ജാതിയും ജാതികോളവും
January 16, 2017, 12:26 am
''ജാതി ഉണ്ടെന്ന വിചാരം പോണം അതാണ് വേണ്ടത്.'' ജാതിയെ സൂചിപ്പിക്കുന്ന പേരുകൾ ഉപയോഗിക്കരുത്. അല്ലാതെ നല്ല പേരുകൾ വളരെ ഉണ്ടല്ലോ. എഴുത്തകുത്തുകളിൽ ജാതി കാട്ടരുത്. അതിന് സർക്കാരിലേക്ക് എഴുതി സമ്മതം വാങ്ങണം. ജാതി ചിന്ത ഇല്ലാതാക്കാൻ ശ്രീനാരായണഗുരുദേവൻ നൽകിയ ഈ നിർദ്ദേശങ്ങൾ 1927 ൽ പത്രത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തൊണ്ണൂറുവർഷങ്ങൾക്കുശേഷം ഗുരുസന്നിധിയിൽ ഒരു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഉണ്ടായിരിക്കുന്നു. ജാതികോളം എടുത്തുകളയാൻ ശ്രമിക്കുമെന്ന്, നല്ലകാര്യം. 84 തീർത്ഥാടനങ്ങളും അതോടൊപ്പം നിരവധി സമ്മേളനങ്ങളും എണ്ണിയാലൊടുങ്ങാത്ത പ്രഖ്യാപനങ്ങളും ഉണ്ടായിട്ടുണ്ട്. എല്ലാം അന്തരീക്ഷത്തിൽ മണിക്കൂറുകൾ മാത്രം നിലനിന്ന് അതിൽത്തന്നെ വലയംപ്രാപിച്ചു. സാമൂഹ്യ മാറ്റത്തിനുവേണ്ടിയുള്ള ഈ പ്രഖ്യാപനം ആത്മാർത്ഥമായിട്ടുള്ളതാണെങ്കിൽ ശ്ളാഘനീയമാണ്. അത് പ്രാവർത്തികമാക്കുക ചെറിയ കാര്യമല്ല.
ആദ്യമായി ജാതി ഉണ്ടെന്ന വിചാരം ജനമനസുകളിൽനിന്ന് പോകണം. അതിനുള്ള ഒരു മാർഗം മാത്രമാണ് എഴുത്തുകുത്തുകളിലെ ജാതികോളം മാറ്റുക എന്നത്. അതിനുമുമ്പുതന്നെ ഭേദചിന്തകളില്ലാതാകണം. ഗുരുവിന്റെ കാലത്ത് പ്രത്യക്ഷത്തിൽത്തന്നെ പ്രകടമായ ജാതിവിവേചനം നിലനിന്നിരുന്നു. ജാതികൾ തമ്മിൽ നേർക്കുനേർ പോരാടിയിരുന്നു. ഇന്ന് ആട്ടിൻ തോലിട്ട ചെന്നായെപ്പോലെയാണ് ജാതി നമ്മുടെ ഇടയിൽ വിഹരിക്കുന്നത്. എപ്പോഴാണ് അത് അക്രമാസക്തമാകുന്നത് എന്ന് അറിയാൻ പറ്റില്ല. ജീവിതത്തിന്റെ സമസ്ത മേഖലകളിലും നിലനിൽക്കുന്ന പരോക്ഷമായ ഈ ജാതിചിന്തയും വിവേചനവും മാറാത്തിടത്തോളം സാമൂഹ്യനീതിയും സന്തുലിതാവസ്ഥയും കൈവരിക്കാൻ വേണ്ടിയുള്ള ചില നടപടികളുടെ ഭാഗമായ ജാതികോളം എങ്ങനെ എടുത്തുകളയാൻ പറ്റും. ഈ കോളം പൂരിപ്പിക്കാൻ മടികാണിക്കുന്നവരാണ് പിന്നാക്ക വിഭാഗത്തിലുള്ളവർ. മതവും ജാതിയും ചോദിക്കുന്ന കോളത്തിൽ മതം മാത്രം എഴുതുന്നവരാണ് മിക്കവരും. ചിലർ നിവർത്തികേടുകൊണ്ട് മാത്രം ഒ.ബി.സി എന്നോ ഒ.ഇ.സി, എസ്.സി എന്നോ എഴുതുന്നു.
