പതിവ്രത ചമയുന്നില്ല, ഇത് എന്റെ ജീവിതം
February 16, 2017, 12:01 pm
സി.മീര
ഒരു കാലഘട്ടത്തിൽ മലയാള സിനിമയിൽ ഷക്കീല മിന്നുംതാരമായിരുന്നു. വാണിജ്യസിനിമകളുടെ നിലവാരത്തകർച്ചയിൽ തീയേറ്ററുകളിൽ ആളുകളെത്താതായപ്പോൾ സിനിമാക്കാർ പിടിച്ചു നിന്നത് ആ പേരിന്റെ പച്ചപ്പിലായിരുന്നു. തെളിച്ചു പറയാൻ മടിച്ച ആ പേരിന്റെ ഉടമയുടെ ശരീരം പലരും ഒളിഞ്ഞാസ്വദിച്ചു. രണ്ടുമൂന്ന് വർഷം ഷക്കീലയെന്ന മാദകത്തിടമ്പിന്റെ ശരീരത്തിൽ കറങ്ങി മലയാള സിനിമ. പിന്നീട്, പതുക്കെ അവർ അരങ്ങൊഴിഞ്ഞു. അത്തരം സിനിമകളിൽ അഭിനയിക്കില്ലെന്ന് പ്രഖ്യാപിച്ചു. പിന്നെ ഒരുപാടുകാലം എവിടെയും പ്രത്യക്ഷപ്പെടാതിരുന്നു. മെല്ലെ അന്യഭാഷകളിൽ സ്വഭാവനടി വേഷങ്ങൾ അവരെ തേടിയെത്തി. തന്റെ കഴിഞ്ഞ കാലത്തെ കുറിച്ച് പറയാൻ ഒട്ടും മടിയില്ല ഷക്കീലയ്ക്ക്. അത്ര സുന്ദരമല്ലാത്ത ജീവിതത്തിൽ സന്തോഷം കണ്ടെത്തുകയാണ് അവർ ഇപ്പോഴും. തന്റെ ജീവിതം തുറന്നു പറയുന്നു ഷക്കീല.

സിനിമയിലേക്ക് വന്ന വഴി
പൊലീസുകാരി ആവണമെന്നായിരുന്നു ആഗ്രഹം. പക്ഷേ, പത്താം ക്ളാസ് തോറ്റപ്പോൾ അത് നടക്കില്ല എന്ന് മനസ്സിലായി. എനിക്ക് പഠിക്കാൻ തീരെ ഇഷ്ടമില്ലായിരുന്നു. ആ സമയത്ത് വീട്ടിൽ ശരിക്കും പട്ടിണിയാണ്. അമ്മ എന്നെ ആണുങ്ങളുടെ അടുത്തേക്ക് പറഞ്ഞു വിടാൻ തുടങ്ങി. കുറച്ചു കാശായാൽ ഈ പണി നിർത്താം, കല്യാണം കഴിക്കാം എന്നൊക്കെയായിരുന്നു എന്നോട് അമ്മ പറഞ്ഞത്. അച്ഛന് ഇത് അറിയില്ലെന്നായിരുന്നു എന്നെ വിശ്വസിപ്പിച്ചിരുന്നത്. അച്ഛൻ ഉറങ്ങിക്കഴിഞ്ഞിട്ട് വീട്ടിൽ നിന്ന് ഇറങ്ങണം, ഉണരും മുമ്പ് തിരിച്ചെത്തണം , അച്ഛൻ അറിഞ്ഞാൽ തല്ലും എന്നൊക്കെയായിരുന്നു എന്നോട് പറഞ്ഞിരുന്നത്. പക്ഷേ, ഇപ്പോൾ ആലോചിക്കുമ്പോൾ അച്ഛനും അറിഞ്ഞു കൊണ്ടായിരുന്നു അതൊക്കെ എന്നൊരു തോന്നൽ. ഒരു മകൾ രാത്രി വീട്ടിലെത്തിയില്ലെങ്കിൽ അച്ഛൻ അന്വേഷിക്കില്ലേ? രാത്രി എവിടെ പോകുന്നുവെന്ന് ചോദിക്കില്ലേ?

