Wednesday, 20 September 2017 8.02 PM IST
അന്നദാന വിപ്ളവം
December 18, 2016, 9:30 am
ജി. ലക്ഷ്മിപ്രിയ
ദിവസവും കേൾക്കുന്നത് വികസനത്തിന്റെയും പുരോഗതിയുടെയും കഥകൾ... അപ്പോഴും സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിൽ നമ്മളാരും അധികം അറിഞ്ഞിട്ടും കേട്ടിട്ടുമില്ലാത്ത കുറേ ജീവിതങ്ങളുണ്ട്... ഒരു നേരത്തെ വിശപ്പടക്കാൻ പോലും വഴിയില്ലാതെ, പുഴുക്കളെ പോലെ തെരുവുകളിലും മോശം സാഹചര്യങ്ങളിലും ജീവിച്ചു മരിക്കേണ്ടി വരുന്നവർ. പണത്തിന്റെയും ധാർഷ്ട്യത്തിന്റെയും മോടിയോടെ തെരുവിലെ മാലിന്യക്കൂനയിലേക്ക് ഭക്ഷണം വലിച്ചെറിയുന്നവർ ഈ പുതിയ കാലത്തും എത്രയോ പേരുണ്ട്. വിവാഹദിനത്തിലെ ആർഭാടത്തിന്റെ ബാക്കിയായ വിഭവങ്ങൾ പെട്രോളും എണ്ണയുമുപയോഗിച്ച് കത്തിക്കുന്നതും കുഴിച്ചുമൂടുന്നതും നഗരങ്ങളിലെന്നല്ല, ഗ്രാമങ്ങളിലെയും പതിവ് മാത്രം.

ഈ കാഴ്ചകൾക്കിടയിലാണ് ഇന്ത്യയിലെ പതി നാറുലക്ഷം സ്‌കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുന്ന 'അക്ഷയപാത്ര ഫൗണ്ടേഷൻ' സാമൂഹ്യസേവനമേഖലയിലെ വേറിട്ട മുഖമാകുന്നത്. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധസംഘടനയാണിത്. വിദ്യാഭ്യാസം പോയിട്ട് ഒരു നേരത്തെ ഭക്ഷണം പോലും കിട്ടാക്കനിയായ സംസ്ഥാനത്തെ വിദ്യാർത്ഥികൾ ഇന്ന് വയറുനിറച്ചുണ്ട് അക്ഷരങ്ങളറിയുന്നു, പഠിച്ചു മുന്നേറുന്നു, ജീവിതത്തിൽ തലയുയർത്തി നിൽക്കുന്നു.

ഒരിക്കൽ മടിയോടെ ഉപേക്ഷിച്ച സ്‌കൂളുകളിലേക്കാണ് ഇന്ന് വിദ്യാർത്ഥികൾ പ്രതീക്ഷയോടെ കടന്നു വരുന്നത്. ഒട്ടും സങ്കോചപ്പെടാതെ, രുചിയോടെ ഭക്ഷണവും അറിവും കിട്ടുന്നയിടമായി സ്‌കൂളുകൾ മാറിയിട്ടുണ്ടെന്ന് അവർ തിരിച്ചറിയുന്നു. ഈ പരിശ്രമങ്ങൾക്ക് പിന്നിൽ ഒരു മലയാളിയുടെ ഇച്ഛാശക്തിയുണ്ട്. ഇസ്‌കോണിന്റെ പ്രസിഡന്റും അക്ഷയപാത്ര പദ്ധതിയുടെ ചെയർമാനുമായ മധു പണ്ഡിറ്റ് ദാസയെന്ന എൻ. മധുസൂദനൻ. തിരുവനന്തപുരം സ്വദേശിയാണ് അദ്ദേഹം. വറ്റാത്ത ഈ സ്‌നേഹത്തിനു പിന്നിലും കനിവിന്റെ ഒരു ജീവിതകഥ വരച്ചു കാട്ടുന്ന വ്യക്തി.

