മൂലൂർ സ്മാരകത്തിന്മേലുള്ള അതിക്രമം അവസാനിപ്പിക്കണം
January 17, 2017, 12:15 am
12 .1 .2017 ലെ കേരളകൗമുദിയിൽ മൂലൂർ സ്മാരകത്തിന്റെ ഇന്നത്തെ അവസ്ഥയെ കുറിച്ച് ശ്രീ.സജീവ് കൃഷ്ണൻ എഴുതിയ റിപ്പോർട്ട് സാംസ്കാരിക കേരളത്തെയാകെ അസ്വസ്ഥ മാക്കുന്നതാണ്.ഏതാണ്ട് മൂന്നു പതിറ്റാണ്ടായി നല്ല രീതിയിൽ പ്രവർത്തിച്ചു വന്ന കേരളത്തിലെ പ്രധാനപ്പെട്ട സാംസ്കാരിക കേന്ദ്രമായ മൂലൂർ സ്മാരകം സ്ഥാനമോഹിക ളായ ചില രാഷ്ട്രീയക്കാരുടെ ദുർവാശി കാരണം നിശ്ചലാവസ്ഥയിൽ ആയിരിക്കുകയാണ്.സാധാരണ സാംസ്ക്കാരിക സ്ഥാപനങ്ങളിൽ നിന്ന് വ്യത്യസ്തമായി ഈ സ്മാരകം പ്രവർത്തന നിരതമാകാൻ കാരണം ഇത്രയും കാലം അതിൻറെ സെക്രട്ടറിയായിരുന്ന പ്രൊഫ.സഹൃദയൻ തമ്പിയായിരുന്നു എന്ന് ഒരിക്കലെങ്കിലും അവിടം സന്ദർശിച്ചിട്ടുള്ള ആർക്കും ബോദ്ധ്യമാകുന്നതാ ണ്.അതുകൊണ്ടുതന്നെ രണ്ടു മുന്നണികളും മാറി മാറി സംസ്ഥാനം ഭരിച്ചപ്പോഴും പ്രൊഫ.തമ്പിയെയാണ് സെക്രട്ടറിയായി നിയമിച്ചുകൊണ്ടിരുന്നത്.അവകാശികൾക്ക് നഷ്ട പരിഹാരം നൽകിയിട്ടു മാത്രമേ മിക്ക സ്മാരകങ്ങളും ഏറ്റെടുക്കാൻ സർക്കാരിന് കഴിഞ്ഞിട്ടുള്ളൂ .ആ നിലയ്ക്ക് ഒരു പൈസ പോലും സർക്കാരിൽ നിന്നും കൈപ്പറ്റാതെ സരസകവിയുടെ ഭവനവും ചുറ്റുമുള്ള സ്ഥലവും വിട്ടുകൊടുക്കാൻ വിശാലഹൃദയത്വം കാട്ടിയ പ്രൊഫ.സഹൃദയൻ തമ്പിയെ പുതിയ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കിയത് ,മിതമായ ഭാഷയിൽ പറഞ്ഞാൽ നെറികേടാണ്.മുൻ എം.എൽ.എയ്ക്ക് സ്മാരക ത്തിന്റെ പ്രസിഡന്റാകണമെങ്കിൽ തമ്പിയെ ഒഴിവാക്കണം എന്നതിന്റെ യുക്തിയാണ് മനസ്സിലാകാത്തത്.ടി.കെ.രാ മകൃഷ്ണനും എം.എ .ബേബിയും രാഷ്ട്രീയ ബോധമില്ലാത്തവരും സംസ്കാരമില്ലാത്തവരും ആയതു കൊണ്ടാണോ അവർ തമ്പിയെ ഒഴിവാക്കാതിരുന്നത് എന്ന് പുതിയ സാംസ്ക്കാരിക വകുപ്പ് മന്ത്രിയും പാർട്ടിയുടെ പത്തനംതിട്ടജില്ലാ നേതൃത്വവും ആലോചിക്കേണ്ടതാണ്.തുച്ഛമായ വ്യക്തി വിരോധത്തിന്റെ പേരിൽ മഹത്തായ ഒരു സ്ഥാപനത്തെ താറുമാറാക്കാനുള്ള ചിലരുടെ ദുർബുദ്ധി ബഹു.സാംസ്ക്കാരിക വകുപ്പ് മന്ത്രി തിരിച്ചറിയണമെന്നും സ്മാരകത്തിന്റെ കമ്മിറ്റി സംഘടിപ്പിച്ചതിൽ പറ്റിയ പിഴവ് പരിഹരിക്കണമെന്നും അഭ്യർത്ഥി ക്കുന്നു.
വി.ദത്തൻ,
തിരുവനന്തപുരം
544,Prasanth Nagar,Medical college .PO, tvm11
mob.9446794431
----------------------------------------------------------------------------

