ധരംവീരയുടെ നിലപാടും കാമരാജിന്റെ ചട്ടവും
January 13, 2017, 1:07 am
വിശ്വനാഥൻ
മടിയിൽ കനമില്ലെങ്കിൽ ഇടവഴിയെ ഭയക്കുന്നതെന്തിനെന്ന ലേഖനം അവസരോചിതമായി.അത് വായിച്ചപ്പോൾ കേന്ദ്ര സെക്രട്ടറിയായിരുന്ന ധരംവീറിന്റെ(ധരംവീര)കാര്യമാണ് ഓർത്തത്.ഉരുക്കുമനുഷ്യനായ സർദാർ വല്ലഭായ് പട്ടേൽ എഴുതിയ ഉത്തരവ് അദ്ദേഹത്തെക്കൊണ്ട് തന്നെ തിരുത്തിച്ച ആ ഉദ്യോഗസ്ഥന്റെ പാരമ്പര്യമല്ലേ സിവിൽ സർവീസിലെ പ്രഗത്ഭരും സത്യസന്ധരുമായ ഉദ്യോഗസ്ഥർ പിന്തുടരേണ്ടത്.പട്ടേൽ ഫയലിലെഴുതിയ നിർദ്ദേശം നടപ്പിലാക്കാൻ പറ്റുന്നതല്ലെന്ന് ധരംവീർ എഴുതി.വിഷയം ഓർമ്മയിൽ വരുന്നില്ല.ഫയൽ കണ്ട കേന്ദ്ര ആഭ്യന്തരമന്ത്രി പട്ടേൽ വകുപ്പിലെ സെക്രട്ടറിമാരുടെ മുഴുവൻ യോഗം വിളിച്ചു.എല്ലാവരും ധരംവീറിന്റെ തീരുമാനത്തെ പിന്തുണച്ചു.വിശാല മനസ്ക്കനായ പട്ടേൽ തന്റെ തീരുമാനത്തിൽ നിന്നും പിൻമാറി.അങ്ങനെ പട്ടേലിനെപ്പോലെ കരുത്തനായ മന്ത്രിയെ തിരുത്തിയ ഉദ്യോഗസ്ഥൻമാരുടെ പാരമ്പര്യം സിവിൽസർവ്വീസിനുണ്ട്.ധരംവീർ പിന്നീട് ഗവർണറായി.രാജ്യം അദ്ദേഹത്തെ പദ്മഭൂഷൺ നൽകി ആദരിക്കുകയും ചെയ്തു.
അതേസമയം ജനങ്ങൾ തിരഞ്ഞെടുത്തയക്കുന്ന ജനപ്രതിനിധികൾ ഇച്ഛാശക്തിയുള്ളവരാണെങ്കിൽ,അവർ കൈക്കൊള്ളുന്ന തീരുമാനം പൊതുതാത്പ്പര്യാർത്ഥമുള്ളതാണെങ്കിൽ ഏത് കൊലക്കൊമ്പൻ ഉദ്യോഗസ്ഥനേക്കൊണ്ടും അംഗീകരിപ്പിക്കാനാവും .അവരെ നിലയ്ക്ക് നിർത്താനെന്നല്ല വരച്ചവരയിൽ നിർത്താനുമാകും.അതിനൊരു ഉദാഹരണം പറയാം.കാമരാജ് തമിഴ്നാട് മുഖ്യമന്ത്രിയായിരിക്കുമ്പോൾ ചീഫ്സെക്രട്ടറി ഒരു ഐ.സി.എസുകാരനായിരുന്നു.വലിയ വിദ്യാഭ്യാസമൊന്നുമില്ലാത്തയാളാണ് കാമരാജെന്ന ചിന്താഗതിയിൽ ഉള്ളിലൊരു പുച്ഛവും അദ്ദേഹത്തിനുണ്ടായിരുന്നു.അങ്ങനെയിരിക്കെ തിരുനൽവേലിയിൽ പ്രളയമുണ്ടായി.ദുരിതാശ്വാസത്തിനുള്ള കാര്യങ്ങളുമായി പ്രത്യേക വിമാനത്തിൽ അങ്ങോട്ടേക്കുപോകാൻ മുഖ്യമന്ത്രി തീരുമാനിച്ചു.