Wednesday, 20 September 2017 8.11 PM IST
ഏകാന്തപഥിക
December 11, 2016, 7:38 am
പ്രതിഭ ടി.ആർ
ആരെയെങ്കിലും ആശ്രയിക്കുന്നുണ്ടെങ്കിൽ അതു സ്വയമാവുന്നതാണ് ഏറ്റവും നല്ലതെന്ന് വിശ്വസിച്ച ഏകാകിയായിരുന്നു ജയലളിത. ആൾക്കൂട്ടത്തിലെ ഏകാന്തപഥിക. തന്റെ ജീവിതം നരകത്തിലൂടെ സഞ്ചരിച്ച് സ്ഫുടം ചെയ്‌തെടുത്തതാണെന്ന് ഒരിക്കൽ ജയലളിത പറഞ്ഞിരുന്നു. അക്ഷരാർത്ഥത്തിൽ അതു ശരിയുമായിരുന്നു. പഠിക്കാൻ മിടുക്കിയായിരുന്ന, പത്താം ക്ലാസിൽ ഒന്നാം റാങ്ക് നേടി സ്‌റ്റെല്ലാമേരീസിൽ ഉപരിപഠനമെന്ന സ്വപ്നം കണ്ടിരുന്ന പെൺകുട്ടിയെ, വഴി തിരിച്ചു വിട്ട് ഇദയക്കനിയാക്കിയതിന് പിന്നിൽ വിധിയും അനുഭവങ്ങളും സമാസമമായിരുന്നു. കുടുംബം മുന്നോട്ടു പോകാനുള്ള ഏകവഴി അഭിനയം മാത്രമാണെന്ന അമ്മയുടെ കണ്ണീരിന് മുന്നിൽ പഠിച്ച് വലിയവളാകണമെന്ന സ്വപ്നം പൊലിഞ്ഞുപോയി.

ഒരുദിവസം ഷൂട്ടിംഗിനിടെ സ്‌റ്റെല്ലാമേരീസ് കോളേജിൽ ജയലളിത എത്തി. അവിടെ കൂട്ടുകാരുണ്ടായിരുന്നു. 'ഞാൻ ഒന്നാം റാങ്കുകാരിയാണ്, എനിക്ക് സിനിമ വേണ്ട, പഠിക്കണമെന്ന് അലറിക്കരയാനാണ് ആ നിമിഷം തോന്നിയത്' എന്ന് ഒരു തമിഴ് മാസികയിൽ പിന്നീട് എഴുതിയ അനുഭവക്കുറിപ്പിൽ അവർ പറഞ്ഞിരുന്നു. ആ സങ്കടം മാറ്റാനാവണം അവർ വായനയെ പ്രിയ കൂട്ടുകാരിയാക്കി. യാത്രയിലെപ്പോഴും പുസ്തകങ്ങൾ കാണുമായിരുന്നു. ഇംഗ്ലീഷ് പുസ്തകങ്ങളോടായിരുന്നു കൂടുതൽ പ്രിയം. വീട്ടിലും പുസ്തകങ്ങളുടെ വലിയ ശേഖരമുണ്ടായിരുന്നു.

നൃത്തം ജയയ്ക്ക് ജീവനായിരുന്നു. മൂന്നുവയസുമുതലേ ഭരതനാട്യം പഠിച്ചിരുന്നു. അതോടൊപ്പം കഥക്, മണിപ്പൂരി എന്നിവയും പരിശീലിച്ചു. ശാസ്ത്രീയ സംഗീതവും പിയാനോയുമായിരുന്നു മറ്റു രണ്ട് ഇഷ്ടങ്ങൾ. കുട്ടിയായിരിക്കുമ്പോൾ മൈലാപ്പൂരിലെ രസിക രഞ്ജിനി സഭയിൽ നൃത്തമാടിയ ജയയെ അന്ന് പരിപാടിയുടെ ഉദ്ഘാടകനായി എത്തിയ ശിവാജി ഗണേശൻ അഭിനന്ദിച്ചു. ഭാവിയിൽ ഈ കുട്ടി സിനിമയിൽ തിളങ്ങുമെന്ന് അന്നേ പ്രവചിച്ചു. പിന്നീട് ഒട്ടേറെ സിനിമകളിൽ അവർ ഒന്നിച്ചഭിനയിച്ചത് ചരിത്രം. തങ്കസിലൈ, സ്വർണസിൽപ്പം എന്നായിരുന്നു നടികർ തിലകം ജയയെ വിശേഷിപ്പിച്ചിരുന്നത്. രാഷ്ട്രീയ പ്രതിയോഗിയായി പിന്നീട് മാറിയ കരുണാനിധി പോലും അന്നത്തെ നായികയായ ജയലളിതയെ പുകഴ്ത്തിയത് 'നടിപ്പുക്കു ഇളക്കിയം വഹുത്താവർ' എന്നായിരുന്നു, സാഹിത്യം അഭിനയമായൊഴുകുന്നു എന്നായിരുന്നു അർത്ഥം.

