Wednesday, 20 September 2017 8.08 PM IST
ജയലളിത തന്ന വിഷുക്കൈനീട്ടം
December 18, 2016, 7:53 am
ധന്യാ രാജേന്ദ്രൻ
2005ൽ ടൈംസ് നൗവിന്റെ ലേഖികയായി ഞാൻ ചെന്നൈയിലെത്തുമ്പോൾ ജയലളിതയായിരുന്നു തമിഴ്നാട് മുഖ്യമന്ത്രി. മാധ്യമങ്ങളെ അവഗണിക്കുന്ന പ്രകൃതക്കാരിയാണവരെന്ന് എല്ലാവരും പറഞ്ഞെങ്കിലും ജോലിയുടെ ഭാഗമായി വാർത്തയ്ക്കു വേണ്ടി അവരെ സസൂക്ഷ്മം പിന്തുടരാൻ ഒരിക്കലും ഞാൻ മടികാണിച്ചില്ല. വളരെയടുത്ത് ആദ്യമായി ഞാനവരെ കാണുന്നത് 2006 ൽ ഞങ്ങളുടെ ചീഫ് എഡിറ്റർ അർണാബ് ഗോസ്വാമി ഡൽഹിയിൽ നിന്നും ജയലളിതയെ ഇന്റർവ്യൂ ചെയ്യാനെത്തിയപ്പോഴാണ്. അവരുടെ മുറിയിൽ വല്ലാത്ത തണുപ്പായിരുന്നു. സ്വെറ്റർ വേണമെങ്കിൽ കരുതിക്കൊള്ളണമെന്ന് അവരുടെ ഓഫീസിൽ നിന്ന് നേരത്തെ ഞങ്ങളെ അറിയിച്ചിരുന്നു. തണുപ്പ് അവർക്ക് വളരെ ഇഷ്ടമായിരുന്നു. ഞങ്ങൾ കാമറ സെറ്റ് ചെയ്തിരുന്നു. എന്നാൽ മുറിയിലേക്ക് വന്ന ഉടൻ കാമറ ലൈറ്റിന്റെ ദിശ മാറ്റാൻ അവർ ആവശ്യപ്പെട്ടു. നടിയായിരുന്ന ജയലളിതയ്ക്ക് അവർ ഏറ്റവും നന്നാകുന്നത് ഏതുപൊസിഷനിലാണെന്ന് മറ്റാരേക്കാളും നന്നായി അറിയാമായിരുന്നു.

മനുഷ്യരെ തിന്നാറില്ല
2007 ൽ രാംസേതു വിവാദം കത്തി നിന്നപ്പോൾ ഒരു അഭിമുഖത്തിന് അനുമതി ചോദിച്ച് ഞാൻ കത്തെഴുതി. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് കോടനാട് എസ്റ്റേറ്റിലേക്ക് വരാൻ അവർ മറുപടി നൽകി. കുളിരുന്ന ഒരു പ്രഭാതത്തിൽ ഞാനും കാമറാമാനായ മനീഷ് ധനാനിയും അവിടെയെത്തി. എസ്റ്റേറ്റിന്റെ കവാടത്തിൽ വച്ച് അവരുടെ കാറിൽ ഞങ്ങളെ കയറ്റി. പിൻസീറ്റിലിരിക്കാൻ പ്രത്യേകം പറഞ്ഞു. കാരണം ജയലളിത പുറത്തേക്കുവരുമ്പോൾ അപരിചിതർ മുൻസീറ്റിലിരുന്നാൽ ഇഷ്ടപ്പെടില്ലത്രെ. ഞാൻ വളരെ വികാരാധീനയായിരുന്നു. ഒന്ന് വല്ലാത്ത തണുപ്പ്. പിന്നെ ജയലളിതയുമായുള്ള ആദ്യ അഭിമുഖം. എസ്റ്റേറ്റ് ബംഗ്ലാവിൽ ജയലളിത ഞങ്ങളെ സ്വീകരിച്ചു. കാമറ സെറ്റ് ചെയ്യാൻ പറഞ്ഞിട്ട് അവർ അകത്തേക്കു പോയി. ഞങ്ങൾ കാമറയൊക്കെ വച്ച് റെഡിയായപ്പോൾ ശശികല പുറത്തേക്ക് വന്നു. കാമറയുടെ പൊസിഷൻ മാറ്റാൻ പറഞ്ഞു. അത് കറക്ട് ആംഗിളാണെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ വാസ്തുപ്രകാരം ശരിയല്ലെന്ന് അവർ നിർബന്ധിച്ചു.

