Wednesday, 20 September 2017 8.10 PM IST
വീട്ടുച്ചെലവിൽ കൈ പൊള്ളല്ലേ...
December 11, 2016, 6:36 am
എല്ലാം വളരെ പെട്ടെന്നായിരുന്നു. അതുവരെ രാജാക്കാൻമാരായി വാണിരുന്ന ആയിരം, അഞ്ഞൂറ് നോട്ടുകൾ പിൻവലിക്കുന്നു. പിറ്റേന്ന് മുതൽ അദ്ധ്വാനിച്ചു കൂട്ടിവച്ച സമ്പാദ്യത്തിനും ശമ്പള ബാക്കിയ്ക്കുമെല്ലാമായി ക്യൂവിൽ നിന്നു തളരുകയാണ് പൊതുജനം.വാടക, വാഹനലോൺ, സ്വർണ്ണ പണയം, മക്കളുടെ വിദ്യാഭ്യാസം, പത്രം, പാൽ, വീട്ടുച്ചെലവ് തുടങ്ങി ഓരോ മാസവും തള്ളി നീക്കുമ്പോൾ കൈയിൽ മിച്ചമൊന്നുമില്ലെന്ന് പരാതിപ്പെടുന്നവരാണ് നമുക്കിടയിൽ ഏറെയും. പോരെങ്കിൽ സാധനങ്ങളുടെ വില ദിവസം കൂടുന്തോറും കുതിച്ചു പൊങ്ങുന്നു. എന്നാൽ വരവ് അതിനനുസരിച്ച് കൂടുന്നുമില്ല. പോരെങ്കിൽ പുതിയ സാമ്പത്തിക പ്രതിസന്ധി കൂടിയായതോടെ രണ്ടറ്റവും കൂട്ടിമുട്ടുന്നുമില്ല.കുടുംബ ബജറ്റിനായി പ്രത്യേക പ്ലാൻ ഉണ്ടാക്കേണ്ടതിന് സമയമായെന്ന് ചുരുക്കം. ബഡ്ജറ്റൊരുക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം പരാമവധി ചെലവ് വരവിനുള്ളിൽ നിർത്താൻ ശ്രമിക്കുക എന്നതാണ്.

ബഡ്ജറ്റ് എന്തിന് ?
അത്യാവശ്യ ചെലവുകൾക്ക് മാത്രം പ്രാധാന്യം നൽകി അനാവശ്യ ചെലവുകൾ പരമാവധി ഒഴിവാക്കുക എന്നതാണ് കുടുംബ ബഡ്ജറ്റിന്റെ അടിസ്ഥാനം. ഒരു മാസത്തെ ഏകദേശ ചെലവ് എത്ര വരുമെന്ന് മുൻകൂട്ടി പ്ലാൻ ചെയ്യുന്നത് നല്ലതായിരിക്കും. ഒരു മാസം കഴിയുമ്പോൾ ചെലവായ തുകയും മുൻകൂട്ടി പ്ലാൻ ചെയ്ത തുകയും തമ്മിൽ താരതമ്യം ചെയ്ത് നോക്കുക. നിങ്ങളുടെ പ്ലാനിനനുസരിച്ചാണ് റിസൾട്ട് എങ്കിൽ അത് മികച്ച പ്ലാനിങ്ങിന്റെ ഗുണമാണെന്ന് വിശ്വസിക്കാം. അതനുസരിച്ച് ചെലവഴിച്ചാൽ മാസവസാനം എത്തുമ്പോൾ കയ്യിലെന്തെങ്കിലും മിച്ചം കാണും. ചില സമയത്ത് അപ്രതീക്ഷിത ചെലവുകൾ വന്നു കൂടും. ഒരു കാരണവശാലും ഒഴിവാക്കാൻ പറ്റാത്തതായിരിക്കുമത്. അതിന് വേണ്ടിയും അല്പം കാശ് മാറ്റി വയ്ക്കാവുന്നതാണ്.

