മുന്തിരിവള്ളികൾ തളിർക്കുന്പോൾ
January 22, 2017, 8:46 am
ശ്രീകുമാർ പള്ളീലേത്ത്
മുന്തിരിത്തോട്ടങ്ങളിൽ പ്രണയത്തിന്റെ മധുരിമയാണ്. ആ പ്രണയമുന്തിരിക്കാറ്റ് കേരളത്തിലേക്കും വീശിയടിച്ച് ഹൃദയങ്ങളെ തഴുകുന്നു. അതിന്റെ ശീതളിമ തേടി പ്രണയിതാക്കൾ തേനിയിലേയ്ക്കും മധുരയിലേയ്ക്കും വണ്ടിയിറങ്ങുകയാണ്, ഹൃദയസദസിൽ മുന്തിരി പ്രണയപുഷ്മാകാൻ. മുന്തിരിത്തോട്ടം എന്നും പ്രണയത്തിന്റെ വസന്തമാണ്. ആ കഥ മലയാളികളുടെ മനസിൽ വാരിവിതറിയത് പ്രശസ്ത സംവിധായകനും എഴുത്തുകാരനുമായ പി. പത്മരാജനാണ്. നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പിൽ പ്രേക്ഷകരെ ഇളക്കി പത്മരാജൻ പറഞ്ഞുകേൾപ്പിച്ചു.

'നമുക്കു ഗ്രാമങ്ങളിൽ ചെന്നു രാപ്പാർക്കാം.
അതികാലത്തു എഴുന്നേറ്റു മുന്തിരിത്തോട്ടങ്ങളിൽ പോയി
മുന്തിരിവള്ളി തളിർത്തു പൂവിടരുകയും
മാതള നാരകം പൂക്കുകയും ചെയ്തുവോ എന്നു നോക്കാം;
അവിടെ വച്ചു ഞാൻ നിനക്ക് എന്റെ പ്രേമം തരും.'

ബൈബിളിലെ ഉത്തമഗീതത്തിൽ പറയുന്ന ഈ വരികൾ അന്തരിച്ച സംവിധായകൻ പത്മരാജന്റെ ഭാവനയിലൂടെ അഭ്രപാളികളിലെത്തിയപ്പോൾ പ്രണയത്തിന്റെ മുന്തിരിച്ചാർ ആസ്വദിച്ചു. മുന്തിരിയും മുന്തിരിവള്ളികളും നമ്മുടെ മനസിനു പകർന്നു നൽകുന്ന കാൽപ്പനിക സമ്പന്നത ഒന്നു വേറെ. മുന്തിരിക്കു മറ്റൊരു പേരുണ്ട് ദ്രാക്ഷ. ആഗ്രഹിക്കുന്നത് എന്നാണ് ഇതിനർത്ഥം. ആ പേരിനെ എപ്പോഴും അന്വർത്ഥമാക്കിയാണ് സൗന്ദര്യ സങ്കൽപ്പത്തിലേക്കു മുന്തിരി വള്ളികൾ പടർന്നുകയറുന്നത്. കടലു പോലെയാണ് മുന്തിരിത്തോട്ടങ്ങൾ. കണ്ടാലും കണ്ടാലും മതി വരില്ല. ഒരാൾ പൊക്കത്തിൽ പച്ചപ്പിന്റെ മേൽത്തട്ടുപോലെ വിതാനിച്ചു നിൽക്കുന്ന മുന്തിരി വള്ളികൾക്കു താഴെ നിൽക്കുമ്പോൾ, ഏതൊരുവന്റെയും ഹൃദയം തരളിതമാവും, അറിയാതെ അനുരാഗത്തിന്റെ ഒരു നീർച്ചാൽ മനസിൻ കോണിൽ നുരഞ്ഞൊഴുകും. തമിഴ്നാട്ടിലെ തേനി, മധുര ജില്ലകളിലെ മുന്തിരിത്തോട്ടങ്ങളുടെ തണലും തണുപ്പും നിറപ്പകിട്ടും തേടി ചലച്ചിത്ര സംവിധായകർ എത്തിക്കൊണ്ടിരിക്കുന്നതിന് പിന്നിൽ മുന്തിരിയുടെ മധുരസൗന്ദര്യമുണ്ട്. പല ചലച്ചിത്രങ്ങളിലും പ്രേമരംഗങ്ങൾക്ക് പൊലിമ പകരാൻ മുന്തിരിത്തോട്ടങ്ങളുണ്ടായിരുന്നു.