തണുപ്പുകാരണം ഞാൻ വിറയ്ക്കാൻ തുടങ്ങി. പല്ലുകൾ കൂട്ടിയിടിക്കുന്നതെന്താണെന്ന് ജയലളിത ചോദിച്ചപ്പോൾ തണുപ്പിനെക്കുറിച്ചും ആദ്യത്തെ ഇന്റർവ്യുവിന്റെ പരിഭ്രമത്തെക്കുറിച്ചും ഞാൻ സൂചിപ്പിച്ചു. താൻ മനുഷ്യരെ തിന്നാറില്ലെന്നു പറഞ്ഞ് ജയലളിത ചിരിച്ചു. അഭിമുഖം വളരെ നന്നായി. അവർക്കും ഇഷ്ടപ്പെട്ടു. ഡി.എം.കെയ്‌ക്കെതിരായ പ്രചാരണ യോഗങ്ങളിൽ പങ്കെടുക്കാൻ ഊട്ടിയിലേക്കുള്ള യാത്രാ സംഘത്തിൽ ഞങ്ങളുടെ വാഹനത്തേയും അവർ ഉൾപ്പെടുത്തി. തുടർന്നുള്ള രണ്ടു വർഷങ്ങളിലും പതിവുപോലെ ഞങ്ങൾ മറ്റു ടി.വി റിപ്പോർട്ടർമാരെപ്പോലെ അവരുടെ ഓരോ നീക്കവും പിന്തുടർന്നു. മൗനത്തിന്റെ രാജ്ഞിയായിരുന്നു അവർ. ചിലപ്പോൾ കാണാത്ത രീതിയിൽ പോകും. മറ്റു ചിലപ്പോൾ ചിരിതൂകുകയും സംസാരിക്കുകയും ചെയ്യും. വാർത്തകൾ മുടങ്ങാതെ കാണുമായിരുന്നു. പലപ്പോഴും അവരുടെ ഓഫീസിൽ നിന്ന് ഫോൺ വരും. അങ്ങനെ കാണിച്ചത് ശരിയായില്ലെന്ന് അമ്മ പറഞ്ഞു. മറ്റേ വാർത്തയെക്കുറിച്ച് അമ്മ അത് പറഞ്ഞുവെന്നൊക്കെ. ഞാൻ പ്രവർത്തിച്ച ചാനൽ അവർ പതിവായി കണ്ടിരുന്നു.

2009 ലെ ലോക്സഭ തിരഞ്ഞെടുപ്പ് കാലം. ജയലളിതയായിരുന്നു ദേശീയ തലത്തിൽ തന്നെ മുഖ്യാകർഷണം. എല്ലാ പത്രങ്ങളും എല്ലാ ചാനലുകളും അവർക്കു പിന്നാലെയായിരുന്നു. ആ കാലയളവിൽ ഞാൻ ഒരു നിഴലുപോലെ ജയലളിതയുടെ പൊയസ് ഗാർഡനിലെ വീടിനു മുന്നിൽ കാമറാമാനൊപ്പം തമ്പടിക്കും. ജയലളിതയുടെ പാർട്ടി ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുമോയെന്ന ചോദ്യത്തിന്റെ ഉത്തരമാണ് മറ്റെല്ലാവരേയും പോലെ എനിക്കുമറിയേണ്ടിയിരുന്നത്. അന്നൊരു വിഷുദിനമായിരുന്നു. തമിഴ് പുതുവർഷ ദിനം കൂടിയാണ്. ജയലളിത രാവിലെ ക്ഷേത്രദർശനത്തിനു പോകുന്നതായി എനിക്കു അവരുടെ ഓഫീസിൽ നിന്നും വിവരം ലഭിച്ചു. കാമറാമാനേയും കൂട്ടി ഞാൻ പൊയസ് ഗാർഡനിലേക്ക് പാഞ്ഞു. ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങിയെത്തിയ ജയലളിത വണ്ടി നിർത്താതെ വീടിന്റെ ഗേറ്റ് കടന്ന് അകത്തേക്കു പോയി. നിരാശയായി മടങ്ങാനൊരുങ്ങുമ്പോൾ ഗേറ്റ് വീണ്ടും തുറന്നു. ഗാർഡ് വന്ന് അമ്മ വിളിക്കുന്നുവെന്ന് പറഞ്ഞു. പ്രതീക്ഷയോടെ അകത്തേക്കു ചെന്നെങ്കിലും അവർ വല്ലാത്ത ശുണ്ഠിയിലായിരുന്നു. 'ധന്യാ...എല്ലാ ദിവസവും ഇങ്ങനെ എന്റെ വീടിന്റെ മുന്നിൽ വന്ന് കാത്തുനിൽക്കുന്നത് നല്ല ഏർപ്പാടല്ല. അത് ശരിയല്ല'... അഭിമുഖത്തിനായുള്ള എന്റെ പ്രതീക്ഷകൾ തകരുകയായിരുന്നു. ഞാൻ ഒരു തന്ത്രം പരീക്ഷിച്ചു. 'ഞാൻ അഭിമുഖത്തിന് വന്നതല്ലെന്ന് പറഞ്ഞു. അപ്പോൾ പിന്നെന്തിനാണ് അവിടെ നിന്നതെന്നായി.. ഇന്ന് വിഷുവാണ്. കൈനീട്ടം വാങ്ങാൻ വന്നതാണെന്ന് തട്ടി. കൈനീട്ടമോ, അതെന്താണെന്നായി അവരുടെ ചോദ്യം. പരമ്പരാഗതമായി മുതിർന്നവർ പ്രായത്തിൽ കുറഞ്ഞവർക്ക് നൽകുന്ന കൈനീട്ടത്തെക്കുറിച്ചും വിഷുവിനെക്കുറിച്ചും ഞാൻ വിശദീകരിച്ചു. അവർ ചിരിച്ചു കൊണ്ട് സമ്മതിച്ചു. പക്ഷേ അപ്പോഴേക്കും ഞാൻ അടവു മാറ്റി എനിക്കു കൈനീട്ടമായി ഒരു അഭിമുഖം മതിയെന്ന് പറഞ്ഞു. ജയലളിത തലകുലുക്കി. ഉഗ്രൻ അഭിമുഖമായിരുന്നു അത്. ആ വിഷുക്കൈനീട്ടത്തിന്റെ ത്രില്ലിൽ ഞാൻ സീനിയേഴ്സിനെ വിളിച്ചു. അടക്കാനാവാത്ത ആഹ്ളാദത്തിലായിരുന്നു ഞാൻ. അല്പ സമയം കഴിഞ്ഞപ്പോൾ അവരുടെ ഓഫീസിൽ നിന്ന് ഫോൺ വന്നു. അമ്മ ആ അഭിമുഖത്തിൽ തൃപ്തയല്ലെന്നും വീണ്ടും ചെയ്യണമെന്നുമായിരുന്നു സന്ദേശം. സഖ്യകക്ഷിയുടെ നേതാവായ വൈക്കോയെ വിമർശിക്കുന്നുണ്ടായിരുന്നു. അതൊഴിവാക്കുകയെന്നതായിരുന്നു പ്രധാന ഉദ്ദേശം. ഒരു നിമിഷം ഞാനാകെ പരിഭ്രാന്തയായി. എല്ലാം പോയോയെന്നായിരുന്നു എന്റെ ഉത്ക്കണ്ഠ. ഞങ്ങൾ തിരികെ പൊയസ് ഗാർഡനിലെത്തി. ഓഫീസ് മുറിയിലേക്കു കൂട്ടിക്കൊണ്ടുപോയി. നല്ല രീതിയിൽ അവർ സംസാരിച്ചു. ഇരുന്നുകൊണ്ടുള്ള അഭിമുഖമായിരുന്നു അത്. ഞാൻ സന്തുഷ്ടയായി. വലിയ അഭിമുഖം ലഭിച്ചെങ്കിലും അർണാബ് വീണ്ടും നിർബന്ധിച്ചുകൊണ്ടേയിരിക്കും. തിരഞ്ഞെടുപ്പ് ദിനത്തിൽ ഇന്റർവ്യു കിട്ടിയില്ലെങ്കിൽ പുറത്താക്കുമെന്ന് പറയും. (അത് അദ്ദേഹത്തിന്റെ പതിവ് നമ്പരായിരുന്നതിനാൽ പേടിക്കാനില്ല). ഞാൻ വീണ്ടും പോയി. ഇതൊരു പതിവ് സ്വഭാവമാക്കിയിരിക്കുകയാണോയെന്ന് വീടിന്റെ വാതിലിൽ എന്നെക്കണ്ട ജയലളിത ചോദിച്ചു. വലിയ അഭിമുഖത്തിനായിപ്പോയ എന്നെ അവർ ചെറിയ പ്രതികരണം നൽകി മടക്കി. 2010 ൽ വീണ്ടും അഭിമുഖം അനുവദിച്ചു. ടു ജി സ്‌കാമിന്റെ കാലമായതിനാൽ ഡി.എം.കെയ്ക്ക് എതിരായി എന്തെങ്കിലും പറയുമെന്നും രാജയുടെ രാജി ആവശ്യപ്പെടുമെന്നുമൊക്കെ മാത്രമെ ഞാൻ കരുതിയുള്ളു. പക്ഷെ ഡി.എം.കെ മാറുകയണെങ്കിൽ യു.പി.എയെ പിന്തുണയ്ക്കാൻ തയ്യാറാണെന്ന ബ്രേക്കിംഗ് ന്യൂസ് അവർ നൽകി. മറ്റൊരു അഭിമുഖത്തിൽ അവർ പറഞ്ഞു. പരാജിതരെ ആരും ഓർക്കില്ല. ആരുടെയും ഓർമ്മയിൽ അവർ ഉണ്ടാവുകയുമില്ലെന്ന്. അതായിരുന്നു ജയലളിത. പ്രവചനാതീതമായിരുന്നു ആ പ്രകൃതം.

ശ്രീലങ്കയിൽ ആഭ്യന്തരസംഘർഷം മൂർച്ഛിച്ച കാലം. ചെന്നൈയിലെ മീഡിയ ജയലളിതയുടെയും കരുണാനിധിയുടെയും പുറകെയായിരുന്നു. എനിക്ക് ഇടയ്‌ക്കൊക്കെ ജയലളിതയുടെ പ്രതികരണവും അഭിമുഖവുമൊക്കെ ലഭിക്കാറുണ്ട്. പക്ഷേ നിരന്തരമായി അവരെ പിന്തുടരേണ്ടതിനാൽ അഭിമുഖം കിട്ടിയതിൽ അമിതമായി ആഹ്ളാദിക്കാൻ വകയില്ലായിരുന്നു. കാരണം ഞങ്ങൾക്ക് എല്ലായ്‌പ്പോഴും ഒരു ഇന്റർവ്യു അല്ലെങ്കിൽ ബൈറ്റ്, പുതിയ വിവാദം ഇതൊക്കെ ആവശ്യമായിരുന്നു. ആ മേയ് മാസത്തിൽ നോർത്ത് ചെന്നൈയിൽ ജയലളിതയുടെ ഒരു പ്രസംഗം റിപ്പോർട്ട് ചെയ്യാൻ ഞങ്ങളെല്ലാവരും പോയി. രാത്രിയിലായിരുന്നു പൊതുയോഗം. പ്രസംഗം കഴിഞ്ഞ് ഇറങ്ങുമ്പോൾ ജയലളിത ഞങ്ങൾക്കൊരു ബൈറ്റ് നൽകുമെന്ന പ്രതീക്ഷയിൽ കാത്തു നിന്നു. വേദിയിൽ നിന്നും ഏതാനും വാരെ അകലെയായിരുന്നു ഞങ്ങളുടെ നിൽപ്പ്. അപ്പോഴേക്കും അവരുടെ സെക്യൂരിറ്റി വന്ന് ഞങ്ങൾക്കു ചുറ്റിനും വടം കെട്ടി. അതൊരു പതിവേർപ്പാടായിരുന്നു. കന്നുകാലികളെ വകഞ്ഞു നിർത്തുന്നതുപോലെയൊരു രീതി. നേതാവിന്റെ പുറത്തേക്ക് ആരും