മന്ത്രി എ.കെ. ബാലന് രാജേഷ് പൈലറ്റിനെ അറിയാമോ?
January 15, 2017, 12:10 am
എം.ഡി.മോഹൻദാസ്, വക്കം
തിയറ്റർ സമരം തീർന്നതിൽ വലിയൊരു വിഭാഗം പ്രേക്ഷകർ ആശ്വസിക്കുന്നുണ്ടാകും.മുഖ്യമന്ത്രി പിണറായി വിജയന്റെ അവസരോചിതമായ ഇടപെടൽ എന്തായാലും ഫലിച്ചു.മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ് ശരിക്കും ഗുണം ചെയ്തു.
എന്നാൽ കേരളത്തിന് ഒരു സിനിമാ മന്ത്രിയുണ്ടല്ലോ?എ.കെ.ബാലൻ.സാംസ്കാരിക വകുപ്പിന്റെ ചുമതലയ്ക്കൊപ്പം സിനിമയുടെ ചുമതലയും അദ്ദേഹത്തിനാണെന്നാണ് മനസ്സിലാക്കുന്നത്.തിയറ്റർ സമരം തുടങ്ങിയിട്ട് എത്ര ദിവസമായി.കോടികളുടെ ബിസിനസ്സാണിത്.സിനിമാ വ്യവസായത്തെ ആശ്രയിച്ച് ജീവിക്കുന്ന ആയിരക്കണക്കിനാൾക്കാരുണ്ട്.മാത്രമല്ല ജനങ്ങളുടെ വിനോദോപാധിയാണിത്.സിനിമ കണ്ടില്ലെങ്കിൽ എന്താണ് കുഴപ്പമെന്നൊക്കെ ചോദിക്കാം.ഈ ക്രിസ്മസ് അവധിക്കാലത്ത് പുതിയ മലയാള ചിത്രങ്ങളൊന്നും തിയറ്ററുകളിലെത്തിയില്ല.ഒരു ഇച്ഛാശക്തിയുള്ള മന്ത്രിയുണ്ടെങ്കിൽ സമരക്കാരെ നിലയ്ക്ക് നിർത്താൻ കഴിയുമായിരുന്നില്ലേ?കാരണം ന്യായമല്ലാത്ത ഒരു ആവശ്യമാണ് തിയറ്ററുകാർ മുന്നോട്ടു വച്ചത്.ആദ്യം തന്നെ അവർ സ്വമേധയാ കാര്യങ്ങൾ നിശ്ചയിക്കുക,പിന്നീട് അതിനുവേണ്ടി സമരം ചെയ്യുക.വ്യക്തിപരമായ ഈഗോ ഉയർത്തിപ്പിടിച്ച് മുട്ടാപ്പോക്ക് കാട്ടുക ഇത് ശരിക്കും ജനങ്ങളെ വെല്ലുവിളിക്കലാണ്.
ഒരു ഉദാഹരണം പറയാം.രാജേഷ് പൈലറ്റ് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരിക്കുന്ന കാലം.അയോദ്ധ്യപ്രശ്നത്തിന്റെ പേരിലാണെന്നാണ് ഓർമ്മ.സന്യാസിമാരെല്ലാംകൂടി സംഘപരിവാറിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ പ്രതിഷേധ സമരം സംഘടിപ്പിക്കാൻ തീരുമാനിച്ചു.മുതിർന്ന സന്യാസിമാർ പങ്കെടുക്കുന്ന പ്രതിഷേധത്തെ എങ്ങനെ നേരിടുമെന്ന ഉത്ക്കണ്ഠയായി.സന്യാസിമാരെ തൊട്ടാൽ ഉത്തരേന്ത്യ കത്തുമെന്ന നിലയിലായി പ്രചാരണങ്ങൾ.സമര ദിനത്തിൽ ഹെൽമറ്റ് ഒക്കെ ധരിച്ച് പൊലീസിന്റെ ചുമതല ഏറ്റെടുത്ത് രാജേഷ് പൈലറ്റ് ഫീൽഡിലിറങ്ങി.ആവേശത്തോടെ വന്ന സമരക്കാരെ ഫയർ എഞ്ചിനുകൾ വെള്ളം ചീറ്റി ഓടിച്ചു. സന്യാസിമാരെല്ലാം പിന്തിരിഞ്ഞോടി.മലപോലെ വന്ന പ്രതിഷേധം എലിപോലെയായി.ഒരു കുഴപ്പവുമുണ്ടായില്ല.അതേക്കുറിച്ച് രാജേഷ് പൈലറ്റ് പിന്നീട് പറഞ്ഞത് ഇങ്ങിനെയാണ്?'രാജ്യത്തിന്റെ പരമാധികാരത്തെ വെല്ലുവിളിക്കരുത്.അതാരായാലും.ഭരണകൂട ഭീകരതയല്ല കേട്ടോ...
എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിക്കു ചെയ്യാനാവില്ല.അതിനാണല്ലോ വകുപ്പു മന്ത്രിമാർ.പക്ഷേ ഇച്ഛാശക്തി കാട്ടണം.സമരം ചെയ്ത തിയറ്റർ ഉടമകളെ വെള്ളം ചീറ്റി ഓടിക്കണമായിരുന്നു എന്നല്ല പറഞ്ഞു വരുന്നത്.അന്യായമായ ഒരു സമരം നടക്കുമ്പോൾ അതിനെ നേരിടാനുള്ള പരമാധികാരം പ്രയോഗിക്കണം.പ്രത്യേകിച്ചും സമരം ജനദ്രോഹപരമാകുമ്പോൾ.
ദീർഘകാലത്തെ രാഷ്ട്രീയ പ്രവർത്തന പാരമ്പര്യവും പാർലമെന്ററി പരിചയവുമുള്ള മന്ത്രിയാണ് എ.കെ.ബാലൻ.അഴിമതിയുടെ കറപുരളാത്ത സത്യസന്ധനായ വ്യക്തിയുമാണ്.പക്ഷേ ഭരണത്തിൽ കുറേക്കൂടി ആർജ്ജവം കാട്ടണം.പ്രശ്നങ്ങളിൽ ഇടപെടുകയും അവ വേഗം പരിഹരിക്കുകയും ചെയ്യുന്ന മന്ത്രിയായി മാറണം.
എം.ഡി.മോഹൻദാസ്
വക്കം
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