കെ.എസ്.ആർ.ടി.സിയും ചിറ്റമ്മനയവും
January 14, 2017, 12:10 am
ഒരു യൂണിറ്റ് വൈദ്യുതി പോലും ആർക്കും സൗജന്യം ഇല്ലാതെയും ഒരുതുള്ളി വെള്ളം പോലും ആർക്കും വെറുതെ കൊടുക്കാതിരിക്കുകയും ചെയ്യുമ്പോൾ സർക്കാർ കാലാകാലങ്ങളിൽ പ്രഖ്യപിക്കുന്ന എല്ലാ സൗജന്യങ്ങളും അനുവദിക്കുകയും യാത്രക്കാരില്ലാത്തപ്പോഴും ഏതു രാത്രിയിലും പലവിധസ്വാധീനങ്ങൾക്കും വിധേയമായി എല്ലാ നഷ്ടങ്ങളും സഹിച്ചു സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സിയോട് ചിറ്റമ്മനയം വളരെ പണ്ട് മുതൽക്കേ ഉള്ളതാണ്.
ഡീസലിനുള്ള സെയിൽസ് ടാക്സ് ഇനത്തിൽ കെ.എസ്.ആർ.ടി.സി ഇരുപത്തിനാലു ശതമാനം കൊടുക്കുമ്പോൾ സാമൂഹ്യ പ്രതിബദ്ധതയുടെ പേരിൽ കെ.എസ്.ഇ.ബിയും വാട്ടർ അതോറിട്ടിയും നാലു ശതമാനം മാത്രമാണ് കൊടുക്കുന്നത് കെ.എസ്.ആ‌ർ.ടി.സിയിൽ അനുവദിക്കുന്ന സൗജന്യങ്ങൾ സാമൂഹ്യപ്രതിബദ്ധത ഉള്ളതല്ലേ. സെയിൽസ് ടാക്സ് സൗജന്യത്തിനുപണ്ട് മുതലേ ആവശ്യം ഉന്നയിച്ചു വരുന്നതാണ്.
മറ്റൊരു പ്രധാനപ്പെട്ട കാര്യം ഇപ്പോഴത്തെ അഡിഷണൽ ചീഫ് സെക്രട്ടറി നളിനി നെറ്റോ ട്രാൻസ്പോർട്ട് വകുപ്പ് സെക്രട്ടറി ആയിരുന്നപ്പോൾ, ഗവൺമെന്റിലെയും കെ.എസ്.ആർ.ടി.സിയിലെയും കെ.ടി.ഡി.എഫ്.സിയിലെയും ഉന്നത ഉദ്യോഗസ്ഥരുടെ ഒരു കോൺഫറൻസ് സെക്രട്ടേറിയറ്റിൽ കൂടി ഒരു തീരുമാനം എടുത്തിരുന്നു. കെ.ടി.ഡി.എഫ്.സിയിൽ നിന്നും കെ.എസ്.ആർ.ടി.സിക്കു നൽകുന്ന സാമ്പത്തിക സഹായങ്ങൾക്ക് ഉയർന്ന പലിശ വാങ്ങരുതെന്നതും നാലുശതമാനം സർവീസ് ചാർജ്ജ് മാത്രമേ ഈടാക്കേണ്ടതുള്ളൂ എന്നുമായിരുന്നു തീരുമാനം. പ്രസ്തുത മീറ്റിംഗിന്റെ മിനിട്സ് തയ്യാറാക്കുന്നതിനും ഓ‌ർഡർ കമ്മ്യൂണിക്കേറ്റ് ചെയ്യുന്നതിനുമായി അന്ന് കെ.ടി.ഡി.എഫ്.സി മാനേജിംഗ് ഡയറക്ടർ ഫയലുമായി പോയി. പക്ഷേ ഇന്നോളം ആ ഫയൽ വെളിച്ചം കണ്ടിട്ടില്ല. ആർക്കും ഒരു തെളിവും കാണിക്കാനും ഇല്ല. കെ.ടി.ഡി.എഫ്.സിയെ വള‌ർത്താനാണ് കെ.എസ്.ആർ.ടി.സിയെ ഉപയോഗിക്കുന്നത്.
കെ.എസ്.ആർ.ടി.സി യുടെ ദിവസ വരുമാനം മുഴുവൻ അടുത്തദിവസം കെ.ടി.‌ഡി.എഫ്.സിയുടെയും ലോൺ എടുത്തിട്ടുള്ള മറ്റു ബാങ്കുകളുടെയും അക്കൗണ്ടുകളിൽ മുഴുവനായി അടയ്ക്കുകയാണ്. അതിൽ നിന്നും ലോൺ തിരിച്ചടവിനു വേണ്ടുന്ന തുക അവർ എടുത്തശേഷം വല്ലതും മിച്ചം ഉണ്ടെങ്കിൽ എന്നെങ്കിലും തിരികെ കിട്ടിയാലായി. ഓരോ മാസവും ലോൺ തുക വർദ്ധിച്ചു വരികയാണ്. ഇങ്ങനെ പോയാൽ എന്തായിതീരും സ്ഥിതി. കെ.എസ്.ആർ.ടി.സി സ‌ർവീസുകളെയും പ്രൈവറ്റ് ബസ് സ‌ർവീസുകളെയും തമ്മിൽ താരതമ്യം ചെയ്യുന്നവരുണ്ട്. യാത്രക്കാർ കുറവുള്ള സമയങ്ങളിലും രാത്രി ഏഴു മണിക്ക് ശേഷവും പ്രൈവറ്റ് ബസ് സർവീസ് കാണാൻ കഴിയുമോ?
പ്രൈവറ്റ് മാനേജ്മെന്റിന് കീഴിലുള്ള എയ്ഡഡ് മേഖലയിലുള്ള സ്ഥാപനങ്ങളിൽ മാനേജ്മെന്റ് നേരിട്ട് നിയമനം നടത്തുന്ന അദ്ധ്യാപകർക്കും മറ്റു അനദ്ധ്യാപകർക്കും (നിയമനരീതി അറിയാമല്ലോ) യാതൊരു തടസ്സവും കൂടാതെ ശമ്പളവും പെൻഷൻ ആനുകൂല്യങ്ങളും ട്രഷറികളിൽ നിന്ന് നേരിട്ട് നൽകി വരുമ്പോൾ പബ്ലിക് സർവീസ് കമ്മിഷൻ തിരഞ്ഞെടുത്തു മുപ്പതുവ‌ർഷവും അതിലധികവും സർക്കാർ സേവനം നടത്തുന്ന കെ.എസ്.ആ‌ർ.ടി.സി ജീവനക്കാ‌ർക്ക് മാത്രം എന്തിനാണ് ഇത്ര അയിത്തം?
കെ.എസ്.ആർ.ടി.സിയിലെ ജീവനക്കാരും പെൻഷൻക്കാരും ഈ നാട്ടിലെ പൗരന്മാരാണ് അവർക്കും കുടുംബാംഗങ്ങൾക്കും വോട്ടവകാശം ഉള്ളവരുമാണ്.
ആർ. ശശിധരൻ നായ‌ർ
പേയാട്
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