ഗംഗാതീരത്തെ കൊള്ളക്കാർ
January 15, 2017, 8:52 am
ശ്യാം വെങ്ങാന്നൂർ
രാവിലെ ബാങ്ക് തുറന്ന ജീവനക്കാർ ഞെട്ടി, ലോക്കർ റൂം (മുത്തൂറ്റ് ബാങ്ക്, കോവളം ശാഖ) തുറന്നു കിടക്കുന്നു. 2015 മാർച്ച് 29 നാണ് സംഭവം.ഏകദേശം ഒരു കോടിയിൽപ്പരം രൂപയുടെ മുതലാണ് കൊള്ളയടിച്ചത്. ബാങ്കിന്റെ ലോക്കറും പിൻവശത്തെ ജനൽ കമ്പികളും അലാറം വയറുകളും ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ചുമാറ്റിയിരുന്നു. തെളിവെടുപ്പിനിടെ സമീപത്തെ കുറ്റിക്കാട്ടിൽ നിന്ന് മൂന്നു ചെറിയ ഗ്യാസ് സിലിണ്ടറുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. അതിലൊരു സിലിണ്ടറിൽ പതിപ്പിച്ചിരുന്ന സ്റ്റിക്കറിൽ നിന്ന് തെളിവു ലഭിച്ചു. ബാങ്കിന്റെ പരിസരത്ത് പ്രവർത്തിച്ചിരുന്ന മൊബൈൽ നമ്പർ. അതിന്റെ ഉടമ ജാർഖണ്ഡിലെ സാഹിബ് ഗഞ്ച് ജില്ലക്കാരൻ. അന്വേഷണത്തിനായി സി.ഐയുടെ നേതൃത്വത്തിൽ ഒരു പത്തംഗ ഷാഡോ സംഘം നേരെ ജാർഖണ്ഡിലേക്ക് തിരിച്ചു.

നാലാം ദിവസം യാത്ര ലക്ഷ്യസ്ഥാനത്തെത്തി. പക്ഷേ , ഗ്രാമത്തിലെ കുട്ടികളും സ്ത്രീകളുമുൾപ്പെടെയുള്ള സംഘത്തിന്റെ എതിർപ്പിനു മുന്നിൽ പൊലീസ് നിസ്സഹായരായി. മാത്രവുമല്ല, ലോക്കൽ പൊലീസിൽ നിന്ന് ഒരു സഹായവും കിട്ടിയതുമില്ല. ഒടുവിൽ ജീവന് തന്നെ ഭീഷണിയാകുമെന്ന ഘട്ടമെത്തിയപ്പോൾ മൂന്നാംദിവസം ടീമിന് തിരിച്ചുവരേണ്ടി വന്നു.ഒരു വർഷം മുമ്പ് തിരുവനന്തപുരത്തെ മറ്റൊരു ജ്വല്ലറിയിൽ ഒരു കോടിയോളം രൂപയുടെ സ്വർണാഭരണങ്ങൾ കൊള്ളയടിച്ചു. 2015 ആഗസ്ത് 13 ന് കോഴിക്കോട് മുക്കത്തെ ജ്വല്ലറിയിൽ 81 ലക്ഷം രൂപയുടെ കൊള്ള നടത്തി. 2016 മാർച്ചിൽ വിഴിഞ്ഞം, മുത്തൂറ്റ് ബാങ്കിൽ കൊള്ളശ്രമം. 2015 ൽ മുംബയിലും വിവിധ സ്ഥലങ്ങളിൽ ജ്വല്ലറി ബാങ്ക് കൊള്ളകൾ നടന്നതായി വാർത്തകളുണ്ടായിരുന്നു. സമാന സംഭവങ്ങളെക്കുറിച്ചറിയാൻ ഒരു സുഹൃത്തു വഴി മുംബയ് ക്രൈം റെക്കോർഡ്സ് ബ്യൂറോയുമായി ബന്ധപ്പെട്ടു. മോഷണ സ്വഭാവം, രീതി ഇവ അനുസരിച്ച് ഉദ്യോഗസ്ഥർ ഉറപ്പിച്ച് പറഞ്ഞു, ഇതും അവർ തന്നെ, ഒരേ പ്രദേശത്ത് നിന്നുള്ളവർ. രാജ്മഹൽ പട്ടണത്തിനടുത്തെ കുപ്രസിദ്ധ ദ്വീപുകളിലുള്ളവർ.

