Wednesday, 20 September 2017 8.08 PM IST
കണ്ടുപിടുത്തങ്ങളുടെ ഇന്ദ്രജാലം
December 16, 2016, 3:20 pm
പ്രേംജിത്ത് കായംകുളം
''ഞാൻ ഹൈസ്‌കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ, പ്രശസ്ത മാന്ത്രികൻ പ്രൊ. ഭാഗ്യനാഥന്റെ മായാജാല പ്രകടനം കാണാനിടയായി. പലക മേൽ നിരനിരയായി തറച്ചുവെച്ചിട്ടുള്ള മൂർച്ചയുള്ള ആണികളുടെ പുറത്തേക്കു ഇരുപതടി ഉയരത്തിൽ നിന്നും ഒരാൾ വീഴുകയും നാലുപാടും രക്തം ചീറ്റിത്തെറിക്കുകയും ചെയ്യുന്ന ഒരു ഐറ്റമുണ്ടായിരുന്നു അതിൽ. 'ശരശയ്യ' എന്നായിരുന്നു അതിന്റെ പേര്. വലിയ ഭയത്തോടെയാണ് എല്ലാവരും അതു കണ്ടുകൊണ്ടിരുന്നത്. ഏറ്റവും മുന്നിലിരുന്ന എനിക്ക് പക്ഷേ ഭയമൊന്നും തോന്നിയില്ല. മാജിക്ക് വെറും കൺകെട്ടുവിദ്യയാണെന്ന് എനിക്കറിയാം. എങ്ങനെയെങ്കിലും അതിന്റെ ഗുട്ടൻസ് കണ്ടുപിടിക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം. അഭിമാനത്തോടുകൂടി പറയട്ടെ, വെറും ഒരാഴ്ചത്തെ പരിശ്രമത്തിനുശേഷം ഇതേ ഐറ്റം കൂട്ടുകാരുടെ മുന്നിൽ ഒട്ടും പിഴവില്ലാതെ അവതരിപ്പിക്കാൻ എനിക്ക് സാധിച്ചു. അവരുടെ പ്രോത്സാഹനം കൂടിയായപ്പോൾ മാജിക്ക് എന്റെ തലയ്ക്കു പിടിച്ചതുപോലെയായി. ഊണിലും ഉറക്കത്തിലും മാജിക്ക് തന്നെ. വിവിധ ഐറ്റങ്ങൾ കണ്ടും കേട്ടും തപാൽ വഴിയും സ്വയം പഠിച്ചു. ഗുരുക്കൻമാർ ആരും ഉണ്ടായിരുന്നില്ല. മനുഷ്യശരീരം വാളുകൊണ്ട് രണ്ടുകഷണമായി കീറിമുറിക്കുന്നതിന്റേയും പ്രാവുകളേയും മനുഷ്യരേയും അപ്രത്യക്ഷമാക്കുന്നതിന്റേയും ഉപകരണങ്ങൾ സ്വയമുണ്ടാക്കി. തുടർന്ന് പന്ത്രണ്ടു വർഷക്കാലം ' ദി ഗ്രേറ്റ് ആൽഫ്രഡ് ബെൻ' എന്ന പേരിൽ പലയിടത്തും പരിപാടികളവതരിപ്പിച്ചു. ''

തന്റെ പഴയകാലം അയവിറക്കുന്ന എം. സി. ഡേവിഡ് എന്ന ഈ മജീഷ്യൻ പക്ഷേ ഇന്ന് ശാസ്ത്ര പരീക്ഷണങ്ങളുടേയും നിരീക്ഷണങ്ങളുടേയും മാന്ത്രിക ലോകത്താണ്. അദ്ദേഹം രൂപകല്പന ചെയ്ത ഫയർ എസ്‌കേപ്പ് സിസ്റ്റം, ഗുരുത്വാകർഷണം കൊണ്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന യന്ത്രം എന്നിവയ്ക്ക് യു.എസ് പേറ്റന്റ് ലഭിച്ചു. കൊതുകിന്റെ ആക്രമണത്തിൽ നിന്നും രക്ഷ നേടുന്നതിനുള്ള ഉപകരണത്തിന് അടുത്തകാലത്താണ് ഭാരത സർക്കാറിന്റെ പേറ്റന്റ് ലഭിച്ചത്. ജലസംരക്ഷണ സംവിധാനം, ജലസേചനയന്ത്രം, നീന്തൽ പഠിക്കാനുള്ള യന്ത്രം തുടങ്ങിയ എട്ടോളം ഉപകരണങ്ങളുടെ നിർമ്മാണം വിവിധ ഘട്ടങ്ങളിലാണ്.

