Wednesday, 20 September 2017 8.10 PM IST
മിന്നൽ പോലെ വീരപ്പൻ വേട്ട
January 1, 2017, 9:19 am
എം.എച്ച്. വിഷ്ണു
ആറായിരം കിലോമീറ്റർ വിസ്തൃതിയുള്ള വനരാജ്യത്തിലെ കീരീടം വയ്ക്കാത്ത രാജാവായിരുന്ന വീരപ്പന്റെ തലതുളച്ച് ബുള്ളറ്റുകൾ ചീറിപ്പാഞ്ഞിട്ട് പന്ത്രണ്ടു വർഷങ്ങൾ. കാട്ടാനയുടെ മസ്തകം തകർത്തും കാട്ടുപുലികളോട് പോരടിച്ചും വീരനായകനായ വീരപ്പനെ വീഴ്ത്തിയ, ഒരു വ്യാഴവട്ടം കഴിഞ്ഞും തീരാത്ത സസ്‌പെൻസ് കഥയിലെ നായകൻ ഒരു മലയാളിയാണ്. ഒറ്റപ്പാലം ചെനങ്ങാട് വടക്കത്ത് കൃഷ്ണൻ നായരുടേയും കൗസല്യയുടേയും മകൻ കെ.വിജയകുമാർ. വീരപ്പനെ വീഴ്ത്താൻ തുടങ്ങിയ 'ഓപ്പറേഷൻ കൊക്കൂൺ' പ്രത്യേക ദൗത്യത്തിന്റെ തലവനായിരുന്നു വിജയകുമാർ. നാലു പതിറ്റാണ്ട് ദക്ഷിണേന്ത്യയെ വിറപ്പിച്ച കാട്ടുകള്ളൻ വീരപ്പനെ കാട്ടിൽ നിന്ന് നാട്ടിലിറക്കി കൊലപ്പെടുത്തി രാജ്യത്തിന്റെയാകെ ഹീറോയായി മാറിയ സി.ആർ.പി.എഫ് മേധാവിയും തമിഴ്നാട് അഡി.ഡി.ജി.പിയുമായിരുന്ന കെ.വിജയകുമാർ അഖിലേന്ത്യാ പൊലീസ് ഷൂട്ടിംഗ് കായികമേളയുടെ മുഖ്യാതിഥിയായി ഈയടുത്ത് തിരുവനന്തപുരത്തെത്തി.

കാനനസാമ്രാജ്യം അടക്കിവാണ വീരപ്പനെ കൊലപ്പെടുത്തിയ ഓപ്പറേഷൻ കൊക്കൂണിനെക്കുറിച്ച് ഇന്നും പൂർണമായി ആർക്കുമറിയില്ല. വീരപ്പൻയുഗത്തിന് അവസാനംകുറിച്ച വിജയകുമാർ വീരപ്പനെ വകവരുത്തിയ ഓപ്പറേഷനെക്കുറിച്ചുള്ള പുസ്‌കരചനയുടെ അവസാനഘട്ടത്തിലാണ്. പന്ത്രണ്ടു വർഷം കഴിഞ്ഞിട്ടും സസ്‌പെൻസ് ഒടുങ്ങാത്ത ആക്ഷൻത്രില്ലറിലെ നായകൻ മനസുതുറക്കുന്നു.

' കാട്ടിലാണ് വാസമെങ്കിലും ക്രൂരതയും ബുദ്ധിയും ഒരുപോലെയുണ്ടായിരുന്ന മനുഷ്യനായിരുന്നു വീരപ്പൻ. ആളുകളുടെ മനസറിഞ്ഞ് പ്രവർത്തിക്കും. ശത്രുവിനെ പരമാവധി പഠിച്ചശേഷം യുദ്ധത്തിനിറങ്ങാനായിരുന്നു തീരുമാനം. അതിനായി വീരപ്പനെക്കുറിച്ച് പരമാവധി വിവരങ്ങൾ ശേഖരിച്ചു. സെൽവി ഗൗണ്ടർ എന്ന വേട്ടക്കാരന്റെ സഹായിയായി പത്താംവയസിലാണ് വീരപ്പൻ ആദ്യമായി ആനവേട്ടയ്ക്കിറങ്ങുന്നത്. ജീവിതകാലത്തിനിടെ ആയിരത്തോളം ആനകളെയാണ് കൊന്നുതള്ളിയത്. 250ലേറെ ആനകളുടെ കൊമ്പ് മുറിച്ച് വിദേശത്തേക്ക് കടത്തി. ഇതിന്റെ മൂല്യം ഏതാണ്ട് 200കോടി രൂപവരും. നാലുപതിറ്റാണ്ടിലെ കാനനവാസത്തിനിടെ പതിനായിരം ടണ്ണിലധികം ചന്ദനമാണ് മുറിച്ചുകടത്തിയത്. ഇതിനും 150കോടിയിലധികം വിലവരും. സത്യമംഗലം വനമേഖലയിലെ ഓരോ ഇടവും വീരപ്പന് മന:പാഠമായിരുന്നു. ഇലയനക്കത്തിലെ അസ്വാഭാവികത പോലും വീരപ്പനറിയാമായിരുന്നുവെന്ന് ഓപ്പറേഷൻ കൊക്കൂണിലെ അംഗങ്ങൾ പറയുമായിരുന്നു.