രാജ്മഹലിലെ കുപ്രസിദ്ധ ദ്വീപുകൾ
ജാർഖണ്ഡ് സംസ്ഥാനത്തെ സാഹിബ്ഗൻജ് ജില്ലയിലെ രണ്ട് സബ് ഡിവിഷനുകളാണ് രാജ്മഹലും, മറ്റൊന്ന് സാഹിബ് ഗൻജും. ഗംഗാ നദിക്ക് പടിഞ്ഞാറാണ് രാജ്മഹൽ താലൂക്ക് സ്ഥിതി ചെയ്യുന്നത്. ഈ സ്ഥലത്തിന്റ ഭൂമിശാസ്ത്രപരമായ കിടപ്പാണ് കുറ്റകൃത്യങ്ങൾ തഴച്ചുവളരാനുളള ഫലഭൂയിഷ്ഠമായ സാഹചര്യം ഒരുക്കുന്നത്. വിജനമായ പാടങ്ങളും കരിങ്കൽ ക്വാറികളുമാണ് രാജ്മഹലിലെയും സാഹിജ് ഗഞ്ച് ജില്ലയിലെയും ഭൂപ്രകൃതി. ഇതുവഴി കടന്നു പോകുന്ന എൻ. എച്ച് 33 നുമാത്രം ഒരു പഞ്ചായത്ത് റോഡിന്റെ വീതിയേയുള്ളൂ. അതും ഏറിയ ഭാഗവും മൺപാതകൾ. ബംഗ്ലാദേശിൽ നിന്നുള്ള കുടിയേറ്റക്കാരാണ് കൂടുതലും. ഈ ദ്വീപുകളിൽ നിന്ന് ഗംഗാനദി മുറിച്ചു കടന്നാൽ ബംഗ്ലാദേശിലേക്കും പശ്ചിമബംഗാളിലെ കലിയാചക്കിലുമെത്താം.

രാജ്മഹൽ സ്വദേശിയായ, ഇപ്പോൾ മുംബയ്ൽ ജോലി ചെയ്യുന്ന പത്രപ്രവർത്തകൻ (അൽ ജസീറ) സംജയ് പാൺഡെ തന്റെ അനുഭവം ഇങ്ങനെ പങ്കുവച്ചു: 1990 കളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കൊള്ളയടിച്ച ഇടങ്ങളിൽ നിന്ന് കൊള്ളയടിച്ച അല്ലെങ്കിൽ കള്ളക്കടത്തു നടത്തിയ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ ഇവിടെ ലഭിക്കുമായിരുന്നു. എല്ലാം മോഷണ മുതലുകൾ തന്നെ. അധികം വൈകാതെ ജ്വല്ലറികളിലേക്കായി ശ്രദ്ധ. പിന്നീട് ബാങ്കുകളിലേക്കും. കുറ്രകൃത്യങ്ങളുടെ ഈറ്റില്ലമാണിതെന്ന് 'ദൈനിക് ജാഗരൺ' പത്രത്തിലെ രാജ് മഹൽ സ്‌പെഷ്യൽ കറസ്‌പോണ്ടന്റായ നാവ് കുമാർ മിശ്ര പറയുന്നു. വിരാറിലെ ജ്വല്ലറി കവർച്ചയ്ക്ക് പിന്നാലെ മുംബയ് പൊലീസ് ഇവരെ അന്വേഷിച്ച് പിയാർപൂരിൽ എത്തിയിരുന്നു. ഇടപാടുകാരനുമായി വീട്ടിൽ വിലപേശുമ്പോഴായിരുന്നു പൊലീസെത്തിയത്. ഈ സമയം കൊള്ളക്കാരുടെ ഭാര്യമാർ വീടിന് പുറത്ത് കാവൽ നിൽക്കുകയായിരുന്നു. പിന്നെ ഒത്തുതീർപ്പിനായി ശ്രമം. അതിനു വഴങ്ങാതായപ്പോൾ അറസ്റ്റു ചെയ്യരുതെന്ന് പറഞ്ഞു. പിന്നെ കയ്യേറ്റശ്രമവും അധിക്ഷേപവും. മാത്രമല്ല, പൊലീസുകാർക്കെതിരെ രാധാനഗർ പൊലീസ് സ്റ്റേഷനിൽ പരാതികൾ നൽകാനും ഇവർ തയ്യാറായി. പുറത്ത് നിന്നെത്തുന്ന പൊലീസിന് പലപ്പോഴും ഇവിടത്തെ ലോക്കൽ പൊലീസിന്റെ സഹായം കിട്ടാറില്ല. പകരം പ്രതികൾക്ക് രക്ഷപ്പെടാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കും. അന്യസംസ്ഥാനത്തുനിന്ന് പൊലീസെത്തിയാൽ ആ വിവരം സ്‌പെഷ്യൽ ബ്രാഞ്ചോ, ലോക്കൽ പൊലീസ് വഴിയോ കൊള്ളസംഘങ്ങളറിയും.

