പാമോയിലിൽ വീണ്ടും വഴുതി വീഴുന്നവർ
January 14, 2017, 12:10 am
കേരളകൗമുദി പുറത്തുകൊണ്ടുവന്ന പാമോയിൽ അഴിമതിയെക്കുറിച്ച് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച 'മടിയിൽ കനമില്ലെങ്കിൽ ഇടവഴിയെ ഭയക്കണോ?'എന്ന ലേഖനത്തിൽ പരാമർശിച്ചു കണ്ടു.
ദേശീയ തലത്തിൽവരെ ചലനങ്ങൾ സൃഷ്ടിച്ച ആ വെളിപ്പെടുത്തൽ കേരളകൗമുദിയാണ് നടത്തിയതെന്നതിനാൽ ആ ലേഖനത്തിൽ വിട്ടുപോയ ചില സുപ്രധാന കാര്യങ്ങൾ സൂചിപ്പിക്കാനാണ് ഈ കത്തെഴുതുന്നത്.
ഒരു സിംഗപ്പൂർ കമ്പനിയിൽ നിന്ന് പാമോയിൽ വാങ്ങാനെടുത്ത തീരുമാനം കേരള മന്ത്രിസഭയുടേതായിരുന്നുവെന്ന പച്ചക്കള്ളം പറഞ്ഞു പരത്താൻ അന്നുതൊട്ടേ ശ്രമങ്ങളുണ്ടായിരുന്നു.രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥൻമാരുമായിരുന്നു അതിന്റെ പിന്നിൽ.കാര്യങ്ങൾ ഗ്രഹിച്ച് അവതരിപ്പിക്കേണ്ട പത്രലേഖകർ പോലും ഈ അബദ്ധം എഴുന്നള്ളിക്കാറുണ്ട്.എന്നാൽ വസ്തുതയെന്തായിരുന്നു. പി ആൻഡ് ഇ കമ്പനി വഴി പാമോയിൽ ഇറക്കുമതി ചെയ്യാൻ തീരുമാനമെടുത്തത്.അന്ന് മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരനാണ്.1991 ഒക്ടോബർ അഞ്ചിന് അന്നത്തെ പ്രധാനമന്ത്രിക്ക് അദ്ദേഹം അയച്ച കത്താണ് ആ തീരുമാനത്തിന് ആധാരം.ഈ തീരുമാനം നടപ്പിലാക്കാനുള്ള നടപടികൾക്ക് തുടക്കമിട്ടത് അന്നത്തെ ചീഫ് സെക്രട്ടറി എസ്.പദ്മകുമാറാണ്.1991 ഒക്ടോബർ ഏഴിന് അദ്ദേഹം എഴുതിയ ഒരു കുറിപ്പോടെയാണ് പാമോയിൽ ഇടപാടിലെ നോട്ട് ഫയൽ ആരംഭിക്കുന്നത്.താഴോട്ടുള്ള ഉദ്യോഗസ്ഥൻമാർ മുഖ്യമന്ത്രിയുടെ തീരുമാനം നടപ്പിലാക്കണമെന്ന് നിർദ്ദേശിക്കുന്നതായിരുന്നു അത്.മുഖ്യമന്ത്രി കെ.കരുണാകരന്റേയും അതോടൊപ്പം അന്നത്തെ കർണാടക മുഖ്യമന്ത്രി ബംഗാരപ്പയുടെ കത്തും,തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ടെലിപ്രിന്റർ സന്ദേശത്തിന്റെ പകർപ്പും സ്വയം സംസാരിക്കുന്ന രേഖകൾ എന്ന രീതിയിൽ നോട്ട് ഫയലിനൊപ്പം വച്ചിരുന്നു. കർണാടക,തമിഴ്നാട് മുഖ്യമന്ത്രിമാരുടെ സന്ദേശങ്ങളിൽ സിംഗപ്പൂർ കമ്പനി വഴിയാണ് തങ്ങൾ ഇറക്കുമതി ചെയ്യുന്നതെന്ന് പറഞ്ഞിരുന്നു.