസിനോയ്ക്ക് തൂക്കം നാലു കിലോ. തൂക്കം കുറയുന്നതിനനുസരിച്ചാണ് ഇവർക്ക് പ്രിയം കൂടുന്നത്. നിലവിൽ ഗിന്നസ് ബുക്കിലുള്ള കനേഡിയൻ ഇനത്തിന്റെ തൂക്കം എട്ടര കിലോയാണ്. അതുകൊണ്ടുതന്നെ ഗിന്നസ് ബുക്കിൽ കയറാൻ യോഗ്യനായ കാസിനോയുടെ പേര് രജിസ്റ്റർ ചെയ്ത് കാത്തിരിക്കവേയാണ് കള്ളന്മാർ അവനെ പൊക്കിയത്.

കാസിനോ, പെൺകിടാവ് കാസി എന്നിവരുടെ പ്രസവത്തെത്തുടർന്ന് തള്ളയാട് ചത്തുപോയി. ഗിന്നസിലേക്ക് അതിന്റെ പേരും സ്വാമി രജിസ്ടർ ചെയ്തിരുന്നു. പക്ഷേ, ഇതിനിടെ ചെറിയൊരു അപകടത്തിൽപ്പെട്ട്‌ അതിന്റെ കാലൊടിഞ്ഞ് 'വികലാംഗ' ആയതിനാൽ തുടർ നടപടികൾ സാദ്ധ്യമായില്ല. രണ്ടര കിലോ മാത്രമുള്ള പ്രിൻസ് എന്നൊരു ആടും സ്വാമിക്കുണ്ട്. അവന്റെ ഒരു കണ്ണിന് കാഴ്ചയില്ലാത്തതിനാൽ ഗിന്നസ് പരിഗണനയ്ക്ക് അർഹനല്ല. ഈ നിരാശകൾക്കിടെ പിറന്നുവീണ കാസിനോയെ തട്ടിക്കൊണ്ടു പോയതിന്റെ ഞെട്ടലിലാണ് സ്വാമി പ്രസാദ്.

വിവിധ ഇനങ്ങളിലുള്ള 26 ഫാൻസി ആടുകളാണ് സ്വാമിക്കുള്ളത്. 15,000 മുതൽ ഒരു ലക്ഷം വരെ വിലയുണ്ട് ഇവയിൽ പലതിനും.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