Tuesday, 28 February 2017 1.56 AM IST
ഐ.എസ്.ആർ.ഒയെ വാഴ്‌ത്തി വിദേശ മാദ്ധ്യമങ്ങൾ
February 16, 2017, 11:12 am
വാഷിംഗ്ടൺ/ലണ്ടൻ: ബഹിരാകാശത്തെ ഇന്ത്യയുടെ ഒറ്റയാൻ വിജയത്തെ വാനോളം പുകഴ്‌ത്തി അമേരിക്ക അടക്കമുള്ള വിദേശരാജ്യങ്ങളിലെ മാദ്ധ്യമങ്ങൾ രംഗത്ത്. ബഹിരാകാശ രംഗത്തെ ആഗോള വിപണയിൽ ഇന്ത്യ സുപ്രധാന ഘടകമായി മാറുകയാണെന്ന് അമേരിക്കയിലെ പത്രമായ വാഷിംഗ്ടൺ പോസ്‌റ്റ് എഴുതി. ഒറ്റ റോക്കറ്റിൽ 104 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിച്ചാണ് ഇന്ത്യ ബഹിരാകാശ രംഗത്ത് ചരിത്രമെഴുതിയത്.

ഇത്രയും ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിക്കുന്നത് തന്നെ കടുത്ത വെല്ലുവിളി ആയിരുന്നു. ഒരു മണിക്കൂറിനുള്ളിൽ 17,000 മൈൽ ദൂരം പിന്നിട്ട് ഭ്രമണപഥത്തിൽ യഥാവിധം എത്താതിരുന്നെങ്കിൽ ഉപഗ്രഹങ്ങൾ തമ്മിൽ കൂട്ടിയിടിക്കാനുള്ള സാദ്ധ്യതയും ഉണ്ടായിരുന്നുവെന്ന് പത്രം പറയുന്നു. ബഹിരാകാശ രംഗത്ത് അമേരിക്കയും റഷ്യയും തമ്മിലല്ല മത്സരം, ബഹിരാകാശത്തെ യഥാർത്ഥ മത്സരം ഏഷ്യയിലാണ് നടക്കുന്നതെന്നാണ് സി.എൻ.എൻ വിലയിരുത്തിയത്.

എലൈറ്റ് രാജ്യങ്ങളുടെ പട്ടികയിൽ അംഗമാവാനുള്ള ഇന്ത്യയുടെ ആഗ്രഹം അരക്കിട്ടുറപ്പിക്കുന്നതാണ് ഇന്ത്യയുടെ ചരിത്ര നേട്ടമെന്ന് ലണ്ടനിലെ പത്രമായ ടൈംസ് പത്രം റിപ്പോർട്ട് ചെയ്തു. റഷ്യ, അമേരിക്ക എന്നീ രാജ്യങ്ങളെക്കാൾ കുറഞ്ഞ ചെലവിലാണ് ഇന്ത്യ പലപ്പോഴും പല നാഴികക്കല്ലുകളും പിന്നിട്ടുള്ളത്. ഐ.എസ്.ആർ.ഒയുടെ ചൊവ്വാ പര്യവേക്ഷണ പദ്ധതിക്ക് 73 മില്യൺ ഡോളർ മാത്രമായിരുന്നു ചെലവ്. എന്നാൽ, ഇതേ പദ്ധതിക്ക് നാസ ചെലവിട്ടത് 671 മില്യൺ ഡോളറാണെന്നും പത്രം ചൂണ്ടിക്കാട്ടി.

ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ സ്ഥാനം ഉറപ്പിക്കുന്നതാണ് ഈ നേട്ടമെന്ന് ഗാർഡിയൻ ദിനപത്രം എഴുതി. 1980ൽ സ്വന്തം റോക്കറ്റ് വിക്ഷേപിച്ച ഇന്ത്യ, ബഹിരാകാശ ഗവേഷണത്തിന് പ്രഥമ പരിഗണനയാണ് നൽകുന്നതെന്നും പത്രം ചൂണ്ടിക്കാട്ടി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