ഇതൊരു സൂചനമാത്രം
January 3, 2017, 12:10 am
എം.എ.ബേബി
എം ടിക്ക് നേരെയുള്ള ഭീഷണിയെ അത്ര ലാഘവത്തോടെ എടുക്കരുത്. സംഘപരിവാരം ഇന്ത്യയിലെ എഴുത്തുകാരെ കൈകാര്യം ചെയ്യാനാഗ്രഹിക്കുന്ന രീതി വച്ച് എത്ര നീചമായ പ്രവൃത്തിക്കും അവർ തയ്യാറാവും. ബിജെപിയും മറ്റു സംഘപരിവാര സംഘടനകളും നിശ്ചയിച്ചുറച്ച്, എംടിക്ക് നേരെ നടത്തുന്ന ആക്രമണത്തോട് കേരളമാകെ പ്രതിഷേധം രേഖപ്പെടുത്തണം. എംടി വാസുദേവൻ നായർ എന്ന ഒരു എഴുത്തുകാരന് നേരെയുള്ള ആക്രമണമല്ല, നമ്മുടെ അഭിപ്രായസ്വാതന്ത്ര്യത്തിനും ആവിഷ്കാര സ്വാതന്ത്ര്യത്തിനും നേരെയാണ് ഭീഷണി ഉണ്ടായിരിക്കുന്നത്.
എം ടിക്ക് നേരെയുള്ള സംഘടിത ആക്രമണം ഒരു സൂചനയാണ്. കേരളത്തിൽ സർവാദരണീയതയുള്ള എഴുത്തുകാരനാണ് എംടി. മിതഭാഷിയുമാണ്. എപ്പോഴും സജീവമായി രാഷ്ട്രീയത്തിൽ അഭിപ്രായം പറയുന്ന ആളല്ല. എംടിയെ ഞങ്ങൾ ഇങ്ങനെ കൈകാര്യം ചെയ്യുമെങ്കിൽ നിങ്ങളൊക്കെ എത്ര നിസാരം എന്ന് കേരളത്തിലെ മറ്റു കലാകാരോടും എഴുത്തുകാരോടും സംഘപരിവാരം പ്രഖ്യാപിക്കുകയാണ്. കേരളത്തിലെ ബിജെപിയുടെ ഒരു നേതാവ് പത്രസമ്മേളനത്തിലൂടെയാണ് ഈ ആക്രമണം ആരംഭിച്ചത്. സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനും എംടിക്കെതിരായ നിലപാട് ആവർത്തിച്ചു. തുടർന്ന് സാമൂഹ്യമാധ്യമങ്ങളിലെ സംഘപരിവാരവിഭാഗങ്ങൾ ആക്രമണം ഏറ്റെടുത്തു.
എംടിക്ക് സമശീർഷനായ യു ആർ അനന്തമൂർത്തിയൊക്കെ തുറന്ന അഭിപ്രായപ്രകടനം നടത്തുന്ന ആളായിരുന്നു. നരേന്ദ്ര മോദി പ്രധാനമന്ത്രി ആയാൽ ഇന്ത്യയിൽ നിന്ന് താമസം മാറ്റുന്ന കാര്യം ആലോചിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പാകിസ്ഥാനിലേക്കുള്ള ഒറ്റവഴി ടിക്കറ്റ് അയച്ചു കൊടുക്കുക മാത്രമല്ല, ഈ സവ്യസാചിയെ ജീവിതത്തിന്റെ അവസാന കാലം മുഴുവൻ സംഘപരിവാറുകാർ നിരന്തരം ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞു. അനന്തമൂർത്തി ഭീഷണി നേരിട്ട കാലത്ത് പല തവണ ഞാനദ്ദേഹത്തെ സന്ദർശിക്കുകയുണ്ടായി. ഇതിലൊന്നും അദ്ദേഹം കുലുങ്ങിയിട്ടുണ്ടായിരുന്നില്ല. പക്ഷേ, ഈ ശല്യത്തിൽ ഭാരതത്തിലെ മഹാനായ ആ എഴുത്തുകാരൻ ദുഖിതനായിരുന്നു.
മലയാളത്തിൻറെ അഭിമാനമായ എംടിക്ക് നേരെയുള്ള ആക്രമണത്തെ അതിശക്തമായി അപലപിക്കുന്നു, അതിൽ ശക്തമായി പ്രതിഷേധിക്കുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