ജനത്തിന്റെ കണ്ണുകെട്ടി എക്കാലവും ജീവിക്കാനാവില്ലെന്നു തിരിച്ചറിഞ്ഞപ്പോഴാണ് മുപ്പതു വർഷം മുൻപ് ഡേവിഡ് മജീഷ്യന്റെ കുപ്പായമഴിച്ച് വച്ചതും കടൽ കടന്ന് ഖത്തറിലെ ഒരു കൺസ്ട്രക്ഷൻ കമ്പനിയിലെത്തിയതും. തുടർന്ന് ഖത്തറിലും, ബഹറിനിലുമായി 17 വർഷം നീണ്ട പ്രവാസജീവിതം. എന്നാൽ, ഭാര്യയുടെ മരണത്തോടെ ഒറ്റപ്പെട്ടുപോയ അദ്ദേഹം മുഴുവൻ സമയവും ശാസ്ത്രസംബന്ധമായ പഠനങ്ങളിലും പരീക്ഷണങ്ങളിലും വ്യാപൃതനാകുകയായിരുന്നു. ഇന്ന് അറുപതിലെത്തി നിൽക്കുന്ന ഡേവിഡ് തന്റെ കുടുംബവീടായ 'കർേമ്മലി' ൽ തന്നെയാണ് പരീക്ഷണശാല ഒരുക്കിയിരിക്കുന്നത്. നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ള ഒട്ടേറെ യന്ത്രമോഡലുകൾ മുറ്റത്തും പറമ്പിൽ പലയിടങ്ങളിലുമായി തലയുയർത്തി നിൽക്കുന്നു. വെൽഡിംഗും കട്ടിംഗും കോൺക്രീറ്റിംഗുമെല്ലാം കഴിവതും പരസഹായമില്ലാതെ ചെയ്യുന്നു. എന്നും ഇത്തരം ഓരോ പണികൾ നടക്കുന്നതുകൊണ്ട് രാവും പകലും ഇവിടെനിന്നും ഉയർന്നുകേൾക്കുന്ന തട്ടും മുട്ടും അയൽക്കാർ ശ്രദ്ധിക്കാറേ ഇല്ല. പത്രങ്ങളിലും ചാനലുകളിലും വാർത്ത വരുമ്പോഴും പുറം നാടുകളിൽ നിന്നും ശാസ്ത്രജ്ഞൻമാർ ഇദ്ദേഹത്തെ അന്വേഷിച്ചുവരുമ്പോഴുമാണ് നാട്ടുകാരിൽ പലരും വിവരമറിയുക.