ആനക്കൊമ്പും ചന്ദനവും കടത്താനായി ഉൾക്കാട്ടിലേക്ക് നീങ്ങിയ വീരപ്പൻ പിന്നീട് ശതകോടികൾ വിലമതിക്കുന്ന വനസാമ്രാജ്യം കെട്ടിപ്പടുത്തു. തടസം നിന്നവരെയെല്ലാം കശാപ്പുചെയ്തു. പൊലീസുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരുമായി 180ലേറെപ്പേരെ കൊലപ്പെടുത്തിയിരുന്നു. 1990ൽ ദിനേഷ് എന്ന എസ്.ഐയെയാണ് ആദ്യം വകവരുത്തിയത്. തനിക്കെതിരേ ശബ്ദിച്ച ഇരുനൂറോളം വനവാസികളെ ഇല്ലാതാക്കി. സത്യമംഗലം കാടുകളിലെ ഭരണാധികാരിയായി വിലസി. കാനനഗ്രാമങ്ങളുടെ തലൈവനായിരുന്ന വീരപ്പൻ സ്വന്തം സാമ്രാജ്യത്തിലേക്ക് ആരും കടന്നുകയറാതിരിക്കാൻ ശ്രദ്ധാലുവായിരുന്നു. ഇടയ്ക്കിടെ കൂട്ടക്കൊലകൾ നടത്തി ഗ്രാമീണരേയും പേടിപ്പിച്ചുനിറുത്തി. അവരുടെ സഹായത്തോടെ ചന്ദനമരങ്ങൾ വെട്ടിവെളുപ്പിച്ചു. പൊലീസുമായി അടുക്കുന്നുവെന്ന് സംശയം തോന്നുന്നവരെയെല്ലാം കൊന്നുതള്ളി. സത്യമംഗലം വനമേഖലയിലെ പാറമടകളിൽ പാറപൊട്ടിക്കാനെത്തിച്ച സ്‌ഫോടകവസ്തുക്കൾ ശേഖരിച്ച് ബോംബുകളുണ്ടാക്കി പൊലീസിനേയും വനപാലകരേയും വിറപ്പിച്ചു.

ഓപ്പറേഷൻ കൊക്കൂൺ
വനമേഖലയിൽ രാജാവിനെപ്പോലെ വിലസി നടന്ന വീരപ്പനെ വീഴ്ത്തുകയെന്നത് ശ്രമകരമായ ദൗത്യമായിരുന്നു. വീരപ്പനൊപ്പമുണ്ടായിരുന്ന ഗോവിന്ദനും കൂട്ടാളികളും അതീവ ബുദ്ധിമാന്മാരായിരുന്നു. കൂട്ടക്കുരുതി നടത്തി ഭീതിവിതച്ച് കൂടെനിറുത്തിയ വനവാസികളേയും ഗ്രാമീണരേയും സാമ്പത്തികമായി സഹായിച്ച് വീരപ്പൻ അവരുടെ കൺകണ്ട ദൈവമായി വളർന്നു. കാവേരി നദീജല വിഷയത്തിൽ തമിഴ്നാടിന് അനുകൂലമായ നിലപാടെടുത്ത് തമിഴ് ദേശീയവാദിയായും വളർന്നു. നക്കീരൻ വാരികയിലൂടെ ലോകമറിഞ്ഞ കഥകളിലൂടെ വീരപ്പന് നായകപരിവേഷം ലഭിച്ചു. വീരപ്പനെ വീഴ്ത്താനുള്ള ദൗത്യസംഘത്തിൽ 1993 ൽ വിജയകുമാറിനെ ഉൾപ്പെടുത്തിയെങ്കിലും പിൻവലിക്കുകയായിരുന്നു. വീരപ്പൻ മൈൻ സ്‌ഫോടനത്തിലൂടെ 21 പൊലീസുകാരെ കൂട്ടക്കുരുതി നടത്തിയതിനെത്തുടർന്നായിരുന്നു ഇത്. പിന്നീട് ജയലളിതയുടെ സുരക്ഷാസംഘത്തിലേക്കും ബി.എസ്.എഫിൽ ഐ.ജിയായി ജമ്മുകാശ്മീരിലേക്കും വിജയകുമാറിനെ നിയോഗിച്ചു.