ഈ നടപടി ക്രമം കേരളത്തിനു സ്വീകാര്യമാണെന്ന് കെ.കരുണാകരൻ പ്രധാനമന്ത്രിക്കയച്ച കത്തിൽ പറഞ്ഞിട്ടുണ്ട്.അപ്പോൾ ഒരു ചോദ്യം വരാം കർണാടക,തമിഴ്നാട് മുഖ്യമന്ത്രിമാർ പ്രധാനമന്ത്രിക്കയച്ച സന്ദേശങ്ങൾ എങ്ങനെ നമുക്കു കിട്ടി?അത് നേരിട്ടു പറയാനാകാത്തതു കൊണ്ടാണല്ലോ ചീഫ് സെക്രട്ടറി സ്വയം സംസാരിക്കുന്ന രേഖകളായി നോട്ട് ഫയലിൽ അവയെ വിശേഷിപ്പിച്ചത്.ചീഫ് സെക്രട്ടറിയുടെ നോട്ട് കിട്ടിയതോടെ അഡീഷണൽ ചീഫ് സെക്രട്ടറിയും ഭക്ഷ്യോത്പ്പാദന കമ്മീഷണറുമായ സഖറിയാ മാത്യു ആ നോട്ട് ഫയൽ ഭക്ഷ്യ സെക്രട്ടറി പി.ജെ.തോമസിനെ ഏൽപ്പിച്ചു.അദ്ദേഹമാകട്ടെ നവംബർ 18 ന് പി ആൻഡ് ഇ കമ്പനി വഴി 15 ശതമാനം കമ്മീഷൻ അവർക്കു നൽകി ഇറക്കുമതി ചെയ്യാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സിവിൽ സപ്ളൈസ് മന്ത്രാലയത്തിനു ടെലക്സ് സന്ദേശമയച്ചു.അദ്ദേഹം വളരെ സമർത്ഥമായി പി ആൻഡ് ഇ കമ്പനിയെന്നു പറയാതെ ദി പ്രൊപ്പോസ്ഡ് സപ്ളൈയർ എന്നാണ് ആ സന്ദേശത്തിൽ റഫർ ചെയ്തിരുന്നത്.മുഖ്യമന്ത്രി കരുണാകരൻ പ്രധാനമന്ത്രിക്കയച്ച കത്താണ് റഫർ ചെയ്തത്.മുഖ്യമന്ത്രിയാണ് പ്രൊപ്പോസ് ചെയ്തതെന്ന അർത്ഥത്തിൽ.
ഇവിടെ രസകരമായ ഒരു കാര്യം,പി ആൻഡ് ഇയെ പ്രൊപ്പോസ് ചെയ്തത് ആരാണ്?കെ.കരുണാകരനോ പി.ജെ.തോമസോ?പാമോയിൽ ഇടപാടിനെക്കുറിച്ച് അന്വേഷിച്ച യു.ഡി.എഫിന് ഭൂരിപക്ഷമുള്ള നിയമസഭാ സമിതി ഈ ചോദ്യമുന്നയിച്ചപ്പോൾ കേരള ഗവൺമെന്റ് അതിന് നൽകിയ ഉത്തരം ഇങ്ങനെയാണ്.പി.ജെ.തോമസ് നവംബർ 18ന് അയച്ച സന്ദേശമാണ് ആ പ്രൊപ്പോസൽ.മറ്റാരുമല്ല അന്നത്തെ സിവിൽ സപ്ലൈസ് സെക്രട്ടറിയാണ് മറുപടി കൊടുത്തത്(നിയമസഭാ സമിതിയുടെ റിപ്പോർട്ടിലുണ്ട്)അങ്ങനെ സർക്കാർ പോലും പാമോയിൽ വാങ്ങാനുള്ള തീരുമാനം എടുത്തത് കേരള മന്ത്രിസഭയാണെന്ന് പറ‌‌ഞ്ഞിട്ടില്ല.അത് പി.ജെ.തോമാസാണെന്നാണ് .പി.ജെ.തോമസാകട്ടെ നവംബർ 18 ലെ സന്ദേശത്തിലൂടെ അത് കെ.കരുണാകരനാണെന്നും.