ശീലം പോലെ കൊള്ള
രാജ്മഹലിലെ കൊള്ളസംഘങ്ങളിൽ എട്ട് തലവന്മാരാണ് പ്രധാനികൾ. രാധാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലുളള സത്താർ ഷെയ്ക്ക് (പിയാർപൂർ ദ്വീപ്),അലംഷെയ്ക്ക് (പിയാർപൂർ), റിജാവുൾ എന്ന് വിളിക്കുന്ന രാജു (അമാനത്ത് ദ്വീപ്), ബോലാ ആസാരി എന്നു വിളിക്കുന്ന ബോലാഷർമാ (ഉദുവ) രാജ്മഹൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ കാമു എന്നുവിളിക്കുന്ന് കമറുദീൻ, ഹസൻ ചിക്ന, ജമീൽ, ഹസൻ ഷെയ്ക്ക് തുടങ്ങിയവരാണ് കൊള്ളത്തലവൻമാർ. അന്യസം സ്ഥാനങ്ങളിൽ ജോലിക്കായി എത്തുന്നവരിൽ നിന്നാണ് ഇവർ ആവശ്യമായ വിവരങ്ങൾ ശേഖരിക്കുന്നത്. ഓരോ സ്ഥലത്തെയും ജ്വല്ലറിയെയോ, ബാങ്കിനെയോ കുറിച്ചുള്ള വിവരങ്ങൾ നൽകുന്നത് ഇവരാണ്. കുറച്ചുനാൾ അവിടെ കഴിഞ്ഞ് സ്ഥലവും മറ്റും നിരീക്ഷിച്ച് വിവരം നൽകും. കൊള്ളയ്ക്കു വേണ്ടി ഇവർ ലക്ഷങ്ങൾ മുടക്കും. വേണ്ട ഫണ്ട് നൽകാൻ സ്‌പോൺസർമാരുണ്ട്. ഓരോ കൊള്ളയ്ക്കും രണ്ടോ മൂന്നോ ടീമുകൾ ഉണ്ടാകും. കൊള്ള ലക്ഷ്യമിടുന്ന സ്ഥാപനത്തിൽ കയറുന്നത് ചുമർ തുരന്നോ ഭൂമിക്കടിയിലൂടെയോ ആകും. നാസിക് സിറ്റിയിലെ ഒരു ജ്വല്ലറി കൊള്ളയ്ക്കായി അതിനടുത്ത് ഒരു പ്ലാസ്റ്റിക് ഫർണിച്ചർ കട തന്നെ തുടങ്ങി. മറ്റൊരിടത്ത് കടമുറി വാടകയ്ക്ക് എടുത്ത് മാമ്പഴം വിറ്റശേഷമായിരുന്നു തൊട്ടടുത്തെ കൊള്ള. വാടകമുറിയുടെ കടമുറി തുരന്ന് അതിലൂടെയാണ് ജ്വല്ലറിക്കുള്ളിൽ പ്രവേശിച്ചത്. ബാംഗ്ലൂരിൽ കനകാപൂർ റോഡിലുളള പ്രിയദർശിനി ജ്വല്ലറി കൊള്ളയടിക്കാൻ ശ്രമിച്ചത് ഭൂമിക്കടിയിലൂടെ തുരങ്കമുണ്ടാക്കിയാണ്. വെള്ളം പോകാനുള്ള ഓടയിലൂടെ 12 അടി വ്യാസത്തിൽ 150 അടി ദൂരം വരെ കുഴിച്ചായിരുന്നു ഭൂമി തുരന്ന് ജ്വല്ലറിക്കടുത്തുവരെ എത്തിയത്.

