സ്‌നേഹിച്ചു തീരാത്തവർ
February 12, 2017, 9:30 am
രമ്യാമുകുന്ദൻ
മുറ്റത്ത് സുന്ദരമായ കവിതയിലെന്ന പോലെ ചിരിച്ചു തലയാട്ടി നിൽക്കുന്ന നന്ത്യാർവട്ടപ്പൂക്കൾ. തൊട്ടടുത്ത് പച്ചപ്പായൽ പുതപ്പിട്ട കുഞ്ഞുകുളം, പിന്നെ പേരറിയാത്ത പെൺകിടാങ്ങളാകുന്ന ചെടിത്തലപ്പുകൾ നിറഞ്ഞ തൊടി. 'ഇന്ദീവര' ത്തിന്റെ പടി കടക്കുമ്പോൾ ഇത്തിരിമുറ്റത്തെ ഉള്ളുതണുപ്പിക്കുന്ന പച്ചപ്പ് ഒന്നു വന്നു മനസു തൊടും. മലയാളത്തിന്റെ പ്രിയ കവി ഒ.എൻ.വിയുടെ വീടാണിത്. തീരെ പ്രതീക്ഷിക്കാത്ത ഒരു നിമിഷത്തിൽ ഈ വീടിന്റെ എല്ലാമായൊരാൾ വിട്ടുപോയതിന്റെ സങ്കടം ഒരു വിഷാദരാഗമായി ഇവിടെ ഇപ്പോഴുമുണ്ട്. എല്ലാം പതിവുപോലെയാണ്, പക്ഷേ, തങ്ങളെ കേൾക്കാൻ, കണ്ണു നിറയെ കാണാൻ, ആ സ്‌നേഹത്തണലിരിക്കാൻ കുറച്ചുനാൾ കൂടി കഴിഞ്ഞില്ലല്ലോ എന്ന വേദന, ഓരോ ഓർമ്മകൾക്കു മേലെയും വന്നുവീഴുന്നു. നിഴലുപോലെ കൂടെനിന്ന പ്രിയപത്നി സരോജിനി ഇപ്പോഴും ആ വിയോഗത്തോട് പൊരുത്തപ്പെട്ടിട്ടില്ല.

ഒ.എൻ.വി കുറുപ്പ് യാത്ര പറഞ്ഞു പോയതിന്റെ ഒരാണ്ടു തികയുമ്പോൾ അദ്ദേഹത്തിന്റെ മക്കളായ രാജീവ് ഒ.എൻ.വിയും ഡോ. മായാദേവി കുറുപ്പും പേരക്കുട്ടി അപർണാ രാജീവും ആ സ്‌നേഹസാന്നിദ്ധ്യത്തെക്കുറിച്ചോർക്കുന്നു. ''ഒന്നുമറിഞ്ഞില്ല, ഒരു വർഷമായതും അത് എങ്ങനെ പോയി എന്നതും ഒന്നും. ജീവിതത്തിലെ തന്നെ ഏറ്റവും സങ്കീർണമായ വർഷമായിരുന്നു ഇത്. അതുവരെ ഒരാൾക്കു ചുറ്റുമായിരുന്നു ഞങ്ങളുടെ ലോകം. അതിന്റെ നടുക്കുള്ള പ്രഭവകേന്ദ്രം മാഞ്ഞു പോയി, പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു ശൂന്യത. അത് എപ്പോഴുമുണ്ട്, എന്നുമുണ്ടാകും.'' രാജീവ് പറഞ്ഞു.

''അച്ഛൻ യാത്ര പറയുന്നതിന്റെ രണ്ടുമൂന്ന് വർഷം മുമ്പ് ഇടയ്ക്ക് കിംസിലും ശാന്തിഗിരിയിലും ചികിത്സയ്ക്കായി പോകും. കുറച്ചുനാൾ കഴിഞ്ഞിട്ടാവും തിരിച്ചു വരവ്. അതുകൊണ്ട് ഇപ്പോഴും ഇവിടെ എവിടെയോ ഉണ്ടെന്ന് മനസു പറയും. അതു സത്യമാണോ, അല്ല. അച്ഛൻ എവിടെയുമില്ല. ഇനി കാണാൻ കഴിയുകയില്ല, ഞങ്ങളെ കേൾക്കില്ല, ഒന്നും പറയില്ല. ആ ചൈതന്യവും തണലും മറഞ്ഞുപോയി.''

