ഇത് കറുപ്പഴകിന്റെ വിജയഗാഥ
May 14, 2018, 12:00 am
സുരേഷ് തോട്ടപ്പള്ളി
ആലപ്പുഴ : കൗതുകത്തിന് വാങ്ങിയ കരിങ്കോഴികൾ സുശീലയെന്ന വീട്ടമ്മയുടെ ജീവിതം മാറ്റിമറിച്ചെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസം കാണും. പക്ഷേ സത്യം അതാണ്. എട്ടുവർഷമായി ഈ 'കറുത്ത സുന്ദരികളാണ് ' സുശീലയുടെ കുടുംബത്തിന്റെ ഉപജീവനമാർഗം.
മങ്കൊമ്പ് തെക്കേക്കര പുതുവൽ വീട്ടിൽ ആർ. ഉത്തമന്റെ ഭാര്യയായ സുശീലയുടെ വീട്ടുവളപ്പിൽ ഇപ്പോഴുള്ളത് നൂറോളം കരിങ്കോഴികളാണ്.
ആലപ്പുഴയിൽ നിന്ന് എട്ടുവർഷം മുമ്പ് 10 കരിങ്കോഴി കുഞ്ഞുങ്ങളെ വാങ്ങിയാണ് വളർത്തലിന് തുടക്കം. ഇതിൽ നിന്ന് ലഭിച്ച മുട്ടകൾ പ്രകൃതിദത്തമായി വിരിയിച്ചു വളർത്തി വിൽക്കുകയായിരുന്നു. ഇപ്പോൾ 40 മുട്ടകൾ വിരിയിക്കാൻ കഴിയുന്ന ഇൻക്യുബേറ്റർ സഹായത്തോടെയാണ് ഉത്പാദനം. ഒരുമാസം പ്രായമായ കോഴിക്കുഞ്ഞിന് 200 രൂപയാണ് വില. രണ്ട് മാസം പ്രായമായ കോഴികൾ ജോടിക്ക് 600 രൂപയാണ്. ആറുമാസം പ്രായമാകുമ്പോഴേക്കും മുട്ടയിടാൻ തുടങ്ങുമെന്ന് സുശീല പറയുന്നു. മുട്ടയ്ക്ക് 30-50 രൂപ വരെ മാർക്കറ്റിൽ ലഭിക്കും. തുടർച്ചയായി 120 ദിവസം വരെ മുട്ടയിടും. പൂർണ വളർച്ച എത്തിയ പൂവൻ കരിങ്കോഴിക്ക് രണ്ടര കിലോ തൂക്കം വരും. ഇതിന് 800 രൂപയാണ് വില. മക്കളായ ചിന്തുവുംചിഞ്ചുവും കൃഷിയിൽ സഹായിക്കുന്നുണ്ട്. ഇളയ മകൻ ചിക്കുവിന്റെ വിവാഹമാണ്. ഇതിനുശേഷം കോഴി വളർത്തൽ കൂടുതൽ വിപുലമാക്കാനാണ് സുശീലയുടെ തീരുമാനം. ആയുർവേദ മരുന്നുകാരും രോഗികളും ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരുമാണ് കരിങ്കോഴിയിറച്ചിയുടെയും മുട്ടയുടെയും പ്രധാന ആവശ്യക്കാരെന്ന് സുശീല പറയുന്നു. ശാസ്ത്രീയമായി കരിങ്കോഴികളെ വളർത്തിയാൽ പ്രതിമാസം അൻപതിനായിരത്തോളം രൂപ നേടാൻ കഴിയുമെന്നാണ് സുശീല പറയുന്നത്.കരിങ്കോഴിയുടെ ഔഷധഗുണം

 കടക്‌നാഥ് എന്നറിയപ്പെടുന്ന കരിങ്കോഴികൾ മലയാളികൾക്ക് അത്ര പരിചിതമല്ല. നാടൻ കോഴിയെന്ന് വിശേഷിപ്പിക്കുന്ന കരിങ്കോഴികൾ യഥാർത്ഥത്തിൽ മദ്ധ്യപ്രദേശുകാരാണ്.

തൂവലിനും മാംസത്തിനും കറുത്തനിറമാണ്. മെലാനിൻ എന്ന രാസവസ്തു അടങ്ങിയതാണ് ഇവയുടെ മാംസം. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ നല്ല ഔഷധമാണ് മുട്ടയും മാംസവും.

 സന്ധിവേദനയ്ക്കും വിളർച്ച മാറ്റുന്നതിനും ഇരുമ്പിന്റെ അംശമേറിയ കരിങ്കോഴിയിറച്ചി എറെ ഫലപ്രദം. ഹൃദ്രോഗികൾക്കും രക്തസമ്മർദ്ദമുള്ളവർക്കും നല്ലതാണ്. ഇറച്ചിയിൽ മനുഷ്യനാവശ്യമായ 18 ഓളം അമിനോ ആസിഡുകളും വിറ്റാമിനുകളും അടങ്ങിയിരിക്കുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