പ്ലാനിംഗ് എങ്ങനെ?
ദിവസേനെയുള്ള ചെലവുകൾ എഴുതി വയ്ക്കുന്നത് നല്ലൊരു പ്ലാനിംഗിന്റെ അടിത്തറയാണ്. ഇത് മാസാവസാനം കൂട്ടി നോക്കുമ്പോൾ കൃത്യമായ കണക്കറിയാൻ സഹായകമാകും. ചിട്ടി, ഫണ്ട് പോലുള്ള ചെറിയ സമ്പാദ്യ പദ്ധതികളിൽ ചേരുന്നത് പെട്ടെന്നുള്ള സാമ്പത്തിക അത്യാവശ്യങ്ങൾക്ക് ഉപകാരപ്പെടും. ഇനി ഭാര്യക്കും ഭർത്താവിനും ജോലിയുള്ളവരാണെങ്കിൽ വരുമാനം പങ്കിട്ടെടുക്കാം. ഒരാൾ അടുക്കള സാധനങ്ങൾക്കും മറ്റേയാൾ ലോൺ, വാടക, ഫീസ് തുടങ്ങിയ കാര്യങ്ങൾക്കും ഉപയോഗിക്കാവുന്നതാണ്. അല്ലെങ്കിൽ ഒരാളുടെ വരുമാനം ചെലവിനും മറ്റൊരാളുടെ വരുമാനം സമ്പാദ്യത്തിനുമായി നീക്കി വയ്ക്കാവുന്നതാണ്. ചെലവ് കൂടുന്നുവെന്ന് പരാതിപ്പെട്ടിരിക്കാതെ അല്പം സമ്പാദ്യത്തിനായും മാറ്റി വയ്ക്കണം. ഒരു മാസത്തെ ചെലവ് മറ്റൊരു മാസത്തേക്കാൾ കൂടുതലായാൽ എവിടെയാണ് കാശ് ചോർന്നതെന്ന് മനസ്സിലാക്കി അക്കാര്യങ്ങൾ അടുത്ത മാസം മുതൽ ശ്രദ്ധിച്ച് തുടങ്ങുക. ബഡ്ജറ്റിൽ എപ്പോഴും സമ്പാദ്യത്തിനായുള്ള തുക കറേശ്ശെയായി കൂട്ടിക്കൊണ്ടു വരാൻ ശ്രമിക്കണം. നിങ്ങളുടെ ബഡ്ജറ്റ് സന്തുലിതാവസ്ഥയിലാകാൻ എപ്പോഴും കണക്കുകൾ കൃത്യമായി സൂക്ഷിച്ച് വെക്കണം. ഒരു വർഷം മുഴുവൻ ഒരു ബഡ്ജറ്റ് രീതി സ്വീകരിച്ച് നോക്കൂ. നിങ്ങളുടെ സമ്പാദ്യത്തിൽ തീർച്ചയായും ഉണർവ് പ്രകടമാകും.

അടുക്കള കാര്യം ചെറുതല്ല
പാചക വാതകം പോലുള്ളവ ഉപയോഗിക്കുമ്പോൾ പരമാവധി ഇന്ധനക്ഷമത ഉറപ്പാക്കുക. വീട്ടിലേക്ക് ആവശ്യമായ പലചരക്ക് സാധനങ്ങൾ ഒരു മാസത്തേക്കുള്ളത് ഒരുമിച്ച് വാങ്ങുക. വീട്ടിലൊരു അടുക്കളത്തോട്ടമുണ്ടെങ്കിൽ പച്ചക്കറിയുടെ വില ലാഭിക്കുകയും കൂടാതെ വിഷവിമുക്തമായ പച്ചക്കറികൾ ഭക്ഷണത്തിന്റെ ഭാഗമാക്കുകയും ചെയ്യാം. സ്ഥലസൗകര്യമുള്ളവരാണെങ്കിൽ അത്യാവശ്യമുള്ള പച്ചക്കറികളൊക്കെ വീട്ടിൽ തന്നെ കൃഷി ചെയ്യുന്നത് ആ വിധത്തിലുള്ള ചെലവുകൾ കുറയ്ക്കാൻ സഹായിക്കും. വിപണിയിൽ നിന്ന് വാങ്ങുന്നവരാണെങ്കിൽ ഒരു ദിവസത്തേക്ക് എന്നത് മാറ്റി ഒരാഴ്ചത്തേക്ക് ഒരുമിച്ച് വാങ്ങുന്നതായിരിക്കും ലാഭം. മീനും ഇറച്ചിയും സ്ഥിരമായി വാങ്ങുന്നവർ അതിലൊരു മാറ്റം വരുത്തിയാൽ തന്നെ പണം ലാഭിക്കാം. ആഴ്ചയിൽ എല്ലാ ദിവസവും ഇറച്ചി വാങ്ങുന്നവർ ആഴ്ചയിൽ രണ്ടു ദിവസമായോ മറ്റോ ആയി ചുരുക്കുക.