വീഴാതിരിക്കുകയെന്നതാണ് ഉദ്ദേശം. വടം കെട്ടിയിട്ട് പൊലീസുകാർ അതിൽ പിടിച്ചിരിക്കും. ആ ഭാഗത്ത് നല്ല ഇരുട്ടുണ്ടായിരുന്നു. പ്രസംഗം കഴിഞ്ഞ് ഇറങ്ങിവന്ന ജയലളിത കാർ നിർത്തി ഞങ്ങൾക്ക് ബൈറ്റ് നൽകാൻ തയ്യാറായി. രണ്ട് ഡസനോളം റിപ്പോർട്ടർമാരും കാമറാമാൻമാരും സംഘത്തിലുണ്ട്. ഞാൻ മുന്നിലായിരുന്നു. ചോദ്യം ചോദിക്കാൻ ഞാൻ മുതിർന്നപ്പോൾ പെട്ടെന്ന് എന്റെ ശ്വാസം നിന്നപോലൊരു അവസ്ഥ. ശരീരത്തിന്റെ താഴ്ഭാഗത്ത് വല്ലാത്ത ഒരു വേദന അനുഭവപ്പെട്ടു. ഗാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരിലൊരാൾ എന്നെ അപമാനിക്കാൻ ശ്രമിച്ചതാണെന്ന് എനിക്ക് മനസ്സിലായി. ഒരു മിനിറ്റിലേറെ അത് നീണ്ടുനിന്നു. എന്റെ കണ്ണിൽ നിന്ന് കുടുകുടെ കണ്ണീരൊഴുകി. എന്തുചെയ്യണമെന്നറിയാത്ത അവസ്ഥ. എനിക്ക് ചോദ്യമൊന്നും ചോദിക്കാനായില്ല. മറ്റു റിപ്പോർട്ടർമാരൊക്കെ ജയലളിതയുടെ പ്രതികരണമെടുക്കാനുള്ള തിക്കിലും തിരക്കിലുമായതിനാൽ അവരുടെ ശ്രദ്ധയിൽ ഇക്കാര്യം പെട്ടതുമില്ല. ബൈറ്റ് നൽകി ജയലളിത മടങ്ങിയതോട ഞാൻ പൊട്ടിക്കരഞ്ഞു. സഹപ്രവർത്തകരായ സുഹൃത്തുക്കൾ എന്നെ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഹിസ്റ്റീരിയ ബാധിച്ചതുപോലെയായി ഞാൻ. എന്റെ ഭർത്താവ് അപ്പോൾ ട്രെയിനിൽ ബംഗളൂരിലേക്ക് പൊയ്‌ക്കൊണ്ടിരിക്കുകയായിരുന്നു. അടുത്ത സ്റ്റേഷനിലിറങ്ങി ടാക്സിയെടുത്ത് ചെന്നൈയിലേക്ക് വരാൻ ഞാൻ പറഞ്ഞു. അത്രമാത്രം മാനസികമായി ഞാൻ തകർന്നിരുന്നു.

രാത്രി വീട്ടിലേക്കു മടങ്ങുമ്പോൾ ജയലളിതയുടെ പേഴ്സണൽ സെക്രട്ടറിയുടെ ഫോൺ വന്നു. 'മാഡം ചോദിച്ചു. ധന്യ കരയുന്നത് കണ്ടെന്ന്. എന്താണ് കാരണമെന്നും ചോദിച്ചിട്ടുണ്ട്.' ഞാൻ നടന്ന സംഭവങ്ങൾ കണ്ണീരോടെ പറഞ്ഞു. രാത്രി വൈകി അദ്ദേഹത്തിന്റെ ഫോൺ വീണ്ടും വന്നു. ഗാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാവരുടെയും പേരിൽ നടപടിയുണ്ടാകുമെന്നും 30 പേരുണ്ടായിരുന്നതിനാൽ കൃത്യമായി കുറ്റക്കാരനെ തിരിച്ചറിയാനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അടുത്ത ദിവസം രാവിലെ പതിവ് ജോലികളിൽ മുഴുകുമ്പോൾ ലാൻഡ് ലൈനിൽ നിന്ന് ഒരു ഫോൺകോൾ വന്നു. ജയലളിതയുടെ ഓഫീസിൽ നിന്നായിരുന്നു. ഫോൺ ഹോൾഡ് ചെയ്യാൻ പറഞ്ഞു. അല്പ നേരം കഴിഞ്ഞപ്പോൾ 'ഹലോ ഹൗ ആർ യു? എന്ന് ജയലളിതയുടേതെന്ന് തോന്നുന്ന സ്വരം ചോദിച്ചു. 2009 ലെ തിരഞ്ഞെടുപ്പ് കാലത്ത് കരുണാനിധിയും ജയലളിതയും വോട്ടഭ്യർത്ഥിച്ച് ഫോൺ സന്ദേശങ്ങൾ അയച്ചിരുന്നതിനാൽ അതൊരു റെക്കോർഡഡ് മെസേജാണോയെന്ന് ഞാൻ തെറ്റിദ്ധരിച്ചു. ഞനൊന്നും പ്രതികരിക്കാതെയിരുന്നപ്പോൾ എന്താ നിശബ്ദയായിരിക്കുന്നതെന്നായി ചോദ്യം. അപ്പോഴാണത് ജയലളിതയാണെന്ന് എനിക്കു മനസ്സിലായത്. ഞാൻ ഫോണിൽ ആളുകളോട് സംസാരിക്കുകയില്ലെന്ന് കരുതിയോയെന്ന് അവർ ചോദിച്ചു. മാഡം സാധാരണക്കാരോടൊക്കെ ഫോണിൽ സംസാരിക്കുമോയെന്നോ മറ്റോ ഞാൻ മറുപടി പറഞ്ഞതായി ഓർക്കുന്നു. അവർ ചിരിച്ചു. പെട്ടെന്നു തന്നെ ഗൗരവത്തോടെ കഴിഞ്ഞ ദിവസം എന്താണ് സംഭവിച്ചതെന്ന് ആരാഞ്ഞു. ഞാൻ കാര്യങ്ങൾ വിശദീകരിച്ചു. ഒരു വനിതാ നേതാവിന്റെ സുരക്ഷാ ഡ്യൂട്ടയിലുള്ള പൊലീസാണ് ഇത് ചെയ്തതെന്നത് ഭീതിദമാണെന്നും ഞാൻ പറഞ്ഞു. ധൈര്യവതിയായിരിക്കാൻ അവർ എന്നോടു പറഞ്ഞു. ഒരു യുവ റിപ്പോർട്ടർ എന്ന നിലയിൽ ഇതുപോലുള്ള സന്ദർഭങ്ങളിൽ പതറാതെ , ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നും സാന്ത്വനിപ്പിക്കുന്ന വാക്കുകളിൽ അവർ പറഞ്ഞു.കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നും അവർ പറഞ്ഞു. തിരഞ്ഞെടുപ്പിന്റെ തിരക്കുകളിലായതിനാൽ നമുക്ക് രണ്ടുപേർക്കും തിരക്കുണ്ടല്ലോയെന്നു പറഞ്ഞ് അവർ ആ സംഭാഷണം അവസാനിപ്പിച്ചു. ആ വാക്കുകൾ ഒരു സ്ത്രീയെന്ന നിലയിൽ ഒരു കരുതൽ പോലെ എനിക്കു തോന്നി. എന്റെ സഹപ്രവർത്തകരായ വനിതാ സുഹൃത്തുക്കളോടും ഞാനിക്കാര്യം പറഞ്ഞു. ജോലിക്ക് പോകുമ്പോൾ ഒരു സുരക്ഷിതത്വം തോന്നാൻ ആ വാക്കുകൾ ഞങ്ങളെയെല്ലാം സഹായിച്ചു.