നീണ്ടവർഷങ്ങൾ യു.കെയിലായിരുന്നു മായാദേവി. എത്രയോ അകലെയായിരുന്നു അച്ഛനെങ്കിലും അതൊരിക്കലും അനുഭവപ്പെട്ടിട്ടില്ല അവർക്ക്. കാരണം ഫോൺ വിളികൾ എപ്പോഴുമുണ്ടാകും. ഓരോ വിശേഷങ്ങളും വിശദമായി ചോദിച്ചറിയും. കുറേ തവണ ഒ.എൻ.വി അവിടെ എത്തി. ഏറ്റവും ഒടുവിൽ വന്നത് ടാഗോർ ഫെസ്റ്റിവലിനായിരുന്നു. പിന്നെ ബെർലിനിൽ പോയി. അച്ഛന് വളരെയേറെ ഇഷ്ടപ്പെട്ട സ്ഥലങ്ങൾ അവിടെയുണ്ടായിരുന്നുവെന്ന് അവർ ഓർത്തെടുത്തു. വേർഡ്സ് വർത്തിന്റെയും റോബർട്ട് ബ്രൗണിംഗിന്റെയും ദേശങ്ങൾ. ഒരിക്കൽ ബെർലിനിൽ വന്നപ്പോൾ മായയും കുടുംബവും അച്ഛനെ അവിടെയെത്തി കണ്ടു. യു.കെയിലുള്ള 'ശ്രുതികല' എന്ന മലയാളികളുടെ സംഘടനയുടെ പരിപാടിയിൽ കവി പലതവണ അതിഥിയായിട്ടുണ്ട്. അവർക്കെല്ലാം വീട്ടിലെ ഒരാൾ തന്നെയായിരുന്നു അച്ഛൻ. ഓണത്തിന് വരാൻ കഴിയാതെ വിഷമിക്കുമ്പോൾ ആശ്വസിപ്പിക്കാൻ അച്ഛൻ പറയും, നിങ്ങൾ നാട്ടിൽ വരുമ്പോഴാണ് ഇവിടെ ഓണമെന്ന്, ഒരു നിമിഷം ഏതോ ഓർമ്മയുടെ കണ്ണീർപൊടിഞ്ഞു അവരുടെ കണ്ണിൽ.

''വീട്ടിലെ ഊണുമേശയ്ക്ക് ചുറ്റുമായിരുന്നു എല്ലാ വർത്തമാനങ്ങളും. വീട്ടുകാര്യങ്ങളും പൊതുകാര്യങ്ങളും അവിടെ വരും. നമുക്ക് പറയാനും കേൾക്കാനും ഒരാളുണ്ട് എന്നത് വലിയ ആശ്വാസമാണ്. അച്ഛനോട് എന്തും പറയാം. പുറമേയ്ക്ക് കാണിക്കുന്ന കാർക്കശ്യം വീട്ടിലുമുണ്ട്. പക്ഷേ, ഏതുകാര്യവും അച്ഛൻ ക്ഷമയോടെ കേൾക്കും. കുട്ടിക്കാലത്തെ ഓർമ്മ വാടകവീടുകൾ മാറുന്നതാണ്. ഇന്നാലോചിക്കുമ്പോഴാണ് അന്നത്തെ വിഷമങ്ങളൊക്കെ അറിയുന്നത്. വളരെ പ്രാരാബ്ധക്കാരനായ അച്ഛനായിരുന്നു, അതേ സമയം വീട്ടിലെ പതിവുകാരായ സിനിമാ സംഗീത, സാഹിത്യമേഖലയിലെ പ്രമുഖർ ഞങ്ങളുടെ ജീവിതത്തെ സമ്പന്നമാക്കി. ഞാനന്ന് കൊച്ചുകുട്ടിയാണ്. ഞങ്ങളുടെ കൊച്ചുവീട്ടിലെ വൈകുന്നേരങ്ങൾ മനോഹരമായിരുന്നു. എല്ലാവരും