നന്മ വിളയുന്ന ഫേസ്ബുക്ക് ഡയറി
February 19, 2017, 9:15 am
നാട്ടിൻപുറങ്ങളിൽ കൂടി ആളുകളോട് സംസാരിച്ച് നടക്കാൻ ഒരു മടിയുമില്ലാത്തയാളാണ് ധനകാര്യമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക്. അതുകൊണ്ടു തന്നെ ഒട്ടും കലർപ്പില്ലാത്ത നന്മയുടെയും പരിശ്രമത്തിന്റെയും ആകെത്തുകയായ ഒരുപാട് ജീവിതങ്ങളെ അദ്ദേഹത്തിന് അടുത്തറിയുകയും ചെയ്യും .ആ അനുഭവങ്ങൾ അദ്ദേഹം അക്ഷരങ്ങളാക്കി. ഡി.സി ബുക്സ് 'ഫേസ് ബുക്ക് ഡയറി' എന്ന പേരിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ആ ഉള്ളുതൊടും അനുഭവങ്ങളിലൂടെ ഒന്ന് സഞ്ചരിക്കാം.

മായാമോഹിനിക്കും മാനസി ദേവിക്കും ഒരു വീട്
ആഗസ്റ്റ് 17, 2015
മൂന്നുമാസം മുമ്പാണ്. ആര്യനാട് ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ എന്നെ കാണാൻ രണ്ടു പെൺകുട്ടികൾ അവരുടെ അമ്മാവനോടൊപ്പം എത്തി. മായാമോഹിനിയും മാനസിദേവിയും. മായ ഡിഗ്രിക്കും മാനസി പ്ലസ് ടൂവിനും പഠിക്കുന്നു. അവരുടെ കൈയിൽ എനിക്ക് തരാൻ ഒരു നിവേദനവും ഉണ്ടായിരുന്നു. അവരോടു ഞാൻ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. അവരുടെ അമ്മ കാൻസർ രോഗബാധിതയായി 2010ൽ മരണമടഞ്ഞു. അതിന്റെ മനോവിഷമത്തിൽ ഏകസഹോദരൻ ആത്മഹത്യചെയ്തു. ഒരു വർഷം കൂടി കഴിഞ്ഞപ്പോൾ ഏക അത്താണിയായിരുന്ന അച്ഛനും ആത്മഹത്യ ചെയ്തു. എല്ലാവരും ഉണ്ടായിരുന്നപ്പോൾ പണി ആരംഭിച്ചവീട് പാതിവഴിയിൽ മുടങ്ങി. ഈ വീട്ടിൽ കുട്ടികളെ താമസിപ്പിക്കാൻ കഴിയാത്തതിനാൽ ബന്ധുവീടുകളിൽ മാറിമാറി ആണ് മായയും മാനസിയും കഴിയുന്നത്. എന്നാൽ ഈ ബന്ധുക്കൾ ആരും തന്നെ സാമ്പത്തികമായി മെച്ചപ്പെട്ട നിലയിൽ അല്ലാത്തിനാൽ പഠനം പോലും തുടരാൻ കഴിയാത്ത സ്ഥിതിയിലാണ് ഇവർ എന്നെ വന്നു കണ്ടത്. കഴിഞ്ഞ മാസം യു.കെയിൽ നിന്നുള്ള എന്റെ കുറച്ച് ഫേസ്ബുക്ക് സുഹൃത്തുക്കൾ ചേർന്ന് ചെട്ടിക്കാട് താമസിക്കുന്ന ശില്പയ്ക്ക് ഒരു വീട് നിർമ്മിക്കുന്ന വാർത്ത ഞാൻ പോസ്റ്റ് ചെയ്തിരുന്നു. ആ പോസ്റ്റ് കണ്ടിട്ടാണ് ഖത്തറിൽ നിന്ന് ബിനീഷും കൂട്ടുകാരും അവർക്കും ഇങ്ങനെ ഒരുവീട് നിർമ്മിച്ചുകൊടുക്കാൻ ആഗ്രഹം ഉണ്ട് എന്ന് എന്നെ അറിയിച്ചത്. ഖത്തർ ഗ്യാസ് ജീവനക്കാരായ ബിനീഷ്, സുബി, അനൂപ്,അംലിൻ, ബിജോ, ദീപു, അജിമോൻ, അനീഷ് കെ.വി, കിരൺ, വിനീത് തുടങ്ങിയവർ ആണ് ഈ സംരംഭത്തിൽ സഹായിക്കുന്നത്. എല്ലാ സുഹൃത്തുക്കൾക്കും നന്ദി. ഇന്ന് അവരുടെ വീടിന്റെ പണിപൂർത്തീകരിക്കുന്നതിനും വിപുലീകരിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ഞാനും രണ്ടു കുട്ടികളും കൂടി തറക്കല്ലിട്ടു.