ശാസ്ത്രത്തിൽ ഉന്നതബിരുദങ്ങളോ എം.ഫില്ലോ ഡോക്ടറേറ്റോ ഒന്നുമില്ലാത്ത എം. സി. ഡേവിഡിനെത്തേടി അടുത്ത കാലത്ത് മുംബയ് ബാബാ അറ്റോമിക്ക് റിസർച്ച് സെന്ററിലെ എം. ആർ. സ്റ്റാൻലിയുടെ നേതൃത്വത്തിൽ ഒരു സംഘം ശാസ്ത്രജ്ഞരെത്തി. തീയിൽ നിന്നും ഫ്ളാറ്റുനിവാസികളെ രക്ഷപ്പെടുത്തുന്നതിനുവേണ്ടി ഡേവിഡ് രൂപകല്പന ചെയ്ത 'എമർജൻസി ഫയർ എസ്‌കേപ്പ് സിസ്റ്റം' നേരിൽ കാണുവാനും അതിന്റെ പ്രവർത്തന ക്ഷമത മനസിലാക്കുവാനും. അദ്ദേഹം തന്റെ വീട്ടുമുറ്റത്തു നിർമ്മിച്ചിട്ടുള്ള ചെലവു കുറഞ്ഞതും എന്നാൽ വളരെ ലളിതവുമായ 'ഫയർ എസ്‌കേപ്പ് സിസ്റ്റ' ത്തിന്റെ വർക്കിംഗ് മോഡലിന്റെ ഇന്ദ്രജാലം ബോധ്യപ്പെട്ടപ്പോൾ അറ്റോമിക്ക് റിസർച്ച് സെന്ററിലെ ഏറെ സങ്കീർണങ്ങളായ യന്ത്രോപകരണങ്ങൾ കൈകാര്യം ചെയ്തു ശീലിച്ച ഈ ശാസ്ത്രജ്ഞൻമാർ അത്ഭുതപ്പെടുകയാണുണ്ടായത് ബി.എ.ആർ.സി യുടെ മുപ്പതു വർഷത്തിനുമേൽ പഴക്കമുള്ള പന്ത്രണ്ടോളം ബഹുനിലക്കെട്ടിടങ്ങളിൽ ഈ ഉപകരണം സ്ഥാപിക്കുവാൻ അപ്പോൾ തന്നെ അവർ ശുപാർശ ചെയ്യുകയും ചെയ്തു.
''ഇന്ന് അധികം പേരും ഫ്ളാറ്റുകളിലോ ബഹുനിലക്കെട്ടിടങ്ങളിലോ ആണു താമസം. തീ പിടുത്തമുണ്ടായാൽ രക്ഷപ്പെടാൻ കോണികളോ ലി്ര്രഫുകളോ മാത്രമാണ് ശരണം. തിക്കും തിരക്കും പുകപടലങ്ങളും അപകട സാധ്യത വർദ്ധിപ്പിക്കുന്നു. തീപിടിക്കാത്ത ഫൈബർ ഗ്ലാസുകൊണ്ടും കോൺക്രീറ്റുകൊണ്ടും നിർമ്മിക്കുന്ന രക്ഷാസംവിധാനമാണ് 'ഫയർ എസ്‌കേപ്പ് സിസ്റ്റം'. കെട്ടിടത്തിന്റെ മുകളിൽ നിന്നും താഴേക്കു ചരിച്ചുഘടിപ്പിക്കുന്ന ഇതിലേക്ക്, ആളുകൾക്ക് അനായാസം പ്രവേശിക്കാനും ഒന്നിനു പിറകേ ഒന്നായി ഒഴുകിയിറങ്ങാനും കഴിയും. വേഗത ഓട്ടോമാറ്റിക്കായി നിയന്ത്രിക്കപ്പെടും. ചൂടിനെ തടുക്കുവാൻ വെള്ളം സ്‌പ്രേ ചെയ്യും. കോണിയിറങ്ങുന്നതിനേക്കാൾ നാലിരട്ടി വേഗത്തിൽ ആളുകൾക്ക് ഇതു വഴി രക്ഷപ്പെടുവാൻ കഴിയും. ഒരു നിലയിൽ ഈ സംവിധാനം ഒരുക്കുന്നതിന് അരലക്ഷം രൂപ മാത്രമേ ചെലവു വരൂ.''

