Sunday, 24 September 2017 9.29 PM IST
ഇതൊക്കെ ആരെ കാണിക്കാനായിരുന്നു
December 10, 2016, 12:15 am
സാധാരണക്കാരന്റെ കഞ്ഞിക്കലത്തിൽ കള്ളപ്പണമാണെന്നു കരുതി അർധരാത്രിക്ക് അത് കൈയിട്ട് വാരാൻ വന്ന കേന്ദ്രസർക്കാരിന്റെ എല്ലാവാദങ്ങളും പൊളിച്ചുകൊണ്ടാണ് റിസർവ്വ് ബാങ്കിന്റെ വായ്പ്പാനയം വന്നിരിക്കുന്നത്. സർക്കാർ ലക്ഷ്യമിട്ടതൊന്നും നടന്നില്ലെന്ന് മാത്രമല്ല, ഈ വക കലാപരിപാടികളുടെ പേരിൽ പൊടിഞ്ഞ കോടികളും തേഞ്ഞ ചെരുപ്പുകളും കണ്ണീരും വിയർപ്പും വേറെ.

നോട്ടുപിൻവലിക്കലിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ ഒന്നും നടക്കാതെ വന്നപ്പോഴിതാ, കറൻസി രഹിത സമ്പദ്ഘടന ആണത്രെ ഉദ്ദേശിച്ചത്. ഉദ്ദേശ്യം നല്ലതിനാണെങ്കിൽ എന്തു ബുദ്ധിമുട്ട് സഹിച്ചും ജനങ്ങൾ കൂടെ നിൽക്കുമെന്ന് സർക്കാരെന്തേ കരുതിയില്ല...വോട്ടുചെയ്ത് ജയിപ്പിച്ച ജനങ്ങളോടുള്ള വിശ്വാസക്കുറവ്. കഴിഞ്ഞ ഒരു മാസത്തിനിടെ എത്ര കള്ളപ്പണക്കാരെ നിങ്ങൾ കണ്ടുപിടിച്ചു? ക്യൂവിൽ നിന്ന എത്ര കള്ളപ്പണക്കാരെ കൈയോടെ പൊക്കി? ഉത്തരങ്ങളൊരുപാട് സ്വരൂപിച്ചുവന്നപ്പോഴേക്കും റിസർവ് ബാങ്ക് കൈ മലർത്തിക്കാണിച്ചു കഴിഞ്ഞു. പണി പാളിയെന്ന് ഇനിയെങ്കിലും സമ്മതിച്ചുകൂടെ.

ജനത്തിന്റെ പക്കലുള്ളതിന്റെ ഏകദേശം മൂന്ന് ലക്ഷംകോടി രൂപയെങ്കിലും തിരികെ എത്തില്ലെന്നാണ് കേന്ദ്രസർക്കാർ ഉറപ്പിച്ചുപറഞ്ഞത്. പക്ഷെ, ഇതിനോടകം തന്നെ ജനത്തിന്റെ പക്കലുള്ളതിന്റെ 80 ശതമാനത്തോളം തിരികെയെത്തി. നോട്ടുകൾ ബാങ്കുകളിൽ നിക്ഷേപിക്കാൻ ഈ മാസം 30 വരെ സമയവുമുണ്ട്. അപ്പോൾപ്പിന്നെ ആർക്കുവേണ്ടിയായിരുന്നു ഇതൊക്കെ. ഇവിടെ ശരിക്കും ആരാണ് ജയിച്ചത്. തിരക്കഥയെഴുതി പാളിപ്പോയ സർക്കാരോ... കഥയറിയാതെ വേഷം കെട്ടിയാടിയ ഒരു കൂട്ടം ജനങ്ങളോ.. അതോ, തിരക്കഥയിൽ തിരുത്ത് വരുത്തി മാറിനിന്ന് ചിരിക്കുന്ന കള്ളപ്പണക്കാരോ...

കള്ളനോട്ടും കള്ളപ്പണവും തീവ്രവാദികൾക്കുള്ള ധനസഹായവും നിർത്തലാക്കി രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കുക എന്നതായിരുന്നു നവംബർ എട്ടിന് അർധരാത്രിക്ക് കളിച്ച ഈ ഏകാംഗനാടകത്തിന്റെ ഉദ്ദേശ്യലക്ഷ്യമെന്ന് പറയപ്പെട്ടിരുന്നെങ്കിലും പിന്നീട് പറഞ്ഞ മൻകീ ബാത്തിൽ ഇതൊക്കെ തകിടം മറിഞ്ഞു. ഡിജിറ്റൽ സംവിധാനവും കാഷ്ലെസ്സ് സംവിധാനവും ആണ് 'ശരിക്കും വിചാരിച്ചത്' പോലും. അപ്പോ പറഞ്ഞുവന്നപ്പോ തെറ്റിയതാകും ല്ലേ....അല്ലെങ്കിൽ സാധാരണക്കാരായ ഞങ്ങൾ കേട്ടപ്പോ തെറ്റീതാകും. മാസങ്ങളോളം വിശ്രമമില്ലാതെ അടിച്ചാൽപ്പോലും അവശ്യം വേണ്ട നോട്ടുകൾ എത്താൻ വൈകുമെന്ന് തീർച്ചയാണ്. പിന്നെ ആരെയാണ് ഈ പറ്റിക്കാൻ നോക്കുന്നത്. ആരുടെ കണ്ണിലാണ് പൊടിയിടാൻ നോക്കുന്നത്. പൊതുജനങ്ങൾ കഴുതകളും വിഡ്ഢികളുമല്ലെന്ന് തിരിച്ചറിയേണ്ടവർ തിരിച്ചറിഞ്ഞില്ലെങ്കിലുള്ള അപകടം വളരെ വലുതായിരിക്കും.
എം.എൽ.ഉഷാരാജ്
തിരുവനന്തപുരം
-ഫോൺ:8893894425
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