ഹൗസ് ബോട്ടിൽ ചീട്ടുകളി, 11 അംഗ സംഘം പിടിയിൽ
May 15, 2018, 12:06 am
 4.30 ലക്ഷം രൂപ പിടിച്ചെടുത്തു

ആലപ്പുഴ : കായൽ ടൂറിസത്തിന്റെ മറവിൽ ചൂതാട്ടം നടത്തുന്ന സംഘത്തിലെ 11 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൗസ് ബോട്ടിൽ ചീട്ടുകളിയിൽ ഏർപ്പെട്ടിരുന്ന ഇവരിൽ നിന്ന് 4.30 ലക്ഷം രൂപയും പിടിച്ചെടുത്തു.
ജില്ലാപൊലീസ് മേധാവി എസ്.സുരേന്ദ്രന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് സ്പെഷ്യൽ ബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് സംഘം കുടുങ്ങിയത്. കൊച്ചിയിലെ വ്യവസായികൾ ഉൾപ്പെടയുള്ളവരാണ് പിടിയിലായത്.
വൈക്കം വെച്ചൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വൈറ്റ്ഷെൽ എന്ന ബോട്ടിലാണ് ചീട്ടുകളി നടന്നിരുന്നത്. മുൻകൂട്ടി നിശ്ചയിച്ച പ്രകാരമാണ് സംഘം ചീട്ടുകളിക്കാൻ ഇവിടെ എത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഹൗസ് ബോട്ടിൽ കയറുന്നതിന് മുമ്പ് അമ്പതിനായിരം രൂപ കൈവശം ഉണ്ടെന്ന് നടത്തിപ്പുകാരനെ ബോദ്ധ്യപ്പെടുത്തണം. ഇല്ലെങ്കിൽ പ്രവേശനം ഇല്ല. രഹസ്യവിവരത്തെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി ചീട്ടുകളി സംഘത്തിന്റെ പ്രവർത്തനങ്ങൾ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ നിരീക്ഷിച്ചു വരികയായിരുന്നു. ഹൗസ് ബോട്ട് സവാരി തുടങ്ങി കഴിയുമ്പോഴാണ് ചീട്ടുകളി. ഇതുകാരണം ആരുടെയും ശ്രദ്ധയിൽപ്പെടില്ല. പൊലീസ് ഉദ്യോഗസ്ഥർ വേഷം മാറി ചീട്ടുകളിസംഘത്തിൽ കയറിപ്പറ്റിയാണ് സംഘത്തെ കുടുക്കിയത്. ഈ ഉദ്യോഗസ്ഥർ വിവരം അറിയിച്ചതിനെ തുടർന്ന് കൂടുതൽ പൊലീസ് സംഘമെത്തി ചീട്ടുകളിക്കാരെ പിടികൂടുകയായിരുന്നു.
സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി ടി.അനിൽകുമാർ, ആലപ്പുഴ ഡിവൈ.എസ്.പി പി.വി. ബേബി, സ്പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടർരായ മോഹൻദാസ്, സജി എന്നിവരുടെ നേതൃത്വത്തിലാണ് ഓപ്പറേഷൻ നടത്തിയത്. ചീട്ടുകളിയിൽ ഏർപ്പെട്ടിരുന്നവർ, നടത്തിപ്പുകാരൻ, ഹൗസ് ബോട്ട് ഉടമ, ജീവനക്കാർ എന്നിവർക്കെതിരെ കേസെടുത്തു.

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