വരുംതലമുറയ്ക്കും വേണം
കുട്ടികളെ കൂടി വീട്ടു ചെലവുകൾ കുറയ്ക്കുന്നതിന്റെ ആവശ്യകതയെ കുറിച്ച് പറഞ്ഞ് ബോധ്യപ്പെടുത്തുക. കുട്ടികളിൽ ചെറുപ്പത്തിലേ സമ്പാദ്യ ശീലം പഠിപ്പിക്കുക. എന്നുകരുതി അവരുടെ ആവശ്യങ്ങൾ നിറവേറ്റി കൊടുക്കാതിരിക്കരുത്. കുട്ടികളുടെ ആവശ്യങ്ങൾ ന്യായമായത് മാത്രം സാധിച്ച് കൊടുക്കുക.

നിയന്ത്രിക്കേണ്ടത് ഷോപ്പിംഗ്
ഷോപ്പിങ്ങിനും മറ്റും അധികം തുക ചെലവാക്കുന്നത് ബഡ്ജറ്റിന്റെ താളം തെറ്റിച്ചേക്കാം. ഷോപ്പിംഗിനുപോകുമ്പോൾ സാധനങ്ങൾ ഒരുമിച്ചുവാങ്ങുക. ഇങ്ങനെയായാൽ ഷോപ്പിംഗിനുവേണ്ടി അനാവശ്യ യാത്രകൾ ഒഴിവാക്കാം, കൂടുതൽ സാധനങ്ങൾ വാങ്ങുമ്പോൾ ഡിസ്‌കൗണ്ടുകളും ലഭിച്ചെന്നുവരും. ഒരുദിവസത്തേക്കു ചെയ്യാൻ കഴിയുന്ന പാചകങ്ങൾ ഒരുമിച്ച് ചെയ്യുക, ഇതു വഴി ഇന്ധന ലാഭമുണ്ടാകുന്നു. ആവശ്യമുളള സാധനങ്ങൾ മാത്രം ഒരുമിച്ച് വാങ്ങുന്നതും പണം ലാഭിക്കാനുള്ള വഴിയാണ്. പണം ലാഭിക്കാൻ കഴിയുന്ന മാർക്കറ്റുകൾ, ചെറിയ കടകൾ, സ്‌റ്റോറുകൾ എന്നിവ മനസിലാക്കി ഷോപ്പിംഗ് നടത്തുന്നത് പണം ലാഭിക്കാനുള്ള മികച്ച മാർഗമാണ്. ഉദാഹരണത്തിന് പച്ചക്കറികൾ കൃഷിക്കാരുടെ മാർക്കറ്റിൽ നിന്നും വാങ്ങുകവഴി വിലയിൽ കാര്യമായ കുറവ് കിട്ടും.