ഉള്ള ഭക്ഷണം കഴിക്കും, വർത്തമാനം പറഞ്ഞിരിക്കും. സാംസ്‌കാരികമായ ഔന്നത്യം അന്നേ വീട്ടിലുണ്ടായിരുന്നു.'' ആ കൂട്ടത്തിൽ ചുറ്റിപ്പറ്റി നിന്ന കാര്യം ഓർത്തപ്പോൾ ഒരു ചെറുചിരി രാജീവിനെയും ചുറ്റിവന്നു. ഒരിക്കലും കർക്കശക്കാരനായിരുന്നില്ല അച്ഛൻ. പക്ഷേ, കൃത്യമായ ലക്ഷ്യം മുന്നിൽ തന്നിട്ടുണ്ടായിരുന്നു. രാജീവിനെ ഡോക്ടറായി കാണണമെന്നത് വലിയ മോഹമായിരുന്നു. അച്ഛന്റെ നഷ്ടസ്വപ്നമായിരുന്നു ഡോക്ടറാകുക എന്നത്. പല കാരണങ്ങൾ കൊണ്ടും അതു നടന്നില്ല. പഠിക്കുമ്പോൾ ഓരോ വിഷയത്തിനും എത്ര മാർക്ക് കിട്ടി, എന്തു പഠിച്ചു എന്ന ചോദ്യങ്ങളൊന്നുമില്ല. പക്ഷേ, റിസൽട്ട് നന്നായിരിക്കണം. അന്ന് രാജീവിനൊപ്പം സംഗീതമുണ്ടായിരുന്നു. അതിൽ ഏറെ സന്തോഷിച്ചതും അച്ഛൻ തന്നെ. കരിയറിനെക്കുറിച്ച് ആദ്യം ചിന്തിക്കണമെന്നും അതിനൊപ്പം സംഗീതവും നൃത്തവുമാകാമെന്നും ഓർമ്മിപ്പിക്കും. പുസ്തകങ്ങൾ വായിക്കാൻ പറയും. വീട്ടിലെ ലൈബ്രറിയിലെ പുസ്തകങ്ങളായിരുന്നു ആദ്യം വായിച്ചു തുടങ്ങിയത്. പിന്നെയത് ഭ്രമമായി. പത്താം ക്ലാസ് ആകുമ്പോഴേക്കും പ്രശസ്ത കൃതികളൊക്കെ വായിച്ചു കഴിഞ്ഞിരുന്നു രാജീവ്. കുട്ടിക്കാലത്ത് ഇഷ്ടം പോലെ അടി കിട്ടിയിട്ടുണ്ട് രാജീവിന്.

''അച്ഛന് പെട്ടെന്ന് ദേഷ്യം വരും. ആദ്യം അടി, പിന്നെയാണ് ചോദ്യം വരിക. അച്ഛൻ പാട്ടുപഠിച്ചിരുന്നു. ഒരു വർഷം തികയുന്നതിന് മുമ്പേ മുത്തച്ഛൻ പോയി.അതോടെ ജീവിതം മാറി മറിഞ്ഞു. വീടു വിട്ടിറങ്ങേണ്ടി വന്നു. അച്ഛന് മുത്തച്ഛൻ നൽകിയ ഹാർമോണിയം ഇപ്പോഴും ഇവിടെയുണ്ട്. അച്ഛന്റെ ആറു വയസിൽ ലഭിച്ചതാണത്. എല്ലാം ഓരോ നിമിത്തങ്ങളാണ്. അച്ഛന് പറ്റാതിരുന്ന കാര്യങ്ങൾ മക്കളോ ചെറുമക്കളോ ചെയ്യുമ്പോൾ വലിയ സന്തോഷമായിരുന്നു. അപർണ പാടുമ്പോഴും അമൃതയും സുമിതയും നൃത്തം ചെയ്യുമ്പോഴും മുഖം വിടരും.''