കുട്ടിക്കാലത്ത് ശാസ്ത്രപഠനം പ്രാണനായിരുന്നു. 1981 ൽ ബോംബെ ഐ.ഐ.ടിയിൽ നിന്ന് സിവിൽ എൻജിനിയറിംഗിൽ ബി.ടെക് പൂർത്തിയാക്കി. ആ കാലത്തായിരുന്നു ലോകതത്വങ്ങളെക്കുറിച്ചും പൊരുളിനെക്കുറിച്ചും അഗാധമായ ചിന്തകൾ ഉള്ളിന്റെയുള്ളിൽ നിന്നും ഉണർന്നു വന്നത്. പല സംശയങ്ങൾക്കും ഉത്തരമുണ്ടായിരുന്നില്ല. ജീവിതത്തിലെ വഴിത്തിരിവ് ആ നിമിഷത്തിൽ സംഭവിച്ചതായിരുന്നു. അന്ന് ലോകമെങ്ങും സജീവമായ 'ഹരേ കൃഷ്ണ' മൂവ്‌മെന്റിന്റെ ആചാര്യനും സ്ഥാപകനുമായ ഭക്തിവേദാന്ത പ്രഭുപാദയുടെ ലക്ഷ്യത്തിനൊപ്പം ചേരുകയായിരുന്നു ആദ്യപടി. ഒരിക്കൽ കൊൽക്കത്തയിലെ മായാപൂർ എന്ന ഗ്രാമത്തിൽ നിന്നുള്ള ഒരു കാഴ്ചയിൽ പ്രഭുപാദയുടെ മനസുടക്കി. തെരുവ് നായകളോടൊപ്പം കുപ്പത്തൊട്ടിയിൽ ഭക്ഷണത്തിനു വേണ്ടി മത്സരിക്കുന്ന കുട്ടികളുടെ ചിത്രം അദ്ദേഹത്തിന് മറക്കാനേ കഴിഞ്ഞില്ല. അങ്ങനെയാണ് ജൂൺ 2000 ൽ അക്ഷയപാത്രയ്ക്ക് തുടക്കമായത്. സ്‌കൂളിൽ പോകുന്ന കുട്ടികൾക്ക് പോഷകാഹാരക്കുറവ് കൊണ്ട് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ളതും വേദനിപ്പിക്കുന്ന യാഥാർത്ഥ്യമായി കൺമുന്നിലുണ്ടായിരുന്നു. അവർക്കു വേണ്ടി എന്തു ചെയ്യാൻ കഴിയുമെന്ന ഹരേ കൃഷ്ണ പ്രവർത്തകരുടെ കൂട്ടായ ചിന്തയുടെ പ്രതിഫലനമാണ് അക്ഷയപാത്ര ഫൗണ്ടേഷൻ. തുടർന്ന് മുപ്പതിനായിരം കുട്ടികൾക്ക് ഒരേ സമയം ഭക്ഷണമുണ്ടാക്കാൻ കഴിയുന്ന കേന്ദ്രീകൃത അടുക്കള മധു പണ്ഡിറ്റ് ദാസ വിഭാവനം ചെയ്തു. ഈയൊരു കാലഘട്ടത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഒരു നേരത്തെ വിശപ്പടക്കാൻ പോലും ഗതിയില്ലാതെ സ്‌കൂളിൽ പോകാതെ മാറിനിൽക്കേണ്ടി വരുന്ന കുരുന്നുകളുടെ ജീവിതസാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെടുന്നത്. ആദ്യം വെറും ആയിരത്തിയഞ്ഞൂറ് കുട്ടികളെ ചേർത്തായിരുന്നു പദ്ധതി തുടങ്ങിയത്. പിന്നീടത് വളർന്നു കൂടുതൽ വിശപ്പടക്കാൻ തുടങ്ങി. ഉച്ചഭക്ഷണം നൽകി വിശപ്പ് മാറ്റുക മാത്രമല്ല പദ്ധതി ചെയ്തത്, തലയുയർത്തി പിടിച്ച് അഭിമാനത്തോടെ അക്ഷരങ്ങൾ അറിയുന്നതിനായി സ്‌കൂളിലേക്ക് ക്ഷണിക്കുക കൂടിയായിരുന്നു.