ഗ്യാസ് കട്ടർ പണിയായുധം
ഗ്യാസ് കട്ടർ ഉപയോഗിച്ച് പൂട്ടുകളും ലോക്കറുകളും ഷട്ടറുകളും പൊളിക്കുന്നതാണ് രാജ്മഹൽ കൊള്ളക്കാരുടെ ഏറ്റവും പ്രധാനരീതി. എല്ലാ കൊള്ളകൾക്കും ഇവർ ഉപയോഗിച്ച മുഖ്യ ആയുധമാണിത്. സഹിബ്ഗഞ്ച് ക്രൈം റെക്കോർഡിലും മുംബയ് ക്രൈം റെക്കോർഡിലും രാജ്മഹൽ സംഘത്തിനിട്ടിരിക്കുന്ന വിളിപ്പേര് ഷട്ടർ കട്ടർ ഗ്യാംഗ് (​S​h​u​t​t​er C​u​t​t​er G​a​n​g​s) എന്നാണ്. എൽ.പി.ജി. ഗ്യാസ്, ഓക്സിജൻ, അസെറ്റലീൻ ഇവ മൂന്നും ചേർത്താണ് കട്ടറിൽ ഉപയോഗിക്കുന്നത്. ഈ തൊഴിലിൽ നല്ല പരിചയസമ്പന്നനായ ഒരാൾക്ക് മാത്രമേ ഇത് വിദഗ്ധമായി കൈകാര്യം ചെയ്യാൻ കഴിയൂ. ശബ്ദമില്ലാതെ ഏത് ഉരുക്കും മുറിച്ചു മാറ്റാൻ കഴിയുമെന്നതാണ് പ്രത്യേകത.

ടീം ഓപ്പറേഷൻ
രാജ്മഹൽ കൊള്ളക്കാരുടെ മറ്റൊരു പ്രത്യകത ഓരോകൊള്ളയ്ക്കും പത്തോ അതിലേറെയോ അംഗങ്ങൾ ഉണ്ടാകും എന്നതാണ്. അംഗങ്ങളെ രണ്ടോ മൂന്നോഗ്രൂപ്പുകളായി തിരിക്കും. ഓരോ ടീമിനെയും ഒരോരോ ജോലികളാകും ഏൽപ്പിക്കുക. കൊള്ള ആസൂത്രണം ചെയ്യുന്ന തലവനാണ് ടീമുണ്ടാക്കുന്നത്. ഒരിക്കലും പരസ്പരം അറിയാൻ കഴിയില്ല. ഒരോ ടീമും അവരവരുടെ ജോലികൾ ചെയ്തു കഴിയുമ്പോൾ ഏറ്റവും ഒടുവിൽ വിദഗ്ദ്ധരായ ആളുകളെത്തി കൊള്ള നടപ്പാക്കുമെന്നതാണ് രീതി. കോവളം മുത്തൂറ്റ് കൊള്ള തന്നെ ഉദാഹരണം. കൊള്ളയ്ക്ക് പത്തുദിവസം മുമ്പ് ജഹാംഗീർ ആലം ഉൾപ്പടെ നാലുപേരുടെ ഒരു ടീം താമസസ്ഥലത്തെത്തി. ഒരാഴ്ചക്കുള്ളിൽ കോവളത്ത് മറ്റൊരു വീട് (ആറുമാസത്തെ മുൻകൂർ വാടക നൽകി)കൂടി വാടകയ്‌ക്കെടുത്തു. അടുത്ത ടീമിനായിരുന്നു ഈ വീട്. ബാങ്കും പരിസരവും സമീപത്തെ വഴികളുമെല്ലാം നിരീക്ഷിച്ച് വയ്ക്കലായിരുന്നു ആദ്യടീമിന്റെ ദൗത്യം. മോഷണത്തിനുള്ള ആയുധങ്ങൾ ഒരുക്കുന്നത് രണ്ടാമത്തെ ടീമിന്റെ ഉത്തരവാദിത്തവും. കൊള്ള നടത്തുന്നതിന്റെ തലേദിവസം മാത്രമാണ് മൂന്നാമത്തെ ടീം എത്തുന്നത്. ഇവരാണ് കട്ടർ ഉപയോഗിച്ച് ലോക്കർ തകർക്കുന്നത്. വിമാനയാത്ര ചെയ്തായിരുന്നു ഒടുവിലത്തെ ടീം എത്തിയത്. മുക്കത്തെ കൊള്ളയും ഏകദേശം ഈ വിധമായിരുന്നു.