സുന്ദരി മുളകുചെടി
മേയ് 27, 2015
ഞാൻ മലപ്പുറം ജില്ലാകമ്മിറ്റി ഓഫീസിൽ ചെന്നപ്പോൾ അവിടെ ഗ്രോബാഗിൽ ഒരു മുളകുചെടി കാത്തിരിപ്പുണ്ടായിരുന്നു. ആരും ഒന്നുനോക്കി നിന്നുപോകും. ആ ചെറുചെടിയിൽ 50ൽപരം ചുവന്ന നീണ്ട മുളക് തൂങ്ങിക്കിടക്കുന്നത് മനോഹരമായ കാഴ്ചയാണ്. മലപ്പുറം ജില്ലയിലെ ജൈവകർഷകരുടെ സംഗമത്തിൽ പങ്കെടുക്കാനെത്തിയ പത്രസുഹൃത്തുക്കൾ അതീവകൗതുകത്തോടെ ഈ മുളകുചെടിയുടെ ഫോട്ടോ എടുക്കുന്നുണ്ടായിരുന്നു. കുന്നമംഗലത്തെ സെന്റർ ഫോർ വാട്ടർ റിസോഴ്സസ് ആൻഡ് മാനേജ്‌മെന്റ് എന്ന സ്ഥാപനത്തിലെ ശാസ്ത്രജ്ഞയായ ഡോ. കമലം ജോസഫ് ആണ് ഈ പുതിയ നടീൽ സമ്പ്രദായത്തിന്റെ ഉപജ്ഞാതാവ്. കോഴിക്കോട് വച്ചുകണ്ട് സംസാരിക്കാമെന്നാണ് ഞങ്ങൾ തമ്മിൽ ധാരണയായത്. എന്നാൽ അവർക്ക് വരാൻ കഴിഞ്ഞില്ല. അതുകൊണ്ട് എന്റെ അടുത്ത സമ്മേളന സ്ഥലത്തേക്ക് ഒരു ചെറുകുറിപ്പോടെ ഈ മുളകുചെടി കൊടുത്തുവിടുകയായിരുന്നു.
പുതിയ ടെക്നിക് ഇതാണ്. ഗ്രോബാഗിന്റെ റൂട്ടിൽ ഒരു തുളയുണ്ടാക്കിഅതുവഴി ഇരുപത് സെ.മീ നീളത്തിലുള്ള കമ്പിളിയുടേയോ തുണിയുടെയോ ഒരു തിരി നെറ്റിൽ പൊതിഞ്ഞ് മൂട്ടിലെ ദ്വാരത്തിലൂടെ ഗ്രോബാഗിനുള്ളിലേക്ക് കടത്തി സ്ഥാപിക്കുന്നു. ഗ്രോബാഗ് മണ്ണിട്ട് നിറച്ച് മുളകുതൈകൾ നടുന്നു. ഗ്രോബാഗ് ഇഷ്ടികയുടെ മേലെയാണ് സ്ഥാപിക്കുന്നത്. ഇഷ്ടികയുടെ വിടവിൽ വലിയൊരു പ്ലാസ്റ്റിക് കുപ്പി വയ്ക്കുന്നു. കുപ്പിക്ക് തുളകൾ ഉണ്ടാവും. ഒരു തുളയിൽ തിരി കടത്തുന്നു. മറ്റേ തുളയിലൂടെ കുപ്പിയിൽ വെള്ളം നിറയ്ക്കുന്നു. വെള്ളത്തിൽ വളവും ചേർക്കാം. കാപ്പിലറി ആക്ഷൻ വഴി സദാസമയവും ഗ്രോബാഗിലേക്ക് വെള്ളം വലിച്ചുയർത്തപ്പെട്ടുകൊണ്ടിരിക്കും. ഒരുതുള്ളിവെള്ളം പോലും പാഴാകില്ല. ഒരു പാഴ് വസ്തുവായ വെള്ളക്കുപ്പിക്ക് ഒരു പുനരുപയോഗവും ഉണ്ടാകുന്നു. ടെറസ് കൃഷിക്കും മറ്റും ഉത്തമമായ രീതി ആണത്രേ ഇത്.