ഗുരുഭക്തർക്കും പഠിതാക്കൾക്കും ആശങ്കയുണ്ട്

കഴിഞ്ഞ ഒക്ടോബറിൽ കോട്ടയത്തെ ശ്രീനാരായണകേന്ദ്രത്തിലെ പഠിതാക്കൾ ഇലവുംതിട്ടയിലെ മൂലൂർ സ്മാരകം സന്ദർശിച്ചിരുന്നു. നല്ല ശുദ്ധിയും വൃത്തിയും അവിടെ പാലിച്ചിരുന്നതുകണ്ട് സന്തോഷം തോന്നി. ഒരു സ്മാരകമന്ദിരം ഇത്ര പരിശുദ്ധിയോടെ സൂക്ഷിച്ചിരിക്കുന്നതിൽ പഠിതാക്കൾക്കും അത്ഭുതമായി. ശിവഗിരി തീർത്ഥാടനത്തിനായി കൊണ്ടുപോകുന്ന ഗുരുവിന്റെ വിഗ്രഹം ക്ഷേത്രാന്തരീക്ഷമൊരുക്കിയാണ് സൂക്ഷിച്ചിരിക്കുന്നത്. മൂലൂരിനെക്കുറിച്ചും ഗുരുവുമായുള്ള ബന്ധത്തെക്കുറിച്ചും ഗുരുവിന്റെ സന്ദർശനത്തെക്കുറിച്ചും പഠിതാക്കൾക്ക് പുതിയ കാര്യങ്ങളാണ് അന്ന് സെക്രട്ടറി സഹൃദയൻ തമ്പി നൽകിയത്. ഇത്രയും അറിവുള്ള ഒരാൾ അവിടെയിരിക്കുന്നതാണ് മൂലൂർ സ്മാരകം ശുദ്ധിയോടെ പാലിക്കപ്പെടുന്നതിന് കാരണം എന്ന് ഞങ്ങൾക്ക് ബോദ്ധ്യമായിരുന്നു. ഇതുമായി ബന്ധമില്ലാത്ത രാഷ്ട്രീയക്കാർ അവിടെ കയറിപ്പറ്റുന്നതിൽ ഞങ്ങൾ ഭക്തർക്കും പഠിതാക്കൾക്കും ആശങ്കയുണ്ട്. ഗുരുവുമായി ബന്ധപ്പെട്ട ഇടങ്ങളോട് സർക്കാർ ഇത്ര നിരുത്തരവാദത്തോടെ പെരുമാറരുത്. മൂലൂർ സ്മാരകം സാംസ്കാരിക വകുപ്പിന്റെ പേരിലുള്ള വെറുമൊരു സ്മാരകമല്ല ഗുരുദേവൻ സന്ദർശിച്ച വിശുദ്ധമായ ഇടമാണ്. അവിടം രാഷ്ട്രീയകേന്ദ്രമാക്കുന്നതിനോട് വിയോജിപ്പുണ്ട്. ആശങ്കയും പരിഭ്രാന്തിയുമുണ്ട്.
എ. വി. പ്രസാദ്
ശ്രീനാരായണ പഠനകേന്ദ്രം, കോട്ടയം

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