അമ്പലപ്പുഴ ക്ഷേത്രത്തിലെ പതക്കം കാണാതായ സംഭവം: അന്തേവാസി പിടിയിൽ
July 12, 2018, 2:32 am
അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിൽ നിന്ന് അമൂല്യമായ നവരത്നക്കല്ലുകൾ പതിച്ച 60 ഗ്രാം സ്വർണ പതക്കം കാണാതായ സംഭവത്തിൽ ക്ഷേത്രത്തിലെ അന്തേവാസി ഇടുക്കി പീരുമേട് ഉപ്പുതുറ ചേലക്കാടുവീട്ടിൽ കാളിയപ്പൻ എന്നു വിളിക്കുന്ന വിശ്വനാഥനെ (57) ടെമ്പിൾ തെഫ്‌ട് സ്ക്വാഡ് അറസ്റ്റു ചെയ്തു.
2017ൽ വിഷുദിനത്തിലാണ് പതക്കം നഷ്ടപ്പെട്ടത്. 2017 മാർച്ചിൽ ഉത്സവത്തിന്റെ ആറാട്ടുദിവസം ചാർത്തിയിരുന്ന പതക്കം മൂന്നാഴ്ച കഴിഞ്ഞ് വിഷുദിനത്തിൽ ചാർത്തേണ്ടിയിരുന്നതിനാൽ സ്ട്രോംഗ് റൂമിലേക്ക് മാറ്റിയിരുന്നില്ല. പതക്കം കാണാതായത് ക്ഷേത്രം ജീവനക്കാർ മറച്ചുവച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ മേയ് 20ന് ക്ഷേത്രാങ്കണത്തിലെ രണ്ടു കാണിക്കവഞ്ചികളിൽ നിന്നായി പത്രക്കടലാസിൽ പൊതിഞ്ഞനിലയിൽ പതക്കം കണ്ടെത്തുകയായിരുന്നു.
ദേവന് ചാർത്തിയ പൂമാലകളും മറ്റും ഉപേക്ഷിക്കുന്നത് ആനക്കൊട്ടിലിനുസമീപത്തെ കുഴിയിലാണ്. അവിടെ നിന്നാണ് പതക്കം കിട്ടിയതെന്നാണ് വിശ്വനാഥൻ പൊലീസിനോട് പറഞ്ഞത്. മുക്കുപണ്ടമാണെന്നു കരുതി കല്ലുപയോഗിച്ച് ഇടിച്ചു പൊട്ടിച്ചു. തുടർന്ന് അന്തിയുറങ്ങുന്ന അയ്യപ്പഭക്തസംഘം ഓഫീസിലെ വാതിലിനുമുകളിൽ ഒളിപ്പിച്ചു. ഇടിച്ചു പൊട്ടിച്ചതിൽ നിന്നൊരുഭാഗം സമീപത്തെ സ്വർണപ്പണിക്കാരന് വിറ്റ് 1500 രൂപ വാങ്ങി. സംഭവം വിവാദമായപ്പോഴാണ് തനിക്ക് കിട്ടിയത് പതക്കമാണെന്ന് തിരിച്ചറിഞ്ഞതെന്ന് വിശ്വനാഥൻ പറയുന്നു. ഇതിനിടെ അമ്പലപ്പുഴയിലെത്തിയ അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റ് പതക്കം കിട്ടിയവരുണ്ടെങ്കിൽ കാണിക്കവഞ്ചിയിലോ, ക്ഷേത്രപരിസരത്തോ കൊണ്ടിടണമെന്ന് അഭ്യർത്ഥിച്ചിരുന്നു. തുടർന്ന് രണ്ടു കാണിക്കവഞ്ചികളിലായി പതക്കം നിക്ഷേപിക്കുകയായിരുന്നെന്നാണ് വിശ്വനാഥൻ പൊലീസിനോട് പറഞ്ഞത്. വീട്ടുകാരുമായി പിണങ്ങിയ വിശ്വനാഥൻ അമ്പലപ്പുഴയിലെത്തിയിട്ട് വർഷങ്ങളായി.
വിശ്വനാഥൻ വിറ്റെന്ന് കരുതുന്ന 4 ഗ്രാം കൂടി കണ്ടെത്തുന്നതിനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് സി.ഐ.രാജേഷ് പറഞ്ഞു.

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