ദേ ചെക്കാ ഒന്നു നിന്നേ
February 12, 2017, 8:46 am
ലിജ വർഗീസ്
ചെക്കാ, സൂര്യൻ അസ്തമിച്ചു തുടങ്ങി. നിഴലുകളൊക്കെ മങ്ങി. ഓർമ്മകളുടെ പടവുകളിറങ്ങി നീ വരുന്നതും കാത്ത് ഏറ്റവും താഴെയുള്ള കല്ലിളകിയ പടവിൽ ഞാനുണ്ടാകും. എത്ര നാളായി ഞാനിങ്ങനെ നിന്നെയും നോക്കി ഇവിടെ നിൽക്കാൻ തുടങ്ങിയിട്ട് എന്ന് നിനക്കറിയുമോ? അതിനിടയിൽ ഗ്രീഷ്മവും വസന്തവും വർഷവുമൊക്കെ പലതവണ വന്നുപോയി. യൗവ്വനത്തെക്കുറിച്ച് ഞാൻ മറന്നേപോയി. ഇപ്പോളെന്റെ ഓർമ്മയിൽ നീ കൂടെയുണ്ടായിരുന്ന ആ കൗമാരം മാത്രമാണ്. കൊക്കോമരത്തിന്റെ താഴ്ന്ന കൊമ്പിൽ കയറിയിരുന്ന് നിന്നോട് ഇണങ്ങുകയും പിണങ്ങുകയും ചെയ്ത ആ ദിവസങ്ങൾ മാത്രമാണ്.

പൂമുഖവും ചിത്രപ്പണികളുമുള്ള കൊച്ചുവീട്, ആ വീട് നിറയെ കുട്ടികൾ..അവർക്കിടാനുള്ള പേര് വരെ നമ്മൾ സൂക്ഷിച്ചുവച്ചിട്ടുണ്ടായിരുന്നു.. കഥ പറഞ്ഞ് സമയം പോയതറിഞ്ഞില്ല. ദേ, സൂര്യന് പകരം നിലാവെത്തി. നിന്റെ ഈ ഒരു ദിവസം എന്റേത് മാത്രമായിരിക്കും. ഞാൻ പറയുന്നതൊക്കെ നീ കേൾക്കണം. ചിലപ്പോഴൊക്കെ എനിക്ക് ഒരു ഹിറ്റ്ലറിന്റെ മുഖമല്ലേ ചെക്കാ. നീ അങ്ങ് ക്ഷമിച്ചേര്....ചുംബനത്തേക്കാളുമോ അത്രതന്നെയോ മനോഹരമാണ് ദീർഘമായുള്ള ഓരോ ആലിംഗനങ്ങളുമെന്ന് അന്ന് നീ പറഞ്ഞപ്പോൾ എനിക്കത് വിശ്വാസമായിരുന്നില്ല. പക്ഷേ, ഇപ്പോഴെനിക്കത് തിരിച്ചറിയാൻ പറ്റുന്നുണ്ട്. കാരണം, ഈ ലോകം മുഴുവൻ ആ സമയത്ത് എന്റെ കൈകൾക്കുള്ളിലായിരുന്നു. ഹൃദയമിടിപ്പുകൾ തമ്മിൽ കലപില കൂട്ടുമ്പോൾ ഞാൻ കൂടുതൽ ചേർന്നു നിന്നിട്ടില്ലേ. അത് ശരിക്കും എന്തിനായിരുന്നെന്ന് പറയട്ടെ. നീ എന്നോട് പറയാതെ ഒളിപ്പിച്ച വച്ച കള്ളത്തരം കേൾക്കാനായിരുന്നു. പക്ഷേ, നീ പറയാതെ ഒളിപ്പിച്ച എന്നോടുള്ള പ്രണയം മാത്രമായിരുന്നു ഹൃദയം പറഞ്ഞു കൊണ്ടേയിരുന്നത്. വെറുതെ നിന്നെ സംശയിച്ചതിൽ ആദ്യമായി എനിക്ക് ലജ്ജ തോന്നിയത് അന്നാണ്.

