Wednesday, 20 September 2017 8.03 PM IST
കാന്താ ഞാനും വരാം
January 1, 2017, 9:30 am
അഞ്ജലി വിമൽ
മുറിയിൽ ഒട്ടിച്ചു വച്ചിരിക്കുന്ന മാപ്പ് നോക്കി റിയ അതിരാവിലെ തന്നെ സഞ്ജയിനെ വിളിക്കും. ''സഞ്ജു, ഇന്ന് ശനിയാഴ്ചയാണ്...'' രാത്രിയിലെ വൈകിയുള്ള ജോലി കഴിഞ്ഞ് മടി പിടിച്ച് കിടന്നുറങ്ങുന്ന സഞ്ജയ് പക്ഷേ റിയയുടെ ഒറ്റ വിളിയിൽ കണ്ണു തുറക്കും. മിനിട്ടുകൾക്കകം ഇരുവരും റെഡിയായി ബാഗും തൂക്കി പുറത്തേക്ക്. പിന്നെ തങ്ങളുടെ പ്രിയപ്പെട്ട ജീപ്പ് സ്റ്റാർട്ട് ചെയ്ത് ഒറ്റ പോക്കാണ്. മാപ്പിൽ അടയാളപ്പെടുത്തിയിരുന്ന ആ സ്ഥലം തേടിയുള്ള യാത്ര.

ഇവർ സഞ്ജയ്യും റിയയും. അമേരിക്കയിൽ താമസിക്കുന്ന മലയാളി ദമ്പതികൾ. വയസ് വെറും ഇരുപത്തഞ്ചേ ആയിട്ടുള്ളൂവെങ്കിലും ഇരുവരും യാത്ര ചെയ്യാത്ത സ്ഥലങ്ങളില്ല. അമേരിക്കൻ ലൈഫ് ഓരോ നിമിഷവും ആസ്വദിക്കുന്ന ന്യൂജനറേഷൻ കപ്പിൾസ്. ഒരു യാത്ര പോയാലോ എന്ന് സഞ്ജയ് തീരുമാനിക്കുന്നതിന് മുന്നേ തന്നെ പുള്ളിക്കാരന്റെ ബാഗ് സഹിതം റെഡിയാക്കി ഇറങ്ങിയിരിക്കും റിയ. അതിനി ലോകത്തിന്റെ ഏതു കോണിലായാലും റിയ ഒപ്പമുണ്ടാകും. യാത്രകളോടുള്ള പ്രണയം കൊണ്ട് ഒടുവിൽ ഇരുവരും ചേർന്ന് ഒരു വ്‌ളോഗും തുടങ്ങി... അതിന് മലയാളത്തിലൊരു സുന്ദരൻ പേരുമിട്ടു... 'കാന്താ ഞാനും വരാം.' ദിവസങ്ങൾക്കകം സംഭവം ക്ലിക്കായി. അതോടെ മലയാളത്തിലെ ആദ്യത്തെ ട്രാവൽ വ്‌ളോഗായി. സംഗതി പിന്നെയും ഹിറ്റ്.

''ന്യൂയോർക്കിലാണ് ഞങ്ങൾ താമസിക്കുന്നത്. വ്‌ളോഗ് തുടങ്ങാൻ തീരുമാനിച്ചപ്പോൾ തന്നെ പേര് മലയാളത്തിൽ മതിയെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. പിന്നെ ഞാൻ എവിടേക്ക് തിരിഞ്ഞാലും റിയ എന്നോടൊപ്പമുണ്ട്. അപ്പോൾ പിന്നെ ഇതിലും നല്ലൊരു പേര് വേറെയില്ലല്ലോ. ഞങ്ങൾ ഒരുമിച്ച് തീരുമാനിച്ച പേരാണിത്. അമേരിക്കൻ മലയാളികൾക്കിടയിൽ പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ടു. അവർക്ക് കൂടി മനസിലാകാൻ വേണ്ടിയാണ് പിന്നീട് ട്രിപ്പ് കപ്പിൾസ് എന്നു കൂടി ചേർത്തത്. '' സഞ്ജയ് പറയുന്നു. 'ആദ്യമൊക്കെ ഓരോ യാത്ര കഴിഞ്ഞു വരുമ്പോഴേക്കും സുഹൃത്തുക്കൾ ചോദിക്കുമായിരുന്നു അടുത്തതെവിടെയാണെന്ന്. ഇപ്പോൾ പിന്നെ അങ്ങനെയൊരു ചോദ്യം ഇല്ല. ഞങ്ങൾ പോയിട്ടു വരുന്ന സ്ഥലത്തിന്റെ വീഡിയോയും വിവരണവുമെല്ലാം കൃത്യമായി ഇതിൽ അപ്‌ഡേറ്റ് ചെയ്യാറുണ്ട്. മാത്രവുമല്ല, പലരും കാത്തിരിക്കും ഓരോ സ്ഥലത്തിന്റെയും വീഡിയോ വരാൻ. അതുകണ്ടിട്ട് യാത്രകൾ പ്ലാൻ ചെയ്യുന്നവരുമുണ്ട്. അതൊക്കെ വലിയ സന്തോഷമുള്ള കാര്യമല്ലേ.' റിയയ്ക്കും പങ്കുവയ്ക്കാനുണ്ട് ഒരുപാട് ഓർമ്മകൾ.