അക്ഷയപാത്രയുടെ ആദ്യഘട്ടപ്രവർത്തനങ്ങൾ പലപ്പോഴും ഫണ്ടിന്റെ അഭാവം കാരണം ഏറെ പ്രതിസന്ധിയിലായിട്ടുണ്ട്. ആഹാരത്തിനു വേണ്ടി കുട്ടികൾ കാത്തിരിക്കുകയാണെന്ന യാഥാർത്ഥ്യം കൺമുന്നിലുള്ളപ്പോൾ ഒരു വഴിയും മുന്നിൽ തെളിഞ്ഞുകിട്ടാതെ ദിവസങ്ങളോളം ഉറക്കം വരാത്ത അവസ്ഥയുണ്ടായിട്ടുണ്ട്. അവരുടെ കണ്ണുനീരിന് മുന്നിൽ ഞങ്ങളുടെ ഉറക്കത്തിനെന്താണ് വില? പിന്നെ പതിയെ പതിയെ സഹായങ്ങളെത്തിത്തുടങ്ങി. ബംഗളൂരുവിലെ ഇസ്‌കോൺ ക്ഷേത്രത്തിന് ചുറ്റുമുള്ള അഞ്ച് സർക്കാർ സ്‌കൂളിലെ 1600 കുട്ടികൾക്ക് ഉച്ചഭക്ഷണം എത്തിച്ചുകൊണ്ടായിരുന്നു തുടക്കം. ആദ്യഘട്ടം പ്രതിസന്ധികളുടേതായിരുന്നു. ചെറിയൊരു അടുക്കള മാത്രമായിരുന്നു ആകെ ഉണ്ടായിരുന്നത്. മണിപ്പാൽ ഗ്ലോബൽ എഡ്യുക്കേഷനിലൂടെയും ഇൻഫോസിസിലൂടെയും ശ്രദ്ധേയനായ ടി.വി. മോഹൻദാസ് പൈയും അജയ് ജെയ്നയും വാഹനവും മറ്റു അനുബന്ധ സൗകര്യങ്ങളും നൽകാനെത്തിയതോടെ പദ്ധതിക്ക് ആരംഭമായി.

അക്ഷയപാത്രയുടെ യഥാർത്ഥ വളർച്ച തുടങ്ങുന്നത് 2003 ൽ സംസ്ഥാനത്തെ സ്‌കൂളുകളിൽ ഉച്ചഭക്ഷണമെത്തിക്കുമോയെന്ന ചോദ്യവുമായി കർണാടക സർക്കാരെത്തിയതോടെയാണ്. ഉച്ചഭക്ഷണത്തിനായി തങ്ങൾ ചെലവാക്കുന്ന പണം അക്ഷയപാത്രയ്ക്ക് സബ്സിഡിയായി നൽകുമെന്നായിരുന്നു സർക്കാരിന്റെ വാഗ്ദാനം. എന്നാൽ ഒരു പടികൂടി കടന്ന് സ്വകാര്യ സംരംഭകരിൽ നിന്ന് കൂടി പണം കണ്ടെത്തി സർക്കാർ ഉദ്ദേശിച്ചതിലും കൂടുതൽ പോഷകമൂല്യമുള്ള ഭക്ഷണം എത്തിക്കുമെന്ന മറുപടിയാണ് അക്ഷയപാത്ര നൽകിയത്. അങ്ങനെ, ബംഗളൂരുവിലെ സർക്കാർ സ്‌കൂളിൽ ഉച്ചഭക്ഷണമെത്തി. അതിനുവേണ്ടി മാത്രം ഇസ്‌കോൺ ക്ഷേത്രത്തിനോടു ചേർന്ന് അത്യാധുനിക സംവിധാനങ്ങളുള്ള അടുക്കള തയ്യാറാക്കി. അധികം വൈകാതെ തന്നെ കർണാടകയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും അക്ഷയപാത്രയുടെ വണ്ടി കളെത്തി തുടങ്ങി. പരിമിതികൾക്കിടയിലും ഭക്ഷണം ഒരിക്കൽ പോലും കുട്ടികൾക്ക് മുടങ്ങാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. അടുത്ത വെല്ലുവിളി വടക്കേ ഇന്ത്യയിലെ ഗ്രാമങ്ങളിലെ കുട്ടികളായിരുന്നു. അവരുടെ ഭക്ഷണശീലം തികച്ചും വ്യത്യസ്തമാണല്ലോ. ഇന്നിപ്പോൾ വൃന്ദാവനിലെ അക്ഷയപാത്രയുടെ അടുക്കളയിൽ ഒരേ സമയം നാൽപ്പതിനായിരം റൊട്ടിയുണ്ടാക്കുന്ന യന്ത്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.