കേരളത്തിൽ ഏറ്റവും ചെലവുള്ള പഴ വർഗങ്ങളിലൊന്ന് മുന്തിരിയാണ്. തമിഴ്നാട്ടിൽ വിളയുന്ന മുന്തിരിയുടെ നല്ലൊരു പങ്കും എത്തുന്നത് കേരളത്തിലേക്കാണ്. മാധുര്യമേറെയുള്ളതെങ്കിലും ചെറിയ ചൂഷണത്തിന്റെ കഥയും മുന്തിരിക്കു പറയാനുണ്ട്.പലരും പലപ്പോഴായി നോക്കി,നമ്മുടെ മണ്ണിൽ മുന്തിരി വിളയിക്കാൻ.നട്ട തൈകൾ പ്രതീക്ഷയുണർത്തിക്കൊണ്ട് വളർന്നെങ്കിലും മുന്തിരി മാത്രം മുളച്ചില്ല. കേരളത്തോടു മുന്തിരിക്കു മമതയില്ലാഞ്ഞല്ല,ഇവിടുത്തെ ചൂടു താങ്ങാനുള്ള ത്രാണിയില്ലാത്തതു കൊണ്ടാണ്. എങ്കിലും ടെറസുകളിലും കൃഷിയിടങ്ങളിലും ഇപ്പോൾ മുന്തിരി തളിർത്തുതുടങ്ങിയിട്ടുണ്ട്.

പേർഷ്യൻ രാജ്യങ്ങളിൽ നിന്നാണ് മുന്തിരിയുടെ വരവ്. വൈൻ നിർമ്മാണത്തിനായാണ് അവിടങ്ങളിൽ മുന്തിരി വ്യാപകമായി ഉപയോഗിച്ചിരുന്നത്. ആര്യന്മാരുടെ കാലത്ത് ഇന്ത്യയിലും ഇത് വ്യാപകമായി ഉപയോഗിച്ചിരുന്നതായി ചരിത്രം പറയുന്നും. ക്രിസ്ത്യൻ മിഷണറിമാരുടെ വരോടെയാണ് നമ്മുടെ നാട്ടിലേക്കു മുന്തിരിക്കു ടിക്കറ്റ് കിട്ടിയത്. 1832 ൽ ക്രിസ്ത്യൻ മിഷണറിമാരാണ് തമിഴ്നാട്ടിലെ തേനിയിലും മധുരയിലും ഇതിനെ നട്ടു പിടിപ്പിച്ചത്. ചൂട് അൽപ്പവും താങ്ങാൻ മുന്തിരിവള്ളിക്ക് കഴിയില്ല. എപ്പോഴും തണുപ്പുവേണം. മഞ്ഞിന്റെ ആശ്‌ളേഷമില്ലാതെ ഒറ്റ ദിനവും പിടിച്ചുനിൽക്കാൻ ഈ വള്ളികൾക്കാവില്ല. തേനി, മധുര ജില്ലകൾക്കുള്ള അനുഗ്രഹവും ഈ തണുത്ത കാലാവസ്ഥയാണ്. കൽത്തൂണുകളിൽ നെടുകയും കുറുകെയും പാവുന്ന ചരടുകളിലാണ് മുന്തിരിവള്ളി പടർത്തുന്നത്. ഒരാൾ പൊക്കത്തിൽ കനം കുറഞ്ഞ തടിപോലെ ഉയരുന്ന ചെടി പിന്നീട് പല ശാഖകളായി തിരിഞ്ഞാണ് പടരുക. ഒരു ചെടി നട്ടു കഴിഞ്ഞാൽ മൂന്നാം വർഷം മുതൽ വിളവെടുക്കാം.15 വർഷമാണ് ഒരു ചെടിയുടെ ആയുസ്.

