ചെങ്ങന്നൂർ തിരഞ്ഞെടുപ്പ് യോഗം നിലപാട് 20ന്:വെള്ളാപ്പള്ളി
May 16, 2018, 1:10 am

ചേർത്തല:ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിലെ എസ്.എൻ.ഡി.പി യോഗം നിലപാട് 20ന് പ്രഖ്യാപിക്കുമെന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.ഇതിനായി മൂന്നംഗ ഉപസമിതിയെ കൗൺസിൽ ചുമതലപ്പെടുത്തി . കൗൺസിൽ യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.യോഗം പ്രസിഡന്റ് ഡോ.എം.എൻ.സോമൻ,ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ,കൗൺസിലർ കെ.ആർ.പ്രസാദ് എന്നിവരാണ് സമിതി അംഗങ്ങൾ.
സ്ഥാനാർത്ഥികളുടെ യോഗ്യതയുംഎസ്.എൻ.ഡി.പി യോഗത്തോടുള്ള സമീപനവും നേരും നെറിയും പരിശോധിച്ച ശേഷമായിരിക്കും പ്രഖ്യാപനം.എസ്.എൻ.ഡി.പി യോഗത്തിന് പ്രത്യേക രാഷ്ട്രീയമില്ല. ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലത്തിൽ 17 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്.തുടക്കത്തിലേ എൽ.ഡി.എഫ് സ്ഥാനാർത്ഥി സജി ചെറിയാനായിരുന്നു പ്രചാരണത്തിൽ മുന്നിൽ. ബി.ജെ.പി കോൺഗ്രസിനെക്കാളും നില മെച്ചപ്പെടുത്തി. കർണാടകത്തിലെ മുന്നേറ്റം അവർക്ക് ആത്മവിശ്വാസം നൽകും.
എസ്.എൻ.ഡി.പി യോഗത്തിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ പിണറായി സർക്കാർ ഇതിനകം പലതും ചെയ്തു.എസ്.എൻ.ട്രസ്​റ്റിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സർക്കാർ പരിഗണന കാര്യമായി ഉണ്ടായി. പ്യൂൺ തസ്തികയില്ലാതെയാണ് കോളേജുകൾ കാലങ്ങളായി പ്രവർത്തിച്ചിരുന്നത്.വിരമിക്കൽ തസ്തികയിൽ നിയമനവും അനുവദിച്ചിരുന്നില്ല. ഇതെല്ലാം ചൂണ്ടിക്കാട്ടി മുഖ്യമന്ത്റി പിണറായി വിജയന് ഒ​റ്റത്തവണ നിവേദനം നൽകിയതോടെ അടിയന്തര നടപടി ഉണ്ടായി. ഫയൽ വച്ചുതാമസിപ്പിക്കാതെയാണ് സർക്കാർ നടപടി സ്വീകരിച്ചത്.വിദ്യാഭ്യാസ മന്ത്റിയും കുറേകാര്യങ്ങൾ ചെയ്തുതന്നു. ബാക്കിയുള്ളവ പരിഹരിക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്.കേന്ദ്ര സർവകലാശാലയക്ക് ശ്രീനാരായണ ഗുരുവിന്റെ പേര് നൽകണമെന്ന് മാത്രമാണ് കേന്ദ്രസർക്കാരിനോട് എസ്.എൻ.ഡിപി യോഗം ആവശ്യപ്പെട്ടത്.നരേന്ദ്രമോഡിയോടും അമിത്ഷായോടും ഈ ആവശ്യം ഉന്നയിച്ചപ്പോൾ ചെയ്യാമെന്ന് ഉറപ്പ് നൽകി.എന്നാൽ ഇക്കാര്യം ഇതേവരെ നടപ്പാക്കിയില്ല- വെള്ളാപ്പള്ളി പറഞ്ഞു.

പ്രശ്‌നങ്ങൾ പരിഹരിച്ചില്ലെങ്കിൽ പ്രവർത്തിക്കില്ല:തുഷാർ
ചേർത്തല:ബി.ഡി.ജെ.എസിന്റെ പ്രശ്‌നങ്ങൾ പരിഹരിച്ചില്ലെങ്കിൽ ചെങ്ങന്നൂർ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉണ്ടാകില്ലെന്ന് ചെയർമാൻ തുഷാർ വെള്ളാപ്പള്ളി മാദ്ധ്യമങ്ങളോട് പറഞ്ഞു.രണ്ട് ദിവസത്തിനകം പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ എൻ.ഡി.എ സ്ഥാനാർത്ഥിക്ക് പ്രവർത്തകർ വോട്ട് ചെയ്യുമെന്നും തുഷാർ പറഞ്ഞു.

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