ഒരു വർഷത്തിനുള്ളിൽ രാജസ്ഥാൻ സർക്കാരും അക്ഷയപാത്രയെ സമീപിച്ചു. തുടക്കം അവിടെയും വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. എന്നിട്ടും രാജസ്ഥാനിലെ നാലിടത്ത് അടുക്കളകൾ നിർമ്മിച്ച് കുട്ടികൾക്ക് ഭക്ഷണമെത്തിക്കാൻ ഇവർക്കായി. വാഹനങ്ങൾ കടന്നുചെല്ലാത്ത രാജസ്ഥാനിലെ ബറാൻ മേഖലയിലെ സ്‌കൂളുകളിൽ ഗ്രാമവാസികളുടെ സഹകരണത്തോടെ വീടുകളിൽ ഭക്ഷണം തയ്യാറാക്കി സൈക്കിളുകളിലും സ്‌കൂട്ടറുകളിലുമായി മുടങ്ങാതെ അന്നമെത്തിച്ചു.ഒരു നേരത്തെ വിശപ്പെങ്കിലും അകറ്റാമെന്ന പ്രതീക്ഷയിലാണ് ഓരോ കുട്ടികളും അക്ഷരമുറ്റത്തെത്തുന്നത്. ആന്ധ്രപ്രദേശ്, അസാം, ചത്തീസ്ഗഡ്, ഗുജറാത്ത് തുടങ്ങിയ പത്ത് സംസ്ഥാനങ്ങളിൽ പദ്ധതി നടപ്പിലായി. ഓരോ സംസ്ഥാനത്തും അവരുടെ ഭക്ഷണരീതിയാണ് പിന്തുടരുന്നത്. പച്ചക്കറിയടക്കമുള്ള സാധനങ്ങൾ വിഷകരമല്ലെന്ന് ഉറപ്പുവരുത്തിയശേഷം മാത്രമേ പാചകം ചെയ്യൂ. ഓരോ ദിവസവും ഭക്ഷണത്തിന്റെ നിലവാരം പരിശോധിക്കുന്നുണ്ട്.

കേന്ദ്രീകൃത സംവിധാനമുള്ള അക്ഷയപാത്രയുടെ അടുക്കളകളിൽ ഇത്രയുമധികം ഭക്ഷണസാധനങ്ങൾ ഒരുമിച്ച് പാചകം ചെയ്യുന്നതിനുള്ള വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഭക്ഷണസാധനങ്ങൾ നിറച്ചുകൊണ്ടു പോകാൻ കഴിയുന്ന സംവിധാനമുള്ള നൂറുകണക്കിന് വാഹനങ്ങളുണ്ട്. തെരുവിൽ നിന്ന് ഉച്ചഭക്ഷണത്തിനു വേണ്ടി സ്‌കൂളിലെത്തി പിന്നീട് പഠനം പൂർത്തിയാക്കി ജീവിതത്തിൽ ഉന്നതവിജയം കൈവരിച്ചവരും നിരവധിയാണ്. രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ഇവരിൽ പലരുമിന്ന് അക്ഷയപാത്രയ്‌ക്കൊപ്പം സഞ്ചരിക്കുന്നു. ആദ്യഘട്ടത്തിൽ പദ്ധതിയുടെ ഭാഗമാകാൻ കഴിഞ്ഞത് ആയിരത്തഞ്ഞൂറോളം പിന്നാക്കപ്രദേശങ്ങളിലെ കുട്ടികൾക്കായിരുന്നു. പതിനാറുവർഷം പൂർത്തിയാകുമ്പോൾ അക്ഷയപാത്ര ഉച്ചഭക്ഷണ പദ്ധതി സാമൂഹ്യമേഖലയിലെ പ്രത്യാശാപൂർണമായ ഇടപെടൽ കൂടിയാകുന്നു. അതിനോടൊപ്പം പത്തു സംസ്ഥാനങ്ങളിലെ 23 പ്രദേശങ്ങളിലെ പതിനാറ് ലക്ഷത്തോളം വിദ്യാർത്ഥികളുടെ വിശപ്പകറ്റുന്നു. ഇക്കഴിഞ്ഞ വർഷം രാജ്യം പത്മശ്രീ നൽകിയാണ് മധു പണ്ഡിറ്റ് ദാസയെ ആദരിച്ചത്. അക്ഷയപാത്രയെന്ന മറ്റാരും സ്വപ്നം കാണാൻ ധൈര്യം കാണിക്കാത്ത പദ്ധതിയുടെ നടത്തിപ്പ് കൂടി പരിഗണിച്ചായിരുന്നു ഇത്.

