കണ്ണീരണിഞ്ഞ ആ സ്വർണക്കൊലുസ്
January 29, 2017, 8:39 am
സോജൻ സ്വരാജ്
ഓർമ്മകൾ ഒരായിരമുണ്ട് അവളുടെ പ്രിയപ്പെട്ട അച്ഛന്. ആശുപത്രിയിലെ വെന്റിലേറ്റർ മുറിയുടെ മുന്നിൽ അവൾ തിരിച്ചെത്തുന്ന നിമിഷങ്ങളെണ്ണി കാത്തിരുന്നപ്പോൾ മനസിൽ വന്നും പോയുമിരുന്നത് കുഞ്ഞുനാൾ മുതലേയുള്ള പൊന്നുമോളുടെ ഓരോ ചിത്രങ്ങളാണ്. ചിലതിൽ കുസൃതി, മറ്റു ചിലപ്പോൾ പൊട്ടിച്ചിരി, ഇനിയൊരുവേള പിണക്കം, ദേഷ്യപ്പെടുന്ന മുഖവും കാണാം ചിലപ്പോൾ. പക്ഷേ, ഈ കൂട്ടത്തിലൊന്നും അവളുടെ പുതിയ ചിത്രങ്ങൾ പതിയില്ല. കാരണം, അച്ഛൻ കടം വാങ്ങിപ്പോയ കൊലുസുമുണ്ട്. ജീവൻ പറന്നകന്ന ഈ ലോകത്തു നിന്നും അവൾ മടങ്ങിപ്പോയി. പൊന്നുമോൾ ഏറെ കൊതിച്ച കൊലുസ് അവസാന യാത്രയിലെങ്കിലും തിരിച്ചു നൽകാൻ കഴിഞ്ഞല്ലോ, എന്ന ആശ്വാസത്തിലും അനഘയുടെ പ്രിയപ്പെട്ട അച്ഛൻ അനിലും കുടുംബവും ഇപ്പോഴും കണ്ണീരൊഴുക്കി അവളെക്കുറിച്ച് ഓർത്തുകൊണ്ടിരിക്കുന്നു.

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊടുപുഴ മൂലമറ്റം ജി.വി.എച്ച്.എസ്.എസിലെ വിദ്യാർത്ഥിനി അനഘ യാത്ര പറഞ്ഞു പോയിട്ട് അധികനാളായില്ല. അവളുടെ ഏറ്റവും പ്രിയപ്പെട്ട ആഗ്രഹങ്ങളിലൊന്നായിരുന്നു സ്വർണ കൊലുസ് വേണമെന്നുള്ളത്. ഒരുപാട് നാളത്തെ ആവശ്യത്തിനും കാത്തിരിപ്പിനും ശേഷമാണ് പ്രാരാബ്ധങ്ങൾക്കിടയിലും അച്ഛൻ കൊലുസ് അവൾക്ക് വാങ്ങി നൽകിയത്. പിന്നീട് പെട്ടെന്നൊരു സാമ്പത്തികാവശ്യം വന്നപ്പോൾ ക്രിസ്മസിന് എടുത്തുതരാമെന്ന് വാക്കുപറഞ്ഞാണ് മകളോട് മാസങ്ങൾക്ക് മുമ്പ് അവളുടെ കൊലുസ് പണയം വയ്ക്കാൻ വാങ്ങിയത്. വാഹനാപകടത്തിൽ ഗുരുതരമായി വെന്റിലേറ്റർ റൂമിന് തൊട്ടുമുന്നിൽ തന്റെ പ്രിയ മകളെയും കാത്തിരിക്കുമ്പോഴാണ് അച്ഛൻ അനിലിന് മകൾക്ക് കൊടുത്ത ആ വാക്ക് ഓർമ വന്നത്. ക്രിസ്മസിന് അച്ഛന് ഒരു പുതിയ ഷർട്ടും വാങ്ങിക്കണമെന്നും മകൾ പറഞ്ഞിരുന്നു. ആ ആഗ്രഹം തെറ്റിക്കാൻ തോന്നിയില്ല. ഒട്ടും വൈകാതെ സൃഹൃത്തുകളോട് പറഞ്ഞ് ആ കൊലുസും ഒരു പുതിയ ഷർട്ടും വാങ്ങി. പക്ഷേ, പണയം വച്ച സ്വർണ കൊലുസും ഷർട്ടുമായെത്തുന്ന അച്ഛനെ കാണാൻ അവൾ നിന്നില്ല. തന്റെ പ്രിയപ്പെട്ടവരെയെല്ലാം കണ്ണീരിലാഴ്ത്തി ക്രിസ്മസ് തലേന്ന് അവൾ മടങ്ങി. ഒടുവിൽ മരണം കൊണ്ട് പാതിതണുത്ത അവളുടെ കാലുകളിൽ ആ സ്വർണകൊലുസ് അണിയിച്ച് അച്ഛൻ അന്ത്യയാത്ര ചൊല്ലി. മകളുടെ മൃതശരീരത്തിൽ കൊലുസ് അണിയിച്ച് യാത്രയാക്കിയ അച്ഛൻ സംസ്‌കാര ചടങ്ങിനെത്തിയവരെ കണ്ണീരിലാഴ്ത്തി. ഒടുവിൽ ആ കൊലുസോടെ അവളെ മണ്ണിൽ അടക്കം ചെയ്തു.