ലക്ഷ്മിമംഗലത്തെ തങ്കമ്മ
ജൂൺ 24, 2015

പടുകൂറ്റനൊരു പുളിമരം. കായ്ക്കാൻ ഒരു മടിയുമില്ലാത്ത വരിക്കപ്ലാവ്. പറമ്പിന്റെ കോണിൽ തഴച്ചുവളർന്ന് പൂത്തുവിടർന്ന് കിടക്കുന്ന മത്തൻവള്ളികൾ. തൊഴുത്തിലും മുറ്റത്തുമായി പശുക്കളും പശുക്കുട്ടികളും. പച്ചചാണകത്തിന്റെ ചൂരു തുടിക്കുന്ന പരിസരം. 2006 ൽ മികച്ച നെല്ലുകർഷകയായി ആര്യനാട് കൃഷിഭവൻ തിരഞ്ഞെടുത്ത കൊക്കോട്ടേല കണിയംവിളാകം ലക്ഷ്മിമംഗലത്തിലെ തങ്കമ്മയുടെ വീടാണ്.
കൊക്കോട്ടേലയിലെ കുടുംബയോഗത്തിൽ പങ്കെടുക്കാൻ നിശ്ചയിച്ചതിലും ഒരു മണിക്കൂർ നേരത്തേയെത്തി. സഖാക്കൾ എത്തിത്തുടങ്ങിയതേയുള്ളൂ. വന്നവരുമായി വർത്തമാനം പറഞ്ഞിരിക്കുമ്പോഴാണ് തങ്കമ്മയെക്കുറിച്ച് കേട്ടത്. ഒന്നവിടംവരെ ചെന്നാലോ എന്നു ചോദിച്ചപ്പോൾ സഖാക്കൾക്കു സമ്മതം. അങ്ങനെയാണ് തങ്കമ്മയുടെ വീടു തേടിയിറങ്ങിയത്. കർഷകകുടുംബമായിരുന്നു തങ്കമ്മയുടേത്. പിതാവ് രാമൻ പണിക്കർക്ക് എട്ടേക്കർ വസ്തുവുണ്ടായിരുന്നു. പതിനൊന്നു മക്കൾക്കായി ഭാഗം വച്ചപ്പോൾ തങ്കമ്മയ്ക്കു കിട്ടിയത് ഒന്നരയേക്കർ ഭൂമി. അതിലൊരേക്കർ വിവാഹം കഴിഞ്ഞപ്പോൾ മകൾക്ക് എഴുതിക്കൊടുത്തു. ശേഷിക്കുന്ന അരയേക്കർ ഭൂമിക്കുപുറമേ രണ്ടേക്കർ അറുപത് സെന്റ് വസ്തു പാട്ടത്തിനെടുത്തിട്ടുണ്ട്. അതിലൊരേക്കറിൽ 500 വാഴ വച്ചിരിക്കുന്നു. ഒരേക്കറിൽ പുല്ലുനടും. അറുപതുസെന്റിൽ പച്ചക്കറിയും മറ്റും. അതിനുപുറമേയാണ് നാലഞ്ച് പശുക്കളുടെ പരിപാലനം. ഞങ്ങൾ ചെല്ലുമ്പോൾ പശുവിനുകൊടുക്കാനുള്ള കഞ്ഞിയിലിടാൻ ചക്കക്കുരു ശരിപ്പെടുത്തുകയായിരുന്നു തങ്കമ്മ. അറുപതുകളിലും ചെറുപ്പത്തിന്റെ ചുറുചുറുക്കോടെ എല്ലാം തങ്കമ്മനോക്കി നടത്തുന്നു. പാട്ടത്തിനെടുത്ത അറുപത് പറക്കണ്ടത്തിൽ കൃഷിചെയ്താണ് അവാർഡ് നേടിയത്.
