ഓൺലൈൻ മരുന്ന് വ്യാപാരവും വാൾമാർട്ട് കുത്തകയാക്കാം
May 12, 2018, 12:28 am
പി. അഭിലാഷ്
ആലപ്പുഴ: അമേരിക്കൻ ഓൺലൈൻ ഭീമനായ 'വാൾമാർട്ട്' ഇന്ത്യൻ കമ്പനിയായ ഫ്ളിപ് കാർട്ടിനെ വിഴുങ്ങിയതോടെ ഓൺലൈൻ മരുന്നു വിപണിയിൽ വിലക്കുറവുണ്ടായേക്കും. ഈ വിലക്കുറവിലൂടെ വാൾമാർട്ട് കുത്തക സ്ഥാപിച്ചാൽ തങ്ങൾ കടപുഴകുമെന്നആശങ്കയിലാണ് മറ്റ് ഓൺലൈൻ കമ്പനികൾ.
രാജ്യത്ത് ഓൺലൈൻ മരുന്നു വ്യാപാരത്തിന് അനുമതിയുള്ളത് 16 കമ്പനികൾക്കാണ്. പൊതു വിപണിയിലേതിനേക്കാൾ വില കുറവായതിനാൽ കേരളത്തിലും ഓൺലൈൻ മരുന്നു കച്ചവടത്തിന് പ്രിയമേറുന്നുണ്ട്. മരുന്നുകൾ ഉൾപ്പെടെ അയ്യായിരത്തോളം ഉത്പന്നങ്ങൾ ഓൺലൈനിൽ വിൽക്കുന്ന വാൾമാർട്ടിന് ലോകത്ത് 1500ൽ ഏറെ സ്ഥാപനങ്ങളാണുള്ളത്. ആലപ്പുഴ എസ്. ഡി കോളേജിനു സമീപം റിലയൻസ് കെട്ടിപ്പൊക്കിയ വ്യാപാര സമുച്ചയം വാൾമാർട്ട് വാങ്ങുമെന്ന് കേൾക്കുന്നു.

കമ്പനികൾക്ക് മുൻകൂർ പണം നൽകി ഉത്പന്നങ്ങൾ പ്രത്യേകമായി നിർമ്മിച്ചു വാങ്ങുന്ന രീതി വാൾമാർട്ടിനുണ്ട്. മരുന്നുകളും ഇങ്ങനെ സംഭരിക്കുന്നതിനാൽ കുറഞ്ഞ വിലയ്‌ക്ക് വാൾമാർട്ടിന് മരുന്നു ലഭിക്കും. ഇടനിലക്കാരുടെ കമ്മിഷനും ഒഴിവാകും. ഈ മരുന്നുകൾ കുറഞ്ഞ വിലയിൽ ഓൺലൈനിൽ കിട്ടുന്നത് രോഗികളെ ആകർഷിക്കും. ഫ്ളിപ്കാർട്ടിൽ സാധനങ്ങൾ കിട്ടാൻ എട്ടു ദിവസം വരെ കഴിയുമായിരുന്നു. വാൾമാർട്ടിന്റെ വിപുലമായ ശൃംഖലയിൽ മരുന്ന് ഉൾപ്പെടെ രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ കിട്ടും .

കെണി
രാജ്യത്തെ മരുന്നു വിപണിയിൽ 10 ശതമാനം വിറ്റുവരവും 12 ശതമാനം ഉപഭോഗവും കേരളത്തിലാണ്. 25,000 രൂപ വരെയുള്ള കാൻസർ ഇൻജക്‌ഷനുണ്ട്. ഇവ വാൾമാർട്ട് 15,000 രൂപയ്ക്കു വിറ്റാൽ മറ്റ് ഓൺലൈൻ കമ്പനികൾക്ക് പിടിച്ചു നിൽക്കാനാവില്ല. ഇങ്ങനെ വിലകുറച്ച് മരുന്നിന്റെ ഓൺലൈൻ വ്യാപാരം വാൾമാർട്ട് കുത്തകയാക്കിയാൽ പല ദുഷ്‌പ്രവണതകൾക്കും വഴിവയ്ക്കുമെന്ന് ആശങ്കയുണ്ട്. ഡോക്‌ടറുടെ കുറിപ്പടി ഇല്ലാതെ വാങ്ങാൻ പറ്റാത്ത മരുന്നുകൾ ഓൺലൈൻ വിപണിയിൽ ഇപ്പോൾ തന്നെ വാങ്ങാവുന്ന സ്ഥിതിയുണ്ട്. അത് കൂടുതൽ ഗുരുതരമാകാം. മയക്കുമരുന്ന്, ഗർഭഛിദ്ര മരുന്ന്, ലൈംഗിക ഉത്തേജകങ്ങൾ, മനോരോഗ മരുന്ന് തുടങ്ങിയവ ഇങ്ങനെ ദുരുപയോഗപ്പെടുത്താൻ സാദ്ധ്യതയുണ്ട്.

നിലവിലുണ്ട് പരാതി

ഓൺലൈൻ വഴി മരുന്നു ദുരുപയോഗം ചെയ്യുന്നതായി ഫുഡ് ആൻഡ് ഡ്രഗ്സ് അസോസിയേഷന് പരാതി ലഭിച്ചിട്ടുണ്ട്. ബോംബെ കെമിസ്റ്റ്സ് അസോസിയേഷൻ, മദ്രാസ് കെമിസ്റ്റ്സ് അസോസിയേഷൻ എന്നീ സംഘടനകളാണ് പരാതി നൽകിയത്. 1940ലെ ഡ്രഗ്സ് ആൻഡ് കോസ്‌മെറ്റിക് ആക്ട്, 1948ലെ ഫാർമസി ആക്ട്, 2005ലെ ഇൻഫർമേഷൻ ആക്ട് എന്നിവ പ്രകാരമാണ് രാജ്യത്ത് ഓൺലൈൻ മരുന്നു വ്യാപാരത്തിന് അനുമതി നൽകിയത്.
crr215words
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