ഓർക്കാപ്പുറത്ത്
കഴിഞ്ഞ 16 ന് ഉച്ചയ്ക്ക് 12.30 ഓടെ പരീക്ഷ കഴിഞ്ഞ് മടങ്ങുമ്പോൾ സ്‌കൂളിന് മുന്നിൽ വെച്ച് അനഘ ഉൾപ്പടെയുള്ള മൂന്നു കുട്ടികളെ അതിവേഗത്തിലെത്തിയ പിക്ക് അപ്പ് വാൻ പിന്നിൽ നിന്നും ഇടിച്ചു വീഴ്ത്തുകയായിരുന്നു. വാഹനത്തിന്റെ മുൻചക്രം തലയിലൂടെ കയറിയിറങ്ങി ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്നും കോലഞ്ചേരി മെഡിക്കൽ കോളേജിലേയ്ക്കും എത്തിച്ചു. ഇവിടെ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തിപോരുകയായിരുന്നു. ആദ്യ ദിവസങ്ങളിൽ മരുന്നിനോട് പ്രതികരിച്ചെങ്കിലും പിന്നീട് നില വഷളായി. പിന്നീട് അനഘയ്ക്ക് സഹായത്തിന്റെ പ്രവാഹമാണുണ്ടായത്. നാട്ടിലെ പൊതു സമൂഹം ഒന്നടങ്കം പിന്തുണയുമായെത്തി. പൊതുജനങ്ങൾ, വ്യാപാരികൾ, ഓട്ടോ ബസ് തൊഴിലാളികൾ എന്നിവരുടെ നേതൃത്വത്തിൽ വ്യാപകമായി ധനസമാഹരത്തിനിറങ്ങി. വിവിധ സ്‌കൂളുകളും സന്നദ്ധ സംഘടനകളും സഹായവുമായെത്തി. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ പത്ത് ലക്ഷത്തോളം രൂപയാണ് അനഘയ്ക്കായി ഒഴുകിയെത്തിയത്. സാമ്പത്തികം പ്രശ്നമല്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങളെത്തി.

പറന്നുപോയ മാലാഖ
ആദ്യ ദിനങ്ങളിൽ മരുന്നുകളോട് പ്രതികരിച്ച അനഘയുടെ നില മെച്ചപ്പെട്ടു വരുന്നതായി ഡോക്ടർമാർ അറിയിച്ചിരുന്നു. ഇക്കാര്യമറിഞ്ഞ സഹപാഠികളും നാട്ടുകാരും ഒന്നടങ്കം അനഘയുടെ തിരിച്ചുവരവിനായി വലിയ പ്രതീക്ഷയിലായിരുന്നു. അനഘയ്ക്കായി വിവിധ സ്‌കൂളുകളിലും നാട്ടിലുമെല്ലാം പ്രത്യേകം പ്രാർത്ഥനകളും നടന്നിരുന്നു. ആരോഗ്യനിലയിൽ പുരോഗതി കണ്ടതിനെ തുടർന്ന് ഇടയ്ക്ക് വെന്റിലേറ്റിൽ നിന്നും നീക്കിയിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി വെള്ളിയാഴ്ച അനഘയുടെ നില വഷളായത്. തലച്ചോറിലേക്കുള്ള രക്തപ്രവാഹം നിലച്ചതും സ്‌ട്രോക്ക് വന്നതുമാണ് സ്ഥിതി ഗുരുതരമാക്കിയത്. ഇതിനിടെ അനഘ മരിച്ചതായി നവ മാധ്യമങ്ങളിലൂടെയും മറ്റും നാട്ടിൽ വാർത്ത പരന്നിരുന്നു. സ്ഥിതി അതീവ ഗുരുതരമായതോടെ ഡോക്ടർമാർ ബന്ധുക്കളോട് തങ്ങളുടെ നിസ്സഹായാവസ്ഥ ബോധ്യപ്പെടുത്തി. അനഘയെ കാണാനും അവരെ അനുവദിച്ചു. ശനിയാഴ്ച വൈകിട്ട് ഏഴുമണിയോടെ ഡോക്ടർമാർ അനഘയുടെ മരണം സ്ഥിരീകരിച്ചു. എല്ലാവരെയും നൊമ്പരത്തിലാക്കി അനഘ യാത്രയായി. കുളമാവ് പുതുപറമ്പിൽ അനിൽ ശാന്ത ദമ്പതികളുടെ മകളായിരുന്നു അനഘ. ഇനി അച്ഛനും അമ്മയ്ക്കും ആശ്വാസം മകൻ അനന്തു മാത്രമാണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.