വർത്തമാനത്തിനിടെ 'സാറിന് വരിക്കച്ചക്ക വേണോ?' എന്നായി തങ്കമ്മ. നാടൻ വരിക്കച്ചക്കയുടെ മധുരത്തോട് ആർക്കാണ് മുഖം തിരിക്കാനാവുക. സമ്മതം കിട്ടിയപാടേ ഇടത്തരം ചക്കയൊരെണ്ണം തങ്കമ്മയുടെ പിച്ചാത്തിക്ക് ഇരയായി. മകൾക്കുകൊടുക്കാൻ രണ്ട് കഷ്ണം വേണമെന്ന് ഞാൻ. തങ്കമ്മയ്ക്ക് നിറഞ്ഞ സന്തോഷം, ചക്ക ചെറുകഷ്ണങ്ങളാക്കി ഒരു കവറിലിട്ടുതന്നു. മടങ്ങിപ്പോകുംവഴി നികത്തിയ നെൽപ്പാടം ഒപ്പമുണ്ടായിരുന്ന സഖാവ് കാട്ടിത്തന്നു. തങ്കമ്മ പാട്ടത്തിനെടുത്തിരിക്കുന്ന അറുപത് സെന്റും ഇതിലുണ്ട്. പാടം നിറയെ വാഴയും പച്ചക്കറി പന്തലുകളും കൊക്കോട്ടേലയിലിപ്പോൾ നെൽകൃഷിയില്ല. പാടമെല്ലാം നികത്തി. ഒരുവശത്ത് വീടുകളും റബ്ബർ കൃഷിയും. മറുഭാഗത്ത് വാഴയും പച്ചക്കറിയും. അധ്വാനശീലരായ മനുഷ്യരും വളക്കൂറുള്ള മണ്ണും തമ്മിലുള്ള ഹൃദയബന്ധം മണ്ഡലത്തിൽ തഴച്ചുവളരുന്ന വിളകളിൽ കാണാം.

റബ്ബർ വെട്ടുന്ന ഇന്ദിര
ജൂൺ 25, 2015

പറണ്ടോട് ലക്ഷം വീട് കോളനിയിലെ ജീർണിച്ച വീട്ടിലാണ് ഇന്ദിരയുടെ താമസം. പക്ഷേ, ഇന്ദിരയ്ക്ക് ഒരു പ്രത്യേകതയുണ്ട്. ഒന്നാന്തരം റബ്ബർ വെട്ടുകാരിയാണ്. പറണ്ടോട് സ്ത്രീകൾ പാലു ശേഖരിക്കാൻ ഭർത്താക്കന്മാരെ സഹായിക്കാറുണ്ട്. ഇപ്പോൾ കുറച്ചുപേർ നേരിട്ട് റബ്ബർവെട്ടാനും തുടങ്ങിയിട്ടുണ്ട്. ഇന്ദിരയുടെ ഭർത്താവ് ശിശുപാലൻ പെന്തകോസ്തുപള്ളിയിലെ പാസ്റ്ററാണ്. അദ്ദേഹവും റബ്ബർ വെട്ടാൻപോകും. ഏതാനും വർഷം മുമ്പ് കുടുംബം മുഴുവൻ തിരുവല്ലയ്ക്കടുത്ത് ഒരു തോട്ടത്തിൽ റബ്ബർവെട്ടാൻ പോയിരുന്നു. ഇപ്പോൾ റബ്ബറിന്റെ വില ഇടിഞ്ഞപ്പോൾ ആ പണി ഇല്ലാതായി.
തിരുവല്ലാഭാഗത്ത് മരമൊന്നിന് ഒരുരൂപവരെ കിട്ടിയിരുന്നു. ഇവിടെ അറുപത് പൈസയ്ക്ക് മരം വെട്ടാൻ ഇന്ദിര തയ്യാർ. പക്ഷേ പണിയില്ല. റബ്ബർ മേഖലയിലെ പ്രതിസന്ധി കൃഷിക്കാരുടെമാത്രം ദുരന്തമല്ല. ലക്ഷക്കണക്കിനുവരുന്ന റബ്ബർ തൊഴിലാളികളുടെ ജീവിതത്തെയും ദുരിതമയമാക്കിയിട്ടുണ്ട്. തൊഴിലുറപ്പുള്ളതുകൊണ്ട് ഇപ്പോൾ അരിഷ്ടിച്ചു ജീവിക്കാൻ പറ്റുന്നു. റബ്ബർ വിലയിടിയാൻ തുടങ്ങിയിട്ട് മൂന്നുവർഷമായിട്ടും ഒന്നും ചെയ്യാത്ത സർക്കാരിനെതിരെ വിധിയെഴുതാനുള്ള സന്ദർഭമാണ് കൈവന്നിരിക്കുന്നതെന്ന് പറഞ്ഞപ്പോൾ ഇന്ദിരയും കൂട്ടുകാരും തലകുലുക്കി സമ്മതിച്ചു.