പത്തു വയസു മുതൽ പരസ്പരം അറിയാവുന്നവരാണ് സഞ്ജയ്യും റിയയും. സൗഹൃദം ഇടയ്‌ക്കെപ്പോഴോ പ്രണയത്തിന് വഴിമാറി. യാത്രകളോടുള്ള ഹരമാണ് ഇരുവരെയും പരസ്പരം അടുപ്പിച്ചത്. പക്ഷേ, ആ പ്രണയത്തിലുമുണ്ടായിരുന്നു അല്പം വ്യത്യസ്തത. പ്രണയനാളുകളിൽ കൂടുതലും സ്വപ്നം കണ്ടിരുന്നത് യാത്രകളെ കുറിച്ചായിരുന്നു. അന്നത് പറഞ്ഞ് കൂട്ടുകാർ കളിയാക്കിയിരുന്നതും ഇരുവരും ഓർക്കുന്നു. റിയയില്ലാത്തൊരു യാത്രയെ കുറിച്ച് ഇപ്പോൾ സഞ്ജയ്ക്കും ചിന്തിക്കാൻ കഴിയാത്ത അവസ്ഥയാണ്. അത്രത്തോളം യാത്ര പ്രാണനാണ് ഇരുവർക്കും. ഓരോ പുതിയ സ്ഥലത്തെ പറ്റിയും അറിയുമ്പോൾ അപ്പോൾ തന്നെ ഗൂഗിൾ ചെയ്തു നോക്കും. ഗിഫ്ട് ഓഫർ ചെയ്യുന്നവരോട് ഇരുവർക്കും പറയാനുള്ളത് ഇത്ര മാത്രം. ''ഞങ്ങൾക്ക് മറ്റൊന്നും വേണ്ട, രണ്ടു ടിക്കറ്റ് മാത്രം മതി.'' യാത്രാപ്രണയം അറിയുന്നവർ പലരും പിറന്നാൾ സമ്മാനങ്ങളായി നൽകുന്നതും ടിക്കറ്റുകളാണെന്ന് റിയ പറയുന്നു.

യാത്രകളോട് ഇരുവർക്കും നോൺസ്റ്റോപ്പ് പ്രണയമാണ്. പഠിക്കുന്ന സമയത്ത് ടൂ വീലറിൽ ഒറ്റയ്ക്ക് യാത്ര ചെയ്ത അനുഭവം രണ്ടുപേർക്കുമുണ്ട്. ചെന്നൈയും ബാംഗ്ലൂരുമെല്ലാം അങ്ങനെ പോയ സ്ഥലങ്ങളാണ്. 2015 ൽ വിവാഹം കഴിഞ്ഞാണ് സഞ്ജയ്‌ക്കൊപ്പം റിയയും അമേരിക്കയിലേക്ക് പറക്കുന്നത്. സഞ്ജയ് അവിടെ സോഫ്ട് വെയർ എൻജിനിയറാണ്. റിയ എം.ബി.എ വിദ്യാർത്ഥിനിയും. അതോടെ, യാത്രകളോടുള്ള ഹരം പിന്നെയും കൂടി. ജീവിതം ആഘോഷിക്കുകയാണ് ഇരുവരും. വേൾഡ് ട്രേഡ് സെന്ററിലേക്കുള്ള യാത്രയായിരുന്നു വ്‌ളോഗിൽ ആദ്യം പോസ്റ്റ് ചെയ്തത്. ഇന്നിപ്പോൾ എത്ര വീഡിയോ ആയെന്ന് ചോദിച്ചാൽ ഇരുവർക്കും കൃത്യമായൊരുത്തരമില്ല. പക്ഷേ, പ്രിയപ്പെട്ട സ്ഥലം ഏതെന്ന് ചോദിച്ചാൽ ഇരുവരും ഒരേ സ്വരത്തിൽ പറയുക മാൽദ്വീപ് എന്നാണ്. പിന്നെ, കാലിഫോർണിയയും. എത്ര പോയാലും മതിവരാത്ത രണ്ട് സ്ഥലങ്ങളാണ് ഇതെന്ന് സഞ്ജയ് പറയുമ്പോൾ റിയയ്ക്കും മറിച്ചൊരു അഭിപ്രായമില്ല. നോർവെ കറങ്ങി കാണുക എന്നതാണ് ഇരുവരുടെയും സ്വപ്നം. അടുത്ത വർഷം അതെന്തായാലും നടപ്പിലാക്കുമെന്നും റിയ പറയുന്നുണ്ട്. ന്യൂയോർക്കിലെ വീട്ടിൽ ഒരു മാപ്പും ഒട്ടിച്ചു വച്ചിട്ടുണ്ട്. അതു നോക്കുമ്പോഴെല്ലാം ഓരോ സ്ഥലവും മനസിൽ തെളിയും. പിന്നീട് അവിടേക്കുള്ള യാത്രയാകും മനസ് മുഴുവൻ.