വേപ്പിൻ പിണ്ണാക്കും ചാണകവും ആട്ടിൻ കാഷ്ടവും ശരിയായ അനുപാതത്തിൽ വളമായി കിട്ടിയാൽ ചെടി അങ്ങനെ കൊഴുത്തു വളരും. പക്ഷേ നമ്മെയെല്ലാം ജ്യൂസു കുടിപ്പിക്കുന്ന മുന്തിരിക്കു വല്ലാത്ത ദാഹമാണ് എപ്പോഴും. ഡ്രിപ്പ് ഇറിഗേഷൻ സംവിധാനം വഴിയാണ് ഇവരുടെ ദാഹം മാറ്റുന്നത്. തമിഴ്നാട് സർക്കാരിന്റെ കൈയയച്ചുള്ള സഹായവും കർഷകർക്കുണ്ട്. ഒരു ഹെക്ടർ സ്ഥലത്ത് ഡ്രിപ്പ് ഇറിഗേഷൻ നടത്താൻ 1,40,000 രൂപയാണ് ചെലവു വരുന്നത്. ഇതിന്റെ 70 ശതമാനവും സർക്കാർ സബ്സിഡിയായി ലഭിക്കും.10 ഏക്കർ മുതൽ മുകളിലേക്ക് 50 ഏക്കർ വരെയുള്ള തോട്ടങ്ങളാണ് ഇവിടെയുള്ളത്. ഒന്നിലധികം തോട്ടങ്ങളുള്ള ഉടമകളുമുണ്ട്. പല തട്ടുകളായി തിരിച്ചാണ് കൃഷി ചെയ്യുന്നത്. വ്യത്യസ്ത സമയങ്ങളിലാണ് തൈകൾ നടുന്നത്. അതുകൊണ്ടു തന്നെ വളർച്ചയുടെ പലഘട്ടങ്ങളിലുള്ള മുന്തിരിപ്പഴങ്ങൾ എപ്പോഴും തോട്ടത്തിലുണ്ടാവും. വള്ളിയിൽ മുട്ടു പിടിച്ചാൽ പച്ചപളുങ്കുകൾ തൊങ്ങൽ ചാർത്തിയ മട്ടിലാവും കുലകൾ തൂങ്ങിയാടുക. ഹരിത ഭംഗിയുടെ സൗമ്യഭാവമാവും അപ്പോൾ നമുക്കു കാണാൻ കഴിയുക. ക്രമേണ ഇവയുടെ നിറങ്ങൾ മാറിത്തുടങ്ങും. റോസിന്റെ പുറം ചട്ടയണിയുന്ന പഴങ്ങൾ പിന്നീട് കറുപ്പിന്റെ കാന്തിയിലാവും. അപ്പോഴാണ് വിളവെടുപ്പ്. വർഷത്തിൽ നാലു തവണയാണ് വിളവെടുക്കാറുള്ളത്. പുറത്തു നിന്നുള്ള ഏജന്റുമാർ തോട്ടത്തിലെ പഴങ്ങൾ ഒന്നിച്ച് വിലപറഞ്ഞെടുക്കും. തമിഴ്നാട്ടിൽ നിന്ന് മുന്തിരയുടെ നല്ലൊരു പങ്കും വരുന്നത് കേരളത്തിലേക്കാണ്. ഒക്ടോബർ, നവംബർ,ഡിസംബർ മാസങ്ങളിലാണ് നല്ല സീസൺ. കർഷകർക്ക് അത്ര സന്തോഷകരമല്ലെങ്കിലും മുന്തിരിയുടെ ആവശ്യക്കാർക്ക് നല്ലകാലം. കാരണം വിലകുത്തനെ കുറയും. കിലോയ്ക്ക് 20 രൂപ വരെയൊക്കെയാവും. പക്ഷേ, ഇങ്ങു കേരളത്തിലെത്തുമ്പോൾ ഇരട്ടിയാവുമെന്നതു വേറെ കാര്യം. എന്നാൽ ജനുവരി മുതൽ ജൂലായ് വരെ ഉത്പ്പാദനം കുറയുമെന്നതിനാൽ കർഷകനു നേട്ടവും വാങ്ങുന്നവർക്കു മന:പ്രയാസവും. ചെറുകീടങ്ങളാണ് മുന്തിരിയുടെ മുഖ്യ ശത്രുക്കൾ. ഇവ കൂട്ടത്തോടെ ആക്രമിച്ചാൽ കർഷകന്റെ കൈ പൊള്ളിയതു തന്നെ. കീടനാശിനി കൊണ്ടാണ് കീടങ്ങളെ ചെറുക്കുന്നത്. ആഴ്ചയിലൊരിക്കലെങ്കിലും കീടനാശിനി തളിക്കും. മുന്തിരിയുടെ മാറ്റു കുറയ്ക്കുന്ന പ്രധാന ഘടകവും ഇതാണ്. കടകളിലെത്തുന്ന മുന്തിരിയുടെ പുറത്തെ വെള്ളപ്പാട് കീടനാശിനിയുടെ സംഭാവന. ഉപയോഗത്തിനു മുമ്പ് ചൂടുവെള്ളത്തിലൊന്നു കഴുകിയാൽ ഈ കളങ്കത്തെ ഒഴിവാക്കാം.

തോട്ടങ്ങളിൽ മുന്തിരി പഴുത്തുനിൽക്കുകയാണ്. പ്രണയത്തിന്റെ സുഗന്ധവുമായ്. അതിനെ ഒപ്പിയെടുക്കാൻ സിനിമാക്കാർ ഇവിടെ ലൊക്കേഷനാക്കുമ്പോൾ പ്രണയക്കാറ്റെത്തി ജീവിതകാൽവയ്പ്പിന്റെ ലൊക്കേഷനാക്കുന്നു. മുന്തിരിത്തോട്ടങ്ങൾക്കിടയിലൂടെ മുന്തിരിയെ തലോടിക്കൊണ്ടവർ ചോദിക്കുന്നു. ഇത്ര മധുരമുണ്ടോ പ്രേമത്തിനെന്ന്. അതെ മുന്തിരിക്കും പ്രണയത്തിനും മാത്രം അവകാശപ്പെടാൻ കഴിയുന്ന രസം ഒന്നല്ലേ..
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.