വ്യാകുലമാതാവിന്റെ കൊച്ചു സഹോദരികൾ
സെപ്തംബർ 13, 2015

നെന്മണിക്കരയിലെ ചിറ്റിച്ചേരി സെന്റ് മേരീസ് പള്ളിയുടെ പുറകിലായിട്ടാണ് സെന്റ് ജോസഫ് കോൺവെന്റ്. 'വ്യാകുലമാതാവിന്റെ കൊച്ചുസഹോദരികൾ' എന്നാണ് ഇവരുടെ സഭയുടെ പേര്. പത്തോളം ഏക്കർ വിസ്തൃതമായ സ്ഥലമുണ്ട്. സാധാരണ ഒരു കോൺവെന്റ് വളപ്പിൽ കാണാത്ത ഒരു കാര്യം ഇവിടെ കണ്ടു. പുരയിടത്തിൽ വലിയൊരു ഭാഗം കുടംബശ്രീയ്ക്ക് ചേനക്കൃഷിക്കായി കൊടുത്തിരിക്കുകയാണ്. അങ്ങനെ 4000 മൂട് ചേന അവിടെ വളർന്നു പച്ചമാറാപ്പായി നിൽക്കുകയാണ്. സാരഥി തരംഗം എന്നാണ് കൃഷിക്കൂട്ടായ്മയുടെ പേര്. പേര് തിരഞ്ഞെടുത്തതിന് കാരണം ലളിതമാണ്. സാരഥി എന്നും തരംഗം എന്നും പേരുള്ള കുടുംബശ്രീ അയൽക്കൂട്ടങ്ങളിലെ തത്പരരായ സ്ത്രീകളാണ് ചേനക്കൃഷി നടത്തന്നത്. സാരഥിയുടെ പ്രസിഡന്റ് ലതാ ഗോപാലും തരംഗത്തിന്റെ പ്രസിഡന്റ് വിമലയും കൃഷി ഗ്രൂപ്പിലെ അംഗങ്ങളും അവിടെ ഉണ്ടായിരുന്നു. കന്യാസ്ത്രീകളും കൃഷി ചെയ്യുന്നുണ്ട്. ഇഞ്ചികൃഷി അവരുടേതാണ്. ഏതുവിള ആരുടേതെന്നതിനെ സംബന്ധിച്ച് ഒത്തിരി തമാശയും ചിരിയുമുണ്ടായി. വളരെ ഹൃദ്യമായ അന്തരീക്ഷം. ദൈവവിളി കുറഞ്ഞുവരുന്നതിനെക്കുറിച്ചും ഫിലോസഫി, തിയോളജി പഠനത്തെക്കുറിച്ചുമെല്ലാം ഏറെയും കളിയും കാര്യത്തോടും ചിരിച്ചുകൊണ്ടുതന്നെ കന്യാസ്ത്രീകൾ മറുപടി നൽകി. തങ്ങൾ നാട്ടിലെ എല്ലാ നല്ല പ്രവർത്തികളോടും സഹകരിക്കാൻ തയ്യാറാണെന്ന് പ്രൊവിൻഷ്യാൽ മദർ മറിയ റോസ് പറഞ്ഞു. ഞങ്ങൾക്ക് അത്യാവശ്യമുള്ളത് ഞങ്ങളിവിടെ കൃഷിചെയ്യുന്നു. ബാക്കിസ്ഥലം കുടുംബശ്രീയ്ക്ക് വിട്ടുകൊടുക്കുന്നതിൽ സന്തോഷമേയുള്ളൂ. ഇക്കാര്യത്തിൽ മാത്രമല്ല പഞ്ചായത്തിന്റെ മറ്റു പരിപാടികളുമായും നല്ല സഹകരണബന്ധമാണ് കോൺവെന്റിനുള്ളത് എന്ന് കൂടെയുണ്ടായിരുന്ന പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു പറഞ്ഞു. പ്രഭാതഭക്ഷണത്തിനുള്ള നിർബന്ധപൂർണമായ ക്ഷണം സ്വീകരിക്കാൻ കഴിഞ്ഞില്ല. പത്തരയ്ക്ക് പെരിങ്ങണ്ടൂർ ബാങ്കിന്റെ ജൈവപച്ചക്കറി സെമിനാറിൽ എത്തേണ്ടിയിരുന്നു.


ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ്
സെപ്തംബർ 29, 2015
നിങ്ങൾ കോഴിക്കോട് സന്ദർശിക്കുകയോ കാറിൽ വടകരവഴി പോകുകയോ ചെയ്താൽ നിശ്ചയമായും സന്ദർശിച്ചിരിക്കേണ്ട ഒരു സ്ഥലം ഞാൻ ശുപാർശ ചെയ്യട്ടെ. വടകരയ്ക്ക് അടുത്ത് ഇരിങ്ങൽ കടപ്പുറത്തെ സർഗ്ഗലയ ക്രാഫ്റ്റ് വില്ലേജിൽ ഏതാനും മണിക്കൂറുകൾ ചെലവഴിക്കുക. കടലിലേക്ക് ഉന്തിനിൽക്കുന്ന പൊക്കപ്രദേശം, പണ്ടിവിടെ ഉയരത്തിൽ പാറക്കെട്ടുകൾ ഉണ്ടായിരുന്നു. അതിന്റെ മുകളിൽ നിന്നുകൊണ്ടായിരുന്നു കുഞ്ഞാലിമരയ്ക്കാർ തന്റെ പടക്കപ്പലുകളെ നിരീക്ഷിച്ചിരുന്നത്. ഇപ്പോൾ കുന്നിനു പകരം വിശാലമായ പാറത്തടാകം. പഴയ പാറക്കുന്നിന്റെ പ്രതീകമായി ഇതിന്റെ നടുക്ക് സ്തൂപം പോലൊരു പാറ ഉയർന്നു നിൽക്കുന്നു. ഈ തടാകത്തിൽ പെഡൽ ബോട്ടിൽ ഉല്ലാസസവാരി നടത്താം. അല്ലെങ്കിൽ വടക്ക് മൂരാട് പുഴ കടലിൽ ചേരുന്ന അഴിമുഖം കാണാം. തെക്കുഭാഗത്താണ് കുഞ്ഞാലി മരയ്ക്കാരുടെ മ്യൂസിയം. കടലാമകളുടെ പ്രജനനകേന്ദ്രവും ഇവിടെയുണ്ട്. തടാകത്തിന് ചുറ്റുമായി കേരളീയ വാസ്തുശൈലിയിൽ തീർത്ത രണ്ടു ഡസനിലേറെ എക്സിബിഷൻ ഹാളുകൾ, കാന്റീനുകൾ, ഒരു ഓപ്പൺ എയർ സായാഹ്നആഡിറ്റോറിയവും ഉണ്ട്. 2010 ൽ ആണ് ക്രാഫ്റ്റ് വില്ലേജ് പ്രവർത്തനം ആരംഭിച്ചത്.
വിവിധ കൈവേലകലാകാരന്മാർക്ക് അവരുടെ സർഗ്ഗവാസനകൾ ഇവിടെ പ്രദർശിപ്പിക്കാം. നിങ്ങൾക്ക് ക്രാഫ്റ്റ് നിർമ്മിതി നേരിട്ടുകാണാം. ഇഷ്ടപ്പെട്ട ഉത്പന്നങ്ങൾ വാങ്ങാം. അറുപതിൽപരം ക്രാ്ര്രഫുകൾ, ഇരുപതിൽപരം സ്റ്റാളുകൾ, ഹാളുകൾ ഇവ കണ്ടുതീരാൻ രണ്ടുമൂന്ന് മണിക്കൂറുകൾവേണ്ടിവരും. പ്രദർശന ശാലയിലൂടെ നടന്നു ക്ഷീണിച്ചാൽ നേരെ ഭക്ഷണശാലയിലേക്ക് പോകാം. ഞാൻ ഇവിടെ നാലുവർഷം മുമ്പ് വന്നതാണ്. അന്ന് ക്രാഫ്റ്റ് വില്ലേജ് പ്രവർത്തിച്ചുതുടങ്ങിയിട്ടേയുള്ളൂ. ടൂറിസം ഡിപ്പാർട്ട്‌മെന്റ് ആണ് നിർമ്മാണപ്രവൃത്തികൾ നടത്തിയത്. നടത്തിപ്പാവട്ടെ ടെണ്ടർ വിളിച്ച് ഊരളുങ്കൽ ലേബർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയെ ഏല്പിച്ചു. പത്തുവർഷമാണ് ടെണ്ടർ കാലാവധി സൊസൈറ്റി ഇന്ന് വൈവിധ്യവത്ക്കരണത്തിന്റെ പാതയിൽ ആണ്. ടൂറിസം രംഗത്തേക്ക് കടക്കാനുള്ള പാലം ആയിട്ടാണ് ഈ സർഗ്ഗാലയത്തെ സൊസൈറ്റി കാണുന്നത്.