ശേഷം ജീവിതം
കൊള്ളയടി വിജയിച്ചു കഴിഞ്ഞാൽ ട്രെയിനിലോ, സ്വകാര്യ വാഹനങ്ങളിലോ കയറി രാജ്മഹലിൽ തിരിച്ചെത്തും, അവിടെ വച്ചാണ് കൊള്ള മുതൽ വീതിച്ചെടുക്കുന്നത്. കൊള്ള കഴിഞ്ഞാൽ പിന്നീട് നാട്ടിലേക്കുള്ള യാത്ര വളരെ ആസൂത്രിതമായാണ്. അതിനും ഈ സംഘത്തിന് പ്രത്യേക രീതിയുണ്ട്. കൊള്ളയടിക്കുന്ന സ്ഥലത്തുനിന്ന് ഓരോ ടീമും വ്യത്യസ്ത വഴികളിലൂടെയാണ് നാട്ടിലെത്തുന്നത്. ഒരു വലിയ സംഭവം നടന്നാൽ പൊലീസ് ആദ്യം ചെല്ലുന്നത് തൊട്ടടുത്ത റെയിൽവേ സ്റ്റേഷനിലോ ബസ് സ്റ്റേഷനിലോ ഒക്കെ ആയിരിക്കും. അതിനാലാണ് ഇത്തരം സ്ഥലങ്ങൾ ഒഴിവാക്കുന്നത്. ഏതു സംസ്ഥാനത്തു വച്ച് ഇവരെ പിടികൂടിയാലും അവരെ സഹായിക്കാൻ ഇവർക്ക് പ്രത്യേക അഭിഭാഷകരുണ്ട്. മോഷ്ടാക്കൾക്ക് ബംഗാളിയോ, ഹിന്ദിയോ അല്ലാതെ മറ്റ് ഭാഷകൾ അറിയില്ല. നല്ല ഫീസും ഈടാക്കും.

രാജ്മഹൽസംഘം ഇതേവരെ നടത്തിയ രാജ്യത്തെ ഒരു കൊള്ളയിലും മുഴുവൻ സംഘത്തേയും പിടിക്കുകയോ,തൊണ്ടി മുതൽ കണ്ടെടുക്കുകയോ ചെയ്തിട്ടില്ല എന്നത് സത്യമാണ്. രാജ്മഹലിലെ സംഘങ്ങൾ തോക്ക് ഉപയോഗിക്കാറില്ല. അത് അവരുടെ നയപരമായ തീരുമാനമാണ്. കളളപ്പണം കടത്ത്, അവയവങ്ങൾ തട്ടിയെടുക്കൽ, മയക്കുമരുന്ന് കടത്ത്, ആളുകളെ തട്ടികൊണ്ടു പോയി അവരുടെ ബന്ധുക്കളിൽ നിന്ന് മോചന ദ്രവ്യം ആവശ്യപ്പെടുക തുടങ്ങിയവയാണ് മറ്റ് പരിപാടികൾ. ബംഗ്ലാദേശിൽ നിന്ന് ഇവിടേക്ക് കള്ളപ്പണം ഒഴുക്ക് വ്യാപകമാണെന്ന് നാഷണൽ ഇന്റലിജൻസ് ബ്യൂറോ (എൻ.ഐ.എ) റിപ്പോർട്ട് ചെയ്യുന്നു. കന്നുകാലികളെയും ആടുകളെയും മേയ്ച്ച് അതിർത്തികൾ കടന്നുവരുന്ന കർഷകരാണ് കളളനോട്ട് വാഹകരാകുന്നത്. പുല്ലിനിടയിലും മറ്റും ഒളിപ്പിച്ചാണ് ഇവർ കളളനോട്ടുകൾ അതിർത്തി കടത്തുന്നത്.

