കൂടുതൽ പണത്തിന് കൂടുതൽ ബുദ്ധിമുട്ട്
January 30, 2017, 12:25 am
ഞാൻ ഒരു ട്രെയിൻ യാത്രക്കാരിയാണ്. എന്നാൽ, സ്ഥിരം യാത്രക്കാരിയല്ല. പലപ്പോഴും ജനറൽ കോച്ചുകളിലെ തിരക്ക് കാരണം 120 രൂപയോ 150 രൂപയോ കൊടുത്ത് സ്ളീപ്പർ കോച്ചിലാണ് യാത്ര ചെയ്യാറുള്ളത്. സാധാരണ ടിക്കറ്റിന്റെ മൂന്നിരട്ടി കൂടുതൽ നൽകിയാണ് ടിക്കറ്റ് എടുക്കുന്നത്.
കഴിഞ്ഞ ദിവസം ശ്രീമതി അനുരാധയുടെ കത്ത് പത്രത്തിൽ കണ്ടതാണ് ഈ കത്ത് എഴുതാൻ കാരണം. വളരെയധികം വിഷമം തോന്നുന്ന കാര്യം, മിക്കപ്പോഴും സ്ളിപ്പർ കോച്ചുകളിൽ തുടക്കം മുതൽ തന്നെ സീസൺ ടിക്കറ്റ് യാത്രക്കാരും മറ്റ് യാത്രക്കാരും തള്ളിക്കയറുകയും ഞങ്ങളെപ്പോലെയുള്ള യാത്രക്കാരെയും റിസർവ്വ് ചെയ്തവരെയും ബലമായി തള്ളിമാറ്റിയും ഇരുന്ന് യാത്ര ചെയ്യാറുണ്ട്. സീറ്റ് ഒഴിഞ്ഞ് കിടന്നാൽ പോലും പലപ്പോഴും ഇരിക്കാൻ അനുവദിക്കാതിരിക്കുകയും അവരുടെ കൂട്ടുകാർ വരുമ്പോൾ സീറ്റ് നൽകുകയും ചെയ്യാറുണ്ട്. പരാതി പറഞ്ഞാൽ നിങ്ങൾ നിങ്ങളുടെ കാര്യം നോക്കിയാൽ മതി, ടി.ടി മാരുടെ പണി ചെയ്യേണ്ട എന്ന കടുത്ത വാക്കുകളുടെ അകമ്പടിയോടെ കൂട്ടമായി അധിക്ഷേപിക്കുകയും ചെയ്യും.
സ്ഥിരം യാത്രക്കാരായതിനാൽ അവർക്ക് ആൾ ബലവും രാഷ്ട്രീയ പിന്തുണയുമുണ്ട്. വല്ലപ്പോഴും യാത്ര ചെയ്യുന്ന ഞങ്ങളുടെയും റിസർവ്ഡ് യാത്രക്കാരുടെയും സൗകര്യത്തിനായുള്ള ടി.ടിമാരും മറ്റ് റെയിൽവേ ഉദ്യോഗസ്ഥരും പോലും ഇവരെ പേടിക്കുന്നു എന്ന് തോന്നാറുണ്ട്.
''സ്വന്തം കാര്യം സിന്ദാബാദ്'' എന്ന ശൈലിയിലുള്ള പരിദേവനങ്ങളാണ് പ്രസ്തുത കത്തിൽ കാണുന്നത്. യാത്രാ സർവീസുകൾ ട്രെയിനായാലും ബസ്സായാലും ബോട്ടായാലും നിയമാനുസൃതമായി യാത്ര ചെയ്യുന്നവരുടെ അവകാശങ്ങൾ ബലി കൊടുത്തല്ല നിയമം കൈയിലെടുക്കുന്ന യാത്രക്കാരുടെ സൗകര്യങ്ങൾ വർദ്ധിപ്പിക്കേണ്ടത് എന്ന് ബഹുമാനപ്പെട്ട മന്ത്രിയോടും റെയിൽവേ അധികാരികളോടും അപേക്ഷിക്കുന്നു. കൂടുതൽ പണം മുടക്കുന്നവർക്ക് അല്ലേ കൂടുതൽ സൗകര്യങ്ങൾ കൊടുക്കേണ്ടത് എന്ന് അധികാരികൾ ഓർക്കേണ്ടതാണ്.
രാധാമണി
കൊച്ചുമംഗലം
പട്ടത്താനം
കൊല്ലം

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