കമലാദാസിന്റെ ഭ്രാന്തൻ പ്രണയങ്ങളെക്കുറിച്ച് ഞാൻ വാതോരാതെ സംസാരിക്കുമ്പോൾ നീ അസ്വസ്ഥനാകുന്നത് ഞാൻ കണ്ടിട്ടുണ്ട്. എനിക്കറിയാം ചെക്കാ, അത് നിന്റെ പ്രണയം വറ്റിപ്പോയതുകൊണ്ടായിരുന്നില്ലെന്ന്. പകരം, വിചിത്രമായ അവസ്ഥാന്തരങ്ങളിലൂടെ കടന്നുപോകുന്ന കമലയുടെ പ്രണയം എന്നെ നിന്നിൽ നിന്നകറ്റുമോ എന്ന ആശങ്കയായിരുന്നില്ലേ അത്. എന്റെ ഇഷ്ടങ്ങളെക്കുറിച്ച് നിനക്ക് ബോധ്യമുള്ളതുകൊണ്ടല്ലേ, നമ്മളൊന്നിച്ചുള്ള എന്റെ ജന്മദിനത്തിൽ കമലയെ എനിക്ക് വായിക്കാൻ തന്നത്. എത്രരസമായിരുന്നു അന്ന്. ഭൂമിയ്ക്ക് താഴെയുള്ള എല്ലാത്തിനെക്കുറിച്ചും നമ്മൾ സംസാരിച്ചിട്ടില്ലേ? നമുക്ക് അറിയുന്നതിനെക്കുറിച്ചും അല്ലാത്തതിനെക്കുറിച്ചുമൊക്കെ. അനാർക്കലിയും ഖലീൽ ജിബ്രാന്റെ പ്രണയകാവ്യങ്ങളും പറഞ്ഞ് നമ്മളെത്രതവണ ചിരിച്ചിട്ടുണ്ട്.

പിന്നെ, താടി എനിക്കിഷ്ടമല്ലായിരുന്നു, പക്ഷേ, ഞാനിന്ന് താടിയെ പ്രണയിക്കുന്നു. സിനിമയുടെ ഭ്രമലോകത്ത് എനിക്ക് ഇഷ്ടങ്ങളുണ്ടായിരുന്നില്ല. പക്ഷേ, നിനക്ക് വേണ്ടി ഞാനതും ഇഷ്ടപ്പെട്ടു. ഞാൻ പുസ്തകങ്ങളെക്കുറിച്ച് പറഞ്ഞപ്പോൾ നീ സിനിമകളെക്കുറിച്ച് സംസാരിച്ചു. എന്തൊക്കെയായിരുന്നു നിന്റെ ഇഷ്ടങ്ങൾ. ഈ പടവിൽ വച്ച് കഴിഞ്ഞ കുറേ മണിക്കൂറുകളായി ഞാനതൊക്കെ ഓർത്തെടുക്കാൻ ശ്രമിക്കുകയായിരുന്നു. ഇഷ്ടപ്പെട്ട നിറം, ആഹാരം, വസ്ത്രം, യാത്രകൾ....എന്റെ കൊച്ചാണെന്ന് പറഞ്ഞ് നീ എന്നെ പരിചയപ്പെടുത്തുമ്പോൾ ഈ ലോകത്ത് ഏറ്റവും അഹങ്കാരി ഞാനായിരുന്നു ചെക്കാ. ദേ സമയം ഓടിപ്പോകുന്നു. എനിക്കിനിയും കുറേ പറയാനുണ്ട്.
പിന്നെപ്പോഴായിരുന്നു നമ്മൾ പരസ്പരം മറന്നുതുടങ്ങിയത്. ആവൂ എനിക്കോർമ്മയില്ല. രണ്ട് ദിവസത്തിലധികം ആയുസ്സില്ലാതിരുന്ന നമ്മുടെ വഴക്കുകൾക്ക് എന്നു തൊട്ടാണ് ദൈർഘ്യംകൂടിത്തുടങ്ങിയത്. എനിക്കോർമ്മയില്ല ചെക്കാ. കഴിഞ്ഞതൊന്നും എനിക്കിപ്പോൾ ഓർമ്മയില്ല. ഞാൻ ജീവിച്ചത് സങ്കല്പങ്ങൾ കൊണ്ട് മെടഞ്ഞെടുത്ത കൊട്ടാരത്തിലായിരുന്നു. യാഥാർത്ഥ്യങ്ങളെ ഞാൻ കണ്ടില്ലെന്ന് നടിച്ചു. ദേ നോക്ക് ഓർമ്മകളുടെ ഈ പൊട്ടക്കിണറ്റിൽ എനിക്കിപ്പോ എന്റെ മുഖം എത്ര വികൃതമാണെന്ന് വ്യക്തമായി കാണാം.