മരണം വരെ കവിത എഴുതാൻ കൊതിച്ച അച്ഛനെയായിരുന്നു രാജീവ് കണ്ടത്. ആശുപത്രിയിൽ പോകുന്നതിന്റെ നാലുദിവസം മുമ്പുവരെ അച്ഛൻ എഴുതി. ഡയറിയിൽ കുറേ കാര്യങ്ങൾ കുറിച്ചിട്ടിരുന്നു, കവിതയെഴുതാനായി. ഭക്ഷണവും യാത്രയുമായിരുന്നു അച്ഛന് ഏറെയിഷ്മുള്ള രണ്ടു കാര്യങ്ങൾ. വയ്യാതായതോടെ ഇതിൽ രണ്ടിലും ഏറ്റക്കുറച്ചിൽ വന്നു. അത് മാനസികമായി ഏറെ തളർത്തിയിരുന്നു. കോതമ്പുമണികൾ, അമ്മ തുടങ്ങിയ കവിതകളൊക്കെ ഉറവെടുത്തത് യാത്രകളിൽ നിന്നായിരുന്നു. പണ്ട് ഏതുനാട്ടിൽ പോയി വന്നാലും അവിടെയുള്ള രുചികളെക്കുറിച്ച് വാതോരാതെ പറയും. ഭക്ഷണം കഴിക്കാൻ വിളിച്ചാൽ വളരെ സന്തോഷത്തോടെ വരുന്ന ഒരാൾ, നിയന്ത്രണങ്ങൾ വന്നതോടെ ഒരു ജോലി തീർക്കുന്നതു പോലെ വന്നു പോയി. പാടില്ലാത്ത ആഹാരങ്ങളായിരുന്നു ഡയറ്റിംഗിൽ കൂടുതലും. സ്വാദില്ലാത്തതുകൊണ്ടാവാം പിന്നെ കഴിക്കുന്നതും കുറഞ്ഞു. പക്ഷേ, മരുന്ന് കൃത്യമായി കഴിക്കും.'' അച്ഛന്റെ ഭക്ഷണ നിയന്ത്രണം ഡോക്ടറെന്ന നിലയിലുള്ള കരുതലായിരുന്നെങ്കിലും ഇപ്പോൾ ആലോചിക്കുമ്പോൾ വിഷമം തോന്നാറുണ്ടെന്നും മായ പറഞ്ഞു.

എഴുത്ത് വളരെ സ്വകാര്യമായ അനുഭവമായിരുന്നു അച്ഛനെന്ന് അവർ പറഞ്ഞു. ''എഴുത്തുമുറിയിലിരുന്ന് എഴുതുമ്പോഴും പുറത്ത് എല്ലാവരും വേണം. ആളും അനക്കവുമെല്ലാമുള്ള വീടിന്റെ അകത്ത് എഴുത്തിനുവേണ്ടി അച്ഛൻ ഒരു ദ്വീപുണ്ടാക്കും. അവിടെയിരുന്നത് എഴുതും, ഇടയ്ക്ക് ഞങ്ങളുടെയടുത്ത് വരും. ബഹളത്തിലിരുന്ന് പക്ഷേ എഴുതാറില്ല.'' വീട്ടിൽ കവിതയെക്കുറിച്ച് ഒരിക്കലും ചർച്ച ചെയ്തിരുന്നില്ല. എങ്കിലും വായിച്ചു തുടങ്ങുന്ന കാലത്ത് അച്ഛന്റെ ഡയറിയിലെ വരികളിലൂടെ രാജീവ് ഓടിച്ചു പോകാറുണ്ട്. പ്രസിദ്ധീകരിക്കുമ്പോൾ വിശദമായി വായിക്കും. അപർണ, അമൃത, സുമിത എന്നീപേരക്കുട്ടികൾ പിറന്നപ്പോഴും കവിയെഴുതിയിട്ടുണ്ട്. അപർണയുടെ മകൻ ഗൗതമിനും സമ്മാനമായി ലഭിച്ചിരുന്നു മുത്തച്ഛന്റെ ഒരു കവിത.