'ഓർമ്മകളുടെ വെള്ളിത്തിര' എന്ന പുസ്തകത്തിൽ അന്തരിച്ച നടി സുകുമാരി ജയലളിതയെക്കുറിച്ച് ഇങ്ങനെയായിരുന്നു എഴുതിയിരുന്നത്. '' വളരെ നല്ല സ്ത്രീയായിരുന്നു ജയലളിത, ആവശ്യമില്ലാതെ ആരോടും സംസാരിക്കാറില്ല. നല്ല കാര്യപ്രാപ്തിയുണ്ടായിരുന്നു. അന്ന് അവർ ഇരിക്കുന്ന കസേരയുടെ അടുത്ത് മറ്റൊരു കസേര പോലും ഉണ്ടാകാറില്ല. അസിസ്റ്റന്റുമാർ പോലും അടുത്തുചെന്ന് നിൽക്കുന്നത് ഇഷ്ടമായിരുന്നില്ല. അവർ ധാരാളം പുസ്തകങ്ങൾ വായിക്കുമായിരുന്നു. ഇന്നും പഴയ ബന്ധത്തിന്റെ ഊഷ്മളത നിലനിറുത്തുന്ന പെരുമാറ്റമാണ്. അന്ന് നടിയെന്ന നിലയിലും ഇന്ന് മുഖ്യമന്ത്രിയെന്ന നിലയിലും അവരുടെ കാര്യപ്രാപ്തിയും ബുദ്ധിശക്തിയും എന്നും എന്നെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്.'' ജയലളിതയെ അറിയുന്ന, അല്ലെങ്കിൽ ജയലളിത അംഗീകരിച്ച എല്ലാവർക്കും പറയാനുള്ളത് സ്വയം വെട്ടിയൊരുക്കിയ ജയലളിതയുടെ വഴികളെക്കുറിച്ചാണ്.

സത്യസന്ധതയും പഠിച്ച് ഉന്നത നിലയിലെത്തണമെന്ന ആഗ്രഹവുമുണ്ടായിരുന്ന അമ്മു എന്ന പെൺകുട്ടി തമിഴ്നാടിന്റെ ഹൃദയം കവർന്ന പുരട്ച്ചി തലൈവിയായതിന് പിന്നിൽ അവർക്ക് വേദനയും അവഗണനയും അപമാനവും നൽകിയ അനുഭവങ്ങൾ തന്നെയായിരുന്നു. അതേ പോലെ ആണിന്റെ തന്ത്രങ്ങളും അത്യാഗ്രഹവും വഞ്ചനയുമെല്ലാം അവരെ വീണ്ടും വീണ്ടും ജീവിതപാഠങ്ങൾ പഠിപ്പിച്ചു. തന്റെ കാൽക്കൽ നമസ്‌കാരം ചെയ്യുന്ന ആൺമന്ത്രിമാരെ അവർ പിന്നീട് സൃഷ്ടിച്ചു. ഏതുനിമിഷവും തങ്ങളുടെ സ്ഥാനത്തിന് ഇളക്കം സംഭവിച്ചേക്കുമെന്ന് നന്നായറിയുന്ന അവരൊന്നും മനഃസമാധാനത്തോടെ സ്വന്തം കസേരയിൽ ഇരുന്നതുമില്ല.