അക്ഷയപാത്രയുടെ അന്തഃസത്ത ഇപ്രകാരമാണ്. കുട്ടികൾക്ക് ഭക്ഷണം നൽകാൻ ശേഖരിക്കുന്ന ഫണ്ട് അതിനു വേണ്ടി മാത്രമേ ഉപയോഗിക്കാവൂ, ക്ഷേത്രങ്ങളിലെ കാര്യങ്ങൾക്കു പോലും അവ ഉപയോഗിച്ചു കൂടാ. പദ്ധതിയുടെ വരവു ചെലവു കണക്കുകൾ സുതാര്യമാണ്. ഈ തുറന്നുപറച്ചിൽ തന്നെയാണ് പദ്ധതിയുമായി മുന്നോട്ടു പോകുന്നതിനുള്ള ആത്മവിശ്വാസം പ്രദാനം ചെയ്യുന്നതെന്നും മധു പണ്ഡിറ്റ് ദാസ പറയുന്നു. 2020 ആകുമ്പോഴേക്കും ഇന്ത്യയിലെ അഞ്ചു മില്യൺകുട്ടികൾക്ക് ഭക്ഷണമെത്തിക്കണമെന്നാണ് അക്ഷയ പാത്ര വിഭാവനം ചെയ്യുന്ന ലക്ഷ്യം. വലിയൊരു സ്വപ്നത്തിന്റെ പിന്നാലെയാണിപ്പോൾ മധുപണ്ഡിറ്റ് ദാസ. കേരളത്തിൽ ഇതുവരെ അക്ഷയപാത്ര പദ്ധതിക്ക് തുടക്കമിടാൻ കഴിഞ്ഞിട്ടില്ല. ഉച്ചഭക്ഷണം വിതരണം ചെയ്യാൻ അവർ ഒരുക്കമാണ്, പക്ഷേ ആവശ്യമായ സാഹചര്യങ്ങൾ ഒരുക്കാൻ സർക്കാർ സഹായം വേണ്ടതുണ്ട്. അക്ഷയപാത്ര അടുക്കളകൾ ഒരുക്കുന്നതിനായി സ്ഥലവും സൗകര്യവും വേണം, ഇതിനായി സർക്കാർ പിന്തുണയാണ് വേണ്ടത്. മറ്റു പല സംസ്ഥാനങ്ങളും പദ്ധതി നടത്തിപ്പിനായി സമീപിച്ചിട്ടുണ്ടെങ്കിലും കേരളത്തിൽ നിന്നും ഇങ്ങനെയൊരു നീക്കം ഇതുവരെ ഉണ്ടായിട്ടില്ല. പോഷകാഹാരക്കുറവ് കാരണം വാർത്തകളിലെത്തുന്ന അട്ടപ്പാടിയിൽ പദ്ധതി നടത്തണമെന്ന ആഗ്രഹത്തിലാണിവർ. പിന്തുണ അറിയിച്ചു കൊണ്ടുള്ള ആ വിളിക്കായി കാത്തിരിക്കുകയാണ് ലക്ഷക്കണക്കിന് പിഞ്ചുമക്കളുടെ വിശപ്പിന് ആശ്വാസമേകിയ അക്ഷയപാത്ര.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.