രാത്രിമുഴുവൻ പറഞ്ഞാലും തീരാത്ത വിശേഷങ്ങളുണ്ടായിരുന്നില്ലേ നമുക്ക് പറയാൻ. പൂവ് വിരിഞ്ഞതോ മഴപെയ്തതോ അങ്ങനെയെന്തൊക്കെയോ. എപ്പോഴാണ് നമുക്കിടയിൽ പറയാൻ വിഷയങ്ങളില്ലാതായത്? നിന്റെ കാര്യങ്ങളൊക്കെ തിരക്കാൻ ഞാൻ മറന്നുപോയതാണോ? തോറ്റുപോയത് ഞാനാ ചെക്കാ. നിന്നെ പ്രണയിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു. എല്ലായിടത്തും ജയിക്കണമെന്ന് വാശിപിടിച്ചപ്പോൾ ഞാൻ നിന്റെ മുമ്പിൽ തോറ്റുപോയി. ജീവിതം വിജയികൾക്ക് വേണ്ടിമാത്രമുള്ളതാണെന്ന് കരുതിയിരുന്ന എനിക്ക് തെറ്റി. പരാജയപ്പെട്ടവർക്ക് വേണ്ടിയും കൂടിയുള്ളതാണ് ഈ ലോകം.

എന്റെ പുരികം ആവശ്യത്തിലധികമൊന്ന് ഉയർന്നാൽ, ചുണ്ടൊന്ന് വക്രിപ്പിച്ചാൽ, ശബ്ദമൊന്ന് മാറിയാൽ, നിനക്ക് അന്ന് മനസ്സിലാകുമായിരുന്നില്ലേ? എനിക്കുമതേ. നിനക്ക് മുഷിപ്പ് തോന്നിത്തുടങ്ങിയിട്ടുണ്ടാകുമല്ലേ. എനിക്കറിയാം, പണ്ടേ എന്റെ ഭ്രാന്തൻ ജല്പനങ്ങൾ കുറേ ആകുമ്പോൾ ഒന്ന് നിർത്താമോ എന്ന് നീ ചോദിച്ചിട്ടുണ്ട്. ശരി ഞാൻ ദേ നിറുത്തി. സമയം ഏറെയായി. എന്നാലും ചെക്കാ, ഒരു കാര്യംകൂടി. ഗ്രീഷ്മവും വസന്തവും എത്രമാറിവന്നാലും കല്ലിളകിയ ഈ പടവിൽ ഞാനുണ്ടാകും. നിനക്കറിയുമോ ആദ്യമായി നിന്നെ പ്രണയിക്കുംപോലെയാണ് ഞാനിന്ന്.പരിഭവങ്ങളില്ലാതെ ഉപാധികളില്ലാതെ, തിരിച്ചൊന്നും പ്രതീക്ഷിക്കാതെ നിന്നെ പ്രണയിക്കാൻ ഞാനിപ്പോഴാണ് പഠിച്ചത്. എനിക്കുറപ്പുണ്ട്, ഇനിയൊരിക്കലും നമ്മൾ തമ്മിൽ കണ്ടില്ലെങ്കിലും നിനക്കെന്നെ മറക്കാൻ കഴിയില്ലെന്ന്. കാറ്റും മഴയും വെയിലും പൂക്കളും എന്നെക്കുറിച്ച് നിന്നെ ഓർമ്മിപ്പിച്ചുകൊണ്ടേയിരിക്കും. എത്രയൊക്കെ തോറ്റുപോയാലും, ദേ, ഞാൻ പറയുന്നു, ചെക്കാ, ജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഭവമാണ് പ്രണയം. പ്രണയനൈരാശ്യം ഭീതിജനകമാണ്. പക്ഷേ, പ്രതീക്ഷ... അതിന് മരണമില്ല.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.