ജീവിതത്തിലും രാഷ്ട്രീയത്തിലും അവർക്ക് വൻവീഴ്ചകൾ തന്നെ സംഭവിച്ചിരുന്നു. ഇനി ജയലളിത ഇല്ല എന്നു തോന്നിപ്പിക്കുന്നിടത്തു നിന്നെല്ലാം അവർ പെൺപുലിയെ പോലെ അസാമാന്യമായ മെയ്വഴക്കത്തോടെ കുതിച്ചുയർന്നു. എം.ജി.ആർ എന്ന നേതാവായിരുന്നു ജയലളിതയുടെ ജീവിതം വഴിമാറ്റിയത്. തന്റെ രക്ഷകനായിരുന്ന എം.ജി. ആറിനെ വിവാഹം ചെയ്യാൻ ജയലളിത ആഗ്രഹിച്ചിരുന്നു. അങ്ങനെ സംഭവിക്കുമെന്ന് കരുതിയ കുറേ മുഹൂർത്തങ്ങൾ ജയയുടെ ജീവിതത്തിലുണ്ടായെങ്കിലും ആ മോഹം സഫലമായില്ല. ജയ കുറേ ശ്രമിച്ചെങ്കിലും വിവാഹമെന്ന യാഥാർത്ഥ്യത്തിലെത്തിക്കാതെ ആ ബന്ധം നിലനിറുത്താൻ എം.ജി. ആറിന് കഴിഞ്ഞു. നല്ലൊരു കുടുംബജീവിതം വേണമെന്നായിരുന്നു ജയയുടെ ആഗ്രഹം. 1983 ൽ എം.ജി.ആർ വീണ്ടും മുഖ്യമന്ത്രിയായപ്പോഴും മൂകാംബികയിൽ വച്ച് വിവാഹിതയാകണമെന്ന ജയലളിത കൊതിച്ചിരുന്നു. ഉറ്റസുഹൃത്തായ ശോലയോട് ഇക്കാര്യം പറയുകയും ചെയ്തു. പക്ഷേ, ഒന്നും സംഭവിച്ചില്ല. എം.ജി. ആർ വന്നില്ല. താൻ വഞ്ചിക്കപ്പെട്ടുവെന്ന് മനസിലാക്കിയ ജയ പോയസ് ഗാർഡനിലെ വീട്ടിൽ രോഷം കൊണ്ട് വിറയ്ക്കുകയായിരുന്നു. ശോല ഈ കാഴ്ചകൾക്കെല്ലാം സാക്ഷിയായി. ഏറെ നേരമെടുത്താണ് ജയയെ സമാധാനിപ്പിച്ചത്. വിവാഹിതരാകണമെന്ന് ജയ ആവശ്യപ്പെട്ടിരുന്നതായും താൻ സമ്മതിച്ചിരുന്നതായും പിന്നീട് എം.ജി.ആർ ശോലയോട് പറഞ്ഞിരുന്നു. ജയലളിതയെക്കുറിച്ച് 'അമ്മ' എന്ന പേരിൽ പ്രമുഖ പത്രപ്രവർത്തകയായ വാസന്തിയെഴുതി യ പുസ്തകത്തിലും ഇക്കാര്യം പറയുന്നുണ്ട്.

'ആയിരത്തിൽ ഒരുവൻ' എന്ന ചിത്രത്തിലായിരുന്നു ജയ, ആദ്യമായി എം.ജി.ആറിന്റെ നായികയാവുന്നത്. ജയ അഭിനയിക്കുന്ന സ്റ്റുഡിയോയുടെ മറ്റൊരു ഫ്‌ളോറിൽ എം.ജി.ആർ ഉണ്ടായിരുന്നു. ഒരു ദിവസം ഷൂട്ടിംഗിനിടയിൽ തന്റെ പുതിയ നായികയെ കാണാൻ എം.ജി.ആർ എത്തി. തന്റെ മുന്നിൽ കൂപ്പിയ കൈകളുമായി നിൽക്കുന്ന പെൺകുട്ടിയെ കണ്ട് എം.ജി.ആർ അതിശയിച്ചു. അതായിരുന്നു ആദ്യത്തെ കൂടിക്കാഴ്ച. ജയ ഒരിക്കൽ ഇങ്ങനെ പറഞ്ഞു. ''അമ്മ മരിച്ചപ്പോൾ എം.ജി.ആർ എന്റെ അമ്മയായി. എനിക്ക് എല്ലാമായിരുന്നു അദ്ദേഹം. രക്ഷിതാവ്, കൂട്ടുകാരൻ, വഴികാട്ടി, ഉപദേഷ്ടാവ്.''