വിവരം ചീഫ്സെക്രട്ടറിയോട് പറഞ്ഞപ്പോൾ ഒഴികഴിവുകൾ പറഞ്ഞ് പിൻമാറാൻ അദ്ദേഹം ശ്രമിച്ചു. കാമരാജിന്റ വിധം മാറി.രാവിലെ ആറു മണിക്ക് വിമാനം പുറപ്പെടുമ്പോൾ അതിലുണ്ടായിരിക്കണമെന്നായി കാമരാജ്.മുഖ്യമന്ത്രിയുടെ സ്വരം കടുത്തതോടെ ചീഫ്സെക്രട്ടറി അറ്റൻഷനായി.അടുത്തദിവസം തിരുനൽവേലിയിലെത്തി പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കുമ്പോൾ ഒരു സ്ഥലത്ത് ജനങ്ങൾ നേരിടുന്ന ദുരിതങ്ങൾ കണ്ട് കാമരാജ് ദു:ഖിതനായി.ഉടൻതന്നെ അദ്ദേഹം ആ പ്രദേശത്തുകാർക്ക് ഒട്ടേറെ ദുരിതാശ്വാസ പദ്ധതികൾ പ്രഖ്യാപിച്ചു.കേട്ടമാത്രയിൽ അതിനൊന്നും ചട്ടമില്ലെന്നു പറഞ്ഞ് ചീഫ്സെക്രട്ടറി ഉടക്കിട്ടു.കാമരാജ് അദ്ദേഹത്തെ രൂക്ഷമായി ഒന്ന് നോക്കി.എന്നിട്ട് ഇങ്ങനെ പറഞ്ഞു.'നാൻ ശൊല്ലറത് താൻ ശട്ടം.'അതോടെ ചീഫ് സെക്രട്ടറിയുടെ നാവടഞ്ഞു.കാമരാജിനെപ്പോലെ ജനവികാരമറിയുന്ന പ്രഗത്ഭനായ നേതാവിനോടാണ് വിവരമില്ലാത്ത ആ ചീഫ് സെക്രട്ടറി മുട്ടാൻ നോക്കിയത്.ജനകീയവും ന്യായവുമായ വിഷയങ്ങളിൽ ഇച്ഛാശക്തിയുള്ള ,ജനങ്ങളുടെ ഉൾത്തുടിപ്പുകൾ തിരിച്ചറിയുന്ന ഭരണകർത്താക്കൾ ഇങ്ങനെ ധൈര്യപൂർവ്വം തീരുമാനങ്ങൾ എടുക്കും.അതിൽ അഴിമതിയില്ല.പൊതുതാത്പ്പര്യം മാത്രമേയുള്ളു.
പാമോയിൽ കേസിൽ സിവിൽസപ്ളൈസ് ഡയറക്ടർ ബോർഡിലുണ്ടായിരുന്നവർ പ്രതികളായ വിവരം ലേഖനത്തിൽ പറഞ്ഞിരുന്നല്ലോ.അന്ന് ആ യോഗത്തിൽ അൽഫോൺസ് കണ്ണന്താനം പങ്കെടുത്തിരുന്നു.ഭക്ഷ്യവകുപ്പ് ഡയറക്ടറായിരുന്നുവെന്നാണ് ഓർമ്മ.പാമോയിൽ ഇറക്കുമതി ചെയ്യാനുള്ള തീരുമാനം മുൻകാല പ്രാബല്യത്തോടെ അംഗീകരിപ്പിക്കാനുള്ള നീക്കത്തെ അദ്ദേഹം എതിർത്തു.അത് മിനിട്സിലുണ്ടായിരുന്നതിനാലാണ് കണ്ണന്താനത്തിന്റെ പേര് എഫ്.ഐ.ആറിൽ വരാതിരുന്നത്.ചെയ്യേണ്ടതു ചെയ്താൽ ഒരു കുഴപ്പവുമില്ല.ചെയ്യാതിരിക്കുമ്പോഴാണ് പ്രശ്നം.വ്യക്തിപരമായ സത്യസന്ധത പുലർത്തുന്ന ഉദ്യോഗസ്ഥർ തൊഴിൽപരമായ സത്യസന്ധതയും കാട്ടണം.
വിശ്വനാഥൻ തിരുവനന്തപുരം
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