പഠിക്കൂ പഠിക്കൂ എന്ന് ഒരിക്കലും നിർബ ന്ധിക്കാത്ത അച്ഛന്റെ മുഖം മായയുടെ ഉള്ളിൽ തെളിഞ്ഞു. ''എല്ലാം ഞങ്ങളുടെ ഇഷ്ടമായിരുന്നു. നൃത്തത്തോടുള്ള ഇഷ്ടം പറഞ്ഞപ്പോൾ കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ ടീച്ചറുടെയടുത്ത് വിട്ടു. രണ്ടാളെയും പാട്ടു പഠിപ്പിച്ചു. മത്സരത്തിൽ പങ്കെടുക്കുന്നതിനോട് വലിയ യോജിപ്പില്ലായിരുന്നു. കഴിയുന്നതും അവഗണിക്കണമെന്നാണ് പറയുക. എന്റെ കുട്ട്യോൾക്ക് ഡാൻസുണ്ട്, അപർണയ്ക്ക് പാട്ടുണ്ട്. അച്ഛന് ഇതൊക്കെ വല്യകാര്യങ്ങളാണ്. എന്തു ചെയ്താലും അച്ഛന് തൃപ്തിയായെങ്കിലേ എനിക്കും സമാധാനമുള്ളൂ. അതുവരെ ടെൻഷനായിരിക്കും. ആ വാക്കിന്റെ മൂല്യമറിയുന്നതു കൊണ്ട് എപ്പോഴും നന്നാക്കാനേ ശ്രമിച്ചിട്ടുള്ളൂ. ആദ്യം തൊട്ടേ ഡോക്ടർ എന്നു പറഞ്ഞിരുന്ന ആളല്ല ഞാൻ. എൻട്രൻസ് എഴുതുമ്പോഴേ ചിന്തിച്ചിരുന്നു, കിട്ടിയില്ലെങ്കിൽ മറ്റേതെങ്കിലും വഴി പോകുമെന്ന്.''
മായ എന്നും മനസിൽ ഓർക്കുന്ന അച്ഛന്റെ ചിത്രങ്ങളിൽ വിലപ്പെട്ടതൊന്നുണ്ട്. ഓരോ യാത്രയ്ക്കു ശേഷവും മിഠായികൾ കൊണ്ടു വരുന്ന അച്ഛൻ. ആദ്യം മക്കൾക്കായിരുന്നു, പിന്നെയത് പേരക്കുട്ടികൾക്കായി. ഒരിക്കൽ റഷ്യയിൽ നിന്നു വരുമ്പോൾ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന മായയ്ക്കു വേണ്ടി മനോഹരമായ ഒരു പെഡന്റ് വാച്ച് കൊണ്ടു വന്നു. ഇങ്ങോട്ടു വരുന്നവഴി വാച്ചിനെക്കുറിച്ചു മാത്രമാണ് സംസാരം. ഇവിടെയെത്തി പെട്ടി തുറന്നപ്പോൾ വാച്ചില്ല, ആരോ മോഷ്ടിച്ചിരുന്നു. അന്ന് ഒരുപാട് വിഷമിച്ചിരുന്നു അച്ഛനെന്ന് മായ പറഞ്ഞു. അടുത്ത തവണ റഷ്യയിൽ പോയപ്പോൾ അതേ പോലെയുള്ളത് അന്വേഷിച്ചെങ്കിലും കിട്ടിയില്ല. പക്ഷേ, എവിടെ നിന്നോ അച്ഛൻ കൊണ്ടുവന്നു. അച്ഛന്റെ കവിതകൾ നൃത്തമായി നിരവധി തവണ ആവിഷ്‌കരിച്ചിരുന്നു. സ്ത്രീയും പ്രകൃതിയും ഒ.എൻ.വി കവിതകളിൽ, രവിവർമ്മ ചിത്രങ്ങളെക്കുറിച്ച് എഴുതിയ 'ചിലങ്ക ചാർത്തിയ ചിത്രങ്ങൾ' തുടങ്ങിയ കവിതകൾക്കൊപ്പവും മായ നൃത്തം വച്ചു.

