Wednesday, 20 September 2017 8.06 PM IST
പ്രത്യാശയുടെ ഉത്സവം
December 25, 2016, 9:30 am
ഡോ. ജോർജ് ഓണക്കൂർ
കല മനുഷ്യർക്കും സംഭവിക്കാനിരിക്കുന്ന വലിയ സന്തോഷത്തിന്റെ സദ് വാർത്ത; യേശുവിന്റെ ജനനം അറിയിക്കുന്നത് ഇങ്ങനെയാണ്. പാവപ്പെട്ട ആട്ടിടയന്മാർക്കാണ് അത് നൽകപ്പെടുന്നത് എന്നത് ശ്രദ്ധേയം. ബത്ലഹേം പട്ടണത്തിലെ സത്രത്തിൽ കാലിത്തൊഴുത്തിലെ പുൽത്തൊട്ടിലിലാണ് 'തിരുപ്പിറവി ' സംഭവിക്കുന്നത്. സ്വന്തം ദേശത്ത് പേര് എഴുതിക്കാൻ പുറപ്പെട്ട് യൗസേപ്പിനും ഭാര്യ മറിയത്തിനും ജനത്തിരക്കിൽ രാത്രി കഴിയാൻ ഇടം കിട്ടിയത് അവിടെ മാത്രം. പിള്ളക്കച്ച കൊണ്ട് പൊതിഞ്ഞ് അമ്മ മറിയം ശിശുവിനെ പുൽത്തൊട്ടിയിൽ കിടത്തി. കാലികൾ കാതു കൂർപ്പിച്ച് ജീവന്റെ ആദ്യസ്വരം ശ്രവിച്ചു നിന്നു. ഇന്ന്, ക്രിസ്മസ് രാവിൽ ലോകമെങ്ങും പുൽക്കുടിലുകൾ പ്രത്യക്ഷമാകുന്നുണ്ട്. ദിവ്യജനനത്തെ ഓർമ്മപ്പെടുത്തുന്ന എളിമയുടെ അടയാളം. കാലത്തിന്റെ പ്രതീക്ഷകൾ നിറവേറ്റപ്പെടുന്നത് കൊട്ടാരക്കെട്ടുകളിലല്ല, പ്രഭുമന്ദിരങ്ങളിലല്ല. സാധുമനുഷ്യരുടെ ഹൃദയവിശുദ്ധിയിലാണ്!

യേശുവിന്റെ ജനനസമയത്ത് കിഴക്ക് ആകാശപഥത്തിൽ പ്രകാശ നക്ഷത്രം ഉദയംചെയ്തു. അത് ദർശിച്ചാണ് ശിശുവിനെ ആരാധിക്കാൻ ജ്ഞാനികൾ വന്നെത്തിയത്. അതിന്റെ ഓർമ്മപ്പെടുത്തലുമായി ക്രിസ്മസ് കാലത്ത് എങ്ങും നക്ഷത്രവിളക്കുകൾ തെളിയുന്നു. ഈ നക്ഷത്രവും വഹിച്ചുകൊണ്ട് ക്രിസ്മസ് രാവുകളിൽ കരോൾ സംഘങ്ങൾ ഭവന സന്ദർശനങ്ങൾ നടത്തുന്നു. ദേവാലയങ്ങളിലും നക്ഷത്രവിളക്കുകൾ തെളിയുന്നു. ഹൃദ്യമായ കരോൾ ഗാനങ്ങൾ ആലപിക്കുന്നു. ശാന്തസുരഭിലമായ സംഗീത സാന്ദ്രമായ ക്രിസ്മസ് രാത്രി !

യേശുവിന്റെ ജനനം സകല മനുഷ്യർക്കുമായി സംഭവിക്കുന്ന മഹാസന്തോഷത്തിന്റെ അടയാളം. അതുകൊണ്ടുതന്നെ ക്രിസ്മസ് ശാന്തിയുടെ ഉത്സവമാകുന്നു. യൂദയാഗോത്രത്തിലാണ് യേശു ഭൂജാതനായത്. ദൈവത്തിന്റെ സ്വന്തജനം എന്ന് അവകാശപ്പെടുന്ന ഗോത്രം. ആ ഗോത്രപാരമ്പര്യം ബൈബിളിൽ പ്രത്യേകം അങ്കിതമാണ്. പിതാവായ അബ്രഹാം മകൻ ഇസഹാക്ക്, ഇസഹാക്കിന്റെ പുത്രൻ യാക്കോബ്. അങ്ങനെ നീളുന്ന വംശപരമ്പരയിൽ പ്രധാനി ദാവീദ് രാജാവ്. ദാവീദിന്റെ മകനായി ജ്ഞാനിയായ ശലോമോൻ... ഒടുവിൽ മറിയത്തിന്റെ ഭർത്താവ് യൗസേപ്പ്. യേശു പിറന്നത് മറിയത്തിൽ നിന്നാണ്.