എങ്ങനെ ഇത്ര സുന്ദരമായി ഈ സൗകര്യം പരിപാലിച്ചു എന്നതിൽ ഏതൊരാളും അത്ഭുതപ്പെടും. നാലുവർഷങ്ങൾക്കുശേഷം കണ്ട മാറ്റങ്ങളിൽ ഏറ്റവും പ്രധാനം സന്ദർശകരുടെ എണ്ണത്തിലുണ്ടായ അഭൂതപൂർവ്വമായ വർദ്ധനയാണ്. രണ്ടാമത് വിവിധക്രാഫ്റ്റ് ജോലികളിൽ പരിശീലനം നേടിയ പ്രദേശവാസികളുടെ എണ്ണം ആണ്. സർഗ്ഗലയ മാത്രമല്ല, ഈ ഗ്രാമം തന്നെ ഒരു ക്രാഫ്റ്റ് വില്ലേജ് ആയി മാറിക്കഴിഞ്ഞു. പല ഉല്പന്നങ്ങളും ആവശ്യാനുസരണം നൽകാൻ ക്രാഫ്റ്റ് വില്ലേജിലെ ഉത്പാദനശേഷിക്ക് കഴിയുന്നില്ല. നിങ്ങൾ ഓർഡർ നൽകുകയാണെങ്കിൽ അത് ക്രാഫ്റ്റ് വില്ലേജിന് പുറത്തുള്ള ഗ്രാമീണ കൈവേലക്കാരിൽ നിന്നു വാങ്ങി ലഭ്യമാക്കും. ഇന്ന് സർഗ്ഗലയത്തിനു പുറത്തും തൊഴിൽ ലഭ്യമാക്കുന്ന ഒരു ടൂറിസ്റ്റ് കേന്ദ്രമായി സർഗ്ഗലയ മാറിയിരിക്കുകയാണ്.

ഓടിയോടി മീൻ വിൽക്കുന്ന ക്ലീറ്റസ് ചേട്ടൻ
തൊഴിലുറപ്പുകാരുടെ യോഗത്തിൽ പങ്കെടുത്തുകൊണ്ടിരിക്കുമ്പോഴാണ് പറമ്പിലൂടെ ചുമലിൽ മീൻകുട്ടയും തൂക്കിയിട്ട് ഓടുന്ന വൃദ്ധനെ കണ്ടത്. എന്നെ കണ്ടപ്പോൾ കുട്ടയും താഴെ വച്ച് യോഗസ്ഥലത്തേക്ക് വന്നു. ഈയിടെ ആയിട്ടൊന്നും കാണാറില്ലല്ലോ എന്ന അഭിപ്രായത്തോടുകൂടി സംസാരവും ആരംഭിച്ചു: 'വോട്ട് ചോദിക്കാനായിരിക്കും. നമ്മുടെ ചിഹ്നം ഇതാണ്'എന്ന് പറഞ്ഞ് കൈ ഉയർത്തി കാണിച്ചു. വിരലുകൾ വളച്ചിരുന്നത് ഞാൻ അത്ര ശ്രദ്ധിച്ചില്ല.