മേൽപ്പറഞ്ഞ ഈ സംഭവങ്ങൾ എല്ലാം നടക്കുമ്പോൾ ഇതൊക്കെ അന്നത്തെ ഭക്ഷ്യ വകുപ്പു മന്ത്രി ടി.എച്ച്.മുസ്തഫയോട് മുഖ്യമന്ത്രി കരുണാകരൻ ചർച്ച ചെയ്തിട്ടുണ്ടെന്നാണ് ചീഫ് സെക്രട്ടറി നവംബർ 18 ന് ഫയലിൽ രേഖപ്പെടുത്തിയിരിക്കുന്നത്.അതുകൊണ്ട് അതങ്ങനെയായിരിക്കുമെന്ന് സിവിൽ സപ്ളൈസ് കോർപ്പറേഷൻ ചെയർമാനും ഭക്ഷ്യ കമ്മീഷണറുമായ സഖറിയ മാത്യുവും സെക്രട്ടറി പി.ജെ.തോമസും ധരിച്ചുവെന്ന വിശ്വാസത്തെ തകിടം മറിക്കുന്നതാണ് നോട്ട് ഫയലിലെ മുൻ ദിവസങ്ങളിലെ ഏടുകൾ.നവംബർ എട്ടിനു തന്നെ സഖറിയാ മാത്യുവിനും പി.ജെ.തോമസിനും ഈ ഫയൽ ലഭിച്ചതാണ്.രണ്ടുപേരുടേയും മേലധികാരി മുസ്തഫയാണല്ലോ.അദ്ദേഹത്തെ വിവരമറിയിക്കണമെന്ന് ഇവർക്കു തോന്നാതിരുന്നത് എന്തുകൊണ്ടാണ്.സത്യസന്ധരായതിനാൽ അങ്ങനെ ഒന്നും ചെയ്യേണ്ടതില്ലെന്നുണ്ടോ?ചെയ്യേണ്ടത് ചെയ്യാതിരുന്നതിനാലണല്ലോ കേസിൽ കുടുങ്ങിയത്.
പാമോയിൽ ഇറക്കുമതി സംബന്ധിച്ച് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച നിബന്ധനകൾക്കു വിരുദ്ധമാണ് നവംബർ 18 ന് പി.ജെ.തോമസ് അയച്ച സന്ദേശം.അതിന്റെ കാരണം 1991 നവംബർ ഒമ്പതിന് മുഖ്യമന്ത്രിക്ക് പി.ആൻഡ് ഇ കമ്പനി നൽകിയ കത്താണ്. ആ കത്തിനോടൊപ്പം അവർ കേന്ദ്ര ഗവൺമെന്റിന്റെ സർക്കുലറും അതിൻമേലുള്ള കമ്പനിയുടെ നിർദ്ദേശങ്ങളും ഉൾപ്പെടുത്തിയിരുന്നു.ഈ കമ്പനിയുടെ നിർദ്ദേശങ്ങളാണ് തമിഴ്നാട് സ്വീകരിച്ചത്.അതാണ് തങ്ങൾക്കും സ്വീകാര്യമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചത്.അതു തന്നെ ചെയ്യണമെന്ന് സ്വന്തം കൈപ്പടയിൽ പദ്മകുമാർ എഴുതിയിട്ടുമുണ്ട്.കേന്ദ്രത്തിന്റെ നിബന്ധനകളുടെ ലംഘനമാണിതെന്ന് ചൂണ്ടിക്കാട്ടാൻ സഖറിയ മാത്യുവിനും പി.ജെ.തോമസിനും ഇവിടെ അവസരമുണ്ടായിരുന്നു,.