സിനിമാ മോഹം
എനിക്ക് സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം പണ്ടേയുണ്ടായിരുന്നു. എന്റെ വീടിന് എതിർവശം ഒരു സിനിമാക്കമ്പനിയുണ്ടായിരുന്നു. അവിടത്തെ മേക്ക് അപ്പ് മാനാണ് സിനിമയിൽ അഭിനയിക്കാമെന്ന് പറഞ്ഞ് വിളിച്ചു കൊണ്ടുപോയത്. ഫോട്ടോസെഷൻ പോലുമുണ്ടായില്ല.

കിന്നാരത്തുമ്പിയിലേക്ക്
ആദ്യം അഭിനയിച്ചത് പ്ളേ ഗേൾസ് എന്ന സിനിമയിൽ സിൽക്ക് സ്മിതയുടെ അനിയത്തിയായിട്ടായിരുന്നു. അപ്പോഴും ഇത്തരം സിനിമയാണെന്ന് എനിക്ക് അറിയില്ലായിരുന്നു. അച്ഛനായിരുന്നു എന്റെ ‌ഡേറ്റും മറ്റു കാര്യങ്ങളൊക്കെ നോക്കിയിരുന്നത്. പെട്ടെന്നായിരുന്നു അച്ഛന്റെ മരണം. പിന്നെ, ആറേഴുമാസം ഒരു സിനിമയും ഞാൻ ചെയ്തില്ല. അപ്പോഴാണ് കിന്നാരത്തുമ്പിയുടെ ആളുകൾ എന്നെ കാണാൻ വരുന്നത് . ഇങ്ങനെ ഇരുന്നാൽ എങ്ങനെയാ, ഭക്ഷണമൊന്നും കഴിക്കണ്ടേ? എന്ന് അമ്മ ചോദിച്ചു. എന്റെ ഫീലിംഗ്സ് അല്ലല്ലോ, അമ്മയ്ക്ക് വേണ്ടത് പൈസയാണല്ലോ എന്ന് ഞാൻ കരുതി. അങ്ങനെയാണ് ഞാൻ കിന്നാരത്തുമ്പികളിൽ അഭിനയിക്കാൻ തീരുമാനിച്ചത്. അപ്പോൾ കേരളത്തിൽ ചെറിയ ബഡ്ജറ്റ് സിനിമകളിറങ്ങുകയായിരുന്നു. കിന്നാരത്തുമ്പികളുടെ കഥ പറഞ്ഞപ്പോഴും അതൊരു എ പടം എന്ന നിലയ്ക്കല്ല, നല്ല കഥയൊക്കെയാണ് പറഞ്ഞു തന്നത്. സിനിമ റിലീസ് ആയി ഹിറ്റായപ്പോഴാണ് ഇത്തരം സിനിമകളെ അവിടെ കാറ്റഗറൈസ് ചെയ്യുന്നുണ്ട് എന്ന് പോലും ഞാൻ മനസ്സിലാക്കിയത്.

അമ്മയോട് ദേഷ്യം, സഹതാപവും
അമ്മ പട്ടിണിയിൽ നിന്ന് വന്നതാണ്. കുറച്ച് കാശ് കണ്ടപ്പോൾ അവരുടെ മനസ്സ് മാറി. പിന്നെ, ഞാൻ വിശ്രമിക്കുന്നുണ്ടോ, എന്തെങ്കിലും കഴിച്ചോ അങ്ങനെയുള്ള അന്വേഷണമൊന്നും ഇല്ലാതെയായി. ചേച്ചിമാരെയും അനിയന്മാരെയും ചേട്ടന്മാരെയൊക്കെ അവർ നന്നായി നോക്കി. കാശ് വന്നപ്പോൾ നാട്ടിൽ പോയി എല്ലാവർക്കും സാരി വാങ്ങിക്കൊടുക്കുകയും ആഭരണം വാങ്ങിക്കൊടുക്കുകയും ചെയ്തു അവർ. എനിക്ക് ഒരു ജീവിതം വേണമെന്ന് അവർ ചിന്തിച്ചില്ല. എനിക്ക് ഒരു കുടുംബം വേണമെന്ന് അവർ ആലോചിച്ചില്ല. ഞാൻ ആരെയെങ്കിലും പ്രേമിച്ചാലും അത് വേണ്ട എന്ന് പറഞ്ഞു. പക്ഷേ, ഇതും എന്റെ മകളാണ്, അവൾക്കും ഒരു ജീവിതം വേണമെന്ന് അവർ ചിന്തിച്ചില്ല. ആ ഒരു ദേഷ്യം എനിക്കുണ്ടായിരുന്നു. ഞാൻ പോയാൽ അവർക്ക് ആരുമുണ്ടാകില്ലെന്ന് അവർക്ക് പേടിയുണ്ടായിരുന്നു, പാവം! അമ്മ മരിക്കുമ്പോഴും എന്റെയൊപ്പമായിരുന്നു.