എം.ജി.ആറും കരുണാനിധിയും തമ്മിൽ ഒരുകാലത്ത് ആത്മബന്ധമായിരുന്നു. പിന്നീട് രാഷ്ട്രീയത്തിൽ തന്നെ തട്ടി ഇവർ വേർപിരിഞ്ഞെങ്കിലും അതിനു കാരണക്കാരിയായത് ജയയാണെന്നായിരുന്നു ശത്രുക്കൾ പറഞ്ഞത്.പാർട്ടി രൂപീകരണത്തോടെ എം.ജി.ആറും ജയയും തമ്മിൽ ശരിക്കും അകന്നു. ഏതാണ്ട് പത്തുവർഷത്തോളം നീണ്ട പിണക്കം. പിന്നീട് അവർ ഇണങ്ങി, പാർട്ടിയുടെ പ്രചാരണവിഭാഗം ജനറൽ സെക്രട്ടറിയായും രാജ്യസഭാംഗമായുമൊക്കെ ജയ നിയമിതയായതും ചരിത്രം. ജനങ്ങളുടെ മനസ് കീഴടക്കാൻ ജയ തന്റെ ഭാഗത്തു വേണമെന്ന വിലയിരുത്തൽ തന്നെ കാരണം. എം.ജി.ആറുമായി അകന്ന കാലയളവിൽ തെലുങ്ക് നടൻ ശോഭൻബാബുവുമായി ജയ അടുത്തു. വായനയായിരുന്നു അവരെ തമ്മിലടുപ്പിച്ചത്. ഇവരുടെ വിവാഹ ആൽബം വരെ കണ്ടെന്ന് ഒരു സുഹൃത്ത് വെളിപ്പെടുത്തിയിരുന്നെങ്കിലും സ്ഥിരീകരണമുണ്ടായിരുന്നില്ല. പക്ഷേ ശോഭൻബാബുവിന്റെ കുടുംബത്തിൽ നിന്നുണ്ടായ എതിർപ്പ് ആ ബന്ധമില്ലാതാക്കി. പാർട്ടിയിൽ എം.ജി.ആറിന്റെ പിൻഗാമിയാകാൻ ജയ ആഗ്രഹിച്ചു. പൊരുതി തന്നെ അവർ ആ പദവിയിലെത്തുകയും ചെയ്തു. ഒരിക്കൽ ജയ പറഞ്ഞു, ''എന്നെ രാഷ്ട്രീയത്തിലേക്ക് കൊണ്ടു വന്നത് എം.ജി. ആറാണെന്നതു ശരി, എന്നാൽ പുഷ്പ പാതയൊന്നും ഒരുക്കിത്തന്നിരുന്നില്ല. പൊരുതിയാണ് ഞാൻ തലപ്പത്തെത്തിയത്. എന്റെ യാത്ര ഒറ്റയ്ക്കായിരുന്നു. തീർത്തും ഒറ്റയ്ക്ക്.'' ആ വാക്കുകളിലുണ്ടായിരുന്നു അവർ അനുഭവിച്ച ഏകാന്തതയും വേദനകളും.

സിനിമാഷൂട്ടിംഗിനിടെ അമ്മയുമായി വിട്ടുനിൽക്കേണ്ടി വരുമ്പോൾ പ്രാണൻ പൊലിയുന്ന സങ്കടമായിരുന്നു നാലുവയസുകാരി ജയയ്ക്ക്. ഉറങ്ങുമ്പോൾ അമ്മ പോകാതിരിക്കാൻ വേണ്ടി അവരുടെ സാരിത്തുമ്പ് കൈകളിൽ കെട്ടിവയ്ക്കുമായിരുന്നു. അന്നുമുതൽ അവർ ജീവിതത്തിലുടനീളം പോരാളിയായിരുന്നു. തേടിയെത്തിയ മരണത്തെയും അവർ വെല്ലുവിളിച്ചത് അസാധാരണമായ മനസ്ഥൈര്യം ഒന്നുകൊണ്ടുമാത്രം. മരണം പോലും അവരുടെ വിജയമായിരുന്നു, അവസാനത്തെ വിജയം. നിത്യത എന്ന വിജയം. ഒരു പോരാളിക്ക് മറ്റെന്തുവേണം? മറക്കാനാവില്ല ആ മുഖം:ഷീല
ജയലളിതയെ  പോലുള്ള ഇച്ഛാശക്തിയുള്ളവരാണ്  ഇന്ന്  രാജ്യം ഭരിക്കേണ്ടത്. തമിഴ്നാട്ടിൽ എല്ലാ കാര്യങ്ങളും നന്നായിട്ടാണ്  നടക്കുന്നത്. അതവരുടെ കഴിവാണ്. അവർ ഒരു രൂപയ്ക്ക് ഇഡലി നൽകുന്ന പദ്ധതി കൊണ്ടുവന്നു. നമുക്ക് ചിന്തിക്കാൻ കഴിയുമോ. ഞാൻ ഒരു ദിവസം എന്റെ മാനേജരെ വിളിച്ച്  വാങ്ങിപ്പിച്ചു. ഒരു രൂപയ്ക്ക് നൽകുമ്പോഴും ഗുണത്തിലോ രുചിയിലോ വിട്ടുവീഴ്ചയില്ല. എന്റെ ഏറ്റവുമടുത്ത കൂട്ടുകാരിയായിരുന്നു. സിനിമയിലുള്ളപ്പോൾ ഞാനായിരുന്നു അടുത്ത സുഹൃത്ത്. ജയ രാഷ്ട്രീയത്തിൽ വന്നപ്പോൾ ഞങ്ങൾ അകന്നുപോയി.
