പ്രളയാനന്തരം കൊടും വരൾച്ച; മരവിപ്പ് മാറാതെ കുട്ടനാട്
September 12, 2018, 12:09 am
പി. അഭിലാഷ്
ആലപ്പുഴ : പ്രളയം തൂത്തെറിഞ്ഞ കുട്ടനാടിനെ ജലക്ഷാമം വിഴുങ്ങുന്നു. കുട്ടനാടിനെ സമ്പുഷ്ടമാക്കുന്ന പമ്പയിലും അച്ചൻകോവിലാറിലുമെല്ലാം ഒഴുക്ക് മരവിച്ചു. മഴയ്‌ക്കുശേഷം ഒന്ന് അല്ലെങ്കിൽ രണ്ടോ മൂന്നോ സെന്റിമീറ്റർ എന്ന അളവിലാണ് മുമ്പ് കുട്ടനാട്ടിലെ നദീഭാഗങ്ങളിൽ വെള്ളമിറങ്ങിയിരുന്നത്. പക്ഷേ ഇപ്പോൾ ഇത് ഇരട്ടിച്ചു. പ്രളയവും ഉരുൾപൊട്ടലും മൂലം ഭൂമിയുടെ ആന്തരിക ഘടന തകർന്ന് വെള്ളം വലിയുന്ന 'വാട്ടർ ടേബിൾ' പ്രതിഭാസത്തെ കുറിച്ച് കഴിഞ്ഞ ദിവസം കേരളകൗമുദി റിപ്പോർട്ട് ചെയ്‌തിരുന്നു. എന്നാൽ കുട്ടനാടിന്റെ പരിസ്ഥിതി അറിയാവുന്ന വിദഗ്‌ദ്ധരെപോലും ആശങ്കപ്പെടുത്തും വിധമാണ് നിലവിലെ അവസ്ഥ. വെള്ളത്തിൽ മുങ്ങിയ പാടശേഖരങ്ങൾ കിർലോസ്‌കർ കമ്പനിയുടെ കൂറ്റൻ പമ്പുകളുപയോഗിച്ച് വറ്റിക്കുകയാണ്. ഇവിടെയുള്ളതിനെക്കാൾ കുറവാണ് ആറ്റിലെ ജലനിരപ്പ്. മട പൊട്ടിച്ചാൽ ഈ വെള്ളം വലിയും. വെള്ളം വറ്റിയതോടെ ഇടത്തോടുകളിലൂടെ നടന്ന് മറുകരയെത്താവുന്ന അവസ്ഥയാണുള്ളത്.

കുടിവെള്ളക്ഷാമവും കുട്ടനാട്ടിൽ രൂക്ഷമായി. വാട്ടർ അതോറിട്ടിയുടെ വിതരണം പുനരാരംഭിച്ചെങ്കിലും ഇപ്പോഴും പലയിടങ്ങളിലും വെള്ളമെത്തുന്നില്ല. ഉൾപ്രദേശങ്ങളിൽ തിരുവല്ല, ചങ്ങനാശേരി ഭാഗങ്ങളിൽ നിന്ന് ടാങ്കറുകളിൽ കുടിവെള്ളമെത്തിക്കുന്നുണ്ട്. എന്നാൽ ഈ വെള്ളം അത്ര നല്ലതല്ലെന്നാണ് കുട്ടനാട്ടുകാർ പറയുന്നത്. ഇതിനിടെ വീട്ടിലെ കേടായ മോട്ടോറുകൾ വൈൻഡ് ചെയ്യുന്ന തിരക്കിലാണ് ആളുകൾ.

കുട്ടനാട് എന്നാൽ ആറ് മേഖലകൾ
അപ്പർ കുട്ടനാട്, ലോവർ കുട്ടനാട്, വടക്കൻ കുട്ടനാട്, കരിനിലങ്ങൾ, കായൽനിലങ്ങൾ, വൈക്കംകരി എന്നിങ്ങനെ ആറ് കാർഷിക, പാരിസ്ഥിതിക മേഖലകളായി കുട്ടനാടിനെ തരംതിരിച്ചിരിക്കുന്നു. പമ്പ, മണിമല, അച്ചൻകോവിൽ നദികളെത്തുന്നത് അപ്പർകുട്ടനാട്ടിലാണ്. വേമ്പനാട് കായലിൽ നിന്ന് മുരിക്കന്റെ നേതൃത്വത്വത്തിൽ നികത്തിയതാണ് കായൽ നിലങ്ങൾ. തണ്ണീർമുക്കം ബണ്ടിന് വടക്കുള്ള എക്കൽ കുറഞ്ഞ ചെളി പ്രദേശമാണ് വൈക്കം കരി. പമ്പ, മണിമല, അച്ചൻകോവിൽ നദികളിലെ വെള്ളമെത്തുന്ന താഴ്ന്ന പ്രദേശമാണ് ലോവർ കുട്ടനാട്. വെള്ളപ്പൊക്കം ഏറെ അനുഭവപ്പെടുന്നതും ഇവിടെയാണ്. കുട്ടനാടിന് വടക്ക് വൈക്കത്തിനും താഴെയുള്ള മേഖലയാണ് വടക്കൻ കുട്ടനാട്. നാലായിരത്തോളം ഏക്കറിലായി അമ്പലപ്പുഴ, പുറക്കാട്, കരുവാറ്റ പ്രദേശങ്ങളിൽ വ്യാപിച്ചതാണ് പുറക്കാട് കരിനില മേഖല. ഇവിടങ്ങളെല്ലാം കൊടും വരൾച്ചയുടെ വക്കിലാണ്.


'കാലവർഷത്തിനു ശേഷം ഇതുപോലെ വെള്ളം വലിയുന്ന അവസ്ഥ മുമ്പുണ്ടായിട്ടില്ല. വെള്ളപ്പൊക്കം പോലെയുള്ള വലിയ എന്തോ ദുരന്തം ഞങ്ങളുടെ പിന്നാലെ കൂടിയിട്ടുണ്ടെന്നാണ് തോന്നുന്നത്. രണ്ടാംകൃഷിയിറക്കിയ പാടങ്ങളിൽ വെള്ളം കെട്ടിക്കിടന്ന് രൂക്ഷഗന്ധമാണ്. പമ്പിംഗ് കരാറുകാരുടെ മെല്ലെപ്പോക്കു കാരണം വറ്റിക്കലും മുടന്തുകയാണ്'.
പി.ആർ. സലിംകുമാർ,
പാട്ടക്കൃഷിക്കാരുടെ സംഘടനാ ഭാരവാഹി
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