ഇപ്പോൾ ആഗ്രഹങ്ങളില്ല
ഇപ്പോൾ ഒന്നിനോടും ആഗ്രഹമില്ല. കാറു വേണം, വീടു വയ്ക്കണം എന്നൊന്നുമില്ല. മരിച്ചാലും വീട്ടിലല്ല വല്ല പൊതുശ്മശാനത്തിലുമാവും എന്നെ അടക്കം ചെയ്യുക. അതിനു വേണ്ടി എന്തിന് സമ്പാദിക്കണം? ഇപ്പോൾ വാടക വീട്ടിൽ താമസിക്കുകയാണ്. തമിഴിലോ തെലുങ്കിലോ കന്നഡയിലോ സിനിമയിൽ മാസത്തിൽ നാലഞ്ചു ദിവസം ഷൂട്ടിംഗ് ഉണ്ടാകും. അതുകൊണ്ട് ജീവിക്കും. ഹോസ്പിറ്റൽ ആവശ്യത്തിനു പോലും കാശ് സമ്പാദിച്ചു വയ്ക്കാറില്ല. ഒരുപാടു പണം വന്നാലും ദുരിതമാണെന്ന് എനിക്കു മനസ്സിലായി. ഒരു സാധാരണ ജീവിതമാണ് എനിക്ക് ഇപ്പോൾ. എന്നെ ഒരിക്കലും ആളുകൾ മാറ്റി നിറുത്തിയിട്ടില്ല. എല്ലാവരും അറിഞ്ഞുകൊണ്ടാണ് സിനിമയിലേക്ക് വരുന്നത്. മലയാളത്തിലേക്ക് തിരിച്ചു വരണമെന്നുണ്ട്. പക്ഷേ, ഇതുവരെ ഓഫറുകളൊന്നും വന്നിട്ടില്ല. എനിക്ക് പറ്റിയ കാരക്ടറുകൾ ഒന്നുമുണ്ടാവില്ലാത്തതു കൊണ്ടാകാം.