ഏതാനും വർഷങ്ങൾക്കുശേഷം ഞാൻ ബാംഗളൂരിലേക്കു മാറി. കാവേരി പ്രശ്നം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ചർച്ച ചെയ്യാൻ ജയലളിത അവിടെയെത്തി. ഇത്തരം സന്ദർഭങ്ങളിൽ നേതാക്കളുടെ ഒരു ബൈറ്റ് കിട്ടാൻ വേദിക്കു മുന്നിൽ വൈകുന്നേരം വരെ കാത്തു നിൽക്കുകയെന്നത് ഞങ്ങളുടെ ഒരു ദുര്യോഗമെന്നേ പറയേണ്ടു. പക്ഷേ അന്ന് ജയലളിത മീറ്റിംഗ് തുടങ്ങി അധികം വൈകാതെ ബഹിഷ്‌ക്കരിച്ച് ഇറങ്ങി വന്നു. ഞങ്ങളോട് പ്രതികരിക്കാനും തയ്യാറായി. തമിഴ്നാടിന്റെ സ്റ്റാൻഡ് കൃത്യമായി വിശദീകരിച്ചു. അവിടെയും പൊലീസ് വടം കെട്ടിയിട്ടുണ്ടായിരുന്നു.അതിന്റെ ഒരറ്റത്ത് ഞാൻ വല്ലാതെ ഞെരുങ്ങുന്നുണ്ടായിരുന്നു. കാറിൽ കയറിയ അവർ പെട്ടെന്ന് വിൻഡോ ഗ്ലാസ് നീക്കി അവിടെ നിന്ന ഗാർഡിനോട് ആ വടം മാറ്റാൻ പറഞ്ഞു. എന്നിട്ട് എന്നെ നോക്കി ഒരു ചെറു പുഞ്ചിരി സമ്മാനിച്ച് മടങ്ങി. വർഷങ്ങൾക്കു മുമ്പ് ഞാൻ നേരിട്ട അനുഭവം അവർ ഇപ്പോഴും ഓർമ്മിക്കുന്നുണ്ടെന്ന് ആ ഭാവത്തിൽ നിന്നും ഞാൻ മനസ്സിലാക്കി. അതെന്റെ ആത്മവിശ്വാസവും സുരക്ഷിതത്വബോധവും വർദ്ധിപ്പിച്ചു.

തിരഞ്ഞെടുപ്പ് വേളയിലും മറ്റും തിരക്കിനിടയിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നതിനാൽ വനിത റിപ്പോർട്ടർമാർക്ക് ഇത്തരം അപമാനങ്ങൾ പലപ്പോഴും നേരിടേണ്ടി വരാറുണ്ട്. ജോലിയുടെ ഭാഗമെന്ന കമന്റോടെ എഡിറ്റർമാർ പലപ്പോഴും അത് അവഗണിക്കാറുണ്ട്. പക്ഷേ ഓരോ സംഭവവും നമ്മുടെ മനസ്സിൽ പാടു വീഴ്ത്തും. ഒരു പക്ഷേ ജയലളിതയ്ക്ക് അത് മനസ്സിലാകുമായിരുന്നു. പുരുഷ മേധാവിത്വം നിറഞ്ഞ രണ്ട് മേഖലകളിൽ (സിനിമയും രാഷ്ട്രീയവും)അവർ ജയിച്ചു കയറിയത് ഇതുപോലെ പല അപമാനങ്ങളേയും ധൈര്യപൂർവ്വം അതിജീവിച്ചാണെന്ന് ഞാൻ വായിച്ചിട്ടുണ്ട്. ജയലളിത ഒരു ഏകാധിപതി ആയിരുന്നു. അധികാരത്തിന്റെ മസിൽ പവർ അവർ മാധ്യമങ്ങളോടും പല രീതിയിൽ പ്രയോഗിച്ചിട്ടുണ്ടാകാം. ഭരണപരമായി അവർ സ്വീകരിച്ച ചില നടപടികളിൽ സ്ത്രീകളിൽ പലർക്കും അവരോട് അനിഷ്ടം തോന്നാൻ അവസരമുണ്ടാക്കിയിട്ടുണ്ടാകാം. പക്ഷേ ഒരു യുവ മാധ്യമ പ്രവർത്തക എന്ന നിലയിൽ ജയലളിത എന്നെ സംരക്ഷിച്ച,അല്ലെങ്കിൽ എന്നോട് കരുതൽ കാട്ടിയ ഒരാളായിട്ടേ തോന്നിയിട്ടുള്ളൂ. ഒരു സ്ത്രീയെന്നല്ല. ഓരോ സ്ത്രീയേയും. (​s​he is som​e​b​o​dy w​ho c​ar​e​d, o​ne w​o​m​an to a​n​o​ther)​ അവരുടെ ഉള്ളിലെ ആ വാത്സല്യം ഞാൻ എന്നുമോർക്കും.

(ടൈംസ് നൗ ചാനലിന്റെ സൗത്ത് ഇന്ത്യൻ ബ്യൂറോ ചീഫായിരുന്ന ലേഖിക ഇപ്പോൾ മിനിട്സ് ഡോട്ട് കോമിന്റെ എഡിറ്റർഇൻ ചീഫാണ്. ലേഖനം ഇംഗ്ലീഷിൽ നിന്ന് പരിഭാഷപ്പെടുത്തിയത്)
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.