കാര്യങ്ങളെല്ലാം നടന്നു കഴിഞ്ഞിട്ടാണ് മന്ത്രിസഭ നവംബർ 27ന് രംഗപ്രവേശം ചെയ്തത്.അതിനും ഒരു കാരണമുണ്ട്.കാര്യങ്ങളെല്ലാം ഭംഗിയായി നടന്നുകൊണ്ടിരിക്കുമ്പോഴാണ് ഒരു വെള്ളിടി വീഴുന്നത്.നവംബർ 26 ന് ഒരു മലേഷ്യൻ കമ്പനിയയച്ച ടെലക്സ് സന്ദേശമായിരുന്നു അത്.കുറഞ്ഞ നിരക്കിൽ തങ്ങൾ പാമോയിൽ നൽകാമെന്നാണ് അവർ പദ്മകുമാറിനെ അറിയിച്ചത്.അതോടെ എല്ലാവർക്കും വെപ്രാളമായി.പി ആൻഡ് ഇ കമ്പനി വഴി പാമോയിൽഇറക്കുമതി ചെയ്യണമെന്ന് പറഞ്ഞ് സംസ്ഥാനം കേന്ദ്രത്തിന് സന്ദേശമയച്ചെങ്കിലും ധനകാര്യവകുപ്പിന്റെ അനുമതി കിട്ടിയിരുന്നില്ല.ചോദിച്ചില്ലെന്നതു തന്നെ കാരണം.അതു വരെ ചെയ്ത കാര്യങ്ങൾ ഇനി ചെയ്യാനുള്ളവയാണെന്ന മട്ടിൽ അവതരിപ്പിച്ചുകൊണ്ട് സഖറിയമാത്യു ഒരു നോട്ട് തയ്യാറാക്കി.എത്രയും പെട്ടെന്ന് ഇറക്കുമതി ചെയ്തില്ലെങ്കിൽ എണ്ണ നഷ്ടപ്പെടുമെന്ന മട്ടിൽ ചീഫ് സെക്രട്ടറി,ഭക്ഷ്യമന്ത്രി,മുഖ്യമന്ത്രി എന്നിവർക്കെല്ലാം ഫയൽ വിട്ടു.ഇത് മാത്യു തന്നെ വിജിലൻസ് കോടതിയിൽ നൽകിയ വിടുതൽ ഹർജിയിൽ രേഖാമൂലം പറഞ്ഞിട്ടുണ്ട്.അത് മന്ത്രിസഭാ നോട്ട് അല്ല അഡ്മിനിസ്ട്രേറ്റീവ് നോട്ടാണെന്ന്.അന്നത്തെ ധനമന്ത്രി അതിൽ തുല്യം ചാർത്തി.അങ്ങനെ ഈ ഇടപാടിന് ധനകാര്യവകുപ്പിന്റെ അനുമതി കിട്ടിയെന്നാണ് സഖറിയാ മാത്യു വിജിലൻസ് കോടതിയിൽ പറഞ്ഞത്.
നവംബർ 27 ന് കാബിനറ്റ് കൂടുന്നതിനു തൊട്ടുമുമ്പ് തന്റെ മുന്നിൽ ഒപ്പിനായി ഫയൽ എത്തിയപ്പോൾ ഔട്ട്സൈഡ് അജണ്ടയായി കാബിനറ്റ് മുമ്പാകെ കൊണ്ടുവരണമെന്ന് മുസ്തഫ എഴുതി വച്ചു.അങ്ങനെ ഇതിനകം തീരുമാനമെ
ടുത്ത് നടപ്പിലാക്കിയ കാര്യത്തിന് മന്ത്രിസഭയുടെ അംഗീകാരം കൂടി നേടിയെടുത്തു.അതും മന്ത്രിസഭയെ റബ്ബർ സ്റ്റാമ്പാക്കിക്കൊണ്ട്.
മന്ത്രിസഭ തീരുമാനിച്ചതിന്റെയടിസ്ഥാനത്തിലാണ് പാമോയിൽ ഇറക്കുമതി ചെയ്തതെന്ന് ധരിച്ച് ദയവായി ആ പരിപ്പ് കേരളത്തിലെ ജനങ്ങളുടെ അടുപ്പുകളിൽ ഇനി വേവിക്കാൻ ശ്രമിക്കരുത്.
സി.ആർ.രാജശേഖരൻപിള്ള
തിരുവനന്തപുരം
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