തങ്കം എന്റെ കുഞ്ഞ്, കൃപാമ്മ എനിക്ക് അമ്മ
എന്റെ ചേച്ചിമാരും മറ്റും എന്നോട് മിണ്ടാറില്ല. വീട്ടിൽ കാശ് വച്ചാൽ ഇൻകം ടാക്സ് വരുമെന്നൊക്കെ പറഞ്ഞാണ് അമ്മയുടെ കൈയിൽ നിന്ന് അവർ എന്റെ പണമെല്ലാം വാങ്ങിയത്. അവരുടെ മക്കൾ എം.ബി.എ, എം.ആർക്കുമൊക്കെ പഠിക്കുന്ന സമയത്ത് എന്നെ വേണമായിരുന്നു, എന്റെ പണം ആവശ്യമായിരുന്നു. കഴിഞ്ഞ അഞ്ചാറ് വർഷമായി അവർ എന്നോട് മിണ്ടാറില്ല. ഞാൻ മലയാളത്തിൽ സെക്സ് പടത്തിലൊക്കെ അഭിനയിച്ചു എന്ന് അറിഞ്ഞിട്ടാണ് അടുപ്പിക്കാത്തതെന്ന് ! ഞാൻ എന്ത് തെറ്റാണ് ചെയ്തത്? പക്ഷേ, ഇപ്പോൾ എനിക്കൊരു കുഞ്ഞുണ്ട്, ട്രാൻസ്ജെൻഡറായ തങ്കം. എനിക്ക് അസിസ്റ്റന്റ് ആയി വന്നതാണ് തങ്കം. അപ്പോൾ എന്റെ കൂടെ ആരുമില്ല, ഞാനൊറ്റയ്ക്കാണ്. കൂടെ നിൽക്കാമോ എന്ന് ചോദിച്ചു. ആദ്യം മാഡം എന്നാ വിളിച്ചിരുന്നത്. പിന്നീട് എപ്പോഴോ അവൻ എന്നെ അമ്മയെന്ന് വിളിച്ചു. അതോടെ, ഞങ്ങൾ തമ്മിലുള്ള ഒരു ബന്ധം തുടങ്ങുകയായിരുന്നു. ഇപ്പോൾ എന്റെ എല്ലാ കാര്യങ്ങളും നോക്കുന്നത് അവനാണ്. ശരിക്കും ഒരു കുട്ടി തന്റെ അമ്മയെ നോക്കുന്നതു പോലെ. ട്രാൻസ് ജെൻഡറായിട്ടുള്ളവരെ ശരിക്കും മനസ്സിലാക്കിയാൽ അവരെ പോലെ നല്ലവർ വേറെ ആരുമുണ്ടാകില്ല. മാത്രമല്ല, അവരുടെ കൂട്ടത്തിൽ ഒരാൾ എന്നെ ദത്തെടുത്തിട്ടുമുണ്ട്. ട്രാൻസ്ജെൻഡേഴ്സിനായി ഒരു കമ്മ്യൂണിറ്റി ഉണ്ട്. അവർക്ക് ഒരു നായക് ഉണ്ടാകും. കാഞ്ചിപുരത്തുള്ള കമ്മ്യൂണിറ്റിയുടെ നായക് ആണ് കൃപ അമ്മ. എന്നെ ഒരിക്കൽ കണ്ടപ്പോൾ, നിനക്ക് ആരുമില്ലല്ലേ, ഒന്നുമില്ല പാവം തോന്നുന്നു എന്ന് പറഞ്ഞ് അവർ എന്നെ ദത്തെടുക്കുകയായിരുന്നു. അതുവരെ ട്രാൻസ്ജെൻഡേഴ്സിനെ മാത്രമേ അവർ ദത്തെടുക്കുകയുണ്ടായിരുന്നുള്ളൂ. പക്ഷേ, എന്നെ ദത്തെടുത്തതിനു ശേഷം മറ്റു സ്ത്രീകളെയും ദത്തെടുക്കാൻ ആരംഭിച്ചിട്ടുണ്ട്. അവർ എല്ലാ ദിവസവും വിളിക്കും. ആഴ്ചയിലൊരു ദിവസം എന്നെ കാണാൻ വരും. വീട്ടിലേക്ക് വേണ്ട കാര്യങ്ങളെല്ലാം വാങ്ങിവരും. ഒരു അമ്മ എന്നെ നോക്കുന്നതു പോലെ തന്നെ എന്നെ നോക്കും. ഇപ്പോഴാണ് അമ്മയുടെ സ്നേഹം ഞാൻ അറിയുന്നത്.

പ്രണയത്തിലാണ്, വിവാഹിതയല്ല
ഏഴു വർഷമായി ഒരാളുമായി പ്രണയത്തിലാണ്. അദ്ദേഹത്തിനൊപ്പമാണ് ജീവിക്കുന്നതും. പക്ഷേ, അദ്ദേഹത്തിന്റെ അച്ഛൻ എന്നെ മരുമകളായി അംഗീകരിക്കാൻ തയ്യാറല്ല. അതുകൊണ്ട്, വിവാഹം കഴിച്ചിട്ടില്ല. എന്നെ സംബന്ധിച്ച് കല്യാണം എന്നത് സർട്ടിഫിക്കറ്റ് മാത്രമായി. എന്നെ ഒരാൾ നോക്കുന്നുണ്ട്, സ്നേഹിക്കുന്നുണ്ട്, അതുമതി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