പല പരീക്ഷകളും പാപദണ്ഡനങ്ങളും ഏൽക്കേണ്ടിവന്ന യൂദയാഗോത്രം ഒരു രക്ഷകനു വേണ്ടി പ്രാർത്ഥനാപൂർവം കാത്തിരുന്നു. അതിന്റെ സാഫല്യമായിട്ടാണ് യേശുവിന്റെ തിരുപ്പിറവി സംഭവിക്കുന്നത്. സകല മനുഷ്യർക്കും സ്വാതന്ത്ര്യം, സന്തോഷം. യേശുവിന്റെ ജനനം പുതിയ ചരിത്ര സൃഷ്ടിയായി. മോശയുടെയും നിയമങ്ങൾ അനുസരിച്ചുപോന്ന യഹൂദ ജനതയ്ക്ക് വിശ്വാസപരമായ പുനർജ്ജനി. 'പഴയനിയമ'ത്തിൽ ഉയർന്നു കേൾക്കുക ശിക്ഷയുടെ ഭീഷണശബ്ദം; പുതിയ നിയമത്തിൽ സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും കരുതലിന്റെയും സ്വരവീചികൾ. പാവപ്പെട്ടവർക്കിടയിൽ ജന്മംകൊണ്ട് അവൻ അവരുടെ രക്ഷകനായി. ഒരു പുതിയ നിയമത്തിൽ ജനഹൃദയങ്ങളെ ഒരുമിപ്പിച്ചു. 'കണ്ണിനുപകരം കണ്ണ്, പല്ലിനു പകരം പല്ല് ' എന്ന പഴയ നിയമം പൊളിച്ചെഴുതി. ശത്രുവിനെ സ്‌നേഹിക്കുക, പാപത്തിൽ അകപ്പെട്ടവർക്ക് മോചനം നൽകുക എന്നിങ്ങനെ അവന്റെ കാഴ്ചപ്പാട്. മനുഷ്യസ്‌നേഹത്തെക്കാൾ വലിയ ദൈവാരാധനയില്ല എന്ന നൂതന സുവിശേഷം.

അടിച്ചമർത്തപ്പെട്ടവരുടെ ശബ്ദമായിരുന്നു യേശു. പാപത്തെ വെറുക്കുമ്പോഴും പാപികളെ സ്‌നേഹിച്ച കാരുണ്യ നിധി. പാപിനിയായ സ്ത്രീയെ കല്ലെറിയണമെന്ന ന്യായ പ്രമാണവുമായി എത്തിയവരോട് അവൻ പറഞ്ഞു: 'നിങ്ങളിൽ പാപം ചെയ്യാത്തവർ ഇവളെ കല്ലെറിയുക...' അദ്ധ്വാനിക്കുന്നവർക്കും ഭാരം ചുമക്കുന്നവർക്കും അവൻ അത്താണിയായി. ദേവാലയം കച്ചവട കേന്ദ്രമായി മാറിയപ്പോൾ ചാട്ടവാറെടുത്തു; അവിടെ ക്രിയവിക്രയം ചെയ്തു കൊണ്ടിരുന്നവരെയെല്ലാം പുറത്താക്കി. നാണയ വില്പനക്കാരുടെ മേശകളും പ്രാവ് വില്പനക്കാരുടെ ഇരിപ്പിടങ്ങളും തട്ടിമറിച്ചിട്ടു. അവൻ അവരോട് പറഞ്ഞു: 'എന്റെ ഭവനം പ്രാർത്ഥനാലയം എന്നു വിളിക്കപ്പെടും എന്ന് എഴുതപ്പെട്ടിരിക്കുന്നു. നിങ്ങളോ, അത് കവർച്ചക്കാരുടെ ഗുഹയാക്കിയിരിക്കുന്നു.'

'എനിക്ക് വേണ്ടത് ബലിയല്ല, കരുണയാണ്.' എന്ന് പുരോഹിതന്മാരോടും നിയമജ്ഞരോടും യേശു തുറന്നടിച്ചു. ധനവാൻ സ്വർഗരാജ്യത്തിൽ പ്രവേശിക്കുന്നതിനെക്കാൾ ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നത് എളുപ്പം. നന്മ തേടുന്ന മനുഷ്യർ യേശുവിന്റെ ജനനത്തിൽ ആഹ്ലാദിച്ചു. അവന്റെ വാക്കുകളിൽ ആശ്വാസം കണ്ടെത്തി. അവരുടെ ഹൃദയങ്ങൾ പ്രകാശിച്ചു. തന്നെപ്പോലെ തന്റെ അയൽക്കാരനെയും സ്‌നേഹിക്കണമെന്ന് ഓരോരുത്തരും തിരിച്ചറിഞ്ഞു. ആ തിരിച്ചറിവിനെയാണ് മുപ്പത്തിമൂന്നു വർഷം ഭൂമിയിൽ ജീവിച്ചു തീർത്തപ്പോൾ സമ്പത്തിലും അധികാരത്തിലും ഭ്രമിച്ചവർ പിടികൂടിയത്. കുറ്റമില്ലാത്ത കുഞ്ഞാടിന്റെ രക്തത്തിനു വേണ്ടി അവർ ദാഹിച്ചു. കുറുനരികളെപ്പോലെ മുറവിളി കൂട്ടി. അവനെ കുരിശിൽ തറച്ചു കൊല്ലണമെന്ന് ആക്രോശിച്ചു.