'എന്താ പ്രയാസമായോ? സൂക്ഷിച്ചുനോക്കൂ, കൈപ്പത്തി അല്ല. അരിവാൾ ആണ്. എന്റെ ചേട്ടൻ വാരിക്കുന്തവുമായിട്ട് ഇറങ്ങിയതാ. ഞാൻ അന്നൊരു പയ്യൻ മാത്രം. സമരത്തിന് ചേട്ടൻ എന്നെ കൂട്ടിയില്ല. പക്ഷേ അന്നുമുതൽഇന്നുവരെ ഞാൻ അരിവാളിനെ കുത്തിയിട്ടുള്ളൂ.' അങ്ങനെ പോയി സംഭാഷണം. ക്ലീറ്റസ് ചേട്ടൻ നാട്ടുകാർക്കൊക്കെ കൗതുകകഥാപാത്രമാണ്. എൺപത്തിയഞ്ച് വയസ്സായി. കഴിഞ്ഞ ഒരഞ്ചു പതിറ്റാണ്ടായി ആ പ്രദേശത്തെ പ്രധാന മീൻകച്ചവടക്കാരനാണ്. കാലത്തുതന്നെ കടപ്പുറത്തുനിന്ന് മീൻവാങ്ങി കുട്ടയിലാക്കും. പിന്നെ ഒരു ഓട്ടമാണ്. 34 മണി ആവുമ്പോഴേക്കും മീൻ വിറ്റുതീരും. പക്ഷേ അപ്പോഴേക്കും ഒരു ഇരുപത് കി.മീറ്ററെങ്കിലും ഓടിയിട്ടുണ്ടാകും. ഒരു നൂറ് സ്ഥിരം കസ്റ്റമേഴ്സ് എങ്കിലുമുണ്ടത്രെ. ഓരോ വീട്ടുകാർക്കും വേണ്ടത് ഏതുതരം മീനെന്നും എത്രയെന്നും മൂപ്പർക്ക് നല്ല തിട്ടമാണ്. വീട്ടിൽ ആളില്ലെങ്കിലും പുറത്തുവച്ചിരിക്കുന്ന പാത്രത്തിൽ മീൻ ഇട്ട് ഭദ്രമായി കലം കൊണ്ട് മൂടി കക്ഷി പോകും. അന്നന്നത്തെ മീൻ ആയതുകൊണ്ട് പച്ചമീൻ ആയിരിക്കും. ഐസും അമോണിയയും ഒന്നുമില്ല. പക്ഷേ വില സ്വല്പം ജാസ്തിയാണ്. ക്ലീറ്റസ് ചേട്ടൻ നിശ്ചയിക്കുന്നതാണ് വില.
ഒരു വിലപേശലിനും വഴങ്ങില്ല. കടപ്പുറത്തുനിന്നും കിഴക്കോട്ടു തുടങ്ങുന്ന ഓട്ടം മണ്ണഞ്ചേരിയിലെ കായലോരപ്രദേശത്ത് ചെന്നാണ് അവസാനിക്കുക. അവിടെ നിന്ന് പടിഞ്ഞാട്ട് കടപ്പുറത്തേക്ക് തിരിച്ചോട്ടം തന്നെയാണ്. ചുമലിൽ വച്ചിരിക്കുന്ന നീണ്ട വാരിയിൽ രണ്ടു കുട്ടകൾ തൂക്കി ഇട്ടിരിക്കുന്നു. കുട്ടയിൽ തുല്യതൂക്കത്തിലായിരിക്കും മീൻ.
ഏതെങ്കിലും കുട്ടയിൽ മീൻ തീർന്നാൽ മണ്ണിട്ട് ബാലൻസ് ചെയ്യുമത്രെ. കുട്ടയും തൂക്കിക്കൊണ്ടുള്ള ഈ ഓട്ടം ഒരു ചന്തം തന്നെ. ഹോട്ടലിലെ ഭക്ഷണം പറ്റില്ലത്രേ. ഏതായാലും ക്ലീറ്റസ് ചേട്ടന് ഭക്ഷണം കിട്ടാത്ത ദിവസമില്ല. തൊഴിലുറപ്പുകാർക്കൊക്കെ ക്ലീറ്റസ് ചേട്ടൻ സുപരിചിതൻ. ക്ലീറ്റസ് ചേട്ടൻ പോയപ്പോൾ എന്നോട് പറഞ്ഞു: 'പാതിപുളു അടിക്കുന്നതാണ്. സാറിനെ ചിരിപ്പിക്കാനാ ഇത് പറയുന്നത്. നല്ലൊരു മനുഷ്യൻ ആണ്.'
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.