2000 ജൂലായിൽ കന്നഡ സൂപ്പർതാരം രാജ്കുമാറിനെ 108 ദിവസം ബന്ദിയാക്കിയതോടെ വീരപ്പൻ ദേശീയ ശ്രദ്ധയിലേക്കുയർന്നു. 40കോടിയാണ് മോചനദ്രവ്യമായി വാങ്ങിയത്. വിമർശനം വ്യാപകമായതിനെത്തുടർന്ന് ചന്ദനക്കാടുകൾ വെട്ടിവെളിപ്പിക്കുന്ന വീരപ്പനെ വീഴ്ത്താൻ 2001ൽ വിജയകുമാറിനെ കാട്ടിലേക്കയയ്ക്കാൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത തീരുമാനമെടുക്കുകയായിരുന്നു. ഡി.ജി.പിയായിരുന്ന വാൾട്ടർ ദേവാരത്തിന്റെ സംഘത്തിന്റെ ഭാഗമായെങ്കിലും ചെന്നൈ കമ്മിഷണറാക്കാൻ വിജയകുമാറിനെ ജയലളിത തിരിച്ചുവിളിച്ചു. 2003ൽ വീരപ്പൻ കാട്ടിലെ ആനവേട്ട ശക്തമാക്കിയതോടെ വീരപ്പനെ വധിക്കാൻ രണ്ടുവട്ടം കാടുകയറി പരാജയപ്പെട്ട വിജയകുമാറിനെ മൂന്നാംവട്ടം കാട്ടിലേക്കയയ്ക്കാൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത തീരുമാനമെടുക്കുകയായിരുന്നു. പൊലീസ് കമ്മിഷണറായിരിക്കേ ചെന്നൈ മഹാനഗരത്തെ വിറപ്പിച്ച വീരമണി, വെങ്കടേശ പന്ന്യാർ എന്നീ ഗുണ്ടകളെ വിജയകുമാർ കൊലപ്പെടുത്തിയതായിരുന്നു ഇതിന്റെ പ്രചോദനം.