കൊള്ള സംഘത്തിലൊരാളെ അയാളുടെ കല്യാണത്തലേന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പെൺകുട്ടിയുടെ അച്ഛനോട് നിങ്ങളുടെ മകളെ ഇനി ഇയാൾക്ക് വിവാഹം ചെയ്തുകൊടുക്കുമോയെന്ന് അവിടത്തെ ഒരു പ്രാദേശിക ലേഖകൻ ചോദിച്ചു. ''അങ്ങേയറ്രം പോയാൽ മൂന്നു മാസത്തെ ശിക്ഷ, അതുകഴിഞ്ഞാൽ അയാളോടൊപ്പം എന്റെ മകൾക്ക് സമ്പന്നയായി ജീവിക്കാൻ കഴിയും. മറ്റുള്ളവർ എന്ത് കരുതും എന്നതിനെ കുറിച്ച് ഞാൻ വേവലാതിപ്പെടുന്നില്ല.'' മറുപടി ഇതായിരുന്നു.

ഈ ഇടനാഴിയിൽ അവർ
രാജ്മഹൽ ഇന്ന് രാജ്യത്തിന്റെ കുറ്റകൃത്യ ഇടനാഴിയാണെന്ന് നാഷണൽ ക്രൈ റെക്കോർഡ്സ് ബ്യൂറോയുടെയും (എൻ.സി.ആർ.ബി)യുടെയും, എൻ.ഐ.എ.യുടെയും പുതിയ വിവരങ്ങൾ വ്യക്തമാക്കുന്നു. രാജ്മഹൽ കുപ്രസിദ്ധമായതോടെ ഇവിടെയുള്ള സാധാരണക്കാരുടെ പേരും മോശമാകാൻ തുടങ്ങി. സോഷ്യൽ ആൻഡ് ഫിനാൻഷ്യൽ ബോയ്‌ക്കോട്ട് ഓഫ് ബർഗലേർസ് (​s​o​c​i​al a​nd f​i​n​a​n​c​i​al b​o​y​c​o​tt of b​u​r​g​l​a​rs ) എന്ന ഒരു പ്രസ്ഥാനം കൊള്ളസംഘത്തിനെതിരെ അടുത്തിടെ രൂപംകൊണ്ടു. രാജ്മഹൽകാർക്ക് ജില്ലയ്ക്ക് പുറത്തോ പശ്ചിമ ബംഗാളിലോ പോയാൽ ഹോട്ടലുകളിൽ റൂം പോലും കിട്ടാത്ത അവസ്ഥയാണെന്ന് ഭാരവാഹിയായ ഹുസൈൻ പറയുന്നു. ആദ്യകാല കൊള്ളകളിൽനിന്ന് സമ്പന്നരായ ക്രിമിനലുകളാണ് ഇന്ന് ഈ പ്രദേശത്തെ പുതുതലമുറകളുടെ റോൾ മോഡലുകൾ. കൊള്ളയടിക്ക് സമൂഹത്തിന്റെ അംഗീകാരമുണ്ട്. അതുകൊണ്ടു തന്നെ രാജ്മഹലിലെ കൊള്ളക്കാർക്ക് ഒന്നും നോക്കാനില്ല. ഇവരുടെ ശ്രദ്ധ രാജ്യത്തെ ലോക്കറുകളിൽ മാത്രമാണ്. അവർ വീണ്ടും കേരളത്തിലെത്തും, ഏതുനിമിഷവും.
(ലേഖകന്റെ ഫോൺ നമ്പർ : 9946196779)
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.