വിലക്കുറവ് കണ്ടെത്താം
ഓൺലൈൻ ഷോപ്പിംഗ് നടത്തുമ്പോഴും നേരിട്ട് കടകളിൽ നിന്നും വാങ്ങുമ്പോഴും വിവിധ കടകളിലെ വില മനസിലാക്കി,കുറഞ്ഞ വിലയുള്ള കട തിരഞ്ഞെടുക്കുക. ഓൺലൈൻ സ്റ്റോറുകളിൽ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളുടെ നിരക്കു പരിശോധിക്കുക. നിങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്ന ഉൽപ്പന്നം അത്ര അത്യാവശ്യം ഉള്ളതല്ലെങ്കിൽ അൽപ്പം കാത്തിരിക്കുക. ആഘോഷദിവസങ്ങളിൽ പ്രത്യേക ഓഫറുകളും ഡിസ്‌കൗണ്ടുകളും ലഭിക്കാറുണ്ട്. ഉദാഹരണത്തിന് ദീപാവലിക്ക് മുമ്പും ശേഷവും വൻ ഓഫറുകളാണ് ഷോപ്പിംഗ് സൈറ്റുകൾ നൽകുന്നത്. ഉൽപ്പന്നത്തിന് വളരെ വില കുറച്ചിട്ടിട്ട് ഭീമമായ തുക ഡെലിവറി ചാർജ് വാങ്ങുന്നവരുണ്ട്. കൂടുതൽ ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ ഓരോന്നിന്റെയും ഡെലിവറി ചാർജ് പ്രത്യേകം ശ്രദ്ധിക്കുക. ചില വെബ്‌സൈറ്റുകൾ 500 രൂപയിൽ കൂടുതൽ പർച്ചേസ് ചെയ്താൽ ഡെലിവറി സൗജന്യമാക്കാറുണ്ട്. നിങ്ങൾ സ്ഥിരമായി ഓൺലൈൻ നടത്തുന്നവരാണെങ്കിൽ കാഷ്ബാക്ക് വഴിയും ലാഭം നേടാം. ചില ഓൺലൈൻ ഷോപ്പിംഗ് വെബ്‌സൈറ്റുകൾ നേരിട്ടും കാഷ്ബാക്ക് തരാറുണ്ട്.

ബഡ്ജറ്റ് കളിയല്ല
ബഡ്ജറ്റ് തയ്യാറാക്കുന്നത് ക്യത്യമായ ഒരു സമയത്തേക്കായിരിക്കണം. ആഴ്ചയിലോ, മാസത്തിലോ, വർഷത്തിലോ വരുമാനമനുസരിച്ചുള്ള ബഡ്ജറ്റ് ഒരുക്കാം. ആഴ്ചയിലോ മാസത്തിലോ നിങ്ങൾക്ക് എത്ര വരുമാനം കിട്ടുന്നുണ്ടെന്ന് കണ്ടെത്താം. ഇതിനൊപ്പം മറ്റുരീതിയിൽ കിട്ടുന്ന വരുമനാം, ബോണസ്, ഷെയറിൽ നിന്നോ ബാങ്കിലോ നിക്ഷേപങ്ങളിൽ നിന്നോ ലഭിക്കുന്ന വരുമാനം തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടുത്തണം. ഇടയ്ക്കിടെ ബഡ്ജറ്റ് പുതുക്കാൻ മറക്കരുത്. പ്രത്യേകിച്ച് സാഹചര്യങ്ങൾ മാറുമ്പോൾ. പുതിയ ചെലവുകളോ, വരുമാനമോ ഉണ്ടാക്കുമ്പോൾ അത് കൂടി ഉൾപ്പെടുത്തി ബഡ്ജറ്റ് പുതുക്കിയെടുക്കണം.

ഭക്ഷണം വീട്ടിൽ നിന്ന്
പണം ലാഭിക്കാനുള്ള മികച്ച മാർഗമാണിത്. വീട്ടിലുണ്ടാക്കി കഴിക്കുന്നതിനേക്കാൾ ഏതാണ്ട് ഇരുപതുമടങ്ങ് ചെലവേറിയതാണ് പുറത്തു നിന്നു കഴിക്കുന്നത്. അതിനാൽ ദിവസവും പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നത് നിങ്ങൾക്കു കനത്ത സാമ്പത്തിക നഷ്ടം ഉണ്ടാക്കും. കഴിയുന്നതും ആഹാരം വീട്ടിൽ നിന്നാക്കുകയാണെങ്കിൽ പണം ലാഭവും സ്വാദുള്ള ഭക്ഷണവും ലഭിക്കും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.