ഗുരുത്വാകർഷണത്തിലൂടെ ലഭിക്കുന്ന എനർജി ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന യന്ത്രമാണ് ഡേവിഡിന്റെ മറ്റൊരു മാസ്റ്റർ പീസ്. യാതൊരുവിധ ഇന്ധനമോ, വിലപിടിപ്പുള്ള യന്ത്രസാമഗ്രികളോ ആവശ്യമില്ല. 'കുത്തനെയുള്ള ഒരു ഇരുമ്പുകുഴലും അതിനോടു ചേർത്തു ഘടിപ്പിച്ചിട്ടുള്ള മറ്റൊരു കുഴലും കുറച്ചു ഗോളങ്ങളും മാത്രമാണ് ഇതിന്റെ പ്രധാന ഭാഗങ്ങൾ. കുഴലിൽ വെള്ളം നിറച്ചശേഷം തടിയുടേയോ, പൊള്ളയായ കോൺക്രീറ്റിന്റേയോ ഗോളങ്ങൾ അതിലേക്കിടുന്നു. ആ ഗോളങ്ങൾ കുഴലിൽ വെള്ളത്തിന്റെ മുകൾപ്പരപ്പിൽ കിടക്കും. അവിടെനിന്നും ഈ ഗോളങ്ങൾ ഗുരുത്വാകർഷണപ്രകാരം കുഴലിന്റെ അഗ്രഭാഗത്തു ഘടിപ്പിച്ചിരിക്കുന്ന കുഴൽവഴി സ്വയം താഴേക്കു പതിക്കുകയും അത് ഒരു ചക്രത്തെ കറക്കുകയും ചെയ്യും. ഒരു ഗോളം താഴെ വീഴുമ്പോൾ ഉണ്ടാകുന്ന എനർജി ഉപയോഗിച്ചാണ് മറ്റൊരു ഗോളം മുകളിലെത്തിക്കുന്നത്. ഗോളങ്ങൾ തുടർച്ചയായി വീണുകൊണ്ടിരിക്കുമ്പോൾ ചക്രവും തുടർച്ചയായി കറങ്ങിക്കൊണ്ടിരിക്കുകയും അതുമായി ബന്ധിപ്പിച്ചിരിക്കുന്ന ജനറേറ്റർ വൈദ്യുതി ഉത്പാദിപ്പിക്കുകയും ചെയ്യും.'' വൈദ്യുതിക്ഷാമം രൂക്ഷമായിക്കെണ്ടിരിക്കുന്ന ഈ കാലത്ത്, വെറും 2 ലക്ഷം രൂപയ്ക്ക് ഒരു ചെറിയ വീടിന് ആവശ്യമുള്ള വൈദ്യുതി ഉത്പാദിപ്പിക്കാനാകുമെന്ന് ഡേവിഡ് പറയുന്നു. പരിസ്ഥിതി പ്രശ്നങ്ങളില്ല. ചെലവും തുച്ഛം.

വീടിനു മുന്നിലുള്ള മനോഹരമായ പൂന്തോട്ടത്തിൽ, ലോറിയുടെ ഉപയോഗശൂന്യമായ സ്പ്രിംഗും ബെയറിംഗുകളും കൊണ്ടു നിർമ്മിച്ച കറങ്ങുന്ന സിമന്റ് ബെഞ്ചിൽ നമ്മോടൊപ്പമിരുന്ന് നൂറായിരം പുത്തനാശയങ്ങൾ അദ്ദേഹം പങ്കുവെയ്ക്കുകയാണ്. പ്രകൃതിയെ നോവിക്കാത്ത, ചൂഷണം ചെയ്യാത്ത, ചെലവുകുറഞ്ഞ ഇത്തരം എത്രയോ യന്ത്രോപകരണങ്ങൾ ഇനിയും നമുക്ക് ആവശ്യമുണ്ട്. അദ്ദേഹം തന്റെ പരീക്ഷണങ്ങളും കണ്ടുപിടുത്തങ്ങളും തുടർന്നു കൊണ്ടേയിരിക്കുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.