കൃത്യമായ ഒരു ടൈംടേബിളും ഇരുവരും യാത്രയ്ക്ക് വേണ്ടി തയ്യാറാക്കിയിട്ടുണ്ട്. ഓരോ ആഴ്ചയിലും യാത്രയുണ്ടാകും. ശനിയാഴ്ചയാണ് യാത്ര പുറപ്പെടുക. പോയി വന്നാൽ എഡിറ്റിംഗിന് വേണ്ടി ഒരു ദിവസം മാറ്റി വയ്ക്കും. എങ്ങും പോകാൻ കഴിഞ്ഞില്ലെങ്കിൽ അടുത്തുള്ള ഷോപ്പിംഗ് മാളിലെങ്കിലും പോകുമെന്ന് റിയ കൂട്ടിച്ചേർത്തു. അമേരിക്കയിൽ എത്തിയിട്ട് ആകെ മുടങ്ങിയത് ഒറ്റ ദിവസമാണെന്നാണ് സഞ്ജയ് പറയുന്നു. അന്ന് പനിയായിരുന്നു വില്ലൻ. പോകുന്നയിടങ്ങളിലെല്ലാം കൈയിൽ ഒരു മാപ്പും കരുതിയിട്ടുണ്ടാകും ഈ ട്രിപ്പ് കപ്പിൾസ്. പോകാനുദ്ദേശിക്കുന്ന സ്ഥലങ്ങളെ കുറിച്ച് ആദ്യമേ ഒരു ധാരണ ഉണ്ടാക്കിയിട്ടാണ് യാത്രകളധികവും. അത് യാത്ര കൂടുതൽ രസകരമാക്കുമെന്നും ഇരുവരും പറയുന്നു.