''എന്നും കൊച്ചു കൊച്ചു കാര്യങ്ങളിലായിരുന്നു അച്ഛന്റെ കൗതുകം. വാസനസോപ്പുകൾ വളരെ ഇഷ്ടമായിരുന്നു. പിന്നെ ചില പേനകൾ, ഭംഗിയുള്ള കടലാസുകൾ, എൻവലപ്പുകൾ... അച്ഛന് ഇഷ്ടമാകുന്ന പേനകളൊക്കെ ചില പ്രത്യേക കടകളിലേ ലഭിക്കൂ. അവിടെ നിന്നും വാങ്ങി നൽകുമ്പോൾ സന്തോഷമാകും. ഇപ്പോ മോളുടെ സ്‌കൂൾ ബാഗിലെ ഭംഗിയുള്ള പെൻസിൽ ബോക്സ് കണ്ടാലും ചോദിക്കും, ഇതെനിക്ക് തരുമോ? ഞങ്ങൾക്കും കൗതുകമായിരുന്നു ഇത് കേൾക്കുമ്പോൾ.'' മായ പൂരിപ്പിച്ചു.
അപർണയുടെ മകൻ ഗൗതമുമായി വലിയ അടുപ്പമായിരുന്നു ഒ.എൻ.വിക്ക്. അവനെ അപ്പു എന്ന് ആദ്യം വിളിച്ചതും മുത്തച്ഛനായിരുന്നു. ആ വയറായിരുന്നു അവന്റെ കളിസ്ഥലം. തീരെ വയ്യാതായ കാലത്താണ് ആ പതിവ് മുടങ്ങിയത്. ഇപ്പോഴും അപ്പു പറയുന്നത് മുത്തച്ഛന് ഉവ്വാവാണ്, അമ്പാട്ടിയായി പോയെന്നാണ്. രാജീവിന്റെ മനസിൽ ഇപ്പോഴുമുള്ള ചില ചിത്രങ്ങളുണ്ട്. ''അച്ഛൻ മരിച്ചു കിടന്നപ്പോൾ അവൻ അടുത്തു പോയില്ല. ദൂരെ മാറി നിൽക്കുകയായിരുന്നു. എന്തോ പറ്റിയിട്ടുണ്ടെന്ന് അവനറിയാം. പക്ഷേ, അതു തിരിച്ചറിയാൻ സാധിക്കുന്നില്ല. വീട്ടിലാർക്കെങ്കിലും ആപത്ത് വരുമ്പോൾ വളർത്തുമൃഗങ്ങളറിയും എന്നു പറയില്ല, അതു പോലൊരു സെൻസ് കൊച്ചുകുട്ടികൾക്കുമുണ്ട്. എവിടെയെങ്കിലും പോകുമ്പോൾ മുത്തച്ഛന്റെ ഫോട്ടോ കാണുമ്പോൾ അവന് സന്തോഷമാകും. എന്റെ മുത്തച്ഛൻ മരിച്ചത് കാൽനൂറ്റാണ്ട് മുമ്പേയാണ്. അന്ന് അച്ഛൻ എഴുതി, 'മുത്തച്ഛൻ നമ്മെവിട്ട് എവിടേക്ക് പോവാനാണ് അല്ലേ ഉണ്ണി.' ഈ കവിത കേൾക്കുമ്പോൾ ഇപ്പോൾ എന്റെ മനസിൽ അപ്പുവാണ്. ''
യാത്ര പോകുന്നതുൾപ്പെടെ എല്ലാ കാര്യങ്ങളും അച്ഛനോട് പറയും. ഇപ്പോൾ അങ്ങനെ പറയാൻ ഒരാളില്ല. ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും സൂക്ഷ്മമായ ഇടപെടൽ നടത്തിക്കൊണ്ടിരുന്ന ആളായിരുന്നു. അച്ഛന്റെ കവിതകൾക്ക് ഞാൻ സംഗീതം നൽകിയത് 'സ്മൃതിതാള'മെന്ന പേരിൽ ഫെബ്രുവരി 13ന് പുറത്തിറങ്ങും. സംഗീതമൊരുക്കിയാൽ എല്ലാ ഗാനങ്ങളും ആദ്യം കേൾപ്പിക്കുന്നത് അച്ഛനെയായിരുന്നു. അനുഗ്രഹവും അംഗീകാരവും ഒന്നിച്ചാണ്. അഭിനന്ദനമെന്നോണം ഒന്നും പറയാറില്ലെങ്കിലും കേട്ടു കഴിയുമ്പോൾ തൃപ്തിയായോ എന്നറിയാൻ കഴിയും. അപർണ കവിതാലാപനത്തിൽ പങ്കെടുത്തപ്പോഴായിരുന്നു രാജീവ് സംഗീതമൊരുക്കി തുടങ്ങിയത്. അച്ഛന്റെ സൃഷ്ടികളേക്കാൾ വലിയ പാഠം മറ്റൊന്നുമില്ലെന്നും രാജീവിനറിയാം.

''ഇത്ര പെട്ടെന്ന് പോകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. വയ്യാതിരുന്നെങ്കിലും ശുഭാപ്തി വിശ്വാസത്തോടെയാണ് അച്ഛൻ ചികിത്സയ്ക്കു പോയത്, ആൻജിയോഗ്രാം ചെയ്യണമായിരുന്നു. നേരത്തേ ഇങ്ങനെ ഒരു പ്രശ്നമുണ്ടായപ്പോൾ അച്ഛൻ അതിന് സമ്മതിച്ചിരുന്നില്ല. പോയത് നല്ല ബോധത്തിലും സന്തോഷത്തോടെയുമായിരുന്നു. ആശുപത്രിയിൽ കിടന്നെങ്കിലും അച്ഛൻ കഷ്ടപ്പെട്ടില്ല. അദ്ദേഹത്തെ സംബന്ധിച്ചോളം സുഖമരണം.''

മുത്തച്ഛൻ എന്ന തണൽമരത്തിന്റെ താഴെയുള്ള സന്തോഷത്തെക്കുറിച്ച് അപർണയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു. ''ജീവിതത്തിലും പാട്ടിലുമുള്ള ഏറ്റവും വലിയ പ്രചോദനം മുത്തച്ഛനായിരുന്നു. ഇപ്പോഴും അദ്ദേഹം കൂടെയുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഞങ്ങൾക്ക് കുട്ടികൾക്ക് കഥകൾ പറഞ്ഞുതരുമായിരുന്നു. കവിതകൾ ചൊല്ലുമായിരുന്നു. അമ്മൂമ്മയുടെ വീട് ഷൊർണ്ണൂരല്ലേ. കുട്ടിക്കാലത്ത് ഞങ്ങളവിടെ പോകുമ്പോൾ മുത്തച്ഛനും കളിക്കാൻ കൂടും. ഏതു തിരക്കിലും കൂടെയുണ്ടാകും. മോനെ അപ്പുവെന്നാണ് മുത്തച്ഛൻ വിളിച്ചിരുന്നത്. മോനിടാൻ കുറേ പേരുകൾ തിരഞ്ഞെടുത്തു തന്നിരുന്നു. അതിൽ നിന്നാണ് ഗൗതം എന്ന പേര് സ്വീകരിച്ചത്. പിറന്നാളിനൊക്കെ സമ്മാനം വാങ്ങാൻ കാശ് തരും. മുത്തച്ഛൻ വിഷുക്കൈനീട്ടവും മുടക്കാറില്ല. കവിതകൾ ചൊല്ലുമ്പോൾ തെറ്റുണ്ടെങ്കിൽ തിരുത്തി തരും. എന്നും കൂടെ നടന്ന ഒരാളായിരുന്നു.''