വമ്പനെ വീഴ്‌ത്തുന്നു
വീരപ്പനെ കുടുക്കാനുള്ള ദൗത്യസംഘത്തെ നയിച്ച വിജയകുമാർ ആദിവാസികളുടെ സഹായത്തോടെ വിവരശേഖരണം നടത്തുകയും വീരപ്പൻ സംഘത്തിലുള്ളവരെത്തന്നെ ഇൻഫോർമർമാരാക്കി മാറ്റുകയും ചെയ്തു. ''വീരപ്പനെ കാട്ടിൽ നിന്ന് പുകച്ചു ചാടിക്കാനാണ് ആദ്യംമുതൽ ശ്രമിച്ചത്. ഭക്ഷണവും വെള്ളവും തടയുകയും വീരപ്പൻ സംഘത്തിലേക്ക് പൊലീസുകാരെ നുഴഞ്ഞു കയറ്റുകയും ചെയ്തു.'' വിജയകുമാർ പറഞ്ഞു. വിവരശേഖരണത്തിന് ആദിവാസികളുടെ സഹായത്തോടെ സംവിധാനമുണ്ടാക്കിയ വിജയകുമാർ ദൗത്യസേനാംഗങ്ങളായ എസ്.ഐ ശരവണനനും കോൺസ്റ്റബിൾ വെള്ളദുരൈയും വീരപ്പന്റെ സംഘത്തിൽ നുഴഞ്ഞുകയറ്റി. ദൗത്യസേനയ്ക്ക് വിവരങ്ങൾ ലഭിച്ചിരുന്നത് വീരപ്പന്റെ അടുത്ത സഹായിയായിരുന്ന കനകരാജിലൂടെയായിരുന്നു. നിരന്തരമായ പ്രലോഭനങ്ങളിലൂടെ കനകരാജിനെ ദൗത്യസേനയ്‌ക്കൊപ്പമാക്കിയത് വിജയകുമാറിന്റെ സമർത്ഥമായ നീക്കങ്ങളായിരുന്നു. വീരപ്പന്റെ ഓരോ നീക്കങ്ങളും തുടർച്ചയായി നിരീക്ഷിച്ചു. ദൗത്യസംഘത്തിന്റെ നീക്കങ്ങൾ വീരപ്പന് ചോർന്നുകിട്ടുന്നത് തടഞ്ഞു. എട്ടു സെല്ലുകളായി തിരിഞ്ഞാണ് ഓപ്പറേഷൻ പ്ലാൻ ചെയ്തത്. ഓരോ സെല്ലുകളിലുമുള്ളവരെ അവരുടെ ദൗത്യം മാത്രമേ അറിയിച്ചുള്ളൂ. മറ്റ് സംഘാംഗങ്ങൾ എന്തുചെയ്യുകയാണെന്നോ എവിടെയാണെന്നോ ഇവരെ അറിയിച്ചില്ല. വീരപ്പന്റെ ഫോൺ ചോർത്താനും നീക്കങ്ങൾ മനസിലാക്കാനും ഇസ്രായേലിൽ നിന്ന് കോടികൾ മുടക്കി യന്ത്രങ്ങൾ ഇറക്കുമതി ചെയ്തു. കാട്ടിനുള്ളിൽ മനുഷ്യരുടെ ചലനങ്ങൾ പിടിച്ചെടുക്കാനാവുന്നതായിരുന്നു യന്ത്രങ്ങൾ. വനത്തിനുള്ളിൽ പത്തുമാസം ഇങ്ങനെ കഴിഞ്ഞപ്പോൾ സുപ്രധാനമായ വിവരം ചോർന്നുകിട്ടി. തിമിരം ബാധിച്ച് നേരത്തേ ഒരു കണ്ണിന്റെ കാഴ്ച ഇല്ലാതായിരുന്ന വീരപ്പന്റെ അടുത്ത കണ്ണിന്റേയും കാഴ്ച കുറയുന്നു. തിമിര ശസ്ത്രക്രിയയ്ക്ക് കാടിറങ്ങാൻ വീരപ്പൻ ശ്രമിക്കുകയാണ്. മടക്കയാത്രയിൽ സേലത്തെത്തി ആയുധം വാങ്ങാനും പദ്ധതിയുണ്ട്. കാട്ടിൽ അലഞ്ഞുനടന്ന ദൗത്യസംഘത്തിന് ഇതോടെ ജീവൻ വച്ചു. വീരപ്പൻ സംഘത്തിൽ നുഴഞ്ഞുകയറിയിരുന്ന എസ്.ഐയുടെ സഹായത്തോടെ വിശദമായ മാസ്റ്റർ പ്ലാനുണ്ടാക്കി. പൊലീസിന്റെ ടെമ്പോ ട്രാവലർ കോയമ്പത്തൂരിലെത്തിച്ച് ആംബുലൻസാക്കി രൂപമാറ്റം വരുത്തി. കാട്ടിൽ നിന്ന് പുറത്തേക്കുള്ള റോഡുകളിലെല്ലാം നിരീക്ഷണത്തിന് സംവിധാനമുണ്ടാക്കി. എസ്.ഐ ശരവണനും കോൺസ്റ്റബിൾ വെള്ളദുരൈയുമാണ് ആംബുലൻസ് എത്തിച്ചത്. എസ്.ഐ ശരവണനാണ് ആംബുലൻസ് ഓടിച്ചത്. എല്ലാകാര്യത്തിലും സംശയാലുവായിരുന്ന വീരപ്പൻ മടിച്ചു മടിച്ചാണ് പുറപ്പെട്ടത്. ആംബുലൻസ് ഓരോ പോയിന്റ് കടക്കുമ്പോഴും ദൗത്യസംഘം കരുതിയിരുന്നു.

2004 ഒക്ടോബർ 18ന് രാത്രിയിൽ ധർമ്മപുരിയിലെ പാപ്പിരപട്ടി ഗ്രാമത്തിൽ ആംബുലൻസ് തടഞ്ഞ ദൗത്യസംഘം വീരപ്പനോട് കീഴടങ്ങാൻ ആവശ്യപ്പെട്ടു. വീരപ്പന്റെ സഹായികളായ ഗോവിന്ദനും ചന്ദ്രഗൗഡയും പൊലീസിനുനേരേ വെടിവച്ചു. ദൗത്യസംഘത്തിലെ കമാൻഡോകൾ ക്ഷണനേരം കൊണ്ട് ആംബുലൻസിലേക്ക് തുരുതുരാ വെടിയുതിർത്തു. വീരപ്പന്റെ തല തുളച്ച് വെടിയുണ്ടകൾ പാഞ്ഞു. മിനിറ്റുകൾക്കകം എല്ലാം കഴിഞ്ഞു. സാധാരണ വസ്ത്രം ധരിച്ച് കൊമ്പൻ മീശ വെട്ടിയില്ലാതാക്കിയ വീരപ്പന്റെ നിശ്ചലദേഹമായിരുന്നു ആംബുലൻസിൽ. എം.ബി.ബി.എസ് വിദ്യാർത്ഥിയായിരുന്ന മകളെ കൂട്ടുപിടിച്ചാണ് വീരപ്പനെ കാടിറക്കിയതെന്നും യാത്ര പുറപ്പെടും മുൻപ് മയക്കം വരുത്താൻ മരുന്ന് നൽകിയെന്നുമടക്കം ഓപ്പറേഷൻ കൊക്കൂണിനെക്കുറിച്ച് അഭ്യൂഹങ്ങൾ ഏറെയുണ്ട്. അറിയപ്പെടാത്ത രഹസ്യങ്ങളൊന്നും വെളിപ്പെടുത്താൻ വിജയകുമാർ തയ്യാറുമല്ല. എന്തായാലും തെന്നിന്ത്യൻ കാടുകളെ വിറപ്പിച്ച വീരപ്പൻ യുഗത്തിലാണ് അന്ന് ധർമ്മപുരിയിൽ തിരശീല വീണത്.

വേട്ടയാടുന്ന ആരോപണങ്ങൾ
വീരപ്പൻ വേട്ടയ്ക്ക് കാടുകയറിയ ദൗത്യസംഘത്തിനെതിരേയും പിന്നീട് നിരവധി ആരോപണങ്ങളുണ്ടായി. 36പേരെ വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയെന്നും മൂന്ന് സ്ത്രീകളേയും 11പുരുഷന്മാരേയും ഷോക്കടിപ്പിച്ചെന്നും ആരോപണമുയർന്നു. ദൗത്യസംഘം കസ്റ്റഡിയിലെടുത്ത ആദിവാസികൾ മടങ്ങിവന്നില്ല. 2005ൽ വാൾട്ടർ ദേവാരത്തിന്റെ സംഘം തന്നെ കസ്റ്റഡിയിലെടുത്ത് ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് 40കാരി തങ്കമ്മാൾ കേന്ദ്രആഭ്യന്തര മന്ത്രിയായിരുന്ന ശിവരാജ് പാട്ടിലീനും ദേശീയ മനുഷ്യാവകാശ കമ്മിഷനും പരാതി നൽകി. ദൗത്യസംഘത്തിന്റെ ഡെപ്യൂട്ടി കമാൻഡറായിരുന്ന ഐ.ജി ശങ്കർബിദരിയെ ഹൈക്കോടതി കാട്ടിൽ നടത്തിയ ക്രൂരതകളുടെ പേരിൽ അതിരൂക്ഷമായി വിമർശിച്ചു. ബിദരിയെ പിന്നീട് ദൗത്യസംഘത്തിൽ നിന്നുമാറ്രി. എൽ.ടി.ടി.ഇയുമായി വീരപ്പൻ സംഘത്തിന് ബന്ധമുണ്ടായിരുന്നുവെന്നതും ബംഗളുരുവിൽ നിന്നടക്കം വൻവ്യാപാരികളിൽ നിന്നും മറ്റും പിരിവ് നടത്തിയിരുന്നുവെന്നതും പരസ്യമായ രഹസ്യമാണ്.