യാത്ര എങ്ങോട്ടേക്കായാലും രണ്ട് പേരുടെയും ബാഗ് എപ്പോഴും റെഡിയാണെന്ന് റിയ പറയുന്നു. രണ്ടുപേരും വെജിറ്റേറിയനാണ്, അതുകൊണ്ട് പലപ്പോഴും കറങ്ങി നടക്കുമ്പോൾ പ്രശ്നമാകാറുള്ളത് ഭക്ഷണം ആണെന്നാണ് റിയ പറയുന്നത്. യാത്രയുടെ ആദ്യ ദിവസങ്ങളിലെല്ലാം ഭക്ഷണം കൂടെ കരുതാറുണ്ട്. സമയം ലാഭിക്കാനുള്ള വഴിയും അത് തന്നെയാണെന്ന് സഞ്ജയ് പറയുന്നു. പരമാവധി സമയം ലാഭിച്ച് അത് കൂടി യാത്രയ്ക്ക് വേണ്ടി മാറ്റി വയ്ക്കണമെന്ന പക്ഷക്കാരാണ് ഇരുവരും. ജീപ്പിനകത്ത് തന്നെയാണ് ഉറക്കവും. കിടക്കാൻ വേണ്ട സൗകര്യങ്ങളെല്ലാം അതിൽ തന്നെ സെറ്റ് ചെയ്തിട്ടുണ്ട്. പ്രണയം ആദ്യമൊക്കെ രണ്ടുവീട്ടിലും എതിർപ്പ് സൃഷ്ടിച്ചെങ്കിലും ഇരുവരുടെയും യാത്രകൾ ഒടുവിൽ വീട്ടുകാരുടെ മനസിനെ അലിയിപ്പിക്കുകയായിരുന്നുവെന്ന് സഞ്ജയ് പറയുന്നു. രണ്ടുപേർക്കും യാത്ര ഹരമായതുകൊണ്ട് അത് മനസിലാക്കുന്ന ആള് തന്നെ പാർട്ണർ ആയി വരുന്നതാണ് നല്ലതെന്ന് വീട്ടുകാർ തീരുമാനിക്കുകയായിരുന്നു. അതോടെ, വിവാഹം ശുഭപര്യവസായിയായി. ഓരോ നാടിനെയും അടുത്തറിയുക എന്നതാണ് ട്രിപ്പ് കപ്പിൾസിന്റെ യാത്രയുടെ ലക്ഷ്യം. അതിന് വേണ്ടി ചെറിയ ചെറിയ ഹോട്ടലുകളിൽ കയറിയാകും ആഹാരം കഴിക്കുക. യാത്രകൾക്കിടയിൽ പലപ്പോഴും വില്ലനാവുക കാലാവസ്ഥയാണ്. പെട്ടെന്നുള്ള കാലാവസ്ഥാമാറ്റം യാത്രയെ ബാധിക്കും. അധികമായിട്ടുള്ള മഞ്ഞുവീഴ്ചയൊക്കെ വന്നാൽ യാത്ര മാറ്റേണ്ടി വരും. ചിലപ്പോൾ തണുപ്പൊന്നും വക വയ്ക്കാതെയും യാത്ര തുടരുകയും ചെയ്യും. അതെല്ലാം ഇരുവരും സാഹസികതയായിട്ടാണ് കാണുന്നത്. മല കയറുകയാണ് റിയയുടെയും സഞ്ജയുടെയും പ്രധാന ഇഷ്ടം. പെൺകുട്ടിയായതിന്റെ പേരിൽ റിയ ഒന്നിൽ നിന്നും മാറി നിൽക്കാറില്ലെന്നും സഞ്ജയ് പറയുന്നു.  നാട്ടിൽ തൃശൂർ പാറക്കടവ് സ്വദേശിയാണ് സഞ്ജയ് ഹരിദാസ്. അച്ഛൻ ഹരിദാസ്, അമ്മ നിർമ്മല, സഹോദരൻ ശ്രീകാന്ത്. സഞ്ജയ്യുടെ കുടുംബം വർഷങ്ങളായി ന്യൂയോർക്കിൽ സ്ഥിരതാമസമാണ്. തൃശൂരിലാണ് റിയയുടെ കുടുംബം. ചേറ്റുപ്പുഴ വീട്ടിൽ ടോണി ജോർജിന്റെയും ഷെറി ജോർജിന്റെയും മകളാണ് റിയ. സഹോദരൻ ജിയോ. വീട്ടുകാർക്കും സുഹൃത്തുക്കൾക്കുമെല്ലാം ഇരുവരുടെയും യാത്രാപ്രണയം അറിയാവുന്നതുകൊണ്ട് തന്നെ മികച്ച സ്ഥലങ്ങൾ അവരും നിർദ്ദേശിക്കാറുണ്ട്. ഓരോ നാട്ടിലും ചെന്നാൽ അവിടെയെല്ലാം നല്ലൊരു സുഹൃത് വലയം സൃഷ്ടിച്ചിട്ടാണ് ഇരുവരുടെയും മടങ്ങി വരവ്.

കേരളത്തിൽ പീരുമേട്, വാഗമൺ, മൂന്നാറുമൊക്കയൊണ് ട്രിപ്പ് കപ്പിൾസിന്റെ പ്രിയ സ്ഥലങ്ങൾ. പിന്നെ, ഇവിടത്തെ ബീച്ചുകളും. യാത്രയുടെ കാര്യത്തിൽ രണ്ട് പേർക്കും വ്യത്യസ്ത അഭിപ്രായങ്ങളില്ല എന്നതാണ് വലിയൊരു കാര്യമായി ഇരുവരും കാണുന്നത്. ഓരോ ദിവസവും പുതിയ സ്ഥലങ്ങൾ കണ്ടെത്തുകയാണ് ഈ ട്രിപ്പ് കപ്പിൾസ്. സാഹസികത ഇഷ്ടപ്പെടുന്നവർക്കും പ്രണയിക്കുന്നവർക്കും കുടുംബത്തോടൊപ്പം അടിച്ചു പൊളിക്കാൻ ആഗ്രഹിക്കുന്നവർക്കും ഒക്കെ ഈ 'കപ്പിൾസി'നെ ഇനി ധൈര്യമായി ഫോളോ ചെയ്യാം. ഇവർക്ക് ജീവിതത്തോടുള്ള പ്രണയം യാത്രയോടുമുണ്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.