ഒ.എൻ.വിയുടെ പുറംലോകം കേട്ടറിഞ്ഞ കാർക്കശ്യത്തെക്കുറിച്ച് രാജീവിന് കൃത്യമായ നിരീക്ഷണമുണ്ട്. '' അച്ഛന് ആരുമായും അടുക്കുന്നതിന് ഒരു സമയമുണ്ട്. ആ ഒരു ഘട്ടത്തിൽ ആൾ റിസർവ്ഡ് ആയിരിക്കും. ആളുകളെ മനസിലാക്കിയെന്നു തോന്നുമ്പോൾ മാത്രമേ അച്ഛൻ തന്നിലേക്കുള്ള വാതിൽ തുറന്നുകൊടുക്കാറുള്ളൂ. അതു കടക്കാൻ ഒരൽപ്പം ബുദ്ധിമുട്ടാണ്. അവിടെയാണ് എല്ലാവരും തെറ്റിദ്ധരിക്കുന്നതും. അച്ഛൻ ഒരുകുട്ടിയെപോലെ സിംപിൾ ആണ്, എല്ലാവരെയും കണ്ണടച്ച് വിശ്വസിക്കുന്ന ആളും. ആ അളവുകൾ ചിലപ്പോൾ തെറ്റിയിട്ടുമുണ്ട്. ചിലപ്പോൾ അത് ഞങ്ങൾക്ക് ബുദ്ധിമുട്ടായിട്ടുണ്ട്.

''ഇപ്പോൾ പല യാത്രകളിലും ആളുകൾ ഇങ്ങോട്ട് വന്ന് പരിചയപ്പെടും. പലരെയും മുൻപരിചയമില്ല, അച്ഛൻ പറഞ്ഞ് അറിയുകയുമില്ല. പക്ഷേ, ഇവരുമായൊക്കെയുള്ള ആത്മബന്ധത്തെക്കുറിച്ച് പിന്നീടാണ് മനസിലാക്കുന്നത്. ദുബായ്യിൽ പോയപ്പോഴും ഇതേ അനുഭവമായിരുന്നു. ചിലപ്പോൾ ഹസ്തദാനം ചെയ്തിട്ടുണ്ടാകാം,അല്ലെങ്കിൽ അച്ഛൻ ഒന്നു ചിരിച്ചിട്ടുണ്ടാകാം. പക്ഷേ, അത് ജീവിതത്തിലെ വലിയ അനുഭവമാക്കി സൂക്ഷിക്കുകയാണവർ. എവിടെയുമെനിക്കൊരു വീടുണ്ടെന്ന് അച്ഛൻ പറഞ്ഞത് ഈ അനുഭവത്തിൽ നിന്നാകാം. ഞങ്ങൾ ഇപ്പോഴാണ് അറിഞ്ഞതെന്ന് മാത്രം. ഈയടുത്ത് അഹമ്മദാബാദിൽ പോയപ്പോൾ, വിവരമറിഞ്ഞ് മലയാളി അസോസിയേഷൻ ഭാരവാഹികൾ വന്നു. ആ സായാഹ്നം അച്ഛന്റെ ഓർമ്മകൾക്കും കവിതകൾക്കുമൊപ്പമായിരുന്നു. ജീവിതത്തിലെ ഓരോ നിമിഷവും അച്ഛൻ ഇങ്ങനെ ഞങ്ങളിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നു. ആ ഒഴുക്കിലാണ് മുന്നോട്ടുപോകുന്നതും.''
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.