ആനവണ്ടിക്ക് വിന മണ്ടൻ പരിഷ്കാരങ്ങൾ
February 7, 2017, 12:16 am
മാറിമാറിവരുന്ന സർക്കാരുകളും മന്ത്രിമാരും അവർക്ക് താത്പര്യമുള്ളവരെ മാനേജിംഗ് ഡയറക്ടറായും മറ്റ് ഉയർന്ന തസ്തികകളിലും നിയമിക്കുന്നു. അവരുടെ പരീക്ഷണങ്ങളും പരിഷ്കാരങ്ങളുമാണ് കെ.എസ്.ആർ.ടി.സിയുടെ ഇന്നത്തെ ദുസ്ഥിതിക്ക് കാരണമായിട്ടുള്ളത്. അല്ലാതെ തൊഴിലാളികൾ ജോലി ചെയ്യാത്തതുകൊണ്ടോ അവർക്ക് ശമ്പളം കൊടുത്തത് കൊണ്ടോ, പെൻഷൻ കൊടുത്തത് കൊണ്ടോ അല്ല. ഒരു തൊഴിലാളിക്ക് എന്തെങ്കിലും തെറ്റ് പറ്റിയാൽ നടപടി എടുക്കാനും ശിക്ഷിക്കാനും വ്യവസ്ഥയുണ്ട്. എന്നാൽ ഉന്നതരുടെ തെറ്റുകൾക്കും മണ്ടൻ പരിഷ്കാരങ്ങൾക്കും യാതൊരുവിധ അന്വേഷണത്തിനോ നടപടിക്കോ സംവിധാനം ഇല്ല. അവരുടെ കാലാവധി പൂർത്തിയാക്കി നേടാനുള്ളത് നേടിക്കൊണ്ട് പൊടിയും തട്ടി സ്ഥലംവിടും.
കേരളത്തിലെ റോഡുകൾക്ക് ഒട്ടും തന്നെ യോജിക്കാത്ത മിനി ബസുകൾ വാങ്ങി ഓടിച്ച് കോടികൾ തുലച്ചത് ഒരു മുൻകാല ഉദാഹരണം മാത്രം. ഏറ്റവും ഒടുവിൽ ഇതാ പിങ്ക് ബസുകൾ. രാവിലെയും വൈകിട്ടും ഓരോ ട്രിപ്പിന് മാത്രം സ്ത്രീ യാത്രക്കാരെ കിട്ടാൻ സാദ്ധ്യതയുള്ളിടത്ത് പുതിയ ബസ് സർവീസ് എന്തിനാണ്. ബാക്കിയുള്ള സമയങ്ങളിൽ യാത്രക്കാരില്ലാതെ ബസ് ഓടിക്കേണ്ടിവരില്ലേ. ഇന്നത്തെ ഡീസൽ വിലയിൽ ഇത് കെ.എസ്.ആർ.ടി.സിക്ക് ഭാരിച്ച നഷ്ടം വരുത്തി വയ്ക്കില്ലേ? ആണുങ്ങൾ ഇരിക്കുന്ന സീറ്റുകളിൽ അവരെ നീക്കി യാതൊരു സങ്കോചവും കൂടാതെ യാത്ര ചെയ്യുന്ന സ്ത്രീകളുള്ള സ്ത്രീസമത്വത്തിന്റെ ഇക്കാലത്ത് സ്ത്രീകൾക്ക് മാത്രമായി പ്രത്യേകം പിങ്ക് ബസോ? കെ.എസ്.ആർ.ടി.സിയുടെ എത്ര ലക്ഷങ്ങളാണ് ഇങ്ങനെ തുലയാൻ പോകുന്നത്. അശാസ്ത്രീയമായ ഇത്തരം മണ്ടൻ പരിഷ്കാരങ്ങൾ ഉപേക്ഷിക്കണം.
ആർ. ശശിധരൻനായർ
പേയാട്

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