ഞങ്ങളൊക്കെ  വിളിക്കുന്നത്  അമ്മു എന്നായിരുന്നു. ഒരു ദിവസം രസകരമായ സംഭവമുണ്ടായി. ഞങ്ങളുടെ രണ്ടുപേരുടെയും സിനിമകളുടെ  ഷൂട്ടിംഗ്  തൊട്ടടുത്ത സ്ഥലങ്ങളിൽ നടന്നു. ഞങ്ങൾ ഒരു  പദ്ധതിയിട്ടു, ഒരുമിച്ച്  പുറത്തു പോകുക എന്നായിരുന്നു  ആ  തീരുമാനം. എനിക്കാണെങ്കിൽ തമിഴ്നാട്ടിൽ പുറത്തിറങ്ങി  നടക്കാം. ഞാൻ അത്രയും  പരിചിതയല്ല അന്നവർക്ക്. പക്ഷേ അവർക്ക് അങ്ങനെ പറ്റില്ല. തമിഴിൽ തിളങ്ങി നിൽക്കുന്ന സമയമല്ലേ.  ആരും  തിരിച്ചറിയാതിരിക്കാൻ ഞങ്ങൾ രണ്ടു പേരും കൂടി പർദ്ദയൊക്കെ അണിഞ്ഞാണ് പുറത്തിറങ്ങിയത്. ഞങ്ങൾ  കുറെ എക്സിബിഷനുകളൊക്കെ കണ്ടു  കറങ്ങി നടന്നു. പുറത്തു നിന്നും ആഹാരം കഴിച്ചു,  പിന്നെ തിയേറ്ററിലെത്തി  സിനിമയും കണ്ടു. അന്നൊന്നും ചിന്തിക്കാൻ കൂടി  കഴിയാത്ത  കാര്യം. പക്ഷേ,  ഇപ്പോൾ  അതൊക്കെ നല്ല ഓർമ്മകളാണ്. മറ്റൊരു  യാദൃച്ഛികത കൂടിയുണ്ട്. ഞങ്ങൾ രണ്ട് പേരും ഒരുമിച്ചായിരുന്നു  വീട്  വച്ചത്. എനിക്ക്  രണ്ട്  ആഗ്രഹങ്ങളുണ്ടായിരുന്നു, വീട്ടിലൊരു വാട്ടർ ഫാൾ വേണം.  പിന്നെ ലിഫ്റ്റ്.  അന്നത്തെ കാലത്ത് ഒരു വീട്ടിലും ലിഫ്റ്റ് ഉണ്ടാകില്ല. ഞാനത് രണ്ടും ചെയ്തു. പക്ഷേ, ജയലളിത ചെയ്തത്  ഒരൊറ്റക്കാര്യമായിരുന്നു. ആർക്കും  ചിന്തിക്കാവുന്നതിനെക്കാൾ വലിപ്പത്തിൽ വീട്ടിൽ വലിയൊരു ഹാൾ ഉണ്ടാക്കി. എന്നിട്ട്    അത് ലൈബ്രറിയാക്കി  മാറ്റി.  ലോകത്തുള്ള എല്ലാ പുസ്തകങ്ങളും അവിടെ സൂക്ഷിച്ചു. എപ്പോഴും  വായിക്കുന്ന ശീലം അമ്മുവിനുണ്ട്. അവരെ പോലെ ബുദ്ധിമതിയായ ഒരു സ്ത്രീ ലോകത്തു തന്നെ വേറെയുണ്ടാകില്ല.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.