അറിയപ്പെടാത്ത വീരപ്പൻ
*കൊമ്പൻമീശയും ക്രൂരതയുമാണ് മുത്തുലക്ഷ്മിയെ വീരപ്പനിലേക്ക് ആകർഷിച്ചത്. മൂന്നാമത്തെ പെൺകുഞ്ഞിനെ ജനിച്ചയുടൻ വീരപ്പൻ ശ്വാസംമുട്ടിച്ചു കൊന്നുവെന്ന് നക്കീരൻ എഴുതി.
*2000ൽ കന്നഡ സൂപ്പർതാരം രാജ്കുമാറിനെ ബന്ദിയാക്കി കോടികൾ മോചനദ്രവ്യമായി നേടിയ വീരപ്പൻ, 2002ൽ കർണാടക മന്ത്രി നാഗപ്പയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി.
*സൂപ്പർതാരം രജനീകാന്തിനെ തട്ടിക്കൊണ്ടുപോകാൻ വീരപ്പൻ പദ്ധതിയിട്ടിരുന്നു. മോചനദ്രവ്യമല്ല, രജനിയോടുള്ള ആരാധനയും ഇതുമൂലം കിട്ടാവുന്ന പ്രശസ്തിയുമായിരുന്നു കാരണം.
*രജനീകാന്തിനെക്കൊണ്ട് തന്റെ ജീവിതം ആസ്പദമാക്കി ഒരു സിനിമ നിർമ്മിക്കാൻ വീരപ്പൻ താത്പര്യപ്പെട്ടിരുന്നുവെന്ന് കഥയുണ്ടായിരുന്നു. മോചനദ്രവ്യത്തിനു പകരം സിനിമ, ഇതായിരുന്നുവത്രേ ഐഡിയ.
*കോളേജ് പഠനത്തിന് സേലത്തുള്ള ആദിവാസി പെൺകുട്ടികൾ വഴിയായിരുന്നു പുറംലോകവുമായി വീരപ്പൻ ബന്ധപ്പെട്ടിരുന്നത്. നക്കീരൻ ഗോപാലൻ അടക്കം ചില പത്രപ്രവർത്തകരുമായി ഉറ്റബന്ധം.

ആ 500കോടി എവിടെ?
ആനവേട്ടയിലൂടെയും ചന്ദനക്കടത്തിലൂടെയും വീരപ്പൻ നേടിയ 500കോടിയിലേറെ രൂപ വനത്തിലുണ്ടെന്നാണ് കരുതുന്നത്. വീരപ്പനും വിശ്വസ്തനായ ഗോവിന്ദനുമേ പണം ഒളിപ്പിച്ചിരുന്ന സ്ഥലങ്ങൾ അറിയാമായിരുന്നുള്ളൂ. ഇരുവരും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ആനക്കൊമ്പുകളും വനത്തിൽ കുഴിച്ചിട്ടിട്ടുണ്ടെന്നാണ് കരുതുന്നത്. വീരപ്പൻ കൊല്ലപ്പെട്ടശേഷം നിരവധി സംഘങ്ങൾ ഇവ കണ്ടെടുക്കാൻ കാടുകയറിയിരുന്നു. നിധിയുടെ രഹസ്യം വീരപ്പനൊപ്പം അടക്കം ചെയ്യപ്പെട്ടുവെന്നായിരുന്നു ദൗത്യസംഘത്തിന്റെ വിലയിരുത്തൽ.

കെ. വിജയകുമാർ
*ഒറ്റപ്പാലം വടക്കത്ത് കൃഷ്ണൻനായരുടേയും കൗസല്യയുടേയും മകൻ, 1975ൽ ഐ.പി.എസ് ലഭിച്ചു
*പഠനം തൃശിനാപ്പള്ളിയിൽ. കോളേജ് പഠനം ചെന്നൈ മദ്രാസ് ക്രിസ്ത്യൻ കോളേജിൽ. ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം.
*ഭാര്യ ഗുരുവായൂർ സ്വദേശി മീന. മക്കൾ അർജുൻ, അശ്വിനി
*പ്രധാനമന്ത്രിയായിരുന്ന രാജീവ്ഗാന്ധിയുടെ പേഴ്സണൽ സെക്യൂരിറ്റി സംഘാംഗം
*സി.ആർ.പി.എഫ് ഡയറകടർ, ചെന്നൈ കമ്മിഷണർ
*2008ൽ ഹൈദരാബാദ് ദേശീയ പൊലീസ് അക്കാഡമി തലവൻ
*അസമിൽ ഉൾഫ തീവ്രവാദികൾക്കെതിരായ പോരാട്ടത്തിന് നിയോഗിക്കപ്പെട്ടു.
*ജാർഖണ്ഡ് ഗവർണറുടെ ഉപദേശകനായിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.