ക്രിസ്മസ് ലോകമെങ്ങും ആഘോഷിക്കപ്പെടുന്നു. ഏതെങ്കിലും നേട്ടങ്ങളുടെയോ വിജയങ്ങളുടെയോ പേരിലാണ് സാധാരണ ഇങ്ങനെ സംഭവിക്കുന്നത്. രാജാക്കന്മാർ യുദ്ധവിജയങ്ങൾ കൊണ്ടാടി വന്നത് ചരിത്രം. ക്രിസ്മസിന് ഇത്തരം പരിമിത അർത്ഥമല്ല ഉള്ളത്. അത് ഏതെങ്കിലും കേവല വിജയങ്ങളുടെ സന്തോഷ പ്രകടനവുമല്ല. പ്രത്യാശയുടെ ഉത്സവം എന്നു വിശേഷിപ്പിക്കാം. രക്ഷയുടെ കവാടങ്ങൾ അടഞ്ഞ് വിമോചനത്തിനു വഴി കാണാതെ വിഷമിച്ച മനുഷ്യസമൂഹം; അവർക്ക് പ്രതീക്ഷയുടെ പ്രകാശനിർഭരമായ ജീവ വഴികൾ വെളിവാക്കുന്നു ക്രിസ്മസ്. എല്ലാ മനുഷ്യരും ശാന്തി കണ്ടെത്തുന്നു.

അപകടങ്ങൾ നിറഞ്ഞതാണ് വർത്തമാനകാലം. മാനവികതയ്‌ക്കെതിരെ വെല്ലുവിളികൾ ഉയരുന്നു. സ്വാർത്ഥത പെരുകുന്നു. പരസ്പരം തിരിച്ചറിയാത്ത, സ്‌നേഹിക്കാൻ കഴിയാത്ത സമൂഹം. മനുഷ്യനന്മയാണ് ഏറ്റവും വലിയ ഈശ്വരാരാധന എന്നു പഠിപ്പിച്ച മതങ്ങൾ; നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്‌നേഹിക്കുക; സഹോദരൻ വിശന്നിരിക്കുമ്പോൾ നീ ആഹാരം കഴിക്കരുത്; ലോകാ സമസ്താ സുഖിനോ ഭവന്തു: എത്രയെത്ര ദർശനങ്ങൾ, ദിവ്യഗീതികൾ! അവ ഹൃദയവാതിലുകൾ തുറക്കേണ്ടതാണ്, കരുണയുടെ നീരൊഴുക്ക് സംഭവിക്കേണ്ടതാണ്.

എല്ലാം ഗ്രന്ഥങ്ങളിൽ മാത്രം! അനുഭവം നേരെ വിപരീതമായിരിക്കുന്നു. വിഭാഗീയത വളരുന്നു; വർഗീയ സംഘർഷങ്ങൾ വർദ്ധിക്കുന്നു. ജാതിപറഞ്ഞും വിദ്വേഷം ജനിപ്പിച്ചും മനുഷ്യരെ തമ്മിലകറ്റുന്ന ദുഷ്ടശക്തികൾ. പ്രായമായവർ പാഴ് വസ്തുക്കൾ; സ്ത്രീകൾ പീഡനത്തിന്റെ ഇരകൾ; വഴിവക്കിൽ ഉപേക്ഷിക്കപ്പെട്ട കുരുന്നുകളുടെ ദീനരോദനം! നമുക്ക് ക്രിസ്മസ് ആഘോഷിക്കണം. പുൽക്കുടിലുകൾ നിർമ്മിക്കണം; നക്ഷത്ര വിളക്കുകൾ തെളിക്കണം. കരോൾ സംഗീതം ആലപിക്കണം; നാവിൽ മധുരം നിറയ്ക്കണം, അതിന് നമ്മുടെ ഉള്ളിൽ സ്‌നേഹം, ശാന്തി, സന്തോഷം പൂർണമാക്കുന്ന ശിശു പിറക്കണം. എളിമയുടെ പുൽത്തൊട്ടിയാകണം മനസ്, അവിടെ പുതിയ ക്രിസ്മസ് !സ്വപ്നം യാഥാർത്ഥ്യമാകുമോ?
(ലേഖകന്റെ ഫോൺ : 9447521162)
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.