അധികാരവും സമ്പത്തും പങ്കുവയ്ക്കുമ്പോൾ വിഭാഗീയതയും വിവേചനവും അവസാനിപ്പിച്ചാൽ മാത്രമേ സാമൂഹ്യനീതി കൈവരിക്കാൻ സാധിക്കുകയുള്ളൂ. ജാതീയതയും സമ്പത്തിന്റെ സ്വാധീനവും ഭരണസംവിധാനത്തിന്റെ താഴെതട്ട് മുതൽ ഭരണസിരാകേന്ദ്രം വരെ നിലനിൽക്കുന്നു എന്ന പരസ്യമായ രഹസ്യം അനുഭവിച്ചറിയുന്നവരാണ് സാധാരണക്കാരായ ജനങ്ങൾ. മതേതര ഭരണഘടനയുടെ കീഴിൽ മതേതരത്വത്തിനുവേണ്ടി വാദിക്കേണ്ടിവരുന്നു. ''നമുക്ക് ജാതിയില്ല'', ''ദൈവദശകരചന'' ഇവയുടെ ശതാബ്ദികൾ മത്സരിച്ച് ആഘോഷിക്കുന്ന സമൂഹത്തിലാണല്ലോ ദേവസ്വം ബോർഡിന്റെ ക്ഷേത്രത്തിൽ ദൈവദശകം ചൊല്ലി പ്രാർത്ഥിച്ച സ്ത്രീയെ മർദ്ദിച്ച്, മുടിക്കുപിടിച്ചുവലിച്ചിഴച്ച് ക്ഷേത്രത്തിന് പുറത്താക്കിയത്. ഇവിടെ പുറത്ത് വന്നത് ജാതിയുടെ തനി സ്വരൂപമല്ലേ. എന്തിനും ഏതിനും പ്രതികരിക്കാൻ മത്സരിക്കുന്ന സാമൂഹ്യപ്രവർത്തകരും സംഘടനകളും ഹിന്ദുഐക്യവേദിയും എന്തേ ഇതിനെതിരെ പ്രതികരിക്കാതിരുന്നത്. ക്ഷേത്ര പ്രവേശന സ്വാതന്ത്ര്യം പ്രഖ്യാപിച്ചിട്ട് എട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞിരിക്കുന്നു. പ്രഖ്യാപനം നടത്തിയ രാജഭരണം പോയി ജനാധിപത്യം വന്നിട്ടും ക്ഷേത്ര പ്രവേശനം ക്ഷേത്രത്തിൽ പ്രവേശിക്കാനുള്ള സ്വാതന്ത്ര്യത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നു. ക്ഷേത്രത്തിനുള്ളിൽ സ്വതന്ത്ര്യമായി പ്രാർത്ഥിക്കാനോ പൂജാരി ആകാനോ ഉള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നു. പിന്നെ ക്ഷേത്ര പ്രവേശനം. ഇങ്ങനെയുള്ള ഒരു സമൂഹത്തിൽ ജാതികോളം മാറ്റാൻ സമയമായോ?
ജാതിരഹിത സമൂഹ സൃഷ്ടിയായിരിക്കണം വർഗരഹിത സോഷ്യലിസത്തിന്റെ ലക്ഷ്യം. അതിനുള്ള പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുകയാണ് വേണ്ടത്. ആ ഒരു സംസ്കാരം നിലവിൽ വരുമ്പോൾ ജാതികോളം പൂരിപ്പിക്കാൻ ആളില്ലാതാകും. കോളം അപ്രസക്തമാകും.
ഡോ. ജി. ജയദേവൻ

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