തുങ്കേശിന് സംഗീതമൊരുക്കാൻ ഒരു തുണ്ട് പേപ്പറും ചീപ്പും മതി
July 12, 2018, 2:33 am
സുരേഷ് തോട്ടപ്പള്ളി
ആലപ്പുഴ : സംഗീതപ്രേമികളെ തൊട്ടുണർത്താൻ തുങ്കേശ് ബാബുവിന് ഒരു തുണ്ട് ന്യൂസ് പേപ്പറും ഒരു ചീപ്പും മതി. ഇവ രണ്ടുമുണ്ടെങ്കിൽ ഏതു ഗാനത്തിന്റെ ഈണവും തുങ്കേശിൽനിന്നുതിരും.
മുഖർശംഖിൽ പരിശീലനം നേടിയിട്ടുള്ള തുങ്കേശ് തന്റെ കഠിന പ്രയത്നത്തിലൂടെയാണ് ന്യൂസ് പേപ്പറും ചീപ്പും ഉപയോഗിച്ചുള്ള സംഗീതവാദനം സ്വായത്തമാക്കിയത്.
ലളിതഗാനവുമായാണ് ആദ്യം സ്കൂൾ കലോത്സവ വേദികളിൽ എത്തിയത്. പിന്നീട് പിതാവിന്റെ നിർദ്ദേശപ്രകാരമാണ് ചീപ്പും പേപ്പറും ഉപയോഗിച്ച് ഗാനങ്ങളുടെ ഈണം മൂളിനോക്കിയത്. '' ആടിവാകാറ്റേ... പാടിവാ കാറ്റേ... എന്ന പാട്ട് ചീപ്പും പേപ്പറും ഉപയോഗിച്ച് പാടിയത് ശ്രദ്ധേയമായി. തുടർന്ന് മറ്റ് പാട്ടുകളും ഈ രീതിയിൽ അവതരിപ്പിക്കാൻ പരിശീലിച്ചു.'' മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ ... എന്ന ഗാനം അവതരിപ്പിച്ചപ്പോൾ സംഗീതപ്രേമികൾ മനസുനിറഞ്ഞ് അഭിനന്ദിച്ചു.
പല്ലിന് അടുപ്പമുള്ള ചീപ്പും കനംകുറഞ്ഞ പേപ്പറുമാണെങ്കിൽ പാടുമ്പോൾ നല്ല സ്ഫുടത ലഭിക്കുമെന്ന് തുങ്കേശ് പറയുന്നു. തികഞ്ഞ ശ്രീനാരായണ ഗുരുദേവ ഭക്തനായ തുങ്കേശ് ദൈവദശകം സമാധി മന്ദിരത്തിന്റെ മുന്നിൽ ആലപിക്കാനുള്ള തയ്യാറെടുപ്പിലാണ്.
ആലപ്പുഴ പഴവീട് പമ്പിരിപറമ്പിൽ പരേതനായ പീതാംബരന്റെയും ഭാവപ്രിയയുടെയും മകനായ തുങ്കേശിന്റെ ഇടത് കാലിനെക്കാൾ വലതുകാലിന് നീളവും വണ്ണവും കൂടുതലാണ്. അതിനാൽ മറ്റ് ജോലികൾക്കു പോകാൻ കഴിയില്ലായിരുന്നു. പത്താംക്ളാസ് വരെ പഠിച്ച തുങ്കേശ്‌ ജീവിക്കാനായി ആലപ്പുഴ നഗരസഭയിൽ നിന്ന് ലഭിച്ച മുച്ചക്രവാഹനത്തിൽ ലോട്ടറി വില്പന നടത്താനുള്ള തീരുമാനത്തിലാണ് ഇപ്പോൾ . സുഹൃത്തുക്കളായ അരുൺ, തിരുവമ്പാടി സിനീഷ് എന്നിവരുമായി ചേർന്ന് ഗാനമേള ട്രൂപ്പും രൂപീകരിച്ചിട്ടുണ്ട്. വൈകല്യമുള്ള ഒരാളെ അറിയാതെ സ്നേഹിച്ച പെൺകുട്ടിയുടെ കഥ പാട്ടാക്കി സ്വന്തമായി അഭിനയിച്ച് അഞ്ചു മിനിട്ട് ദൈർഘ്യമുള്ള ആൽബവും പുറത്തിറക്കിയിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